TopTop
Begin typing your search above and press return to search.

ബലി തര്‍പ്പണം മുടങ്ങാതെ ആലുവ മണപ്പുറം; മനുഷ്യജീവന് പ്രാധാന്യം നല്‍കി സുരക്ഷ സംവിധാനം

ബലി തര്‍പ്പണം മുടങ്ങാതെ ആലുവ മണപ്പുറം; മനുഷ്യജീവന് പ്രാധാന്യം നല്‍കി സുരക്ഷ സംവിധാനം
കനത്ത മഴയും ഇടുക്കിയില്‍ ഡാമുകള്‍ തുറന്നു വിട്ടതും ഇത്തവണ കര്‍ക്കിടക വാവ് ദിനത്തില്‍ ആലുവ മണപ്പുറത്ത് നടക്കുന്ന ബലിതര്‍പ്പണം മുടക്കുമെന്നു പ്രചാരണം വെറുതെയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ തിരക്ക് കുറവ് ആയിരുന്നെങ്കിലും വന്നവര്‍ക്ക് പിതൃമോക്ഷത്തിന് തങ്ങളുടെ മതാചാരപ്രകാരമുള്ള ചടങ്ങ് നടത്തി പോകാന്‍ കഴിഞ്ഞു. അതേസമയം കനത്ത സുരക്ഷയിലും നിയന്ത്രണവിധേയവുമായിട്ടായിരുന്നു ബലിതര്‍പ്പണം നടത്തിയത്. എങ്കില്‍ പോലും വിശ്വാസികള്‍ ആരും തന്നെ അനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുകയോ വിലക്കുകള്‍ ലംഘിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. സുരക്ഷസംഘങ്ങളോട് പരമാവധി സഹകരിക്കുകയാണ് വിശ്വാസികള്‍ ചെയ്തത്. സര്‍ക്കാര്‍ എല്ലാവിധ സുരക്ഷയും ഏര്‍പ്പാടുക്കുകയും അതോടൊപ്പം ജനങ്ങളുടെ ജീവന് യാതൊരുവിധത്തിലുമുള്ള ആപത്തും വരാത്തവണ്ണം കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അവരെ തങ്ങളുടെ മതവിശ്വാസ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയും ചെയ്തു. അതിരൂക്ഷമായ ദുരന്തസാഹചര്യം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലും വിശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അബദ്ധപ്രചാരണങ്ങള്‍ നടത്തിയവരെ നിശബ്ദരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് ആലുവ മണപ്പുറത്ത് സുരക്ഷാസംഘങ്ങളും സര്‍ക്കാരും നടത്തിയത്.ചടങ്ങിന് എത്തിയ വിശ്വാസികള്‍ എല്ലാവരും തന്നെ ഇത്തവണത്തെ പ്രത്യേക സാഹചര്യം മനസിലാക്കി നമ്മള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കാതെയും പരമാവധി സഹകരിക്കുകയാണ് ഉണ്ടായത്. ജനങ്ങള്‍ ഈ സാഹചര്യങ്ങളിലെ അപകടാവസ്ഥ സ്വയം മനസിലാക്കി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍. അതിനൊപ്പം ചടങ്ങിന് വന്നവര്‍ക്ക് അവരുടെ വിശ്വാസകര്‍മങ്ങള്‍ക്ക് യാതൊരുവിധ പാകപ്പിഴകളും ഇല്ലാതെ നടത്തുന്നതിനായി വേണ്ട സൗകര്യങ്ങള്‍ നമ്മള്‍ ഒരുക്കുകയും ചെയ്തു. സാധാരണ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ നിന്നും വളരെ കുറവാണ് ഇത്തവണയെത്തിയതെങ്കിലും വന്നവര്‍ക്ക് ആശ്വാസത്തോടെ തന്നെ തിരിച്ചു പോകാനും കഴിഞ്ഞിട്ടുണ്ട്
; ആലവു മണപ്പുറത്ത് സേവനം അനുഷ്ഠിക്കുന്ന ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.

കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്. പുഴയിലേക്ക് ആരെയും തന്നെ ഇറക്കിയില്ല. റോഡ് അരികില്‍ ഇരുന്ന് ആയിരുന്നു ബലി ചടങ്ങുകള്‍ വിശ്വാസികള്‍ നടത്തിയത്. ബലിയിട്ടശേഷം പുഴയില്‍ ഇറങ്ങി ബലിപിണ്ഡങ്ങള്‍ മുക്കി മുങ്ങിക്കുളിച്ചു കയറുകയാണ് പതിവെങ്കിലും ഇത്തവണ ആരെയും പുഴയില്‍ ഇറക്കിയില്ല. ബലിപിണ്ഡങ്ങള്‍ ഇലയിലാക്കി പുഴയിലേക്ക് എറിഞ്ഞു കളയുകയാണ് ഉണ്ടായത്. പുഴയോരത്ത് വെള്ളത്തിനൊപ്പം തന്നെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മറികടന്ന് പോകാന്‍ ആര്‍ക്കും അനുവാദമില്ലായിരുന്നു. ബാരിക്കേഡുകള്‍ക്കിപ്പുറത്തേക്ക് വെള്ളം കയറിക്കിടന്നിടത്ത് ഇരുന്നവര്‍ക്ക് മാത്രമാണ് തര്‍പ്പണത്തിനൊപ്പം വെള്ളത്തില്‍ പൂര്‍ണമായ രീതിയില്‍ അല്ലെങ്കില്‍ പോലും നനയാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച രാത്രിയോടെ രണ്ട് അടിയോളം വെള്ളം പുഴയില്‍ ഉയര്‍ന്നെങ്കിലും ഇന്നത് താഴ്ന്നു. വെള്ളം ഇപ്പോള്‍ ഇറങ്ങിത്തുടങ്ങിയിരിക്കുകയാണെന്നും സുരക്ഷാസംഘങ്ങള്‍ പറയുന്നു. പൊലീസ്, എന്‍ഡിആര്‍ഫ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു ടീം എന്നിവരാണ് സുരക്ഷാചുമതലുമായി ഇവിടെ ഉള്ളത്. രാവിലെ കോസ്റ്റ്ഗാര്‍ഡിന്റെ ഒരു ഹെലികോപ്റ്റര്‍ പുഴയുടെ മുകളില്‍ നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസ് ഡി ജി രാവിലെ മണപ്പുറത്തെത്തിയിരുന്നു. പത്തുമിനിട്ടോളം പുഴയില്‍ ആദ്ദേഹം നിരീക്ഷണ യാത്ര നടത്തി സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തു.ജനങ്ങളുടെ ജീവനാണ് ഏറ്റവും പ്രധാനം എന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തവണത്തെ ബലിതര്‍പ്പണ ചടങ്ങുകള്‍ നിയന്ത്രിച്ചത്. വിശ്വാസത്തിന്റെ കാര്യമാകയാല്‍ പുഴയില്‍ ഇറങ്ങി മുങ്ങിക്കേറാന്‍ അനുവദിച്ചുകൊണ്ട് ബാരിക്കേഡുകള്‍ പുഴയിലേക്ക് ഇറക്കി വയ്ക്കാനോ വച്ചിരിക്കുന്ന ബാരിക്കേഡുകള്‍ കടന്ന് ആരെയെങ്കിലും പുഴയിലേക്ക് ഇറക്കാന്‍ യാതൊരുകാരണവാശാലും തങ്ങള്‍ തയ്യാറാകില്ലായിരുന്നുവെന്നാണ് സുരക്ഷസംഘങ്ങള്‍ പറയുന്നത്. ആചാരങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതെ, എന്നാല്‍ ഒരാള്‍ക്കുപോലും അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പാലിച്ചും തങ്ങളുടെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കുകയാണ് ഉണ്ടായതെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം പറയുന്നു.

Next Story

Related Stories