TopTop
Begin typing your search above and press return to search.

കണ്ണൂര്‍ വിട്ട് കലാപം തിരുവനന്തപുരത്തേക്ക്; നടക്കുന്നത് ആസൂത്രിത നീക്കം

കണ്ണൂര്‍ വിട്ട് കലാപം തിരുവനന്തപുരത്തേക്ക്; നടക്കുന്നത് ആസൂത്രിത നീക്കം
ഇടക്കെപ്പോഴെങ്കിലുമൊക്കെ അരങ്ങേറിയിരുന്നു ഗുണ്ടാ ഏറ്റുമുട്ടലുകൾ ഒഴിച്ച് നിറുത്തിയാൽ പൊതുവെ ശാന്തമായിരുന്നു നാളിതുവരെ കേരളത്തിന്റെ തലസ്ഥാന നഗരി. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ ആക്രമ പരമ്പര നൽകുന്ന സൂചന തലസ്ഥാന നഗരിയെ ഒരു കലാപ ഭൂമിയാക്കിമാറ്റാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് തന്നെയാണ്. കണ്ണൂരിലും കാസർകോടും ഒക്കെ ഇടയ്ക്കിടെ ഉണ്ടാകുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് തലസ്ഥാന നഗരിയിലും പ്രാന്ത പ്രദേശങ്ങളിലും നടന്നതെന്നതും ഉത്തര മലബാറിലെന്നതുപോലെ തന്നെ ഇവിടെയും ഇരു പക്ഷത്തും നിലയുറപ്പിച്ചിട്ടുള്ളത് സംഘ പരിവാറും സി പി എമ്മും ആണെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയുണ്ടായ കശപിശകളാണ് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫിസിനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്തായിരിക്കുമ്പോൾ താമസിക്കുന്ന മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ഒക്കെയുണ്ടായ ആക്രമണങ്ങളിലേക്കു നയിച്ചത് എന്നാണ് പോലീസ് ഭാഷ്യം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വകവരുത്താൻ സി പി എം കരുതുക്കൂട്ടി നടത്തിയ ഒന്നായി ബി ജെ പി ഓഫിസിനു നേർക്കുണ്ടായ ആക്രമണത്തെ ബി ജെ പി പ്രചരിപ്പിക്കുമ്പോൾ സി പി എം കൗൺസിലറുടെ വീട് ആക്രമിച്ച ആർ എസ് എസ് ഗുണ്ടാ സംഘം ബി ജെ പി ഓഫിസിൽ അഭയം തേടിയതിനെ തുടർന്നാണ് അവരെ പിന്തുടർന്നെത്തിയവർ കല്ലെറിഞ്ഞത് എന്നാണ് സി പി എമ്മിന്റെ വാദം. അതേസമയം ബിനീഷിന്റെ വീടിനു നേർക്കുണ്ടായ ആക്രമണം കോടിയേരി ബാലകൃഷ്ണനെ ലക്‌ഷ്യം വെച്ചുള്ളതായിരുന്നുവെന്ന വാദവും സി പി എം മുന്നോട്ട് വെക്കുന്നുണ്ട്.

ഇത്തരം വാദ പ്രതിവാദങ്ങൾ കേരളത്തിൽ പുതുമയുള്ള കാര്യമല്ലെങ്കിലും തലസ്ഥാന നഗരിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക ഉണർത്തുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും നടന്നത് ഒരു സാംപിൾ വെടിക്കെട്ട് മാത്രമാണെന്ന യാഥാർഥ്യം അവരെ തുറിച്ചു നോക്കുമ്പോൾ. ഏറെ ചർച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതുമായ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടക്കവും പലപ്പോഴും നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള കശപിശകളിൽ നിന്ന് തന്നെയാണ്, പണ്ടും ഇന്നും. ഈ യാഥാർഥ്യവും വിസ്മരിച്ചുകൂടാ.

മെഡിക്കൽ കോഴ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട ബി ജെ പി - ആർ എസ് എസ് നേതൃത്വം ജനശ്രദ്ധ തിരിച്ചുവിടാനായി നടത്തിയ ആക്രമണം എന്നാണ് സി പി എം നേതൃത്വത്തിന്റെ ആരോപണം. അതേസമയം ഭരണ പരാജയം മറച്ചുവെക്കാനും കോവളം കൊട്ടാരത്തിന്റെ കൈമാറ്റം, വിമാനത്താവളത്തിന് വേണ്ടി തർക്കത്തിൽ പെട്ട ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി വാങ്ങാൻ നടത്തുന്ന നീക്കം എന്നിവക്കെതിരെ ഉയർന്നു വരുന്ന ജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി സി പി എം അഴിച്ചു വിട്ട ആക്രമണമായാണ് ബി ജെ പി ഇതിനെ ആരോപിക്കുന്നത്.

യാഥാർഥ്യം എന്ത് തന്നെയായാലും മെഡിക്കൽ കോളേജ് കോഴ വിവാദത്തെ തുടർന്ന് മൗനികളായി മാറിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ജനറൽ സെക്രെട്ടറി എം ടി രമേശിനുമൊക്കെ ഇപ്പോൾ ശബ്ദം പൊന്തിയിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ. ബിഹാറിലെ രാഷ്ട്രീയ അട്ടിമറിക്കു ശേഷം ഗുജറാത്തിൽ കോൺഗ്രസ്സിനെ വല്ലാത്തൊരു വെട്ടിൽ വീഴിച്ചതിന്റെ ആഹ്ളാദമൊന്നുമല്ല ഈ മൗനം വെടിയലിനും സടകുടഞ്ഞെണീക്കലിനും പിന്നിൽ. കണ്ണൂർ കലാപത്തിന്റെ പേര് പറഞ്ഞു കേരളത്തിലെ ഇടതു സർക്കാരിനെ പിരിച്ചുവിടാനായി ദേശീയ തലത്തിൽ തന്നെ നടത്തിയ പ്രചാരണ തന്ത്രങ്ങൾ ഇനിയും ഫലം കണ്ടിട്ടിട്ടില്ല. കണ്ണൂർ മാത്രമല്ല പ്രശ്ന ബാധിത പ്രദേശം തലസ്ഥാന നഗരിപോലും ആശാന്തമായാണെന്നു കാണിക്കാൻ പോന്ന ഒന്നായി സംഘ പരിവാര്‍ പുതിയ സംഭവ വികാസങ്ങളെ കാണുന്നുണ്ട്. പ്രണബ് മുഖർജി മാറി തങ്ങളുടെ സ്വന്തം ആൾ രാഷ്ട്രപതിയായതും നല്ലൊരു അവസരമായി അവർ കാണുന്നുണ്ടാകണം .

Next Story

Related Stories