TopTop

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ നടത്തിയത് തട്ടിപ്പ്; കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നതോ?

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ നടത്തിയത് തട്ടിപ്പ്; കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നതോ?
പ്രവേശനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ക്രമക്കേട് നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റേയും പാലക്കാട് കരുണ മെഡിക്കല്‍ കോളേജിന്റെയും പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനങ്ങളും പ്രതികൂല പരാമര്‍ശങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന സര്‍ക്കാര്‍ വാദം നുണയാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ കെജെ ജേക്കബ്. അര്‍ഹതയില്ലാത്ത കുട്ടികളുടെ പ്രവേശനം സംരക്ഷിക്കാനും മാനേജ്‌മെന്റുകളുടെ താല്‍പര്യം സംരക്ഷിക്കാനുമായി ആരോഗ്യ മന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നിയമവകുപ്പ് സെക്രട്ടറി ബിജി ഹരീന്ദ്രനാഥും ചേര്‍ന്ന് നടത്തിയ കള്ളക്കളിയാണ് ഇതെന്ന് കെജെ ജേക്കബ് ആരോപിക്കുന്നു. ഡെക്കാണ്‍ ക്രോണിക്കിളിലെ ഇത് സംബന്ധിച്ച തന്റെ റിപ്പോര്‍ട്ട് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

കുട്ടികള്‍ അപേക്ഷ നല്‍കിയത് എങ്ങനെയാണെന്നോ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് കാര്യമാക്കേണ്ടതില്ല എന്നതടക്കമുള്ള ഓര്‍ഡിനന്‍സിലെ ഭാഗമാണ് സര്‍ക്കാര്‍ വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടാനായി ജേക്കബ് എടുത്തുപറയുന്നു. തങ്ങളുടേതല്ലാത്ത പിഴവ് കൊണ്ട് പ്രവേശനം നഷ്ടമാകുന്ന കുട്ടികളുടെ ലിസ്റ്റ് കോംപീറ്റന്റ് അതോറിറ്റി തയ്യാറാക്കിയിരുന്നു. ഇത് അംഗീകരിക്കാതെ നിയമവകുപ്പില്‍ നിന്ന് പുതിയ ശുപാര്‍ശ വാങ്ങി എല്ലാ അപേക്ഷകളും അംഗീകരിക്കുകയാണ് ചെയ്തത്. ജേക്കബ് പറയുന്നു. ഈ വര്‍ഷത്തേയ്ക്ക് രണ്ട് കോളേജുകളിലേയും പ്രവേശനം സുപ്രീം കോടതി നേരത്തെ തടയുകയും ഇതിനെതിരായി കോളേജുകള്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളുകയും ചെയ്്തിരുന്നു. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കെജെ ജേക്കബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

"മാനേജ്‌മെന്റ് ക്രമക്കേടുകാണിച്ചപ്പോൾ തെറ്റുചെയ്യാത്ത കുട്ടികൾ ശിക്ഷിക്കപ്പെട്ടു. അവർക്കുവേണ്ടിയാണ് സർക്കാർ പ്രവർത്തിച്ചത്"

മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴും ഓർഡിനൻസിനെപ്പറ്റി സുപ്രീം കോടതി പ്രതികൂല പരാമർശം നടത്തിയപ്പോഴും ആരോഗ്യവകുപ്പുമന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ പറഞ്ഞതാണ്.

ഇത് നുണയാണ്.

ഇത് അർഹതയില്ലാത്ത കുട്ടികൾക്ക് മെഡിക്കൽ അഡ്മിഷൻ ഒപ്പിക്കാനും ക്രമക്കേട് കാണിച്ച മാനേജ്‌മെന്റിനെ രക്ഷപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥും ചേർന്നുനടത്തിയ കള്ളക്കളിയാണ്.

ഇത് പൊളിച്ചില്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ സുപ്രീം കോടതി ഓർഡിനൻസ് റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്‌താൽ കുട്ടികൾക്കുവേണ്ടി നടത്തിയ സദുദ്ദേശപരമായ ഇടപെടലായി ഇതവസാനിക്കും. അങ്ങിനെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ മെറിറ്റിനും സുതാര്യതയ്ക്കും വേണ്ടിയും കച്ചവടവൽക്കരണത്തിനെതിരെയും കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന പ്രസ്‌ഥാനങ്ങൾ ഇക്കാലമത്രയും നടത്തിയ വലിയ സമരങ്ങളെ ഒറ്റുകൊടുത്തു നടത്തിയ വഞ്ചനാപരമായ നടപടി ആരുമറിയാത്ത മറ്റൊരു വഞ്ചനയിൽ അവസാനിക്കും. ഉത്തരം പറയേണ്ടതില്ലാതെ എല്ലാവരും പൊടിതട്ടി എണീറ്റുപോകും

***

കാര്യത്തിലേക്കു വരാം

ഓർഡിനൻസിലെ വ്യവസ്‌ഥകൾ ലംഘിച്ച് സർക്കാർ എങ്ങിനെയാണ് പ്രവേശനം ക്രമീകരിച്ചത് എന്നാണ് ഇതിനുമുൻപ് എന്റെ റിപ്പോർട്ടുകളിലും പോസ്റ്റുകളിലും പറഞ്ഞത്. (പല ലെയറുകളിലായി പരന്നുകിടക്കുന്ന ഒരു തട്ടിപ്പാണ്, അതാണ് ഓരോന്ന് ഓരോന്നായി പറയുന്നത്. എനിക്കുതന്നെ മനസിലാക്കാൻ സമയമെടുക്കുന്നു.)

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ അർഹരായ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. പ്രത്യേകിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ. അതിനു ഒരു കാരണവുമുണ്ട്.

ഓൺലൈനിൽ വേണം അപേക്ഷകൾ സ്വീകരിക്കാൻ എന്ന് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിബന്ധനയുണ്ട്. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജ് സൈറ്റ് തുറന്നിരുന്നില്ല. അപ്പോൾ കമ്മിറ്റി തന്നെ ഇടപെട്ടു സൈറ്റ് തുറപ്പിച്ചു, അതിലേക്കു എത്താനുള്ള ഒരു ലിങ്ക് കമ്മിറ്റിയുടെ സൈറ്റിൽ ഇട്ടു. കമ്മിറ്റിയുടെ സൈറ്റിൽ വന്നതുകൊണ്ട് കോളേജിന് അധിക ആധികാരികത രക്ഷിതാക്കളുടെ മനസ്സിലെങ്കിലും വന്നു. പിന്നെ ആദ്യം കമ്മിറ്റി അംഗീകരിച്ച ഫീസ് 4.4 ലക്ഷം രൂപയായിരുന്നു. ഈ രണ്ടു കാരണങ്ങളാലാണ് കൂടുതൽ മെറിറ്റുള്ള കുറച്ചു കുട്ടികൾ ഈ കോളേജിൽ ചെന്ന് കുടുങ്ങുന്നത്. എൻ എം പിയേഴ്‌സന്റെ മകൾ ഇക്കൂട്ടത്തിൽ പെടും.

ഈ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു സർക്കാറിന്റെ ഉദ്ദേശമെങ്കിൽ പല വഴികളുണ്ടായിരുന്നു.

ഒന്ന്, അഡ്മിഷൻ റദ്ദാക്കിയ കമ്മിറ്റിയുടെ മുൻപിൽ സർക്കാരിന് റിവ്യൂ പെറ്റിഷൻ നൽകാമായിരുന്നു. അത് ചെയ്തില്ല.

രണ്ട്:

അതിനായി മാത്രമായി ഓർഡിനൻസ് ഇറക്കാമായിരുന്നു. ഓർഡിനൻസ് ഇറക്കിയത് ഇങ്ങിനെ കണ്ണിൽ പൊടിയിടാനുള്ള ഒരു ആമുഖമായാണ് താനും. . "കുട്ടികളുടെ ഭാഗത്തുനിന്നും പിഴവുകൾ ഒന്നും വരാത്തതിനാലും.... എന്നാൽ പ്രധാന ഭാഗത്തേക്ക് കടക്കുമ്പോൾ മറ്റൊരു നിയമവും കോടതി ഉത്തരവും ഇതിനു ബാധകമല്ല എന്ന് പറയുന്നു. അതെന്തിനാണ്?

അതിനു ശേഷം വരുന്ന ക്ളോസ് ശ്രദ്ധിക്കുക: കുട്ടികൾ ആപ്പ്ളിക്കേഷൻ നൽകിയതു എങ്ങിനെയാണ് എന്നോ രേഖകൾ ഹാജരാക്കിയിരുന്നോ എന്നോ കണക്കിലെടുക്കെണ്ടതില്ല.

അതായത് ഓൺലൈൻ ആപ്പ്ളിക്കേഷൻ കൊടുത്തിരുന്നോ, ആപ്പ്ളിക്കേഷൻ സമയത്തു കൊടുത്തിരുന്നോ, ആവശ്യമായ രേഖകൾ കൊടുത്തിരുന്നോ എന്നൊന്നും പരിഗണിക്കേണ്ടതില്ല എന്ന്.

ഇതൊന്നുമില്ലാതെ, എന്നുവച്ചാൽ അന്ന് നിലവിലുണ്ടായിരുന്ന, ബാക്കി എല്ലാ കോളേജിലും എല്ലാ വിദ്യാർത്ഥികൾക്കും ബാധകമായ നിയമങ്ങൾ ഈ കോളേജിന്റെ കാര്യത്തിൽ മാത്രം പരിഗണിക്കേണ്ടതില്ല എന്ന് പറയുന്നത് ആരെ രക്ഷിക്കാനാണ്?

എന്താണ് അതിന്റെ ബാക്ഗ്രൗണ്ട്?

കോളേജ് തോന്നിയതുപോലെ പ്രവേശനം നടത്തുന്നു കണ്ടപ്പോൾ അന്നുവരെ ഏതെങ്കിലും പ്രവേശനം നടത്തിയെങ്കിൽ അത് റദ്ദുചെയ്തുകൊണ്ടും ഓൺലൈൻ വഴി മാത്രം അപേക്ഷകൾ സ്വീകരിച്ചു സുതാര്യമായി പ്രവേശനം നടത്തണം എന്ന് പ്രവേശന സമിതി സെപ്റ്റംബർ 15 ആം തിയതി കണ്ണൂർ മെഡിക്കൽ കോളേജിന് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടു സമിതിതന്നെ ഇടപെട്ടു മേൽപ്പറഞ്ഞ വിധത്തിൽ സമിതിയുടെ സൈറ്റിൽനിന്നു ഒരു ലിങ്കും കൊടുത്തിരുന്നു.

എന്നിട്ടും എങ്ങിനെ അപേക്ഷിച്ചു എന്നത് പരിഗണിക്കേണ്ട എന്ന് ഓർഡിനൻസിൽ എഴുതിച്ചേർത്തത് ആരെ രക്ഷിക്കാനാണ്? നിയമപരമായി അപേക്ഷിച്ച കുട്ടികളെ രക്ഷിക്കാൻ അല്ലല്ലോ?

മൂന്ന്:

അതൊക്കെയിരിക്കട്ടെ. ഓർഡിൻസ് വന്നു. അതുപ്രകാരം അർഹരായ കുട്ടികളുടെ അപേക്ഷ പരിഗണിക്കാൻ നിയമത്തിന്റെ എല്ലാ വശങ്ങളും ഉപയോഗിച്ച്. ഏതൊക്കെ കുട്ടികൾക്കാണ് മാനേജ്‌മെന്റിന്റെ പിഴകൊണ്ട് അഡ്മിഷൻ ലഭിക്കാതെ പോയത് എന്ന് കണ്ടുപിടിക്കാൻ എൻട്രൻസ് കമ്മീഷണറെക്കൊണ്ട് കോംപീറ്റന്റ് അതോറിറ്റി ഒരു വെർച്വൽ അലോട്ട്മെന്റ് നടത്തിച്ചു. (അപ്പോഴും കുട്ടികൾ എങ്ങിനെ അപേക്ഷിച്ചു, രേഖകൾ സമർപ്പിച്ചിരുന്നോ എന്ന കാര്യങ്ങൾ പരിഗണിച്ചില്ല എന്നോർക്കണം). എന്നിട്ടാണ് 44 പേരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. അതിലെ ആദ്യത്തെ കുട്ടിയുടെ റാങ്ക് 18499 ആണ്. അവസാനത്തെ കുട്ടിയുടെ റാങ്ക് 103644 ഉം. അതായത് തങ്ങളുടേതല്ലാത്ത പിഴവുകൊണ്ടു അഡ്മിഷൻ കിട്ടാതെ പോയ കുട്ടികളെയെല്ലാം രക്ഷപ്പെടുത്തുന്ന ലിസ്റ്റാണ് കോംപീറ്റന്റ് അതോറിറ്റി നൽകിയത്. (അതിൽ പിയേഴ്‌സന്റെ മകളും പെടും). (അവസാനത്തെ അഞ്ചു റാങ്കുകളിൽ വലിയ വ്യത്യാസം കാണുന്നുണ്ട്. അതവസാനിക്കുന്നത് 252326 ഇൽ ആണ്.)

ഈ ലിസ്റ്റ് അംഗീകരിക്കാൻ സർക്കാരിന് എന്തായിരുന്നു തടസ്സം? ഇവരല്ലേ തങ്ങളുടേതല്ലാത്ത പിഴവുകൊണ്ടു അഡ്മിഷൻ നഷ്ടപ്പെട്ട കുട്ടികൾ?

പകരം സർക്കാർ എന്ത് ചെയ്തു?

നിയമവകുപ്പിനെക്കൊണ്ട് മറ്റൊരു ശുപാർശ എഴുതിവാങ്ങി. (ആ ശുപാർശ അനുസരിച്ചാണെകിൽ ഒരു കോംപീറ്റന്റ് അതോറിറ്റിയുടെ ആവശ്യമേയില്ല.) എന്നിട്ടു എല്ലാ അപേക്ഷകളും അംഗീകരിച്ചു.

അപ്പോൾ നിങ്ങളുടെ ലക്‌ഷ്യം മെറിറ്റുള്ള, നിയമപരമായി അപേക്ഷിച്ച കുട്ടികളെ രക്ഷിക്കുക ആയിരുന്നില്ല, എല്ലാ കുട്ടികളെയും രക്ഷിക്കുക ആയിരുന്നു. അത് തുറന്നു പറ്യുന്നതിനുപകരം നിങ്ങൾ മെറിറ്റുള്ള കുട്ടികളെ മുൻനിർത്തുന്നു. (ഇനി പുതുതായി പ്രവേശനം കിട്ടിയ കുട്ടികളുടെ ലിസ്റ്റിൽ 40 പേരുടെ റാങ്ക് ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലും പത്തോളം പേരുടെ റാങ്ക് മൂന്ന് ലക്ഷത്തിനു മുകളിലുമാണ്.)
***

നാല്:

ഈ കേസ് പലപ്രാവശ്യം കോടതികളിലും പ്രവേശന സമിതിയുടെ മുൻപിലും വന്നിട്ടുണ്ട്. കേരള ഹൈക്കോടതി പല ഘട്ടങ്ങളിലായി അഞ്ചോ ആരോ പ്രാവശ്യം ഈ കേസ് പരിഗണിച്ചിട്ടുണ്ട്. സുപ്രീം കോടതി ഏറ്റവും കുറഞ്ഞത് നാല് പ്രാവശ്യം ഈ കേസ് പരിഗണിച്ചിട്ടുണ്ട്. ഏറ്റവും അവസാനം കേസ് പരിഗണയ്ക്കു വന്നത് കഴിഞ്ഞ ജൂലൈ 10 നാണ്. മാനുഷിക പരിഗണയുടെ പേരിൽ കുട്ടികളെ പഠിക്കാൻ അനുവദിക്കണം എന്ന് . അന്നും സർക്കാർ അഭിഭാഷകൻ കുട്ടികളുടെ വാദത്തെ എതിർത്തു.

ഒരു വർഷത്തിനുശേഷം നിങ്ങൾ എന്തുകൊണ്ടാണ് അതെ കുട്ടികൾക്കുവേണ്ടി വാദിക്കുന്നത്? എന്താണ് ഇതിനിടയിൽ സംഭവിച്ചത്? അന്നില്ലാത്ത മാനുഷിക പരിഗണ ഇപ്പോൾ വരാനുള്ള "പരിഗണന" എന്താണ്?

അഞ്ച്:

'മിന്നാരം' സിനിമയിൽ തന്റെ മകളാണ് ശോഭനയുടെ ഒപ്പമുള്ളത് എന്ന് പറഞ്ഞുവരുന്നു മാണിയാൻപിള്ള രാജുവിനോട് ശോഭന ഒരു ചോദ്യം ചോദിക്കുന്നുണ്ട്, "താൻ കുറേനേരമായി കുഞ്ഞു കുട്ടി എന്നൊക്കെ പറയുന്നുണ്ട്. എന്താണ് കുഞ്ഞിന്റെ പേര്" എന്ന്.
ടീച്ചർ കുറേക്കാലമായി കോളേജ് ക്രമക്കേട് കാണിച്ചു എന്ന് പറയുന്നുണ്ട് എന്ത് നടപടിയാണ് കോളേജിനെതിരെ എടുത്തത്?

എന്തൊക്കെ ക്രമക്കേടുകളാണ് കോളേജ് കാണിച്ചത്?

എ. ക്യാപ്പിറ്റേഷൻ ഫീ വാങ്ങി എന്ന് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയും കോംപീറ്റന്റ് അതോറിറ്റിയും അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടും എന്ത് നടപടിയാണ് നിങ്ങൾ എടുത്തത്? അഡ്മിഷൻ ക്രമീകരിക്കുന്നതിന് മുൻപ് ഇവർക്കെതിരെ നടാപാടിഎയെടുക്കണമെന്നു അവർ ശുപാർശ ചെയ്തിട്ട് അതുമാത്രം കേൾക്കാതെ ക്രമക്കേട് നടത്തി എന്ന് നിങ്ങൾ ആവർത്തിച്ചു ഉരുവിട്ടുകൊണ്ടിരിക്കുന്ന കോളേജിലെ പ്രവേശനം മാത്രവും നിങ്ങൾ എന്തടിസ്‌ഥാനത്ത്‌ലാണ് ക്രമപ്പെടുത്തിയത്? പോത്തിനെ ചാരി എരുമയെ അടിക്കുന്ന പരിപാടി എന്നുമുതലാണ് കമ്യൂണിസ്റ്റ് രീതി ആയത്?

ബി: ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അർഹരായ കുട്ടികൾക്ക് പ്രവേശനം ലഭിക്കാതെ പോയത് കോളേജ് അവരുടെ അപേക്ഷകൾ എന്ന മട്ടിൽ വ്യാജ രേഖകൾ സമർപ്പിച്ചതുകൊണ്ടാണ്. ഇത് പറഞ്ഞത് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയാണ്. ഇതാണ് കമ്മിറ്റിയുടെ ഉത്തരവിൽ പറഞ്ഞത്: The scrutiny of the submitted application forms clearly show that they are not the online applications, but the same have been created for the purpose of submitting before the ASC.

ഉത്തരവിന്‍റെ ലിങ്ക്:


അതായത് കുട്ടികളുടെ പ്രവേശനം താറുമാറാക്കി, സ്വന്തക്കാരെ തിരുകിക്കയറ്റാൻ വ്യാജരേഖകൾ തയാറാക്കി ഒരു അർദ്ധ ജുഡീഷ്യൽ പദവിയുള്ള, മുൻ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഒരു സമിതിയ്ക്ക് മുൻപിൽ ഹാജരാക്കിയ കോളേജിന്റെ പേരിൽ നിങ്ങൾ എന്ത് നടപടിയെടുത്തു?

***

കാര്യങ്ങൾ വളരെ ലളിതമാണ്. മെറിറ്റുള്ള കുറച്ചു കുട്ടികളെ മുൻനിർത്തി കോളേജ് കളിച്ച അതേ കളി ശൈലജ ടീച്ചറും പിണറായി വിജയനും കളിക്കുന്നു. തട്ടിപ്പു മാത്രം നടത്തിയ സ്വാശ്രയ മുതലാളിയെ രക്ഷിക്കാൻ അവരെ കരുവാക്കുന്നു, നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നു.

അതനുവദിക്കണോ എന്നത് സമൂഹം തീരുമാനിക്കേണ്ട കാര്യമാണ്.


Next Story

Related Stories