TopTop

മിണ്ടാതിരുന്ന മാണിയുടെ വായിൽ കോലിട്ടു കിള്ളിയ കാനം; സിപിഎം-സിപിഐ പോരു മൂപ്പിച്ച് മാണി

മിണ്ടാതിരുന്ന മാണിയുടെ വായിൽ കോലിട്ടു കിള്ളിയ കാനം; സിപിഎം-സിപിഐ പോരു മൂപ്പിച്ച് മാണി
ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് നേതാവ് കെ എം മാണിയെ തൽക്കാലം കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്നതായിരുന്നു സി പി എമ്മിന്റെയും സി പി ഐയുടെയും കേന്ദ്ര നേതാക്കൾ ഡല്‍ഹിയിൽ വെച്ച് നടത്തിയ കൂടിയാലോചനയിൽ എടുത്ത തീരുമാനം. എന്നാൽ മാണിയെ എങ്ങിനെ സഹകരിപ്പിക്കണമെന്ന കാര്യം ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ എന്നൊരു നിർദ്ദേശം കൂടി സി പി ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്‌ഡി മുന്നോട്ടുവെക്കുകയുണ്ടായി. ഈ നിർദ്ദേശം ഒരു പിടിവള്ളിയാക്കിക്കൊണ്ടാണ് മാണിയില്ലാതെ എൽ ഡി എഫ് ചെങ്ങന്നൂരിൽ ജയിച്ചിട്ടുണ്ടെന്നും ചെങ്ങന്നൂരിൽ തോൽക്കാൻ പോന്ന പാളിച്ചകളൊന്നും ഈ രണ്ടു വർഷത്തെ ഭരണത്തിനിടയിൽ എൽ ഡി എഫ് സർക്കാരിന് ഉണ്ടായിട്ടെല്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചത്. കാനം എന്ത് ഉദ്ദേശിച്ചുവോ ഫലത്തിൽ അതുതന്നെ സംഭവിച്ചു എന്ന് വ്യക്തമാക്കുന്നതായി ഇതിനോടുള്ള മാണിയുടെ പ്രതികരണം. 'സ്ഥാനാർഥി (എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാൻ) പിന്തുണ ചോദിച്ചു. എന്നാൽ വോട്ടു വേണ്ടെന്നു കാനം പറയുന്നു.' മാണിയുടെ ഈ പ്രതികരണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. എല്ലാം എന്ന് പറയുമ്പോൾ മാണി പ്രശ്‌നത്തിൽ സി പി എമ്മും സി പി ഐയും തമ്മിൽ നടന്നുവരുന്ന തർക്കം പരമാവധി മൂപ്പിക്കാൻ കൂടി പോന്ന എല്ലാം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ട് കെ എം മാണിയുടെ പാർട്ടിയെ എൽ ഡി എഫ് പാളയത്തിലെത്തിക്കാൻ സി പി എം നേരത്തെ ശ്രമം തുടങ്ങിയതാണ്. സി പി ഐയുടെ ശക്തമായ എതിർപ്പ് തന്നെയാണ് ഇതിനു തടസ്സം നിൽക്കുന്നത്. അതിനിടയിലാണ് രാമചന്ദ്രൻ നായരുടെ ആകസ്മിക മരണവും ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പും. ചെങ്ങന്നൂരിൽ മത്സരിക്കുന്നത് സി പി എം സ്ഥാനാർത്ഥിയാണ്. മാണിയില്ലാത്തതിന്റെ പേരിൽ ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർഥി തോറ്റാൽ തന്നെ സി പി ഐക്കു ഒരു ചുക്കുമില്ലെന്നൊന്നും കാനം പറഞ്ഞിട്ടില്ലെങ്കിലും മാണിയെ വീണ്ടും പ്രകോപിപ്പിച്ച കാനത്തിന്റെ പ്രസ്താവനയെ സി പി എം വായിച്ചെടുക്കുന്നതു ആ അർഥത്തിൽ തന്നെയാണ്. എന്നുവെച്ചാൽ നിർണായകമായ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ മിണ്ടാതിരുന്ന മാണിയുടെ വായിൽ കോലിട്ടു കിള്ളിയ കാനത്തിന്റെ നടപടി ഉപതിരഞ്ഞെടുപ്പിന് ശേഷം സി പി എം – സി പി ഐ ബന്ധം കൂടുതൽ വഷളാകും എന്ന സൂചന തന്നെയാണ് നൽകുന്നത്.

http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/

ചെങ്ങന്നൂരിൽ മാണിപ്പാർട്ടിക്ക് ഏതാണ്ട് അയ്യായിരത്തോളം വോട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ ത്രിശങ്കുവിൽ നിൽക്കുന്ന കേരള കോൺഗ്രസ് എം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നു ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവിൽ മനസാക്ഷി വോട്ടെന്ന നിലപാടിലാണ് മാണിയെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് കൃത്യമായ ഒരു നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പാർട്ടിയിലെ തന്നെ പി ജെ ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. യു ഡി എഫിലേക്കില്ലെന്ന ഉറച്ച നിലപാട് മാണി സ്വീകരിക്കുമ്പോഴും യു ഡി എഫിനൊപ്പം നിൽക്കണമെന്ന ആവശ്യമാണ് പി ജെയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. എൽ ഡി എഫിലേക്കാണ് നോട്ടമെങ്കിലും മാണിക്ക് മുൻപിൽ ഒരു മഹാമേരുപോലെ സി പി ഐ നിൽക്കുന്നുണ്ട്. ഈ പർവതം താണ്ടി എൽ ഡി എഫിലേക്കെത്തിയാൽ തന്നെ ഒരു പിളർപ്പ് ഒഴിവാക്കാൻ കഴിയുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

http://www.azhimukham.com/opinion-when-cpim-cpi-fight-escalate-after-pinarayi-statement-by-ka-antony/

പോക്കിടമൊന്നുമില്ലെന്നു കരുതി മനസ്സ് മടുക്കേണ്ടെന്നും തങ്ങൾക്കൊപ്പം പോന്നോളൂ എന്നും പറഞ്ഞു ബി ജെ പി മാണിക്കും കൂട്ടർക്കും പിന്നാലെ തന്നെയുണ്ട്. ബി ജെ പി നേതാവ് വി മുരളീധരൻ അതിനിടയിൽ മാണിയെ വല്ലാതൊന്നു കുത്തിനോവിച്ചെങ്കിലും പിന്നീട് മനസ്സില്ലാ മനസ്സോടെ തന്റെ മാണി വിരുദ്ധ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് കാനം വീണ്ടും വീണ്ടും മാണിയെ കുത്തി നോവിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് സി പി എം സംസ്ഥാന നേതൃത്വത്തെ അലട്ടുന്ന പ്രധാന പ്രശ്നം. പോരെങ്കിൽ മദ്യ നയത്തിന്റെ പേരിൽ ക്രിസ്ത്യൻ സഭകൾ ഇടതു സർക്കാരിനെതിരെ കൊടി പിടിച്ചു നിൽക്കുകയുമാണ്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ 30000 നും 35000 നും ഇടയിൽ ക്രിസ്ത്യൻ വോട്ടുണ്ടെന്നാണ് കണക്ക്. ക്രിസ്ത്യൻ സഭകളുടെ കൂട്ടത്തിൽ മലങ്കര, മാർത്തോമാ സഭകൾക്കാണ് മണ്ഡലത്തിൽ കൂടുതൽ പ്രാതിനിധ്യമുള്ളത്. ഇവരുടെ വോട്ടിൽ കണ്ണുവെച്ചുകൊണ്ടുതന്നെയാണ് ബി ജെ പിയുടെ നീക്കവും. ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാർഥി പി എസ് ശ്രീധരൻ പിള്ളയുടെ 'ഡാർക് ഡേയ്‌സ് ഓഫ് എമർജൻസി' എന്ന പുസ്തകം ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പ്രകാശനം ചെയ്യിച്ചതും ആദ്യ കോപ്പി മാർത്തോമാ സഭയുടെ ഡൽഹിയിലെ ബിഷപ്പ് ഗ്രിഗോറീസ് മാർ സ്റ്റെപ്പാനിയോസിനു കൈമാറിയതുമൊക്കെ. ബി ജെ പി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതിനിടയിലാണ് കാനത്തിന്റെ അഭ്യാസങ്ങൾ എന്നതിനാൽ തിരഞ്ഞെടുപ്പിന് ശേഷം സി പി എം - സി പി ഐ ബന്ധം എങ്ങിനെയായിരിക്കും എന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്.

http://www.azhimukham.com/opinion-cpi-objection-km-manis-ldf-entrance-kanam-rajendran-kaantony/

Next Story

Related Stories