TopTop
Begin typing your search above and press return to search.

അവരുടെ സ്വകാര്യ ഡയറിയും ബാഗും തുറന്നാഘോഷിച്ചത് ഏതു വൈകൃതത്തിന്റെ വ്രണം പൊട്ടിയായിരുന്നു? ഭയപ്പെടണം ഈ പൊലീസിനെ

അവരുടെ സ്വകാര്യ ഡയറിയും ബാഗും തുറന്നാഘോഷിച്ചത് ഏതു വൈകൃതത്തിന്റെ വ്രണം പൊട്ടിയായിരുന്നു? ഭയപ്പെടണം ഈ പൊലീസിനെ
രാത്രിയില്‍ പുറത്തിറങ്ങുന്നവര്‍ ഭയപ്പെടേണ്ടത് പൊലീസിനെയാണ് എന്നു വന്നിരിക്കുന്നു. ഇന്നലെ കൊച്ചിയില്‍നിന്നു കേട്ട വാര്‍ത്തയും അതാണുറപ്പിക്കുന്നത്. പത്രപ്രവര്‍ത്തകയായ ബര്‍സ എന്ന അമൃതാ ഉമേഷിന് തീവണ്ടി കയറാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്താനായില്ല. പകരം പൊലീസ് സ്‌റ്റേഷനില്‍ ബന്ദിയാവേണ്ടിവന്നു. പ്രതീഷ് എന്ന സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് യാത്ര പുറപ്പെട്ടത് എന്നതിനാല്‍ ആ സുഹൃത്തിനെയു വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു പൊലീസ്. രണ്ടു പേരെയും നിര്‍ബന്ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയില്‍ നിരോധനാജ്ഞയില്ല കൊച്ചിയില്‍. ആര്‍ക്കും എവിടെയും സഞ്ചരിക്കാം. അങ്ങനെ യാത്ര ചെയ്യുന്നവരെ തടയാനല്ല സഹായിക്കാനും സംരക്ഷിക്കാനുമാണ് പൊലീസ്. മോഷ്ടാക്കളില്‍നിന്നും മറ്റക്രമികളില്‍നിന്നും രക്ഷിക്കാനും യാത്രികരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനുമാണ് അവര്‍ ശ്രമിക്കേണ്ടത്. രാത്രിയില്‍ പുറത്തിറങ്ങുന്നവരെല്ലാം കുറ്റവാളികളോ അങ്ങനെ സംശയിക്കേണ്ടവരോ ആണെന്ന വിചാരം പരിഷ്‌കൃത സമൂഹത്തിന്റേതല്ല. സംശയിക്കുന്ന യാത്രികരുടെ വ്യക്തിവിവരം അന്വേഷിക്കാം. അതു ബോധ്യപ്പെടുത്താനുള്ള അവകാശംപോലും നല്‍കാതെ ശിക്ഷിക്കുന്നതിന് പൊലീസിന് ഒരവകാശവുമില്ല. രാത്രിയില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് വരുന്നതെന്നു പറഞ്ഞാല്‍ അവര്‍ മദ്യപിച്ചിട്ടുണ്ടോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നെല്ലാം അറിയാനുള്ള ഉത്സാഹം കൃത്യ നിര്‍വ്വഹണമല്ല.

http://www.azhimukham.com/trending-aashiq-abu-criticize-kerala-police-moralizing/

കൊച്ചിയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെ പൊലീസ് സ്‌റ്റേഷനില്‍ അനാവശ്യമായി ബന്ദിയാക്കി, വടകരയിലെ വീട്ടിലുറങ്ങുന്ന അച്ഛനെ വിളിച്ചുണര്‍ത്തി കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടത് എന്തിനായിരുന്നു? എന്തക്രമമാണ് ബര്‍സ കാണിച്ചത്? രാത്രി മുഴുവന്‍ നീണ്ട മാനസിക പീഢനത്തിന് ഹേതുവെന്തായിരുന്നു? അവരുടെ സ്വകാര്യ ഡയറിയും ബാഗും തുറന്നാഘോഷിച്ചത് ഏതു വൈകൃതത്തിന്റെ വ്രണം പൊട്ടിയായിരുന്നു?

പകല്‍ അദ്ധ്വാനത്തിനും രാത്രി വിശ്രമത്തിനും എന്ന വേര്‍തിരിവ് മാഞ്ഞിട്ടു നൂറ്റാണ്ടു കഴിഞ്ഞു. തൊഴിലിന്റെയും ജീവിതചര്യകളുടെയും കാര്യത്തില്‍ വലിയ മാറ്റമുണ്ടായി. സാധാരണക്കാരെ, ഈ മാറിയ സാഹചര്യത്തില്‍ തുണയ്‌ക്കേണ്ടത് ഭരണകൂടവും അതിന്റെ നിയമ പാലകരുമാണ്. രാത്രി ഒരുമണിയ്ക്കും രണ്ടു മണിക്കുമൊക്കെ ആളുകള്‍ പുറത്തിറങ്ങുന്നതുകൊണ്ടാണ് ആ സമയത്ത് സ്‌റ്റേഷനുകളില്‍ തീവണ്ടികള്‍ നിര്‍ത്തുന്നത്. സ്‌റ്റോപ്പുകളില്‍ ബസ്സുകള്‍ നിര്‍ത്തുന്നത്. ടാക്‌സികള്‍ ഓടുന്നത്. ഓട്ടോറിക്ഷാ സ്റ്റാന്റുകളും തട്ടുകടകളും ഉണര്‍ന്നിരിക്കുന്നത്. അവയ്‌ക്കൊക്കെ നിയമത്തിന്റെ സംരക്ഷണമുണ്ട്. നിയമപാലകരുടെ സംരക്ഷണമാണ് ഇല്ലാതെപോകുന്നത്. വേലിതന്നെ വിളവു തിന്നു മദിക്കുകയാണ്.

രാത്രി പുറത്തിറങ്ങുന്നവരുടെ (പകലും) തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാം. അവര്‍ ആശാസ്യമല്ലാത്തതോ കുറ്റകരമോ ആയ പ്രവൃത്തി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താം ഇത്രയുമാണ് നിയമപാലകര്‍ ചെയ്യേണ്ടത്. കാരണം ജനങ്ങള്‍ വേതനം നല്‍കി നിശ്ചയിച്ച ജനസേവകര്‍ മാത്രമാണ് പൊലീസ്. ഇത് പട്ടാള ഭരണമല്ല, ജനാധിപത്യമാണ്. അതിന്റെ തത്വങ്ങള്‍ ആരും മറക്കുകയോ ചവിട്ടിയരക്കാമെന്ന് ധരിക്കുകയോ ചെയ്യരുത്.

(ഡോ. ആസാദ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്‌)

Next Story

Related Stories