Top

നവോഥാന മതില്‍ കെട്ടാന്‍ വരട്ടെ, ആദ്യം ഈ കുഞ്ഞിന്റെ കണ്ണിരിനു മറുപടി പറയൂ

നവോഥാന മതില്‍ കെട്ടാന്‍ വരട്ടെ, ആദ്യം ഈ കുഞ്ഞിന്റെ കണ്ണിരിനു മറുപടി പറയൂ
തങ്ങള്‍ക്ക് നഷ്ടപ്പെട്ട വേദിയിലേക്ക് നോക്കി കണ്ണും മനസും കലങ്ങിയിരിക്കുന്ന ഈ പെണ്‍കുട്ടികളോട് എന്ത് സമാധാനമാണ് പറയാനുള്ളത് കേരളമേ? നവോഥാ മതില്‍ കെട്ടാന്‍ ഒരുക്കങ്ങള്‍ നടത്തുന്നവരോടും കൂടിയാണ് ചോദ്യം. തകര്‍ക്കപ്പെട്ട ഈ കൊച്ചു മനസുകള്‍ക്കു മുന്നില്‍ നമ്മള്‍ കെട്ടുന്ന ഏതു നവോഥാന മതിലിനാണ് ഉറപ്പുള്ളത്? ഈ കുഞ്ഞുങ്ങളെ തോല്‍പ്പിച്ചവര്‍ക്കുള്ള മറുപടിയായി ഒരു വേദി ഉയരുന്നതുവരെ ഒരു നവോഥാന പ്രാസംഗികനും ശിരസ് ഉയര്‍ത്തി നില്‍ക്കാന്‍ യോഗ്യതയില്ല, അത് കേട്ടിരിക്കാന്‍ സദസ്സിനും.

ആലപ്പുഴയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവ സദസില്‍ ഇരിക്കുന്ന കിത്താബ് നാടകത്തില്‍ അഭിനയിച്ച് അര്‍ത്ഥനയുടെയും കൂട്ടുകാരുടെയും ചിത്രം സോഷ്യല്‍ മീഡിയ വളരെ വൈകാരികമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു ദിവസത്തെ ആയുസില്‍ ഈ ചര്‍ച്ച നമുക്ക് അവസാനിപ്പിക്കാന്‍ കഴിയുമോ? അങ്ങനെയരുത്. ഈ നാടിന്റെ ചരിത്രത്തില്‍ കണ്ണീരിന്റെ കറുത്ത പാടുകളായി ഈ കുട്ടികളെ നാം ഉപേക്ഷിക്കരുത്. അവര്‍ ചിരിക്കുന്നതുവരെ, അവര്‍ക്കൊപ്പം നില്‍ക്കണം. ആരൊക്കെയാണോ അവരെ തോല്‍പ്പിച്ചത് അവരെ തിരിച്ചു തോല്‍പ്പിക്കുന്നതുവരെ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കണം. അതാണ് പുരോഗമന കേരളത്തിന്റെ ഉത്തരവാദിത്വം.

കോഴിക്കോട് റവന്യൂ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് കിത്താബ്. സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്ന നാടകം. ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റഫീഖ് മംഗലശേരി ചെയ്ത നാടകത്തിന് പക്ഷേ ആകസ്മികമായ അന്ത്യം ഉണ്ടായി. കിത്താബ് മുസ്ലിം മതവികാരത്തെ വൃണപ്പെടുത്തുന്നതാണന്നാരോപിച്ച് രംഗത്തിറങ്ങിയ ഇസ്ലാം മതമൗലികവാദികളാണ് ഒരു കലാരൂപത്തെ ഇല്ലാതാക്കി കളഞ്ഞത്. മാപ്പ് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ സംസ്ഥാന കലോത്സവത്തില്‍ കിത്താബ് അവതരിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ച് പിന്‍വലിച്ചതോടെ, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് സംഭവ്യമല്ലാത്ത ഒന്നാണെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു കൊണ്ട് കുറെ കണ്ണുകള്‍ കലങ്ങി. അതേ കണ്ണുകളാണ് കലോത്സവ സദസിലും കണ്ടത്.

നാടക മത്സരം നടക്കുമ്പോള്‍ കാണികളുടെ കൂട്ടത്തിലിരുന്ന കരയുന്ന അര്‍ത്ഥന കേരളത്തിന്റെ നോവാണ്. പള്ളിയില്‍ കയറി വാങ്ക് വിളിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് കിത്താബ്. നിലച്ചുപോയ ചിന്തകള്‍ പേറുന്നവര്‍ക്ക് ദഹിക്കാത്ത പ്രമേയം. അവര്‍ പ്രതികരിച്ചു. നാടകം മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് റവന്യൂ കലോത്സവം നടക്കുമ്പോള്‍ തന്നെ എസ്ഡിപിഐ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് കലോത്സവ വേദിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കയിലാകുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ കഥ നാടകമാക്കിയതിനെതിരെ ഉണ്ണി ആറും രംഗത്തെത്തിയതോടെ രംഗം കൊഴുത്തു. നാടകത്തില്‍ അഭിനയിച്ച അര്‍ത്ഥന ഉള്‍പ്പെടെയുള്ള കുട്ടികളുടെ പ്രകടനം അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ആലപ്പുഴയില്‍ ഈ നാടകം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടയിലാണ് വിവാദമുണ്ടായതും നാടകം പിന്‍വലിക്കുകയും ചെയ്തത്. തങ്ങള്‍ അവതരിപ്പിക്കേണ്ട നാടകത്തിന് അവസരം ലഭിക്കാതെ പോയതിന്റെ വേദനയാണ് ഈ കൊച്ചുകലാകാരികളുടെ കണ്ണുകളില്‍ കാണുന്നത്. ആ കണ്ണീരിനാണ് നാം കണക്കു പറയേണ്ടി വരുന്നത്. കിത്താബിന് വേണ്ടിയും അതിലെ ബിയാത്തുവിനും മുക്രിക്കും വേണ്ടി സംസാരിക്കാന്‍ ഇതുവരെ ആരുമുണ്ടായിരുന്നില്ല. ഇനിയെങ്കിലും ഉണ്ടാകണം.

ശബരിമല വിഷയത്തില്‍ ഒരു വിഭാഗം കേരളത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നുവെന്ന ചിന്തയില്‍ നവോത്ഥാന മതില്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത സര്‍ക്കാരിനും കിത്താബ് വിഷയത്തില്‍ പരിഭ്രമം ഒന്നും തോന്നിയില്ല. ശബരിമലയില്‍ സംഘപരിവാര്‍ ചെയ്യുന്നത് എന്താണോ,അതില്‍ നിന്നും വ്യത്യസ്തമല്ല, നാടകത്തിനും കവിതയ്ക്കുമെല്ലാം എതിരെ ഉയരുന്ന ഭീഷണികളും. റഫീഖ് മംഗലശേരിയെന്ന നാടകകൃത്തിനെ ഒറ്റപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. സര്‍ക്കാര്‍ ഈ കലാകാരനെ സംരക്ഷിക്കേണ്ടതുണ്ട്. ഒപ്പം ഈ കൊച്ചുകലാകാരികളെയും. മതവികാരത്തിന്റെ പേരില്‍ നാടകത്തിന് അവസരം നല്‍കാതിരുന്നപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നവോത്ഥാന മതിലിന്റെ അടിത്തറ ഇളകി. ഈ കുഞ്ഞിന്റെ കണ്ണീരില്‍ ആ മതില്‍ തകര്‍ന്നു വീഴും. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും സിപിഐയും നാടകങ്ങളിലൂടെ ജനമനസുകളില്‍ വളര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. കെപിഎസിയുടെ ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം കളിപ്പിക്കില്ലെന്നു ചിലര്‍ വാശി പിടിച്ചപ്പോള്‍ കാവല്‍ നിന്നും നാടകം കളിക്കാന്‍ അവസരം ഒരുക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രം കേരളത്തിന് ഇന്നും ആവേശമാണ്. പക്ഷേ, കിത്താബിന്റെ അവസ്ഥയോര്‍ക്കുമ്പോള്‍ ആവേശം നിരാശയായി മാറുന്നു. അങ്ങനെയൊരു നിരാശയിലേക്ക് വീണുപോയാല്‍ അവിടെ അവസാനിക്കും നാടിന്റെ മുന്നേറ്റം. അതിനാല്‍ ഈ കുഞ്ഞുങ്ങളുടെ കണ്ണീരിന് പരിഹാരം ചെയ്യണം.

ഇടത് പ്രസ്ഥാനങ്ങളും മത പ്രീണനങ്ങള്‍ക്ക് വശംവദരായി എന്ന് ഉറപ്പിക്കേണ്ടി വരുന്നത് എന്തൊരു ദൗര്‍ഭാഗ്യമാണ്. റഫീക്കിന്റെ നാടകം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു വേദിയിലെങ്കിലും കളിപ്പിക്കണം. ഈ കേരളത്തിന് അര്‍ത്ഥനയുടെയും കൂട്ടുകാരുടെയും ചിരിക്കുന്ന മുഖം കാണണം; ആ ചിരി ഈ നാടിന്റെതൂ കൂടിയായി മാറും.

ചിത്രം: ബിബിന്‍ വൈശാലി

Next Story

Related Stories