TopTop
Begin typing your search above and press return to search.

ആരെയും മന:പൂര്‍വ്വം മുറിവേല്‍പ്പിച്ചു കൊണ്ട് കലാപ്രവര്‍ത്തനത്തിനില്ലത്രെ! നന്നായിരിക്കുന്നു സാറന്‍മാരേ...

ആരെയും മന:പൂര്‍വ്വം മുറിവേല്‍പ്പിച്ചു കൊണ്ട് കലാപ്രവര്‍ത്തനത്തിനില്ലത്രെ! നന്നായിരിക്കുന്നു സാറന്‍മാരേ...

കോഴിക്കോട് ജില്ലാ യുവജനോത്സവത്തില്‍ റഫീക്ക് മംഗലശേരി എഴുതി സംവിധാനം ചെയ്ത മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകത്തിനായിരുന്നു എ ഗ്രേഡും ഒന്നാം സ്ഥാനവും.

പള്ളിയില്‍ക്കയറി വാങ്ക് വിളിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ ആഗ്രഹവും അതിനൊപ്പം ചേരുന്ന പള്ളിയിലെ മുക്രിയായ സ്വന്തം ബാപ്പയും മറ്റുള്ളവരും. ഇതാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ കിത്താബിന്റെ പ്രമേയം.

ഒരു പെണ്‍കുട്ടിയുടെ സ്വപ്നത്തിന് അരങ്ങിലൊരുക്കിയ സൗന്ദര്യാവിഷ്‌കാരം.

പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ 'വാങ്ക്' എന്ന കഥയിലെ പെണ്‍കുട്ടിയുടെ സ്വപ്നമാണത്. കഥ വന്നിട്ട് കുറേയായി. പക്ഷെ നാടകം വന്നപ്പോള്‍ യാഥാസ്ഥിതികര്‍ വെല്ലുവിളികളും ആക്രോശങ്ങളുമായി തെരുവ് കീഴടക്കി. സ്‌കൂളു കീഴടക്കി. കുട്ടികളില്‍ ചിലരെ മര്‍ദിച്ചു. അവര്‍ ആശുപത്രിയിലായി. അതുകൊണ്ടിനി സംസ്ഥാന മത്സരത്തില്‍ 'കിത്താബ്' കളിക്കുന്നില്ലത്രെ! ഒടുക്കം സ്‌കൂള്‍ അധികൃതര്‍ പത്ര പ്രസ്താവനയും ഇറക്കി.

ആരെയും മന:പൂര്‍വ്വം മുറിവേല്‍പ്പിച്ചു കൊണ്ട് ഒരു കലാപ്രവര്‍ത്തനത്തിനില്ലത്രെ! തുടര്‍ന്നും മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന കലാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമത്രെ! (മനുഷ്യരുടേതല്ല. പുഴകളുടെയും കാടുകളുടെയും പൂച്ചകളുടെയും മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുമെന്ന്!)

ഭേഷ്!

നന്നായിരിക്കുന്നു സാറന്‍മാരേ...

അധികൃതരേ..

നിങ്ങള്‍ക്കെന്റെ നമോവാകം...!

പക്ഷെ സാറന്‍മാരേ...

നിങ്ങളിനിയെങ്കിലും ഇപ്പോള്‍ വിഹരിക്കുന്ന കൊച്ചു ഭൂപടത്തിനു പുറത്തേക്കൊന്ന് നോക്കണം. അപ്പോഴറിയാം ആര് ഉയര്‍ത്തിപ്പിടിച്ച വാളുകളുടെ മുനയാണ് നിങ്ങള്‍ കൂര്‍പ്പിച്ചു കൊടുക്കുന്നതെന്ന്.

ഏറ്റവും കുറഞ്ഞത് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സി.ബി.എസ്. ചാനല്‍ നെറ്റ് വര്‍ക്കിന് കൊടുത്ത തൊണ്ണൂറു മിനുറ്റ് അഭിമുഖമെങ്കിലും നിങ്ങളെല്ലാരുമിരുന്നൊന്ന് കാണണം.

അതില്‍ സ്ത്രീകളെ, അവരുടെ സ്വപ്നങ്ങളെ മനുഷ്യ സ്വപ്നങ്ങളോട് ചേര്‍ത്തു വെക്കേണ്ടതിനെപ്പറ്റി സല്‍മാന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. അത് നിങ്ങള്‍ക്കും ബാധകമാണ്. ഇറാനിലെ യാഥാസ്ഥിതിക മുസ്ലീം ഭരണാധികാരി ഖൊമേനി കാരണം സൗദി അറേബ്യ ഉള്‍പ്പെടെ ലോകത്തിലെ ഇരകളാക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. സൗദിയില്‍ മുന്‍പ് അനേകം സിനിമാ തിയറ്ററുകള്‍ പോലുമുണ്ടായിരുന്നു. ഇപ്പോഴില്ല. അത് ഞങ്ങള്‍ മാറ്റിപ്പണിയുകയാണെന്ന് പറയുന്നുണ്ട്. മേമുണ്ടക്കാര്‍ നാടകം മാറ്റിപ്പണിയുന്നതു പോലെയല്ലത്!

ഇപ്പോള്‍ സൗദിയില്‍ നിന്നും സ്ത്രീകളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ കേട്ടു തുടങ്ങി. സത്രീകളെക്കുറിച്ച് നിലനില്‍ക്കുന്ന എല്ലാത്തരം യഥാസ്ഥിതികത്വത്തെയും കാറ്റില്‍പ്പറത്തി പുതിയ ഭരണപരിഷ്‌കാരങ്ങള്‍.

ദാ. ഇപ്പോള്‍ ജിദ്ദയിലെ റെഡ് സിറ്റിയില്‍ സ്ത്രീകള്‍ക്കായി ആദ്യമായി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തി.

അവിടെ ടെലിവിഷനില്‍ അല്‍ദഖില്‍ എന്ന പെണ്‍കുട്ടി പ്രൈംടൈം ന്യൂസില്‍ ആങ്കറായി.

കിങ്ങ് ഫഹദ് ഹൈവേയിലൂടെ പാതിരാത്രി സമര്‍ അല്‍ മോഗ്രന്‍ എന്ന സ്ത്രീ ആദ്യമായി കാറോടിച്ചു പോയി. സത്രീകള്‍ക്ക് ഇപ്പോള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് അനുവദിച്ചു. ഒപ്പം അവര്‍ ബിസിനസ് ആരംഭിക്കാന്‍ പോകുന്നു. അങ്ങനെയങ്ങനെ അനേകം വാര്‍ത്തകള്‍. എങ്ങും പുറം ലോകത്തിന്റെ ജീവിത വ്യവഹാരങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്ന സ്ത്രീകള്‍. പുറപ്പെട്ടേടത്തല്ല അവളിപ്പോള്‍. ആയിരം കാതങ്ങള്‍ക്കപ്പുറം നടന്നു തുടങ്ങി.

ഇത് സൗദിയില്‍ നിന്ന് മാത്രം കേള്‍ക്കുന്ന വാര്‍ത്തയല്ല. അങ്ങനെ കാണരുത് ഇതിനെ. കാരണം പോസ്റ്റ് മോഡേണ്‍ കണ്ടന്റിലെ കേന്ദ്രവിഷയം തന്നെ സ്ത്രീയാണ്. സമീപകാലം കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിന്റെ സര്‍വ മണ്ഡലങ്ങളിലും പെണ്‍ പടവുകളുടെ പുതിയ ഇടങ്ങള്‍ വെളിവായിത്തുടങ്ങിയത് നിങ്ങളും ശ്രദ്ധിച്ചു കാണും.

അമേരിക്കയിലേക്ക് തന്നെ നോക്കൂ. ആദ്യമായാണ് കഴിഞ്ഞ തവണ ഒരു വനിത (ഹിലാരി ക്ലിന്റണ്‍) അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നത്. എല്ലായിടവും. ഏത് തൊഴിലും. ഏത് പദവിയും.സ്ത്രീകള്‍ക്കു ചെയ്യാന്‍ കഴിയാത്ത ജോലികളൊന്നുമില്ലെന്ന് വിളംബരം ചെയ്യാന്‍ നമുക്കു സാധിക്കുമെന്ന് പറഞ്ഞുകൊണ്ടല്ലേ ഇവിടെ പെണ്‍'ആരാച്ചാര്‍' വന്നത്.

ദാ.. ചരിത്രത്തിലാദ്യമായി സിനിമയിലെ ആണ്‍വേട്ടകള്‍ക്കെതിരെ ഇവിടെ വുമണ്‍ കളക്റ്റീവ് രൂപപ്പെട്ടു.

ക്യാംപസുകളിലെ ആണ്‍ യൂണിയന്‍ മെംബര്‍മാരുടെ സ്ഥാനങ്ങളിലെല്ലാം പെണ്‍കുട്ടികള്‍ വന്നു.

മിക്കവാറും കോളെജുകളിലെല്ലാം തൊണ്ണൂറു ശതമാനവും പെണ്‍കുട്ടികളായി. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആണ്‍പെണ്‍ കൂട്ടുകളായി.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനു വേണ്ടി ഇപ്പോള്‍ സുപ്രീംകോടതി ഇടപെട്ടു.

വെറുതെയങ്ങുണ്ടാവുകയല്ല. ആശയങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.ലോകം മുഴുവന്‍ സ്ത്രീ വിമോചനത്തിന്റെ ഉള്ളടക്കങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ പരിച്ഛേദമാണത്. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.

മതപരമായ ആശയലോകങ്ങള്‍ക്ക് മേല്‍ക്കൈയുള്ള സൗദി പോലും പെണ്‍ വിമോചനത്തിന്റെ വിളികളോട് പുറം തിരിഞ്ഞു നില്‍ക്കുന്നില്ലെന്ന് ചുരുക്കം. കിത്താബിലും അങ്ങനെ തന്നെയല്ലേ.? നൂറ്റാണ്ടുകളുടെ ബലമുള്ള യാഥാസ്ഥിതികത്വത്തില്‍ ജീവിക്കുന്ന ഒരു മുസ്ലീം കുടുംബം ജനാധിപത്യത്തിന്റെയും പെണ്‍ സ്വപ്നങ്ങളുടെയും വിളികളോട് ചേര്‍ന്നു നില്‍ക്കുകയല്ലേ.? അതെങ്ങനെയാണ് പിന്നെ ഇസ്ലാം വിരുദ്ധമാകുന്നത്.! എനിക്കിപ്പോഴും മനസിലായിട്ടില്ല.

അതെ.

പെണ്ണുങ്ങള്‍.

പെണ്ണുങ്ങള്‍..

പെണ്ണുങ്ങള്‍.....

എന്നിട്ടും അവര്‍ക്കൊരു വാങ്ക് വിളിക്കാന്‍ ആഗ്രഹം തോന്നിയാല്‍ അത് നാടകമാക്കിയാല്‍ 'പുരോഗമനകേരള'ത്തിന് ഇപ്പോള്‍ താങ്ങാനാവില്ലത്രെ.!

വീണ്ടുമോര്‍മ്മിപ്പിക്കുന്നു. 'മീശ'യും 'കിത്താബും' മടക്കി വെക്കുമ്പോള്‍ നാം കാണാതെ പോകുന്ന മതമൗലികവാദത്തിന്റെ താടി നമുക്കുചുറ്റും വളര്‍ന്നു കൊണ്ടേയിരിക്കുന്നുണ്ട്. അതിനെയിങ്ങനെ തടവിത്തടവി നമ്മുടെ മുഖത്തോട് ചേര്‍ത്തുവെക്കല്ലേ. അതിനോടെല്ലാം വിധേയത്വം പുലര്‍ത്തിയാല്‍ 'മതമില്ലാത്ത ഒരു ജീവനും' ഇവിടെയിനി ബാക്കിയാവില്ലെന്നുറപ്പ്.

റഫീക്കിനെ ആ വാള്‍മുനയിലേക്കെറിഞ്ഞു കൊടുത്ത് ഇവിടെ ഒരു ജനത കൈ കഴുകുകയാണ്. ഒറ്റയ്ക്കായാലും അവന്‍ ഈ ചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്ന് അവനെ അറിയുന്നവര്‍ക്കറിയാം. നാടകത്തിന്റെ സൗന്ദര്യ ശാസ്ത്ര സങ്കല്‍പ്പങ്ങളോട് ചരിത്രബോധത്തോട് നേരിയ ചില വിയോജിപ്പുകളുണ്ടെങ്കിലും നീതിയുടെ പക്ഷത്ത് ഏകാന്ത ജീവിതം നയിക്കുന്ന റഫീക്കിന് തന്നെയാണ് എന്റെ ശ്വാസത്തിന്റെ അവസാന പിന്തുണയും.കാരണം നവോത്ഥാനം മറ്റേതോ ഭൂപടത്തിലോ മറ്റേതോ കാലത്തിലോ നടന്ന സംഭവങ്ങള്‍ മാത്രം വിളിച്ചു പറയാനുള്ള സൗകര്യം മാത്രമാക്കരുത്. കോമണ്‍സെന്‍സിനെതിരെ പ്രവര്‍ത്തിക്കുന്ന കലയോടൊപ്പം ചേര്‍ന്നു നില്‍ക്കലും കൂടിയാണ് നവോത്ഥാനം. രാഷ്ട്രീയം.

അവസാനമായി കിത്താബ് കീറിപ്പറിച്ച മേമുണ്ടക്കാരോട്.. അവിടുത്തെ ടീച്ചര്‍മാരോട്.. നിങ്ങളിനി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിലെന്താണര്‍ത്ഥം! കാരണം അതും ഒരു കിത്താബല്ലേ. അതായിട്ടെന്തിനിനി തുറന്നുവെക്കണം.?

https://www.azhimukham.com/offbeat-unni-r-speaks-about-drama-kithab-and-his-short-story-vanku/

https://www.azhimukham.com/offbeat-rafeeq-mangalassery-against-unni-r-on-kithab-drama-and-vanku-short-fiction-row/

https://www.azhimukham.com/offbeat-santhosh-echikkanam-speaks-about-unni-r-vanku-short-fiction-and-kithab-drama-row/

https://www.azhimukham.com/trending-writer-manoj-kuroor-in-solidarity-with-kithab-drama/

https://www.azhimukham.com/vayana-kithab-and-unni-r-vaanku-controversy-writes-tc-rajesh/


Next Story

Related Stories