Top

കെ പി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം ആര്‍എസ്എസ് തടഞ്ഞു; തന്റെ പ്രായശ്ചിത്തം ഹിന്ദു മതത്തിന്റെ യശ്ശസിന് കേടുവരുത്തുന്നവര്‍ക്ക് വേണ്ടി

കെ പി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം ആര്‍എസ്എസ് തടഞ്ഞു; തന്റെ പ്രായശ്ചിത്തം ഹിന്ദു മതത്തിന്റെ യശ്ശസിന് കേടുവരുത്തുന്നവര്‍ക്ക് വേണ്ടി
ആരാധനാലയങ്ങള്‍ വെറുപ്പ് വളര്‍ത്തുന്ന കേന്ദ്രങ്ങളായി ദുരുപയോഗപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി നടത്തിയ പ്രായശ്ചിത്ത ശയനപ്രദക്ഷിണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം പോലീസ് ഇടപെട്ട് ശയനപ്രദക്ഷിണം വിജയകരമായി പൂര്‍ത്തിയാക്കി.

എന്നാല്‍ തന്റേത് ഒരു പ്രതിഷേധമായിരുന്നില്ലെന്നും പ്രാര്‍ത്ഥനയായിരുന്നുവെന്നും കെ പി രാമനുണ്ണി അഴിമുഖത്തോട് പ്രതികരിച്ചു. 'കത്വ വിഷയം മാത്രമല്ല, അതൊരു സൂചനയായി കൊടുത്തുവെന്നേയുള്ളൂ. മാത്രമല്ല, ഇതൊരു പ്രതിഷേധമല്ല ഒരു പ്രാര്‍ത്ഥന പോലെയാണ് നടത്തിയത്. ഇതര മതസ്ഥരോട് വെറുപ്പും വിദ്വേഷവും വര്‍ഗ്ഗീയതയും വളര്‍ത്താനല്ല ഹിന്ദു മതം പഠിപ്പിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രതീകാത്മകമായി പ്രതികരിക്കുക മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. ആരാധനാലയങ്ങളെ അക്രമാസക്തമാക്കുന്ന ചിലരുടെ പ്രവര്‍ത്തികള്‍ക്കെതിരെ ഒരു ഹിന്ദു മത വിശ്വാസി എന്ന നിലയില്‍ ഞാന്‍ നടത്തിയ ഒരു പ്രാര്‍ത്ഥനയായിരുന്നു ഇത്. ഒരു ഹിന്ദുമത വിശ്വാസിയായതിനാലാണ് ക്ഷേത്രം തന്നെ തിരഞ്ഞെടുത്തത്. സ്വയം നവീകരിക്കാനും സമൂഹത്തെ ബോധവല്‍ക്കാരിക്കാനുമാണ് ഈ പ്രാര്‍ത്ഥന നടത്തിയത്. ഇതില്‍ പ്രതിഷേധത്തിന്റെ അംശം മറ്റുള്ളവര്‍ക്ക് കണ്ടെത്താനാകും. ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും ക്ഷേത്രാചാര പ്രകാരം തന്നെ ചെയ്ത ഈ പ്രാര്‍ത്ഥനയെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നു. ഏതൊരു വിശ്വാസിക്കും അവരവരുടെ ആരാധനാലയത്തില്‍ ചെല്ലാനുള്ള അവകാശമുള്ളതിനാല്‍ തന്നെ പോലീസിന്റെ സംരക്ഷണവും എനിക്കുണ്ടായിരുന്നു.

എല്ലാ മതങ്ങളിലും ഇത്തരം ദുരുപയോഗങ്ങള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെങ്കിലും ഞാന്‍ വിശ്വസിക്കുന്ന മതം എന്നതിനാലാണ് ഹിന്ദു ക്ഷേത്രത്തില്‍ ഇത്തരമൊരു പ്രാര്‍ത്ഥന നടത്തിയത്. എല്ലാ മതങ്ങളിലും ഉള്‍പ്പെടുന്നവര്‍ അവരവരുടെ മതങ്ങളെ വികൃതവല്‍ക്കരിക്കുന്നതിനെ എതിര്‍ത്താല്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഇല്ലാതായി കിട്ടും. ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവുമാണ് ഹിന്ദുമതത്തിന്റെ ശരിയായ വഴികാട്ടികള്‍. ഇതര മതസ്ഥരെയും സഹോദരീ സഹോദരന്മാരായി കണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. സ്വന്തം വിശ്വാസങ്ങളില്‍ വിഷം കലരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അതുകൊണ്ട് തന്നെ ഓരോ ഹിന്ദുവിന്റെയും ധര്‍മ്മമാണ്. ഈ ധര്‍മ്മത്തെ കേടുവരുത്താന്‍ ശ്രമിക്കുന്നവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണെങ്കിലും അവര്‍ ക്രിമിനലുകളാണ്. ഹിന്ദുമതത്തിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിക്കണമെന്ന് മാത്രമാണ് ഞാന്‍ ഇവിടെ ആവശ്യപ്പെടുന്നത്. ഹിന്ദുമതത്തിനെതിരെയുള്ള വിമര്‍ശനമല്ല ഞാന്‍ ലക്ഷ്യമിട്ടത്. പകരം ഹിന്ദുമതത്തിന്റെ യശ്ശസിന് കേടുവരുത്താന്‍ ശ്രമിക്കുന്നവരെയാണ് വിമര്‍ശിക്കുന്നത്.

ആത്മീയതയാണ് മതത്തിന്റെ കാമ്പ്. ആത്മീയത നഷ്ടപ്പെട്ടാല്‍ മതം കേട് വന്നുപോകും. മഹാത്മാഗാന്ധി ആത്മീയതയ്ക്ക് നല്ലൊരു നിര്‍വചനം നല്‍കിയിട്ടുണ്ട്. രാവിലെ എനിക്കെവിടെ നിന്ന് പ്രാതല്‍ ലഭിക്കുമെന്ന് ചിന്തിക്കുമ്പോള്‍ അത് ആത്മീയതയല്ല. അതേസമയം എന്റെ അയല്‍ക്കാരന് രാവിലെ എവിടെ നിന്നും പ്രാതല്‍ ലഭിക്കുമെന്ന് ആലോചിക്കുമ്പോള്‍ അത് ആത്മീയതയാകും. മറ്റുള്ളവരെ സ്‌നേഹിക്കുന്നതാണ് എല്ലാ മതത്തിന്റെയും കാതല്‍. അത് നഷ്ടപ്പെട്ടാല്‍ പിന്നെ മതം കെട്ട സാധനമായി മാറും.

കണ്ണൂര്‍ കടലായി ക്ഷേത്രം വടക്കേ മലബാറിലെ ഗുരുവായൂര്‍ ആണ്. എനിക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ദൈവത്തിന്റെ പുസ്തകത്തില്‍ ശ്രീകൃഷ്ണനെ ഏറ്റവും മഹത്വത്തോടെ തന്നെ കരുണാമൂര്‍ത്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരക്ക് മൂലം അവിടെ ഇത്തരമൊരു പ്രാര്‍ത്ഥന നടത്താന്‍ സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാലാണ് കടലായി ക്ഷേത്രം തിരഞ്ഞെടുത്തത്. അല്ലാതെ അതിന് മറ്റ് രാഷ്ട്രീയമൊന്നുമില്ല. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നതുകൊണ്ട് കണ്ണൂര്‍ ഒരു പ്രശ്‌ന ഭൂമിയൊന്നുമല്ല. ഈ ക്ഷേത്രം തന്നെ തിരഞ്ഞെടുത്തതില്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ലെന്ന് പറയുന്നത് അതിനാലാണ്.

Next Story

Related Stories