Top

ശബരിമലയില്‍ പ്രതി സ്ഥാനത്തുള്ളവരുമായി സമവായം വേണ്ട, വിധി വേഗത്തിൽ നടപ്പാക്കണം; കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ

ശബരിമലയില്‍ പ്രതി സ്ഥാനത്തുള്ളവരുമായി സമവായം വേണ്ട, വിധി വേഗത്തിൽ നടപ്പാക്കണം; കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ 5അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്നത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടന ബാധ്യതയാണെന്നും, വിധി നടപ്പാക്കാൻ വൈകുന്നത് അതിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്താൻ ഇടവരുത്തുകയും ചെയ്യുമെന്നും കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.

കെപിഎംഎസ്ന്റെ സ്ഥാപക ജനറൽ സെക്രട്ടറി ചന്ദ്രശേഖര ശാസ്ത്രിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

പുന്നല ശ്രീകുമാറിന്റെ വാക്കുകൾ
.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളുടെ വാദഗതികൾ സമർത്ഥമായി കോടതിയിൽ അവതരിപ്പിച്ചു പ്രതിസ്ഥാനത്തു നിൽക്കുന്ന ആളുകളുമായി കോടതി വിധി നടപ്പാക്കാൻ സമവായമുണ്ടാക്കുന്ന അപൂർവ്വമായ ഒരു സ്ഥിതിവിശേഷമാണ് കേരളത്തിൽ കാണുന്നത്. കേരളത്തിൽ തുടക്കമിടുകയും തുടർന്ന് വരുന്നതുമായിട്ടുള്ള നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കോടതിയുടെ ഈ വിധി. ആ വിധി നടപ്പിലാക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു പുരോഗമന സർക്കാർ ആർജ്ജവം കാട്ടണം എന്നുള്ളതാണ് ഈ ഘട്ടത്തിൽ കെപിഎംഎസ് ന് പറയാനുള്ളത്.


നമ്മുടെ നാടിന്റെ ചരിത്രം പരിശോധിച്ചാൽ അയിത്തത്തെ നിയമം മൂലം നിരോധിക്കേണ്ടിവന്ന നാടാണ്. 1936ൽ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. അതിപ്പോഴും പൂർണതോതിൽ ആയിട്ടില്ല എന്നത് നമ്മൾ മനസിലാക്കേണ്ടതുണ്ട്. ക്ഷേത്ര സന്നിധിയിലെ ഭരണ പ്രക്രിയയിലും അതുപോലെ തന്നെ താന്ത്രിക വിദ്യ അഭ്യസിച്ച ആളുകൾക്ക് പൗരോഹിത്യത്തിലേക്കു കടന്നു വരുന്നതിനും നിയമത്തിന്റെ പിൻബലം വേണ്ടിവന്ന നാടാണ് നമ്മുടെ നാട്. അധഃസ്ഥിത വിഭാഗങ്ങളുടെ ആത്മീയ രംഗത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി നിയമത്തിന്റെയും പോരാട്ടത്തിന്റെയും ആവശ്യകതയുണ്ടായ ഈ നാട്ടിൽ 1888ൽ ആത്മീയ രംഗത്ത് ശ്രീനാരായണ ഗുരു തുടങ്ങിവച്ച വിപ്ലവ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്നത്തെ ഈ ചരിത്രപ്രധാനമായ വിധിയെ നമ്മൾ കാണേണ്ടതുണ്ട്.


കേരളത്തിന്റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ടു നയിക്കുന്നതിന് വേണ്ടി നവോത്ഥാന പൈതൃകമുള്ള, പാരമ്പര്യമുള്ള, പരിഷ്കരണ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും ഐക്യം രൂപപ്പെടേണ്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നുള്ളത്.

കെപിഎംഎസ് ന്റെ സ്ഥാപക ജനറൽ സെക്രട്ടറി ചന്ദ്രശേഖര ശാസ്ത്രിയുടെ അനുസ്‌മരണ ദിനവുമായി ബന്ധപെട്ടു ഈ നവോത്ഥാന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും കേരളത്തിന്റെ പരിഷ്കരണ പ്രവർത്തനങ്ങൾക്കു കെപിഎംഎസ് പ്രതിഞ്ജാബദ്ധമാണെന്നാണ് ഈ അവസരത്തിൽ സൂചിപ്പിക്കാനുള്ളത്.


തെരുവിലുണ്ടാകുന്ന ആൾക്കൂട്ടങ്ങളിലാണ് കോടതി വിധി നടപ്പാക്കുന്നതിന്റെ അടിത്തറ ഗവണ്മെണ്ട് കണ്ടെത്തുന്നതെങ്കിൽ തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം ആളുകൾ, വിശ്വാസികൾ തന്നെ -വിധിയുമായി ബന്ധപെട്ടു ഗവണ്മെന്റിന്റെ നീക്കങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടാൻ സർക്കാർ തയ്യാറാവണം. ആത്മീയ രംഗത്ത് വിവേചനം അനുഭവിക്കേണ്ടിവന്ന, അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് കൂടി വിശ്വാസി സമൂഹത്തിന്റെ ഭാഗമാകാനുള്ള ചരിത്ര പ്രധാനമായ ഈ വിധിയെ നടപ്പിലാക്കുന്നതിന് വേണ്ടി കേരളത്തിലെ പുരോഗമന സർക്കാർ തയ്യാറാകണമെന്നു കൂടെ അഭിപ്രായപ്പെടുന്നു.

https://www.azhimukham.com/trending-sabarimala-woman-entry-some-doubts-and-its-answers/

https://www.azhimukham.com/trending-sabarimala-women-entry-mathrbhumi-discussion-sreechitharan-speaks/

https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/Next Story

Related Stories