അന്ന് ‘നിറപറ’, ഇന്ന് തോമസ് ചാണ്ടി; ടിവി അനുപമ എന്ന ജനപക്ഷ കളക്ടര്‍

Print Friendly, PDF & Email

പരമ്പരാഗതമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ഒത്താശ ചെയ്തും, പണംപറ്റിയും എല്ലാ സ്വാധീനത്തിനും വഴങ്ങിയും വളര്‍ത്തിയ തോമസ് ചാണ്ടി എന്ന ധനികനെതിരെ തികഞ്ഞ സ്വാതന്ത്ര്യത്തോടെയും ധീരതയോടെയും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നത് ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ച് ചെറിയ കാര്യമല്ല

A A A

Print Friendly, PDF & Email

വേമ്പനാട് കായലിന് നടുവിലെ ആര്‍ ബ്ലോക്ക് വെള്ളത്തില്‍ മുങ്ങി. 30 കുടുംബങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിനടിയിലായ അവസ്ഥ. ഒരു മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആര്‍ ബ്ലോക്കുകാര്‍ക്ക് ആശ്വാസമായി അവരുടെ വിഷമത്തില്‍ പങ്കുചേരാനും അവരെ ഈ ദുരിതത്തില്‍ നിന്ന് കരകയറ്റാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പുമായി അവരുടെ പ്രിയപ്പെട്ട കളക്ടര്‍ എത്തി. ഈ പുതിയ കളക്ടര്‍ ടി.വി.അനുപമ ഇങ്ങനെയാണ്. ഏത് സമയവും ജനങ്ങള്‍ക്കുവേണ്ടി ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന കളക്ടര്‍. ചിലപ്പോള്‍ കയ്യില്‍ ഒരു കൈക്കുഞ്ഞും കാണും. കളക്ടറുടെ ജോലിത്തിരക്കകുള്‍ക്കിടയില്‍ അമ്മയുടെ കര്‍ത്തവ്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന, രണ്ട് വയസ്സ് പോലും തികയാത്ത കുഞ്ഞുമായി ജനങ്ങളെ കേള്‍ക്കാനും കാണാനുമെത്തുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ. ആലപ്പുഴക്കാരന്‍ വിനോദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അടുത്ത കാലം വരെ ആലപ്പുഴക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന ഒരു കളക്ടര്‍. പകലോ രാത്രിയോ എന്നില്ല, കൈക്കുഞ്ഞുമായിപ്പോലും ജനങ്ങളുടെ ഇടയിലേക്ക് ഓടിയെത്തുന്ന ജില്ലാ കളക്ടറെ എന്റെ ഓര്‍മ്മയില്‍ ആദ്യം കാണുകയാണ്. പലരും ഇവിടെ കളക്ടര്‍മാരായി ഇരിന്നിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ഒരാള്‍ ഉണ്ടായിട്ടില്ല. ഇത്രയും കാലമുണ്ടായിരുന്നവര്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ അത് ചാനലുകാരേയും പത്രക്കാരേയും അറിയിച്ച് അവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും. അതൊക്കെ അനുപമ, അവര്‍ വരുന്നതും പോവുന്നതും പോലും ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലുമറിയില്ല.’

ഇത്തരത്തിലുള്ള ജനപക്ഷ നോട്ടം എന്ന് ഉറപ്പിക്കാവുന്ന ടി.വി.അനുപമയുടെ ഒരു റിപ്പോര്‍ട്ടാണ് ഇന്ന് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ഏറെ ചര്‍ച്ച ചെയ്യുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയുള്ള, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വരെ പ്രേരകമായ റിപ്പോര്‍ട്ട്. സത്യസന്ധവും ധീരവുമായ പ്രവര്‍ത്തനത്തിന്റെ സാക്ഷ്യപത്രമായി ആ റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ചെയ്തതെന്ന് ഈ പ്രവര്‍ത്തിയെ ആര്‍ക്കും ലളിതമായിക്കാണാം. പക്ഷെ പരമ്പരാഗതമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ഒത്താശ ചെയ്തും, പണംപറ്റിയും എല്ലാ സ്വാധീനത്തിനും വഴങ്ങിയും വളര്‍ത്തിയ തോമസ് ചാണ്ടി എന്ന ധനികനെതിരെ തികഞ്ഞ സ്വാതന്ത്ര്യത്തോടെയും ധീരതയോടെയും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നത് ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ‘തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന്’ സഭയില്‍ പറഞ്ഞതിന് മുകളില്‍ നിന്നാണ് ജില്ലാ കളക്ടര്‍ സംസ്ഥാനത്തെ മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നിടത്താണ് അതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. മന്ത്രിയുടെ അടിത്തറ ഇളക്കിയതും കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തന്നെ. ആ റിപ്പോര്‍ട്ട് തന്നെയാണ് ഇടതുമുന്നണിയെയും സിപിഎമ്മിനേയും എന്‍സിപിയെയും പ്രതിരോധത്തിലാക്കിയതും.

കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും കളക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. പരമ്പരാഗത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം ചാണ്ടിയുടെ വളര്‍ച്ചക്ക് മണ്ണും വളവുമേകിയപ്പോള്‍ ഉദ്യോഗസ്ഥരെല്ലാം ഇക്കാലമത്രയും ചെയ്ത എല്ലാത്തിനേയും അനുപമ ഉടച്ചുകളഞ്ഞു. ആലപ്പുഴ കളക്ട്രേറ്റില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ശ്രദ്ധിക്കാം ‘അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പോലുമുണ്ടാവില്ലായിരുന്നു. മുമ്പിരുന്ന എല്ലാ കളക്ടര്‍മാരും ചാണ്ടിക്ക് അനുകൂലമോ, അല്ലെങ്കില്‍ പ്രതികൂലമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകളാണ് ഇക്കാലമത്രയും തയ്യാറാക്കിയിട്ടുള്ളത്. വിഷയത്തിന്റെ എല്ലാ വശങ്ങളിലേക്കും കടന്നുള്ള, ഇത്രയും ആധികാരികമായ ഒരു റിപ്പോര്‍ട്ട് അവര്‍ സ്വന്തം നിലക്ക്, വ്യക്തിപരമായ താത്പര്യത്തില്‍ ചെയ്തതാണ്. അനുപമയ്ക്ക് മുമ്പുള്ള കളക്ടര്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാതെയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കാനിരുന്നത്. അത് അവരുടെ കുഴപ്പമല്ല. ഒരു ഡെപ്യൂട്ടി കളക്ടറെയാണ് അവര്‍ അന്വേഷണത്തിന് നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് കൈമാറുക എന്ന ജോലിയാണ് ഇക്കാലങ്ങളില്‍ പല കളക്ടര്‍മാര്‍ ചെയ്തിരുന്നത്. പക്ഷെ അനുപമ ചാര്‍ജ് ഏറ്റെടുത്ത അന്ന് തന്നെ ചാണ്ടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഫയലുകള്‍ തനിക്ക് നല്‍കാന്‍ അവര്‍ ആവശ്യപ്പെടുകയും തുടര്‍ന്നങ്ങോട്ട് അവര്‍ തന്നെ എല്ലാ സ്ഥലങ്ങളിലും പോയി അന്വേഷണവും പരിശോധനയും നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്രയും കാലം ഇവിടെയുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും, റവന്യൂ, കൃഷി, ഇറിഗേഷന്‍ ഏത് വകുപ്പിലുമാവട്ടെ, എല്ലാവരും ചാണ്ടിക്ക് അനുകൂല ഉത്തരവുകള്‍ നല്‍കാനാണ് ശ്രമിച്ചത്. നിലം നികത്താന്‍, മണ്ണെടുക്കാന്‍, അനധികൃത നിര്‍മ്മാണം എല്ലാത്തിനും കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുമതി നല്‍കി. റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് കൂടാതെ റോഡ് ടാര്‍ ചെയ്തു കൊടുത്തു. അതെല്ലാം ഒരറ്റത്ത് നില്‍ക്കുകയും തുടരുകയും ചെയ്യുമ്പോഴാണ് ഇതിനെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് അനുപമയുടെ സത്യസന്ധമായ റിപ്പോര്‍ട്ട് വരുന്നത്. ശരിക്കും ഐക്കണോക്ലാസ്റ്റിക് എന്ന് പറയാവുന്ന പ്രവര്‍ത്തനം.’

തന്നോടൊപ്പം ജോലി ചെയ്യുന്നവരും പിന്‍ഗാമികളുമുള്‍പ്പെടെ, കുറ്റകൃത്യത്തില്‍ പങ്കാളികളായ ആരെയും ഒഴിവാക്കാതെയാണ് അനുപമ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ അത് വ്യക്തമാക്കുന്നതാണ്. തനിക്ക് മുമ്പ് ആലപ്പുഴ കളക്ടറായിരുന്ന എന്‍. പത്മകുമാറിന്റെ ഉത്തരവുകളിലെ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയക്കായി ഇരുപത്തിയാറര സെന്റ് വയല്‍ ഭൂമിയാണ് മണ്ണിട്ട് നികത്തിയത്. എന്നാല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഇത് നിയമലംഘനമാണെന്ന് നാട്ടുകാരനായ ഒരാള്‍ മുന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യത്തെ ഇരുപത് സെന്റ് ഭൂമി നികത്തിയെങ്കിലും അത് തണ്ണീര്‍ത്തടത്തിന് ദോഷമുണ്ടാക്കാത്തതിനാലും, പരാതിക്കാരായി അധികം പേരില്ലാത്തതിനാലും നികത്ത് അനുവദിച്ച് നല്‍കാനായിരുന്നു ഉത്തരവിട്ടിരുന്നത്. ബാക്കിയുള്ള അഞ്ച് സെന്റും ഒന്നര സെന്റും ഭൂമി പുറമ്പോക്ക് ഭൂമിയായിരുന്നു. ഇതില്‍ അഞ്ച് സെന്റ് റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള സാധനസാമഗ്രികള്‍ ഇറക്കാനാണെന്നും രണ്ട് ഭൂമിയും നികത്തുന്നത് കൃഷിക്ക് ദോഷമുണ്ടാക്കുന്ന കാര്യമല്ലെന്നും കൃഷിവകുപ്പോ ഇറിഗേഷന്‍ വകുപ്പോ ഇക്കാര്യത്തില്‍ പരാതികള്‍ ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ പൂര്‍വസ്ഥിതിയിലാക്കേണ്ടതില്ലെന്നുമാണ് മുന്‍ കളക്ടര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കളക്ടര്‍ ഇങ്ങനെ പറഞ്ഞെങ്കിലും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നതിനാല്‍ അത് പൂര്‍വസ്ഥിതിയിലാക്കേണ്ടതാണ് എന്നാണ് അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുക വഴി കോടതി ലംഘനമാണ് കളക്ടര്‍ നടത്തിയതെന്ന തോമസ് ചാണ്ടിയുടെ പ്രസ്താവനക്കും റിപ്പോര്‍ട്ടിലൂടെ അനുപമ ചുട്ടമറുപടി നല്‍കി. കോടതിയില്‍ കേസ് നിലനില്‍ക്കട്ടെ, പക്ഷെ നിയമപരമായ നടപടി സ്വീകരിക്കരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടല്ലല്ലോ അല്ലേ? അത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്നാണ് കളക്ടര്‍ നല്‍കിയ മറുപടി. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് അഞ്ച് വര്‍ഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയ്ക്കും തോമസ് ചാണ്ടി അര്‍ഹനാണെന്ന് എന്നതിലൂടെ തോമസ് ചാണ്ടി കുറ്റവാളിയാണെന്ന് അടിവരയിടുകയായിരുന്നു അനുപമ. വസ്തുതകളെ ബോധ്യപ്പെടുത്തുന്നതിനായി ഉപഗ്രഹ ചിത്രങ്ങളും ആധാരമാക്കിയ റിപ്പോര്‍ട്ടിനെ ലാഘവത്തോടെ തള്ളിക്കളയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ, ഇടതുമുന്നണിക്കോ കഴിയാതെ വന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി തോമസ് ചാണ്ടിയെ തന്നെ ചോദ്യം ചെയ്തു. ‘രാഷ്ടീയ സമ്മര്‍ദ്ദങ്ങളും ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കെ ശരിയായ നീതി നടപ്പാക്കണമെന്ന ഉദ്ദേശത്തോടെ ഒരു ന്യായാധിപന്റെ പ്രവര്‍ത്തനത്തിന് തുല്യമായ പ്രവൃത്തിയാണ് അനുപമ നിര്‍വഹിച്ചത്’പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ അനുപമയെക്കുറിച്ച് പറഞ്ഞതിതാണ്.

അധികാരവും പദവിയും ഏതാണ് എന്നതിനേക്കാള്‍ തന്റെ കര്‍ത്തവ്യം എന്തെന്നുള്ളതാണ് അനുപമയ്ക്ക് മുന്നിലുള്ള കാര്യം. തന്റെ കര്‍ത്തവ്യം പൊതുമനസാക്ഷിയ്ക്ക് അനുകൂലമായി ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഐഎഎസ് ഉദ്യോഗസ്ഥയായി നിയമനം ലഭിച്ചതിന് ശേഷമുള്ള ഒരു അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കിയിരുന്നു. അധികാര വര്‍ഗത്തിനോ സാമ്പത്തിക ശക്തികള്‍ക്കോ വഴങ്ങാത്ത അനുപമയുടെ പ്രവര്‍ത്തനം ഇത് ആദ്യമായല്ല കേരളം കാണുന്നത്. മുമ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറായിരുന്ന വേളയില്‍ നിറപറയുള്‍പ്പെടെ ഗുണനിലവാരമില്ലാത്ത നിരവധി ബ്രാന്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അവരുടെ ഓഫീസുകള്‍ പോലും പൂട്ടിക്കുകയും ചെയ്ത അനുപമയെ കേരളക്കാര്‍ക്ക് പരിചയമുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം വമ്പന്‍ ബ്രാന്‍ഡുകള്‍ക്കെതിരെയുള്ള നപടികള്‍ അനുപമയില്‍ നിന്ന് മുന്നോട്ട് പോയില്ല. എങ്കില്‍ കൂടി മലയാളികള്‍ ഭക്ഷണത്തെക്കുറിച്ച് ഏറെ ചിന്തിക്കുകയും, മായവും വിഷവുമുള്ള ഭക്ഷണത്തെ കുറിച്ച് ബോധവാന്‍മാരാവുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത് എന്ന് പറയാം. എന്നാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരിക്കുമ്പോള്‍ തന്റെ അധികാരം ഉപയോഗിക്കുന്നതിനേക്കാള്‍ തനിക്ക് ചെയ്യാനുള്ളത് പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു അനുപമയുടെ ലക്ഷ്യം.

നിലവാരമില്ല, പക്ഷേ ഹാനീകരമല്ല; നിറപറ നിരോധനം നീക്കിയതില്‍ വ്യാപക പ്രതിഷേധം

എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ചുണ്ടായ അനുഭവം വെളിപ്പെടുത്തുന്ന ഉതുപ്പ് വര്‍ഗീസിനെ കേള്‍ക്കാം; ‘ഞാന്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. ഒരു ദിവസം അനുപമയും അമ്മയും കൂടി ഹോട്ടലിലെത്തി. അന്ന് ഞങ്ങള്‍ക്കാര്‍ക്കും അവരാരെന്ന് അറിയില്ലായിരുന്നു. അവര്‍ ചായ കുടിക്കാന്‍ വന്നതാണ്. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ചായയെടുത്ത് കൊടുക്കുകയും ചെയ്തു. ഈ കൊടുത്തയാള്‍ അയാളുടെ കൈ ഗ്ലാസ്സിന്റെ ഏറ്റവും മുകളിലാണ് പിടിച്ചിരുന്നത്. ചായ കുടിക്കുന്നതിന് മുമ്പ് മാഡം ഈ ഹോട്ടലിന്റെ ഉടമസ്ഥന്‍ ഉണ്ടെങ്കില്‍ ഒന്ന് വരാന്‍ പറയാമോ എന്ന് അവനോട് ചോദിച്ചു. അവന്‍ ചെന്ന് മുതലാളിയെ വിളിച്ചുകൊണ്ടു വന്നു. അപ്പോള്‍ ചായ കൊടുക്കുമ്പോള്‍ ഗ്ലാസ്സിന്റെ മുകളിലോ ഗ്ലാസ്സിനകത്തേക്കോ കൈകള്‍ ചെല്ലാതെ നോക്കണമെന്നും, ഭക്ഷണം കവിക്കുന്നവരുടെ ആരോഗ്യസുരക്ഷിതത്വം ഹോട്ടലുകാരുടേയും ഉത്തരവാദിത്തമാണെന്നുമെല്ലാം അനുപമ മാഡം മുതലാളിക്ക് പറഞ്ഞുകൊടുത്തു. ഇറങ്ങാന്‍ നേരത്താണ് ‘കണ്ട് നല്ല പരിചയമില്ല, മാഡം എവിടെയാണ് വര്‍ക്ക് ചെയ്യുന്നത്?’ എന്ന് മുതലാളി മാഡത്തോട് ചോദിക്കുന്നത്. അപ്പോഴാണ് ഫുഡ് സേഫ്റ്റി കമ്മീഷ്ണറാണെന്ന് അവര്‍ പറയുന്നത്. വേണമെങ്കില്‍ അവര്‍ക്ക് അവരുടെ അധികാരം ഉപയോഗിച്ച് ഞങ്ങക്കെതിരെ നടപടിയെടുത്തുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്യാമായിരുന്നു. പക്ഷെ അതുണ്ടായില്ല. വളരെ സൗമ്യമായ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് ചെയ്തത്. അവര്‍ക്ക് ഭക്ഷണം കവിക്കുന്നവന്റെ ആരോഗ്യം തന്നെയായിരുന്നു വലുത്. അത് നടപ്പാവണമെന്ന് മാത്രമേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ’

തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം എന്തെന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും സ്വാധീനപ്പെടാതെ അത് ചെയ്യുന്ന ഒരാള്‍ എന്ന് ടി.വി.അനുപമയെ നമുക്ക് രേഖപ്പെടുത്താം. അതിനവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാരണം ഇതാണ്’ എന്റെ ചുമതലകള്‍. അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ലെങ്കില്‍, അത് ഞാന്‍ ചെയ്തില്ലെങ്കില്‍ മറ്റാരും അത് ചെയ്യാനില്ല എന്ന് എനിക്കറിയാം, അക്കാര്യം ഞാനിടക്കിടക്ക് എന്നെ തന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. അതില്‍ നിന്നുണ്ടാവുന്ന ഉത്തരവാദിത്ത ബോധമുണ്ട്. അതുകൊണ്ട് എനിക്ക് ഒന്നില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്യുകതന്നെ ചെയ്യും’. ഇത് തന്നെയാണ് ഏറ്റവുമൊടുവിലും ടി.വി.അനുപമ എന്ന ഐ എ എസ് ഉദ്യോഗസ്ഥ തെളിയിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ പൊന്നാനി മാറഞ്ചേരി സ്വദേശിനി ഇപ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഔദ്യോഗിക പദവിയുടെ അന്തസ്സും ഉയര്‍ത്തുകയാണ്.

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍