TopTop
Begin typing your search above and press return to search.

പാര്‍വ്വതിക്കെതിരെയുള്ള 'വെട്ടുകിളി' ആക്രമണം; മമ്മൂട്ടീ, ഇടിയുന്നത് നിങ്ങളുടെ അന്തസ്സും കൂടിയാണ്

പാര്‍വ്വതിക്കെതിരെയുള്ള വെട്ടുകിളി ആക്രമണം; മമ്മൂട്ടീ, ഇടിയുന്നത് നിങ്ങളുടെ അന്തസ്സും കൂടിയാണ്

പ്രകാശ് രാജ് പറഞ്ഞത് ഏറ്റവും തീക്ഷ്ണമായ പ്രാധാന്യമുള്ള ഒരു സംഗതിയായിരിക്കുന്നു ഇന്ന്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ശബ്ദമുയര്‍ത്തിയ പാര്‍വ്വതി എന്ന അഭിനേത്രി, പാര്‍വ്വതി എന്ന സ്ത്രീ, 'പ്രബുദ്ധ കേരളത്തിന്റെ 'ആട്ടും തുപ്പും ഏല്‍ക്കേണ്ടി വരുന്ന സമയമാണിത്. രാജാവ് നഗ്‌നനാണെന്ന് പറഞ്ഞതായിരുന്നു പാര്‍വ്വതി ചെയ്ത കുറ്റം. കസബ എന്ന അശ്ലീലം (അതുപോലെയുള്ള മറ്റനേകം അശ്ലീലങ്ങള്‍) അശ്ലീലമാണെന്നുതന്നെ പാര്‍വ്വതി ധൈര്യമായി വിളിച്ചുപറഞ്ഞു. ഫലം: സ്റ്റാര്‍ഡം, അതിനെ ക്രിയേറ്റ് ചെയ്ത പുരുഷാധിപത്യം, അതിനങ്ങ് നൊന്തു!

'90' കളുടെ മധ്യം മുതലായിരിക്കണം മലയാളത്തില്‍ ഇന്ന് കാണുന്നതരം 'സൂപ്പര്‍സ്റ്റാര്‍ - ഫാന്‍സ്' ദ്വന്ദങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. കാരണം, അത് മുതലാണ്, മംഗലശ്ശേരി നീലകണ്ഠനും ജോസഫ് അലക്‌സും അവരുടെ കാര്‍ബണ്‍ കോപ്പികളും വന്ന് തുടങ്ങിയത്. പാട്രിയാര്‍ക്കി ജീവാത്മാവും പരമാത്മാവുമായൊരു സമൂഹത്തില്‍ സ്‌ക്രീനില്‍ 'ആരാധനാ ബിംബങ്ങളെ' എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ അവ പര്യാപ്തമായിരുന്നു. പുരുഷന്‍ എങ്ങനെ സമൂഹത്തെ അടക്കി വാഴണം, സ്ത്രീയെ അടിച്ചമര്‍ത്തി, അനുസരിക്കാന്‍ മാത്രമറിയുന്ന രണ്ടാം നിര പൗരരാക്കി മാറ്റേണ്ടതെങ്ങിനെ എന്നൊക്കെ വാക്കിലും നോക്കിലും ഓരോ ഫ്രെയിമിലും പ്രഖ്യാപിക്കുന്ന പാട്രിയാര്‍ക്കിയല്‍ പ്രോഡക്ട് കഥാപാത്രങ്ങള്‍. മുന്‍പില്ലാത്ത വിധം, പുരുഷാധിപത്യം എന്ത് ആവശ്യപ്പെടുന്നോ അവയെല്ലാം അവയുടെ ആനുകൂല്യം പറ്റുന്നവര്‍ക്കും അതിനടിമപ്പെട്ടവര്‍ക്കും കോരിത്തരിപ്പ് ഉളവാക്കാവുന്ന ഭാവഹാവാദികളില്‍, കോരിത്തരിപ്പ് ഉളവാക്കാവുന്ന ശബ്ദ/സംഗീത വിന്യാസത്തിന്റെ അകമ്പടിയോടെ നമ്മുടെ സ്‌ക്രീനുകളില്‍ നിറഞ്ഞു. അതുവരെയും നമുക്കൊക്കെ അഭിമാനപ്പെടാവുന്ന വിധത്തില്‍ 'മികച്ച അഭിനേതാക്കള്‍' ആയിരുന്നവര്‍ പെട്ടെന്ന് 'ആരാധ്യരായ സൂപ്പര്‍സ്റ്റാര്‍സ്' ആയി. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍: എന്ന് മുതല്‍ ഫ്യൂഡല്‍ പുരുഷാധിപത്യ ട്രെയിറ്റുകള്‍ നായകര്‍ പൂജനീയമായ അലങ്കാരങ്ങളായി അണിയാന്‍ തുടങ്ങിയോ, അന്ന് മുതല്‍ ഇവിടെ സൂപ്പര്‍ സ്റ്റാറുകളും അവര്‍ക്ക് ഫാന്‍സ് അസോസിയേഷനുകളുമായി.

ഇങ്ങനെയാണ്, 'താരപ്രഭാവം' അഥവാ സ്റ്റാര്‍ഡം പാട്രിയാര്‍ക്കി എന്ന പ്രതിലോമകരമായ സോഷ്യല്‍ ട്രെയിറ്റുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ്, സ്റ്റാര്‍ഡത്തെ നോവിച്ചേക്കാവുന്ന ഏതൊരു ശ്രമവും ജാതി, മത, വര്‍ഗ്ഗ ഭേദമന്യേ ഒരു പുരുഷാധിപത്യ സമൂഹം മുഴുവന്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി പരിഗണിക്കുന്നതും അതില്‍ അരക്ഷിതരാവുന്നതും ഭ്രാന്തമായി പ്രതികരിക്കുന്നതും. ആ വിമര്‍ശനം പുരുഷാധിപത്യ സംസ്‌ക്കാരത്തിന്റെ ചൂഷണങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ നിന്നാകുമ്പോള്‍, അതൊരു ഉറച്ച ശബ്ദമാകുമ്പോള്‍, അവര്‍ കൂടുതല്‍ പരിഭ്രാന്തരാവുന്നു. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടുന്നതെന്ന് പ്രതീക്ഷിക്കപ്പെടുന്നവരില്‍നിന്ന് ഉയരുന്ന വിയോജിപ്പിന്റെ സ്വരം അവരെ തങ്ങളുടെ ഇളകിത്തുടങ്ങുന്ന പ്രിവിലേജ് തറയെപ്പറ്റി ഭീതിതമായി ബോധവാന്മാരാക്കുന്നു. പാട്രിയാര്‍ക്കിയുടെ ആ ഭീതിയും ബോധവുമാണ് ഇത്തവണ പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയിലൊട്ടാകെ 'മമ്മൂട്ടി ഫാന്‍സ്' എന്ന, അതിന്റെ അനേകം ആയുധങ്ങളിലൊന്നിലൂടെ വര്‍ക്കൗട്ടാകുന്നത്. പാര്‍വ്വതിക്കെതിരെ മാത്രമല്ല, ശബ്ദിക്കുന്ന, നിലപാടുള്ള ഏതൊരു സ്ത്രീയ്‌ക്കെതിരെയും പുരുഷാധിപത്യം എടുക്കുന്ന ഗാര്‍ഡ് ആണ് അത്.

http://www.azhimukham.com/kasaba-movie-insulting-transgenders-sukanya-krishna-azhimukham/

മുന്‍പ് പുരുഷാധിപത്യവും സ്ത്രീ വിരുദ്ധതയും ലിംഗസമത്വ നിരാകരണവും നമ്മുടെ സിനിമയിലുണ്ടായിട്ടില്ലേ? ഉണ്ട്. പക്ഷേ ഒറിജിന്‍ ഓഫ് സ്റ്റാര്‍ഡത്തിന് മുന്‍പും പിന്‍പും അത് അവതരിപ്പിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന രീതികള്‍ക്ക് വ്യത്യാസമുണ്ടായിരുന്നു. സിനിമ മിക്കവാറും സമൂഹത്തിന്റെ, ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. തീര്‍ച്ചയായും സമൂഹത്തിന്റെ പ്രതിലോമതകളും അവയില്‍ പ്രതിഫലിക്കും. കൊള്ളയും കൊലയും അപമാനപ്പെടുത്തലും ആക്രമണവും എല്ലാം അതില്‍ വരും. പ്രശ്‌നം ഉടലെടുക്കുന്നത് എവിടെയെന്നാല്‍, സൂപ്പര്‍സ്റ്റാര്‍സ് ഉണ്ടാവുന്നതിന് മുന്‍പ് സമൂഹത്തില്‍ നിര്‍ലീനമായ മാനുഷിക വിരുദ്ധത, സ്ത്രീവിരുദ്ധത, കുറ്റകൃത്യങ്ങള്‍, എല്ലാം തന്നെ തികച്ചും സ്വാഭാവികമായാണ്, സമൂഹത്തിന്റെ റിഫ്‌ലക്ഷന്‍സ് എന്ന നിലയില്‍ മാത്രമാണ് നമ്മുടെ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. അവ 'കൈയ്യടിച്ചും വിസിലടിച്ചും' തിയറ്ററുകളില്‍ ആഘോഷിക്കപ്പെട്ടിരുന്നില്ല. അതായത്, നായികയുടെ മടിക്കുത്തില്‍ കയറിപ്പിടിക്കുന്ന ബാലന്‍ കെ നായരുടെ കഥാപാത്രത്തെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന്. എന്നാല്‍, മാസ്സ് ബിജിയെമ്മിന്റെ അകമ്പടിയോടെ നായകര്‍ തന്നെ അത് ചെയ്തു തുടങ്ങിയപ്പോള്‍ അത് കാണുന്നവന് 'ഹീറോയിക്' ആയി. നിത്യജീവിതത്തില്‍ പലരും ഇന്ദുചൂഢനെയും രാജന്‍ സഖറിയയെയുമൊക്കെ പോലെ സിനിമാറ്റിക് ഡയലോഗുകളടിച്ച് 'ഹീറോ' ആവാന്‍ ശ്രമിച്ചു തുടങ്ങി. അന്ന് മുതല്‍ ഒരു പുരോഗമനാത്മക സമൂഹം എന്ന നിലയില്‍നിന്ന് 'സാംസ്‌ക്കാരിക കേരളം' പിന്നിലേയ്ക്ക് നടക്കാന്‍ തുടങ്ങി. (സിനിമ സിനിമയല്ലേ, ആരെങ്കിലും ജീവിതത്തില്‍ പകര്‍ത്തുമോ എന്ന് ഇനിയും സംശയമുള്ളവര്‍ക്ക് പാര്‍വ്വതിയുടെ പ്രസ്ഥാവനയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും മറ്റ് പോസ്റ്റുകളുടെയും അടിയില്‍ പോയി നോക്കിയാല്‍ സംശയം മാറിക്കിട്ടും. നൂറുകണക്കിന് അഭിനവ ഇന്ദുചൂഢന്മാര്‍ റേപ് ത്രെറ്റ് ഉള്‍പ്പെടെയുള്ള സിനിമാറ്റിക് ആയ മാസ്സ് ഡയലോഗുകളിലൂടെ പാര്‍വ്വതിയെ ഭീഷണിപ്പെടുത്തുന്നത് കാണാം.)

http://www.azhimukham.com/film-parvathy-best-actress-best-personality-rakeshsanal/

പാര്‍വ്വതിയെ 'തറപറ്റിക്കാന്‍' വിഭ്രാന്തിയില്‍ പെട്ട ഫാന്‍സ് ബൗദ്ധിക കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങളെല്ലാംതന്നെ രസകരവും ലോജിക്കലി പരിതാപകരവുമാണ്. സിനിമയില്‍ ചുംബനരംഗത്ത് അഭിനയിച്ചു, പുക വലിച്ചു, മദ്യപിച്ചു, ഇതൊക്കെ സ്ത്രീകളെ ഉദ്ധരിക്കാനാണോ, ഇതൊക്കെ അശ്ലീലമല്ലേ, സ്ത്രീയെന്ന നിലയില്‍ ചെയ്യാന്‍ പാടുണ്ടോ എന്നാണ് ചോദ്യങ്ങള്‍. ചുംബിക്കുക, പ്രണയിക്കുക, സോഷ്യലൈസ് ചെയ്യുക, എന്റര്‍ടെയിന്റ്‌മെന്റിന് വഴികള്‍ കണ്ടെത്തുക, തുടങ്ങിയതൊക്കെ ഒരു സിവിലൈസ്ഡ് ജീവിയെന്ന നിലയിലും ഒരു 'ജീവി' എന്ന നിലയിലും മനുഷ്യപ്രകൃതിയാണ് എന്ന സത്യം ചോദ്യകര്‍ത്താക്കള്‍ക്ക് എന്നാണ് മനസ്സിലാവുക എന്നറിയില്ല. ഏതായാലും, മറ്റുള്ളവര്‍ക്ക് ദ്രോഹമാകാത്തിടത്തോളം അവയെല്ലാം മനുഷ്യന് അത്യന്താപേക്ഷിതമാണ്. അവയൊക്കെ അശ്ലീലമെന്ന് കരുതുന്നതാണ് യഥാര്‍ത്ഥത്തില്‍ അശ്ലീലം. അവ ഒരു ജെന്‍ഡറിന് മാത്രം അവകാശപ്പെട്ടതായി ചുരുക്കുന്നതാണ് അതിലേറെ അശ്ലീലം.

http://www.azhimukham.com/cinema-ant-women-movies-inspired-fans-abusing-parvathy-geethu-mohandas/

ഉദാഹരണത്തിന്, മലയാളികള്‍ വളരെ ഇഷ്ടത്തോടെ കാണുന്ന ഒരു സിനിമയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. അതില്‍ മോഹന്‍ലാലിന്റെ കള്ളുകുടിസീന്‍ അശ്ലീലമാകാതെ 'കുടുംബങ്ങള്‍ക്ക് ഇഷ്ടമാകുന്നിടത്ത്, cute ആകുന്നിടത്ത്, സ്ത്രീ കള്ളു കുടിച്ചാല്‍ അശ്ലീലമാകുന്നത് എങ്ങിനെയാണ്? കന്മദത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മഞ്ജുവാര്യരുടെ കഥാപാത്രത്തെ കടന്നുപിടിച്ച് അനുവാദമില്ലാതെ ചുംബിക്കുന്നത് അശ്ലീലമാകാത്തിടത്ത് (ആരാധിക്കപ്പെടുന്നിടത്ത്), പാര്‍വ്വതിയുടെ കഥാപാത്രം ധനുഷിന്റെ കഥാപാത്രത്തെ കണ്‍സന്റോടെ ചുംബിച്ചാല്‍ എങ്ങിനെയാണ് അത് അശ്ലീലമാകുന്നത്? നായകന്‍ സ്‌റ്റൈലിഷായി പുക വലിക്കുന്നത് ഫാന്‍സിന് അശ്ലീലമാകാത്തിടത്ത് നായിക പുക വലിച്ചാല്‍ അത് മാത്രമെങ്ങിനെ അശ്ലീലമാകും? ആവര്‍ത്തിക്കട്ടെ, നായകന്/ പുരുഷന് ഇതൊക്കെ ചെയ്യാം. പക്ഷേ നായിക/സ്ത്രീ ചെയ്താല്‍ അശ്ലീലം എന്ന് വിധിക്കുന്നിടത്താണ് അശ്ലീലം.

http://www.azhimukham.com/film-jipsa-putuppanam-writing-about-recent-trend-about-film-criticism-becoming-social-media-viral/

പറഞ്ഞുവന്നത്, ഒരു കഥാപാത്രം സോഷ്യലൈസ് ചെയ്യുന്നത്, പ്രണയിക്കുന്നത് ഒന്നും അശ്ലീലമല്ല. അത് മനുഷ്യ പ്രകൃതിയാണ്. ഒരു കഥാപാത്രം കുറ്റം ചെയ്യുന്നതും ശ്ലീലമല്ലെങ്കില്‍ കൂടി, മനുഷ്യപ്രകൃതിയാണ്. സിനിമ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകുമ്പോള്‍ ഇതൊക്കെ സിനിമയിലും വരും. പക്ഷേ ആ കുറ്റം ആളുകള്‍ കൈയ്യടിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാകുമ്പോള്‍ അത് മാനുഷിക വിരുദ്ധമാകുന്നു. ഇവിടെയാണ് മുന്‍പ് പറഞ്ഞ സാധാരണ സീനുകളും സാഹചര്യങ്ങളുമായി കസബ പോലുള്ള 'മാസ്' സിനിമകളിലെ 'കൈയ്യടിക്ക് വേണ്ടി മാത്രം' പടയ്ക്കപ്പെട്ട രംഗങ്ങള്‍ ഡിഫര്‍ ചെയ്യുന്നത്, നീചമാവുന്നത്.

എന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍സ് മാത്രം പഴി കേള്‍ക്കേണ്ടി വരുന്നു? അതെഴുതിയവര്‍, അതിലഭിനയിച്ച സ്ത്രീകള്‍, ഇവരൊന്നും എന്തുകൊണ്ടില്ല? ഒന്നാമതായും പ്രധാനമായും സൂപ്പര്‍ സ്റ്റാര്‍സ് തന്നെയാണ് പ്രസ്തുത, അറപ്പുളവാക്കുന്ന സിനിമകള്‍ക്ക് ഉത്തരവാദികള്‍. വിശദീകരിക്കാം.

http://www.azhimukham.com/opinion-mammootty-keep-dignity-ask-your-fans-aslo-divyadivakaran/

കസബ പോലെ ഒരു അശ്ലീല സിനിമ ഇവിടുണ്ടാകാന്‍ ഒറ്റ കാരണമേയുള്ളു. 'സ്റ്റാര്‍ഡം.' 'സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി' ഇവിടുള്ളതുകൊണ്ടാണ്, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഉള്ളതുകൊണ്ടാണ്, ഫാന്‍സ് ഷോകള്‍ ഉണ്ടാവുന്നതുകൊണ്ടാണ്, അവരുടെ കൈയ്യടികള്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നതുകൊണ്ടാണ്, ഇവിടെ കസബ ഉണ്ടാവുന്നത്. ബാലന്‍ മാഷിനെയും വാറുണ്ണിയെയും അച്ചൂട്ടിയെയുമൊക്കെ സ്‌ക്രീനില്‍ അതുല്യമായി പകര്‍ന്നാടിയ മമ്മൂട്ടി എന്ന 'നടന്' തിയറ്ററില്‍ 'മമ്മൂക്കാ മാസ് ഡാ!' എന്ന വിസിലടി ഉയര്‍ത്തേണ്ട ബാധ്യത ഇല്ല. എന്നാല്‍, രാജന്‍ സഖറിയ എന്ന സാമൂഹ്യദുരന്തമായ 'നായകനെ' അവതരിപ്പിക്കുന്ന 'സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക്' പാട്രിയാര്‍ക്കി ആത്മാവായ ഫാന്‍ബേസിനെ പുളകം കൊള്ളിക്കേണ്ട ബാധ്യതയുണ്ട്. ആ ബാധ്യതയില്‍ നിന്നാണ്, ഫാന്‍സിന്റെ കൈയ്യടിയും അതുവഴി വരുന്ന സാമ്പത്തിക വരുമാനവുമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, I repeat, മറ്റൊരു ലക്ഷ്യവുമില്ലാത്ത, സഹപ്രവര്‍ത്തകയുടെ മടിക്കുത്തിന് പിടിച്ച് 'മാസ് ഡയലോഗ്' അടിച്ച്, 'മാസ് ബിജിയെമ്മിന്റെ' അകമ്പടിയോടെ നടന്നുപോകുന്ന രാജന്‍ സഖറിയ എന്ന അശ്ലീലരംഗം ഉണ്ടാവുന്നത്. (കസബയും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഫാന്‍സും ഒരു രൂപകം മാത്രമാണ്. കസബ പോലെയുള്ള എല്ലാ അശ്ലീല ചിത്രങ്ങളും, അവയെ 'തിരഞ്ഞെടുക്കുന്ന' എല്ലാ സൂപ്പര്‍ സ്റ്റാറുകളും അവരുടെ ഫാന്‍സും ഉള്‍പ്പെടുന്ന, വൃണപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന 'ദൈവം - ഭക്തര്‍' മത മോഡലുകളുടെ ഒരു രൂപകം.)

http://www.azhimukham.com/newswrap-prakashraj-against-hindutwa-and-the-insult-iffk/

തിയറ്ററിലെ കൈയ്യടിക്കായി മാത്രം പടച്ചുവിടുന്ന, മറ്റ് ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാത്ത ഈ സാമൂഹ്യവിരുദ്ധ കഥാപാത്രം/രംഗം ചെയ്യാന്‍ എനിക്ക് താല്പര്യമില്ല എന്ന് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് വരെയേ അത്തരം സ്‌ക്രിപ്റ്റുകള്‍ എഴുതപ്പെടുകയുള്ളൂ, അത്തരം സിനിമകള്‍ സംവിധാനം ചെയ്യപ്പെടുകയുള്ളു, അത്തരം സിനിമകളില്‍ സ്റ്റാര്‍ഡം വാഴുന്ന ഫിലിംഫീല്‍ഡില്‍ മറ്റ് ഗതിയില്ലാത്തതിനാലോ തിരിച്ചറിവില്ലാത്തതിനാലോ സ്ത്രീകള്‍ക്ക് അഭിനയിക്കേണ്ടി വരൂ. ആകയാല്‍, ഇന്ന്, ആത്യന്തികമായി എല്ലാ കസബകള്‍ക്കും അത് സമൂഹത്തിലേയ്ക്ക് ഛര്‍ദ്ദിയ്ക്കുന്ന രാജന്‍ സഖറിയമാര്‍ക്കും ഉത്തരവാദികള്‍ സൂപ്പര്‍സ്റ്റാര്‍സ് തന്നെയാകുന്നു.

http://www.azhimukham.com/offbeat-kerala-the-only-one-place-where-one-can-live-says-prakashraj/

പ്രകാശ് രാജിന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു, 'ഞാന്‍ ശബ്ദിയ്ക്കുന്നു. എന്തെന്നാല്‍ ശബ്ദമുയര്‍ത്തേണ്ടത്, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാകുന്നു.' ഇതിനോട് പ്രകാശ് രാജ് ഇങ്ങനെ കൂട്ടി ചേര്‍ക്കുന്നുണ്ട്: 'സിനിമാ രംഗത്തുള്ളവര്‍ ഇന്ന് എന്താണോ അതായിരിക്കുന്നത് അവരുടെ കഴിവുകൊണ്ട് മാത്രമല്ല, സമൂഹത്തോട് അവര്‍ക്കുള്ള സ്‌നേഹം കൊണ്ടുകൂടിയാണ്.' ഇത് എടുത്ത് പറയാന്‍ കാര്യം, പ്രബുദ്ധകേരളത്തില്‍ പണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഷോക്കിംഗ് ആയേക്കാവുന്ന, ഇന്ന് ഒരു പുതുമയുമില്ലാത്ത ഒന്നാണ് പാര്‍വ്വതി നേരിടുന്ന 'വെട്ടുകിളി ആക്രമണം'. പക്ഷേ ആ വെട്ടുകിളികള്‍ എന്റേതല്ല എന്ന് ഉറച്ച ശബ്ദത്തില്‍ പ്രഖ്യാപിക്കാത്ത 'മഹാനടന്‍' ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത്യന്തം നിരാശയുളവാക്കുന്നു. ശബ്ദമുള്ള പാര്‍വ്വതി എന്ന ആര്‍ട്ടിസ്റ്റിന് മുന്‍പില്‍ ശബ്ദമില്ലാത്ത മമ്മൂട്ടി എന്ന ആര്‍ട്ടിസ്റ്റ് കുന്നിക്കുരുവിനേക്കാള്‍ ചെറുതാവുന്നു.

http://www.azhimukham.com/cinema-women-collective-questioning-chauvinistic-nature-of-malayala-cinema-industry-rjsalim/

ഏതൊരു മനുഷ്യനും ഒരു സാമൂഹ്യജീവി എന്ന നിലയില്‍ സമൂഹത്തിനോട് ഉത്തരവാദിത്വങ്ങളുണ്ട്. കലാകാരന് അത് കൂടും. എന്തെന്നാല്‍ സമൂഹത്തിന്റെ, പ്രതികരണത്തിന്റെ, മുഖവും ശബ്ദവുമാണവര്‍. അങ്ങനെ, സാമൂഹ്യപരമായി ഉത്തരവാദിത്വമുള്ള, സമൂഹത്തില്‍ അത്രമേല്‍ സ്വാധീനശേഷിയുള്ള ഒരു കലാകാരന്‍ ഒരു മിന്നല്‍പിണര്‍ ദൈര്‍ഘ്യം മാത്രമുള്ള തന്റെ ഒരിടപെടല്‍ കൊണ്ട് പരിഹരിക്കാവുന്ന ഒരു വലിയ പ്രശ്‌നം കണ്ടില്ലെന്ന് നടിച്ച് ഇവിടെ പുറം തിരിഞ്ഞിരിക്കുകയാണ്. ടെക് സാവിയായ അദ്ദേഹം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ പേരില്‍ തന്റെ ആരാധകര്‍ പുറപ്പെടുവിക്കുന്ന റേപ് ത്രെറ്റുകളും അപായ ഭീഷണികളും നിര്‍ഭാഗ്യവശാല്‍ കണ്ടില്ലെന്ന് വിചാരിക്കാം. ഇന്നല്ലെങ്കില്‍ നാളെയെങ്കിലും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയ്ക്ക് നേരെ അദ്ദേഹത്തിന്റെ ആരാധകവൃന്ദം ഉയര്‍ത്തുന്ന ഭീഷണികളും തെറിവിളികളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം ആ 'വൃണപ്പെട്ട ഭക്തരെ' disown ചെയ്യുമെന്നോ, ഏറ്റവും കുറഞ്ഞത് അവരെ പറഞ്ഞുതിരുത്തുമെന്നോ പ്രതീക്ഷിക്കാം. അങ്ങനെ ഒരു മനുഷ്യനെന്ന നിലയിലും ഒരു കലാകാരനെന്ന നിലയിലും തന്റെ അന്തസ്സ് അദ്ദേഹം ഉയര്‍ത്തി പിടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

http://www.azhimukham.com/opinion-recent-abuse-against-actress-parvathy-on-mommooty-s-kasaba-and-fans-by-rubi/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories