TopTop
Begin typing your search above and press return to search.

പ്രൊഫ. രവീന്ദ്രനാഥ്, മന്ത്രി ചെയ്യേണ്ടത് വാഗ്ദാനം നല്‍കി ഇറങ്ങിപ്പോവുകയല്ല; പ്രശ്നപരിഹാരമുണ്ടാക്കുകയാണ്

പ്രൊഫ. രവീന്ദ്രനാഥ്, മന്ത്രി ചെയ്യേണ്ടത് വാഗ്ദാനം നല്‍കി ഇറങ്ങിപ്പോവുകയല്ല; പ്രശ്നപരിഹാരമുണ്ടാക്കുകയാണ്
അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെ ടി യു) കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച തീർത്തും പരാജയപ്പെട്ടെന്ന് വിദ്യാർഥികളുടെ പരാതി. വ്യവസ്ഥകൾ ഇല്ലാത്ത ഇയർ ബാക്ക് സിസ്റ്റവും കൃത്യമായ സ്ട്രക്ച്ചറില്ലാത്ത അക്കാദമിക് സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 10 ദിവസമായി വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായുണ്ടായ ചർച്ചയിലാണ് അനുകൂല നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നത്. എസ്എഫ്ഐ ഉന്നയിച്ച ആവശ്യങ്ങൾക്ക് മാത്രം ഏകപക്ഷീയമായി സമ്മതം മൂളിക്കൊണ്ട് പ്രൊഫ. രവീന്ദ്രനാഥ് ഇറങ്ങിപ്പോവുകയായിരുന്നു എന്നും വിദ്യാർഥികൾ പറയുന്നു.

ഓൾ കേരളാ കെ.ടി.യു സ്റ്റുഡൻസ് യൂണിയൻ സെക്രട്ടറിയും മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിലെ വിദ്യാർത്ഥി പ്രതിനിധികളിലൊരാളുമായ വിശാൽ പറയുന്നത്: "കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30-നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച. വിദ്യാർഥികളെ പ്രതിനിധീകരിച്ച് 16 പേരും വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളായി ഏകദേശം ഇരുപതോളം പേരുമാണ് ചർച്ചയിലുണ്ടായിരുന്നത്. മറ്റു വിദ്യാർത്ഥി സംഘടനകളെക്കാൾ മന്ത്രിയെ സ്വാധീനിക്കാൻ കഴിവുള്ള സംഘടന എന്ന നിലയിൽ എസ്എഫ്ഐ കുറെ വാദങ്ങൾ ഉന്നയിച്ചു. അതുമാത്രം ചെവിക്കൊണ്ടാണ് പ്രശ്‌നം പരിഹരിക്കാമെന്നും നിലവിലെ അക്കാദമിക് സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്താമെന്നും പറഞ്ഞുകൊണ്ട് മന്ത്രി ഇറങ്ങിപ്പോയത്. വിദ്യാർത്ഥികള്‍ നടത്തിവരുന്ന സമരം നിർത്തിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.


എസ്എഫ്ഐ എന്ന സംഘടന മന്ത്രിയുമായി സംവദിച്ചതിൽ ഞങ്ങൾ വിദ്യാർത്ഥിൾക്ക് പ്രശ്നമില്ലായിരുന്നു. എന്നാൽ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല എന്നതാണ് വാസ്തവം. ചർച്ചയിൽ മന്ത്രി അംഗീകരിച്ച കാര്യങ്ങൾ - S4 ലെ ഇയർബാക്ക് S5ലേക്ക് ആക്കും. S5 ലേക്കുള്ള ക്രെഡിറ്റ് 26 ആക്കി കുറയ്ക്കും. അതേപോലെ S6 ലെ ഇയർ ബാക്ക് S7 ലേക്ക് ആക്കും, ക്രെഡിറ്റ് 52 ആക്കി കുറയ്ക്കും. ഇതോടൊപ്പം ഇയർ ബാക്കിന്‌ മുൻപ് എല്ലാ വിദ്യാർത്ഥികൾക്കും ഒരു റെഗുലർ ചാൻസ്, ഒരു സപ്ലിമെന്ററി ചാൻസ് എന്നിവ നൽകും മുതലായവയാണ്. യൂണിവേഴ്സിറ്റിയോട് ഇക്കാര്യങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പടുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതെല്ലാം കേവലം വാഗ്ദാനങ്ങൾ മാത്രമാണ്.

ഒന്നര വർഷത്തോളം മുൻപ് ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഞങ്ങൾ രവീന്ദ്രനാഥുമായി ഒരു ചർച്ച നടത്തിയതാണ്. അന്നും അദ്ദേഹം വാഗ്ദാനങ്ങൾ തന്ന് കടന്നു പോയി. അതെല്ലാം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയത് കൊണ്ടാണ് ഇപ്പോൾ വീണ്ടും സമരം നടത്തേണ്ടി വന്നത്. 152 കോളേജുകളിലായി ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട് കെ.ടി.യുവിൽ. ഇതിൽ 85 ശതമാനം വിദ്യാർഥികളും ദിവസങ്ങളായുള്ള സമരത്തിൽ പങ്കാളികളാണ്. അധ്യാപകരുടെ പോലും പിന്തുണ ഞങ്ങളുടെ സമരത്തിനുണ്ട്. ഇത്രയും ഗൗരവമുളള ഈ ഒരു വിഷയത്തെ ഒരു അർധ സമ്മതം മൂളി പരിഹരിക്കാൻ മന്ത്രിക്ക് എങ്ങനെയാണ് കഴിയുക? കുറഞ്ഞപക്ഷം പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരം കാണാനും ഒരു സമിതിയെങ്കിലും മന്ത്രി രൂപീകരിക്കണമായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു എന്നു പറഞ്ഞൊരു രേഖ പോലും ഞങ്ങൾക്ക് തന്നിട്ടില്ല. ഇതുമാത്രമല്ല, എസ്എഫ്ഐ എന്ന സംഘടനയിലെ പ്രതിനിധികൾക്ക് മാത്രം അദ്ദേഹം ചെവി കൊടുക്കുകയാണുണ്ടായത്. വിദ്യാർത്ഥി പ്രതിനിധികൾക്കോ മറ്റു രാഷ്ട്രീയ സംഘടനയിലുള്ളവർക്കോ ആവശ്യങ്ങൾ ഉന്നയിക്കനും ഒരവസരം ഉണ്ടായിരുന്നില്ല. എസ്എഫ്ഐ ആകട്ടെ, എല്ലാ പ്രശ്നങ്ങളും ഉന്നയിച്ചതുമില്ല. അതുകൊണ്ട് തന്നെ ഇത് തീർത്തും പരാജയമായി മാറി. വീണ്ടും കെ.ടി.യു വിദ്യാർഥികൾ അക്കാഡമിക് പ്രശ്‌നങ്ങളിലേക്ക് തന്നെ തിരിച്ചു പോകുന്നു.


http://www.azhimukham.com/campus-kerala-technical-university-students-strike-demands-appropriate-changes-in-university-regulations/

ഇയർ ബാക്ക് സിസ്റ്റം തീർത്തും ഒഴിവാക്കണമെന്ന ആവശ്യം ഞങ്ങൾക്കില്ല. പഠനം കഴിഞ്ഞ് ജോലിക്ക് അപേക്ഷിക്കുമ്പോൾ ഇയർ ബാക്ക് സിസ്റ്റം ഉളള യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയെന്നത് കൂടുതൽ ഫലപ്രദമാണ്.ഇ യർ ബാക്കിലേക്ക് നയിക്കുന്ന കർശന മാനദണ്ഡങ്ങളിൽ തിരുത്ത് വരുത്തി ഇയർ ബാക്ക് നടത്തുക- ഇതുമാത്രമാണ് ഞങ്ങളുടെ ആവശ്യം. അറ്റന്റൻസ് ശതമാനം, മെഡിക്കൽ സർട്ടിഫിക്കറ്റ് അനുമതി, കൺഡോനേഷൻ മുതലായ മാനദണ്ഡങ്ങളിലെല്ലാം നിലവിൽ ഉള്ള വ്യവസ്ഥയിൽ നിന്ന് തിരുത്ത് വരുത്തുക, എന്നിട്ട് ഇയർ ബാക്ക് നടത്തുക.


വിദ്യാഭ്യാസ മന്ത്രി യൂണിവേഴ്സിറ്റി അധികൃതരുമായി വെറുമൊരു സംഭാഷണം നടത്തിയതുകൊണ്ട് ഇതിലൊരു മാറ്റവും വരാൻ പോകുന്നില്ല. സമരങ്ങൾ ഇതിനു മുന്നേയും ഞങ്ങൾ നടത്തിയതാണ്. എന്നാൽ അതിനോടെല്ലാം അവഗണന മാത്രമാണ് യൂണിവേഴ്സിറ്റി കാണിച്ചത്. ഈ വിഷയത്തിലും നേരെ മറിച്ചൊന്നും സംഭവിച്ചില്ല. വീണ്ടും ഞങ്ങളുടെ സമരം ചവട്ടുകൊട്ടയിലേക്ക് തള്ളപ്പെടാൻ പോവുകയാണ്.ക്രെഡിറ്റ് സിസ്റ്റത്തിൽ മാറ്റം വരുത്താമെന്ന് മന്ത്രി പറഞ്ഞതിനാൽ നിലവിൽ ഇതുകൊണ്ട് പ്രയോജനം ലഭിക്കാൻ പോകുന്ന മൂന്നാം വർഷ, നാലാം വർഷ വിദ്യാര്‍ത്ഥികളെല്ലാം സമരത്തിൽ നിന്നും പിന്മാറി. അവരെല്ലാം ആരുടെയൊക്കെയോ വാഗ്ദാനങ്ങളിൽ വീണ്ടും ചെന്നു വീണു. ഇത് വിദ്യാർത്ഥി ഐക്യത്തിനേറ്റ ഒരു വലിയ തിരിച്ചടിയാണ്. ഞങ്ങളുടെ അംഗസംഖ്യ കുറഞ്ഞു.

എന്നാൽ, എന്തൊക്കെ സംഭവിച്ചാലും കാര്യങ്ങൾക്ക് വ്യക്തമായ ഒരു നടപടി യൂണിവേഴ്സിറ്റി കൈക്കൊള്ളുന്നത് വരെ ഞങ്ങൾ ഒരുപറ്റം വിദ്യാർഥികൾ സമരത്തിൽ നിന്നും പിന്മാറാൻ പോകുന്നില്ല.

പ്രതീക്ഷകളോടെയാണ് എൻജിനീയറിങ് പഠനം തുടങ്ങിയത്. അത് അങ്ങനെ തന്നെ ഞങ്ങൾക്ക് മുന്നോട്ട് കൊണ്ട്പോകണം. യൂണിവേഴ്സിറ്റിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ ഒരുപാട് കണ്ടുകഴിഞ്ഞു. മുന്നൂറോളം കുട്ടികളാണ് ഓരോ കോളേജുകളിലും ഇയർ ബാക്കിൽ എത്തി നിൽക്കുന്നത്. ഇതിലെല്ലാം അന്തിമമായി ഒരു മാറ്റം വരുത്താതെ ഞങ്ങൾ പിന്മാറില്ല. വിദ്യാർത്ഥി സമരങ്ങളെ രാഷ്ട്രീയവൽക്കരിച്ച് വിജയം കൈവരിച്ചെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ സംഘടനകളുടെയും പിന്തുണ ഞങ്ങൾക്ക് ആവശ്യമില്ല. ഇത് വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥി ഐക്യത്താൽ തുടങ്ങിയ സമരമാണ്. അത് അങ്ങനെ തന്നെ പരിസമാപ്തിയിലെത്തിക്കണം."

Next Story

Related Stories