Top

മംഗളത്തിനെതിരെ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന് പ്രതിഷേധം; കേരള നേതൃത്വത്തിന് മൃദുസമീപനമെന്ന് ആരോപണം

മംഗളത്തിനെതിരെ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന് പ്രതിഷേധം; കേരള നേതൃത്വത്തിന് മൃദുസമീപനമെന്ന് ആരോപണം
മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് മംഗളം ചാനലിനെതിരായ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ പിന്തുണച്ച് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം രംഗത്ത് വന്നപ്പോള്‍ അവ്യക്ത നിലപാടുമായി കേരള സംസ്ഥാന ഘടകം. ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ മംഗളം ചാനലിനോടും സിഇഒ അജിത് കുമാറിനോടും മൃദുസമീപനം സ്വീകരിച്ചുകൊണ്ടാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ സംസാരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ദൃശ്യ, പത്ര, ഓണ്‍ലൈന്‍ ഭേദമില്ലാതെ വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ മംഗളത്തിന്റെ വാര്‍ത്തയെ മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞുകയറിയുള്ള കെണിയായും ക്രിമിനല്‍ പ്രവൃത്തിയായും വിശേഷിപ്പിക്കുമ്പോഴാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മംഗളത്തിന്റെ നടപടിയും ശശീന്ദ്രന്‍ ഫോണില്‍ പറഞ്ഞ കാര്യങ്ങളും ഒരു പോലെ അന്വേഷണവിധേയമാകേണ്ടതാണ് എന്ന് നിലപാട് എടുത്തിരിക്കുന്നത് എന്നതാണ് വിമര്‍ശനത്തിന് അടിസ്ഥാനം.കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്‍റെ പ്രസ്താവന:

31st March '17


New Delhi

KUWJ ഡല്‍ഹി ഘടകം പുറപ്പെടുവിക്കുന്ന പ്രസ്താവന

മംഗളം ടെലിവിഷന്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ പേരില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍-പ്രത്യേകിച്ച് വനിതാമാധ്യമപ്രവര്‍ത്തകര്‍-തൊഴില്‍പരമായും വ്യക്തിപരമായും അപമാനിക്കപ്പെടുകയാണ്. മാധ്യമധാര്‍മ്മികതയ്ക്കു വേണ്ടി ശബ്ദിച്ച് ഒരു വനിതയടക്കം ചില മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ നിന്നും രാജിവെയ്ക്കുകയുമുണ്ടായി.

മാധ്യമപ്രവര്‍ത്തനത്തിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അന്തസ്സിനെയും മാനുഷിക-ജനാധിപത്യമൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് വാര്‍ത്താശേഖരണത്തിലും സംപ്രേഷണത്തിലും ചാനല്‍ കാണിച്ച അധാര്‍മ്മികരീതി. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്നതാണ് ഇത്തരം അനാരോഗ്യപ്രവണതകള്‍. പ്രശ്‌നത്തില്‍ സമൂഹത്തിലെ ചര്‍ച്ചകളും സംവാദങ്ങളും മുന്നോട്ടു പോയതും ഈ ദിശയിലായിരുന്നു.

ഈ പ്രശ്‌നത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ നടത്തുന്ന പ്രതിഷേധത്തിനും പ്രതികരണത്തിനും KUWJ ഡല്‍ഹി ഘടകത്തിന്റെ ഐക്യദാര്‍ഢ്യവും അഭിവാദ്യവും അറിയിക്കുന്നു. പ്രതിസന്ധികളെല്ലാം അതിജീവിച്ചും മാധ്യമരംഗത്ത് അടിയുറച്ചു നില്‍ക്കുകയും ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

പ്രശാന്ത് രഘുവംശം

പ്രസിഡന്റ്

എം.പ്രശാന്ത്

സെക്രട്ടറിതെറ്റ് പറ്റിയെന്ന് അജിത് കുമാര്‍ തന്നെ ചാനലില്‍ ഏറ്റുപറഞ്ഞ ശേഷമായിരുന്നു നാരായണന്റെ ന്യായീകരണമെന്നും വിമര്‍ശനമുണ്ട്. ശശീന്ദ്രന്റേയും ചാനലിന്റേയും തെറ്റുകള്‍ പരിശോധിക്കണമെന്ന രീതിയില്‍ നിഷ്പക്ഷത പ്രകടിപ്പിക്കാനാണ് നാരായണന്‍ ശ്രമിച്ചത്. അനില്‍ അക്കര നല്‍കിയ പരാതിയില്‍ ശശീന്ദ്രനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും മംഗളത്തിനും ശശീന്ദ്രനുമെതിരെ അന്വേഷണം നടക്കട്ടെ എന്നുമുള്ള രീതിയിലാണ് നാരായണന്‍ സംസാരിച്ചത്. ഒരു മന്ത്രിയെന്ന നിലയില്‍ ശശീന്ദ്രന്റെ സദാചാരവും പരിശോധിക്കപ്പെടണമെന്നും നാരായണന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അജിത് കുമാറിനെ ന്യായീകരിക്കാന്‍ ചര്‍ച്ചയില്‍ ശ്രമിച്ചിട്ടേ ഇല്ല എന്നും സൗത്ത് ലൈവ് അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് വാര്‍ത്ത നല്‍കുകയുമായിരുന്നു എന്നാണ് നാരായണന്റെ വാദം. ഏകപക്ഷീയമായ ചര്‍ച്ചയാണ് ന്യൂസ് 18 നടത്തിയതെന്നും നാരായണന്‍ കുറ്റപ്പെടുത്തുന്നു. 'അവരുടെ പാനല്‍ ഒരേ അഭിപ്രായമുള്ളവരെ വച്ചുള്ളതായിരുന്നു. ഞാന്‍ പറഞ്ഞു, ഞാന്‍ ആ ചാനലിനെതിരല്ല. എന്നാല്‍ ആ വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് വിയോജിപ്പുള്ളത്. അത് വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു.'

കേരള പത്രപ്രവര്‍ത്തക യൂണിയന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും സമഗ്രമായ പൊലീസ് അന്വേഷണം കെയുഡബ്ല്യുജെ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും നാരായണന്‍ പറഞ്ഞു. 29ാം തീയതി പത്ര പ്രസ്താവന എല്ലാ മാധ്യമങ്ങള്‍ക്കും കൊടുത്തിട്ടുണ്ട്. എന്നാല്‍ ചില മാധ്യമങ്ങള്‍ മാത്രമേ ഇത് കൊടുത്തിട്ടുള്ളൂ. അത് തന്നെ മുഴുവന്‍ കൊടുത്തിട്ടില്ല. മലയാള മനോരമ അടക്കമുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിയന്‍ അംഗങ്ങള്‍ക്കെതിരെ കൂടിയാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. അജിത് കുമാറിനേയോ മറ്റേതെങ്കിലും അംഗങ്ങളേയോ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നാരായണന്‍ ആവര്‍ത്തിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവന:ദൃശ്യമാധ്യമങ്ങള്‍ക്ക് പൊതുവെ തെറ്റ് പറ്റിയാല്‍ മാപ്പ് പറയുന്ന സ്വഭാവമില്ലെന്നും മംഗളം മാപ്പ് പറയാന്‍ തയ്യാറായത് നല്ല കാര്യമാണെന്നും നാരാണന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ലേബി സജീന്ദ്രനുമായി ബന്ധപ്പെട്ട വിവാദം, നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കൈരളി ചാനല്‍ കൊടുത്ത വിവാദ വാര്‍ത്ത, ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിഡി തേടി കോയമ്പത്തൂര്‍ പോയ സംഭവം തുടങ്ങിയവയും മാധ്യമ ധാര്‍മ്മികതയുടെ പ്രശ്‌നമായിരുന്നെന്നും നാരായണന്‍ അഭിപ്രായപ്പെട്ടു.

അജിത് കുമാര്‍ കെയുഡബ്ല്യുജെ അംഗമാണെന്നും യൂണിയന്‍ ഭാരവാഹി എന്ന നിലയില്‍ അത് പരിഗണിച്ചുകൊണ്ട് മാത്രമേ തനിക്ക് ചര്‍ച്ചയില്‍ സംസാരിക്കാനാവൂ എന്നും നാരായണന്‍ പറഞ്ഞു. അതേസമയം മറ്റ് വിഷയങ്ങളിലില്ലാത്ത വിധം ഈ കേസില്‍ അംഗങ്ങളെ സംരക്ഷിക്കാന്‍ യൂണിയന്‍ ശ്രമിക്കുന്നില്ലെന്നും നാരായണന്‍ അവകാശപ്പെട്ടു.

Next Story

Related Stories