TopTop
Begin typing your search above and press return to search.

കുടുംബ സ്വത്തുക്കളെല്ലാം മാവോയിസ്റ്റ് പാര്‍ട്ടിക്ക്: ചിത്രങ്ങള്‍ പോലും ബാക്കി വയ്ക്കാതെ ലത മടങ്ങി

കുടുംബ സ്വത്തുക്കളെല്ലാം മാവോയിസ്റ്റ് പാര്‍ട്ടിക്ക്: ചിത്രങ്ങള്‍ പോലും ബാക്കി വയ്ക്കാതെ ലത മടങ്ങി

ഈമാസം ആദ്യം നാടുകാണി വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ലത(മീര)യെക്കുറിച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കും അധികമൊന്നും അറിയില്ലായിരുന്നു. ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവുകളൊന്നും പോലീസിന് ലഭിക്കാതിരിക്കാനായി ഒരു ഫോട്ടോ പോലും അവശേഷിപ്പിക്കാതെയായിരുന്നു ലതയുടെ പ്രവര്‍ത്തനം.

ക്യാമറകള്‍ക്ക് മുന്നിലെത്താതെയുള്ള പ്രവര്‍ത്തനമായതിനാല്‍ തന്നെ ഫോട്ടോകള്‍ അധികമൊന്നുമുണ്ടായിരുന്നതുമില്ല. സഹോദരന്റെ വിവാഹത്തിലെ ഒരു ഫോട്ടോയില്‍ ഉള്‍പ്പെട്ടത് പിന്നീട് ലത തന്നെ ആല്‍ബത്തില്‍ കീറിയെടുത്തുകൊണ്ട് പോകുകയും ചെയ്തു. മലമ്പുഴ സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ച ലത എങ്ങനെയാണ് മാവോയിസ്റ്റായതെന്ന് സഹോദരന്മാരായ വിജയനും മണികണ്ഠനും അറിയില്ല. സിപിഐ(മാവോയിസ്റ്റ്) പശ്ചിമഘട്ടത്തില്‍ ഭവാനി ദളത്തില്‍ അംഗമായിരുന്ന ലത മരിച്ച വിവരം ചാനലിലൂടെയാണ് ഇന്നലെ മലമ്പുഴ കടുക്കാംകുന്നം കാഞ്ഞിരക്കടവ് ചിണ്ടക്കോടുള്ള സഹോദരന്മാരുടെ വീട്ടില്‍ അറിയുന്നത്.

എഡിബി വായ്പ്പക്കെതിരെ തിരുവനന്തപുരത്ത് പോരാട്ടം പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായതിന്റെ വാര്‍ത്ത ടിവിയില്‍ കണ്ടപ്പോഴാണ് സഹോദരി മാവോയിസ്റ്റാണെന്ന് ഇവര്‍ അറിഞ്ഞത് തന്നെ. തുന്നലും മറ്റും പഠിക്കുകയും പ്രദേശത്തെ പ്രായമായവര്‍ക്ക് സാക്ഷരതാ ക്ലാസെടുക്കുകയും ചെയ്തിരുന്നു ലത. പ്രദേശത്തെ മിക്കവരെയും ഒപ്പിടാന്‍ പഠിപ്പിച്ചത് ലതയാണ്. സാക്ഷരതാ പ്രവര്‍ത്തകനും മലമ്പുഴ തൂപ്പള്ളം സ്വദേശിയുമായ രവീന്ദ്രനെ വിവാഹം കഴിച്ച് പുല്ലന്‍കുന്നില്‍ വീടുപണിയുകയും ചെയ്തു.

എന്നാല്‍ ഏകദേശം പന്ത്രണ്ട് വര്‍ഷം മുമ്പ് ഈ വീടുവിറ്റ് ഇരുവരും നാടുവിടുകയായിരുന്നു. 2009ല്‍ രവീന്ദ്രന്‍ മരിച്ചപ്പോള്‍ വയനാട്ടില്‍ നിന്നും മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. അന്ന് രണ്ടാഴ്ചയോളം ലത വീട്ടില്‍ തങ്ങുകയും ചെയ്തു. രവീന്ദ്രന്റെ മരണ ശേഷം ലതയെ സഹോദരങ്ങള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലത വഴങ്ങിയില്ല. ഇനി ചിലപ്പോള്‍ കാണാനാകില്ലെന്നാണ് അന്ന് പറഞ്ഞത്. 2011ല്‍ അമ്മ കല്യാണി മരിച്ചപ്പോഴും ലത വന്നിരുന്നു. പിന്നീട് രണ്ട് മൂന്ന് തവണ വന്നുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

രവീന്ദ്രന്റെ മരണശേഷം വിവാഹം ചെയ്ത സലിനെയും കൂട്ടിയും ലത വീട്ടിലെത്തിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് ലതയെ അന്വേഷിച്ച് എത്തിയ പോലീസുകാര്‍ കാണിച്ച ഫോട്ടോ സലിന്റെയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. മൊയ്ദീന്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേരെന്ന് പോലീസുകാരാണ് പറഞ്ഞത്. വിവാഹത്തിന് ശേഷം 1996 മുതലാണ് വിപ്ലവ പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവര്‍ക്ക് കുട്ടികളില്ല. 2004ല്‍ ഒളിവു ജീവിതം ആരംഭിച്ചു. 2009ല്‍ സലിനെ വിവാഹം കഴിച്ചു. സിപിഐ(എംഎല്‍) നക്‌സല്‍ബാരി സംസ്ഥാനസമിതി അംഗമായിരുന്ന ലത നക്‌സല്‍ബാരി സിപിഐ മാവോയിസ്റ്റില്‍ ലയിച്ച 2014ലാണ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കീഴില്‍ ഭവാനി ദളത്തില്‍ നാടുകാണിയിലെ ട്രൈ ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഒന്നരപ്പതിറ്റാണ്ട് കാലം നക്‌സല്‍ബാരി, മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ലത തനിക്ക് ലഭിച്ച കുടുംബ സ്വത്തും പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു.

മാവോയിസ്റ്റ് പത്രികയിലൂടെ മേഖല കമ്മിറ്റിയാണ് ലത മരിച്ച വിവരം പുറത്തുവിട്ടത്. നാടുകാണി വനമേഖലയില്‍ കഴിഞ്ഞ ആറിന് വൈകിട്ട് ആറിനും ആറരയ്ക്കും ഇടയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ലത കൊല്ലപ്പെട്ടെന്നാണ് വിവരം. വൈദ്യസഹായത്തിനുള്ള അവസരം ലഭിക്കാതെ മരണം സംഭവിച്ചുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വനത്തിനുള്ളിലെ പ്രതികൂല കാലാവസ്ഥയും ശത്രുവിന്റെ ഭാഗത്തു നിന്നുള്ള പ്രതിബന്ധങ്ങളും കാരണമാണ് ബന്ധുമിത്രാദികളെയും വിപ്ലവബഹുജനങ്ങളെയും മൃതദേഹം കാണിച്ച് അവരുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാതെ വന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ ക്ഷമാപണമുണ്ട്.


Next Story

Related Stories