വായന/സംസ്കാരം

ഖസാക്കിന്റെ ഇതിഹാസം നാടകം തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ലതീഷ് മോഹന്‍; തെളിയിച്ചാല്‍ നാടക പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ദീപന്‍ ശിവരാമന്‍

2006ല്‍ അഭിലാഷ് പിള്ളയ്ക്ക് വേണ്ടി താന്‍ ചെയ്ത പാം ഗ്രോവ് ടെയ്ല്‍സ് എന്ന നാടകത്തിന്റെ വീഡിയോ കണ്ട് അതിന്റെ ട്രാന്‍സ്ക്രിപ്റ്റ് തയാറാക്കുക മാത്രമാണ് ലതീഷ് ചെയ്തതെന്നും ദീപന്‍

ഒ വി വിജയന്റെ പ്രശസ്ത കൃതി ഖസാക്കിന്റെ ഇതിഹാസം ദീപന്‍ ശിവരാമന്‍ നാടക രൂപത്തിലാക്കിയത് തന്റെ തിരക്കഥ മോഷ്ടിച്ചാണെന്ന് കവി ലതീഷ് മോഹന്‍. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ലതീഷിനെ വെല്ലുവിളിച്ച ദീപന്‍ തെളിയിച്ചാല്‍ താന്‍ നാടക പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

എസ് കലേഷിന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ചതിനെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ് പുതിയ ആരോപണം ഉയര്‍ന്നത്. കവിത മോഷണത്തെക്കുറിച്ച് ഇത്രയധികം കോലാഹലം നടത്തുന്നത് വിമര്‍ശിച്ചു കൊണ്ട് ഇന്ന് രാവിലെ ദീപന്‍ ശിവരാമന്‍ തന്റേ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഒരാളെ ആള്‍ക്കൂട്ടം കൂടിച്ചേര്‍ന്ന് ആക്രമിക്കുകയാണെന്നും ജനങ്ങള്‍ ഇതില്‍ അഭിരമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഈ പോസ്റ്റിനുള്ള മറുപടിയായാണ് ലതീഷ് ആരോപണം ഉന്നയിച്ചത്.

‘കല മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റല്ല എന്ന് പറഞ്ഞു ഒരു യോഗ്യന്‍ ഇന്ന് ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇത്. ഇത് പറയാന്‍ ഇയാള്‍ക്ക് മറ്റുപലരേക്കാളും യോഗ്യത ഉണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ എന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം സ്വന്തം പേരില്‍ ആക്കിയ മഹാന്‍ ആണ്. മോഷണം ഇദ്ദേഹത്തിന്റെ സ്ഥിരം തൊഴില്‍ ആണെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കലാമോഷണം ചര്‍ച്ച ചെയ്യുന്നവര്‍ക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാന്‍ ഇദേഹം എന്ത് കൊണ്ടും യോഗ്യന്‍ ആണ്’ എന്നായിരുന്നു ലതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൃക്കരിപ്പൂരില്‍ വീടെടുത്ത് താമസിപ്പിച്ചാണ് ദീപന്‍ തന്നെക്കൊണ്ട് ഖസാക്കിന്റെ ഇതിഹാസത്തിന്റെ തിരക്കഥ എഴുതിച്ചതെന്നും തിരക്കഥ പൂര്‍ണമായും എഴുതി പേരും വച്ചാണ് ദീപനെ ഏല്‍പ്പിച്ചതെന്നും ലതീഷ് പ്രതിപക്ഷം എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പിന്നീട് പ്രതികരിക്കുകയും ചെയ്തു. ഇത് അവിടുത്തെ നാടകസമിതിക്കും നാട്ടുകാര്‍ക്കും എല്ലാം അറിയാവുന്നതാണ്. എന്നാല്‍ നാടകം രംഗാവതരണം നടത്തിയപ്പോള്‍ പോസ്റ്ററില്‍ ദീപന്റെ പേര് മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ താന്‍ നാടകം കണ്ടില്ലെന്നും ലതീഷ് പറയുന്നു. ഇത് ദീപന്റെ സ്ഥിരം പരിപാടിയാണെന്നാണ് ഇന്ന് കലേഷിന്റെ കവിത മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നതെന്നും ലതീഷ് കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് ചിലരും തന്നോട് ഇത് പറഞ്ഞിട്ടുണ്ട്. താന്‍ അവിടെ പോയിരുന്ന് എഴുതിക്കൊടുത്തതാണെന്നും അതിന് പ്രതിഫലവും ലഭിച്ചതാണെന്നും എന്നാല്‍ ഒരു സഹഎഴുത്തുകാരന്‍ എന്ന നിലയില്‍ പോലും പേര് നല്‍കിയില്ലെന്നും ലതീഷ് വ്യക്തമാക്കുന്നു.

ഇതിന് മറുപടിയായാണ് ആരോപണം തെളിയിച്ചാല്‍ താന്‍ നാടകപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ദീപന്‍ പറയുന്നത്. 2006ല്‍ ഖസാക്കിന്റെ ഇതിഹാസത്തെ അടിസ്ഥാനമാക്കി അഭിലാഷ് പിള്ളയ്ക്ക് വേണ്ടി താന്‍ ചെയ്ത പാം ഗ്രോവ് ടെയ്ല്‍സ് എന്ന നാടകത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് മാത്രമാണ് ലതീഷ് തയ്യാറാക്കിയതെന്ന് ദീപന്‍ പറയുന്നു. നാടകത്തിന്റെ സ്ക്രിപ്റ്റ് നഷ്ടപ്പെട്ടു പോയ സാഹചര്യത്തില്‍ പഴയ നാടകത്തിന്റെ വീഡിയോ കണ്ട് ഡയലോഗുകള്‍ എഴുതുക എന്നതായിരുന്നു താങ്കളുടെ ചുമതലയെന്നും സ്‌ക്രിപ്റ്റ് എഴുതലും ട്രാന്‍സ്‌ക്രിപ്റ്റ് തയ്യാറാക്കലും തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്ക് അറിയാമെന്ന് കരുതുന്നെന്നും ദീപന്‍ പറയുന്നു. ആ നാടകത്തിന്റെ വീഡിയോ ഇപ്പോഴും കൈയിലുണ്ട്. ഏതെങ്കിലും വിധത്തില്‍ തന്റെ നാടകത്തിലെ ഒരു ഡയലോഗോ രംഗമോ എഴുതിയത് ലതീഷ് ആണെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ താന്‍ നാടക പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ദീപന്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ പറഞ്ഞത് കള്ളമാണെന്ന് സമ്മതിക്കാന്‍ തയാറാവുകയും മാപ്പ് പറയുകയും വേണം. സത്യസന്ധതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ എന്താണ് ഉണ്ടായതെന്ന യാഥാര്‍ത്ഥ്യം പറയാന്‍ ലതീഷ് തയാറാവുകയാണ് വേണ്ടതെന്നും ദീപന്‍ പറയുന്നു.

കൂടാതെ 2006-ല്‍ എഴുതിയ നാടകത്തിന്റെ സ്‌ക്രിപ്റ്റിനെ അടിസ്ഥാനമാക്കിയല്ല 2015ല്‍ ഖസാക്കിന്റെ ഇതിഹാസം സംവിധാനം ചെയ്തത് എന്നും ദീപന്‍ വ്യക്തമാക്കുന്നു. തൃക്കരിപ്പൂരില്‍ അവിടെ നിന്നുള്ള 30-ഓളം നാട്ടുകാരായ അഭിനേതാക്കളെ ഉള്‍പ്പെടുത്തി അഞ്ചു മാസത്തോളം നീണ്ട വര്‍ക്ക്ഷോപ്പിനൊടുവിലാണ് ഖസാക്കിന്റെ ഇതിഹാസം നാടകം ഉണ്ടാകുന്നത്. അത് അവിടുത്തെ നാട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യങ്ങളെല്ലാം, സ്ക്രിപ്റ്റ് നിര്‍മാണത്തിന്റെ തുടക്കത്തില്‍ ഒരാഴ്ച അവിടെ ഉണ്ടായിരുന്ന ലതീഷിനും അറിയാവുന്ന കാര്യമാണെന്നും ദീപന്‍ പറയുന്നു.

കവിതാ മോഷണം പോലൊരു കാര്യത്തെ അനുകൂലിക്കനല്ല താന്‍ മുമ്പ് കുറിപ്പിട്ടതെന്നും മറിച്ച് അതിന്റെ പേരില്‍ കുറച്ച് ദിവസമായി ഒരാള്‍ക്കൂട്ടം ഒരു സ്ത്രീക്കെതിരെ നടത്തുന്ന കൊലവിളിയെയാണ് വിമര്‍ശിച്ചതെന്നും ദീപന്‍ വ്യക്തമാക്കുന്നു. തന്റെ ഒരു മുന്‍ വിദ്യാര്‍ഥികൂടിയായ ലതീഷ് മോഹന്റെ നടപടി നിരാശാജനകം മാത്രമല്ല, വേദനിപ്പിക്കുന്നതു കൂടിയാണെന്നും അദ്ദേഹം പറയുന്നു.

കവിത നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞേക്കാം; രണ്ടു പതിറ്റാണ്ടായി എസ്. കലേഷ്‌ എന്ന കവി ഇവിടെയുണ്ട്…

എസ് കലേഷിനെ കുറ്റവാളിയെ പോലെ നിര്‍ത്തിയതിന് ആരാണ് സമാധാനം പറയുക? കവിത മോഷണ വിവാദത്തിന്റെ പിന്നില്‍ നടന്നത്

തത്ക്കാലം കേരളത്തിന്റെ സാംസ്കാരിക പുരോഗമനപക്ഷത്തിന് ശ്രീചിത്രൻ എം.ജെയുടെ സേവനമാവശ്യമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍