TopTop
Begin typing your search above and press return to search.

വനിതാമതില്‍ 2019ലെ തിരഞ്ഞെടുപ്പിനുള്ള ആകാശക്കോട്ട, മതിലിന്റെ വിസ്മയത്തില്‍ മയങ്ങിയ ഇടതുപക്ഷം രാഷ്ട്രീയനഷ്ടങ്ങള്‍ കാണുന്നില്ല

വനിതാമതില്‍ 2019ലെ തിരഞ്ഞെടുപ്പിനുള്ള ആകാശക്കോട്ട, മതിലിന്റെ വിസ്മയത്തില്‍ മയങ്ങിയ ഇടതുപക്ഷം രാഷ്ട്രീയനഷ്ടങ്ങള്‍ കാണുന്നില്ല
2019 തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് ആകാശക്കോട്ട കെട്ടി ജനങ്ങളെ നയിക്കാനാണ് കേരളത്തില്‍ രാഷ്ട്രീയ മുണികള്‍ ഇപ്പോള്‍ മത്സരിക്കുന്നത്. കേരള സര്‍ക്കാറിന്റെ മുന്‍കൈയില്‍ പുതുവത്സര ദിനത്തില്‍ ഉയരുന്ന വനിതാ മതില്‍, അതിനെ നേരിടാന്‍ ബി.ജെ.പി തിരക്കിട്ട് കത്തിച്ച അയ്യപ്പ ജ്യോതി, പിണറായി - ബി.ജെ.പി ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസ് തീര്‍ക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫിന്റെ പ്രതിരോധക്കോട്ട - ഇതും യഥാര്‍ത്ഥത്തില്‍ അതിനിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ സന്നാഹങ്ങള്‍ മാത്രമാണ്.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശം നല്‍കണമെന്ന സുപ്രീംകോടതി വിധി ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ ഹിന്ദു വിശ്വാസികളുടെ വികാരമുയര്‍ത്തി. വിധി നടപ്പാക്കാന്‍ തുടക്കത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച അമിത താല്‍പര്യം ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാന്‍ ഏറെ സഹായിച്ചു. ശബരിമല കര്‍മസമിതിയും അവരുടെ പുതിയ നാമജപവും ബി.ജെ.പിയുടെ ഹിന്ദുത്വ – സവര്‍ണ- യാഥാസ്ഥിതിക - ആശയ അടിത്തറയെയും സവര്‍ണ്ണമേധാവിത്വത്തെയും ശക്തിപ്പെടുത്തി. പ്രത്യേകിച്ച് ഹിന്ദുമത വിശ്വാസികളില്‍ അതുണ്ടാക്കിയ ധ്രുവീകരണം എല്‍.ഡി.എഫിനെയും കോഗ്രസിനെയും ദുര്‍ബലപ്പെടുത്തി. തുടര്‍ന്ന് എല്‍.ഡി.എഫിലും യു.ഡി.എഫിലും വലിയ ചോര്‍ച്ചയുണ്ടായി. എല്‍.ഡി.എഫിലുണ്ടായ ചോര്‍ച്ചയില്‍ ഞെട്ടിയാണ് വനിതാമതില്‍ കെട്ടാനുള്ള രാഷ്ട്രീയ തീരുമാനമെടുത്തത്. എല്‍.ഡി.എഫ് മുന്നണി വിപുലീകരിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീകളുടെ തുല്യത ഉയര്‍ത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സര്‍ക്കാര്‍ വൈകാരികമായി ഉയര്‍ത്തുന്നത്. അത് നല്ലതുതന്നെ. എന്നാല്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ബി.ജെപിയെപോലെ പിണറായി വിജയനും നീങ്ങുന്നത്. കമ്യൂണിസ്റ്റ്- കോണ്‍ഗ്രസ് മുക്ത കേരളം ബി.ജെ.പി ലക്ഷ്യമിട്ടു നീങ്ങുന്നു. അധികാരവും സര്‍ക്കാറും നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും.

പുറത്തു നിന്നിരുന്ന നാല് പാര്‍ട്ടികളെ കൂടി എല്‍.ഡി.എഫില്‍ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തി ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ അംഗസംഖ്യ പത്താക്കി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലൂടെ എസ്.എന്‍.ഡി.പിയെ വനിതാമതിലിന്റെ ഭാഗമാക്കി, അതിന്റെ സംഘാടനസമിതി അധ്യക്ഷനാക്കി, എള്‍.ഡി.എഫിനു മുകളില്‍ പ്രതിഷ്ഠിച്ചു. ഞങ്ങളെ തള്ളിപ്പറഞ്ഞവര്‍ തെറ്റുതിരുത്തിയെന്നു വെള്ളാപ്പള്ളിതന്നെ പ്രതികരിച്ചു. വെള്ളാപ്പള്ളിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ഭാഗമായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും ബി.ഡി.ജെ.എസിനെയും എല്‍.ഡി.എഫിലേക്ക് അനൗദ്യോഗികമായി ബന്ധിപ്പിക്കുകയാണ് പിണറായി വിജയന്‍ പ്രയോഗിച്ച രാഷ്ട്രീയ അടവ്. ജനുവരി ആദ്യവാരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണത്തിന് പത്തനംതിട്ടയില്‍ എത്തുന്ന പ്രധാനമന്ത്രി മോദിയുടെ പ്രസംഗവേദിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും മറ്റു കക്ഷികളില്‍ നിന്നും നേതാക്കളെ അണി നിരത്തിയും തുടര്‍ന്നും ഈ ക്ഷീണം തീര്‍ക്കാനാണ് ബി.ജെ.പി ഇനി ശ്രമിക്കുക.

ഒരു സര്‍ക്കാറിന്റെയും നേതൃത്വത്തില്‍ സ്ത്രീകളുടെ തുല്യതയടക്കം നവോത്ഥാന മൂല്യങ്ങളുയര്‍ത്തിയുള്ള ഒരു സംരംഭം ഇതിനു മുമ്പ് ഇന്ത്യയിലുണ്ടായിട്ടില്ല. ആ നിലയിലും അമ്പതുലക്ഷം സ്ത്രീകളെ അണിനിരത്തിയും എല്‍.ഡി.എഫിന്റെയും സര്‍ക്കാറിന്റെയും പിന്‍ബലത്തില്‍ വനിതാ മതില്‍ ഒരു ചരിത്ര സംഭവമെന്ന് സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ ഇടതുപക്ഷ – ജനാധിപത്യ മുന്നണിക്കു സാധിക്കും. സര്‍ദാര്‍ പട്ടേലിന്റെ സ്മാരകമായി ഗുജറാത്തില്‍ നിര്‍മ്മിച്ച പ്രതിമയുടെ ഉയരത്തെപ്പറ്റി പ്രധാനമന്ത്രി മോദിയും നിര്‍മ്മിക്കാന്‍ പോകുന്ന രാമന്റെ പ്രതിമയുടെ വലിപ്പത്തെക്കുറിച്ചു യു.പി മുഖ്യമന്ത്രി യോഗിയും അവകാശവാദം ഉയര്‍ത്തുന്നതിന്റെ മറ്റൊരു ഇടതു മാതൃകയാകും കേരളത്തിലെ വനിതാമതില്‍.

എന്നാല്‍ പ്രയോഗതലത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഈ വനിതാമതില്‍ അവിശ്വാസത്തിന്റെയും വൈരുദ്ധ്യത്തിന്റെയും മറ്റൊരു ചിത്രവും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ശബരിമല സംബന്ധിച്ചുള്ള സുപ്രിംകോടതി വിധി നടപ്പാക്കുന്നതിലോ അതുവഴി സ്ത്രീകളുടെ തുല്യാവകാശം ഉറപ്പുവരുത്തുന്നതിലോ സര്‍ക്കാറിന് താല്പര്യമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയില്‍ ഇതിനകം നടന്നത്. ദേവസ്വം മന്ത്രി കടകംപള്ളി തന്നെ ഏറ്റവുമൊടുവില്‍ യുവതീ പ്രവേശത്തില്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് വ്യക്തമാക്കി. യുവതികളോട് മല കയറാന്‍ വരരുതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റും അഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വന്ന വനിതാ തീര്‍ത്ഥാടകരെ കേരള അതിര്‍ത്തിയില്‍ നിന്ന് ശബരിമലയില്‍ പോലീസ് എത്തിച്ചു. വിശ്വാസികളുടെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവരെ നേരിട്ടപ്പോള്‍ ബലം പ്രയോഗിച്ച് പോലീസ് തന്നെ അവരെ മലയിറക്കി. പോലീസും സര്‍ക്കാരും പരിഹാസ്യരായി. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തമില്ല. ശബരിമല പ്രശ്‌നത്തിലെ സുപ്രിംകോടതിവിധി നടപ്പാക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പാണെന്ന വിമര്‍ശം സമൂഹത്തില്‍, വിശേഷിച്ചും സ്ത്രീകളില്‍ ശക്തമാകുന്നു എന്നതാണ് സത്യം.

നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വര്‍ഗ്ഗ രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വര്‍ഗ്ഗ രാഷ്ട്രീയം ഉപേക്ഷിക്കുന്ന രാഷ്ട്രീയ കാഴ്ചയാണ് പുതുവത്സര പുലരിയില്‍ വനിതാമതില്‍ കേരളത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുണിയുടെയും വര്‍ഗ്ഗ ബഹുജനസംഘടനകളുടെയും കൊടികള്‍ ഉപേക്ഷിച്ചാണ് നവവത്സര ദിനത്തില്‍ വനിതാ മതില്‍ ഉയര്‍ത്തുന്നത്. സാമുദായിക സംഘടനകളുടെ മേധാവിത്വം ഉയര്‍ത്തിപിടിക്കുകയാണ് ഇതിലൂടെ. വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്ന് ജാതി-മതരഹിത – സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുകയെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതി രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് പിന്നോക്കം നടക്കുന്ന കാഴ്ച.

നവോത്ഥാനകാല ചരിത്രവും ആ കാലത്തിന്റെ സൃഷ്ടിയായ മൂല്യങ്ങളും ഹിന്ദുക്കളായ നവോത്ഥാന നായകര്‍ക്കൊപ്പം ക്രിസ്ത്യന്‍ – മുസ്ലിം നവോത്ഥാന നായകരുടെ കൂടി സംഭാവനയാണ്. ആ ചരിത്രയാഥാര്‍ത്ഥ്യം തമസ്‌ക്കരിക്കുകയാണ്. കേരളം ഭ്രാന്താലയമെന്ന് വിവേകാനന്ദനടക്കം വിമര്‍ശിച്ചത്, ഇവിടെനിലനിന്ന നൂറുകണക്കിനു ജാതികളും ഉപജാതികളും, അവ സൃഷ്ടിച്ച അയിത്ത വ്യവസ്ഥയുമാണ്. അതിന്റെ സംരക്ഷകരും തുടര്‍ച്ചയുമായാണ് നാടുവാഴി- ജന്മി – കുടിയാന്‍ -അടിയാന്‍ വ്യവസ്ഥ വളര്‍ന്നതും നിലനിന്നതും. ശ്രീനാരായണ ഗുരു കേരളത്തില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെയും മതങ്ങളുടെയും അടിത്തറയില്‍ നിന്നും ഉയര്‍ന്നു വന്നത് സാമൂഹിക സമത്വത്തിന്റെ ഉജ്ജ്വല മാതൃകയാണ്. ഗുരുവിന്റെ ആധ്യാത്മിക ചിന്തകളുടെ വിത്തുകളില്‍ നിന്ന് മുളച്ചുവളര്‍ന്നത് സാമൂഹിക – രാഷ്ട്രീയ അവകാശവാദങ്ങളാണ്. സ്വാതന്ത്ര്യം, സമത്വം എന്ന രാഷ്ട്രീയ- വിപ്ലവ സന്ദേശമാണ്. ആധ്യന്തികമായി മനുഷ്യജാതിയും മനുഷ്യത്വവുമെന്ന ലോകസാമൂഹ്യ വീക്ഷണമാണ്.

എസ്.എന്‍.ഡി.പി ആ പാരമ്പര്യത്തില്‍ നിന്ന് പിന്നീട് വഴിമാറി പോയി. ഗുരു പകര്‍ന്ന ആധ്യാത്മികതയും ധാര്‍മ്മികതയും കൈവിട്ട് മറ്റു സാമുദായിക സംഘടനകളെപോലെ നേതൃത്വത്തിലിരിക്കുന്നവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അധികാര നേട്ടങ്ങളുമായി ബന്ധപ്പെട്ട സ്വാര്‍ത്ഥ ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങി.

അതിന്റെ ഏറ്റവും നിന്ദ്യമായ നീക്കമാണ് എസ്.എന്‍.ഡി.പി, എന്‍.ഡി.എയുടെ ഭാഗമായ രാഷ്ട്രീയ മുന്നണിയില്‍ ബി.ഡി.ജെ.എസ് എന്ന ഘടകകക്ഷിയായി ഉള്‍ചേര്‍ന്നത്. ഹിന്ദു സവര്‍ണ്ണ മേധാവിത്വത്തിന്റെയും മനുസ്മൃതിയുടെയും ജാതി വ്യവസ്ഥിതിയുടെയും പൂര്‍വ്വകാലത്തിലേക്ക് സ്വയം തളച്ചിട്ടത്. ഇപ്പോഴും ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിയില്‍ തുടരുന്ന ബി.ഡി.ജെ.എസും അതിന്റെ സാമുദായിക മാതൃപേടകമായ എസ്.എന്‍.ഡി.പിയും വനിതാ മതിലില്‍ അണിതേരുന്നു. നാളെ അവര്‍ ഏത് അധികാര പച്ചയിലേക്ക് ഈ മതില്‍ തകര്‍ത്ത് മേയാന്‍പോകുമെന്ന് പ്രവചിക്കാനാവില്ല.

ഈ ചരിത്ര പശ്ചാത്തലത്തിലാണ് ഒന്നര പതിറ്റാണ്ടു മുമ്പ് സി.പി.എം സംസ്ഥാന കമ്മിറ്റി സാമുദായിക സംഘടനകള്‍ക്ക് ഇന്നത്തെ കേരളത്തില്‍ പുരോഗമനപരമായ ഒരു സാമൂഹ്യധര്‍മ്മവും നിര്‍വഹിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ എല്‍.ഡി.എഫില്‍ ഉള്‍ക്കൊള്ളിച്ച നാല് രാഷ്ട്രീയ പാര്‍ട്ടികളില്‍ എം.പി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ മാത്രമാണ് തുടക്കത്തിലേ എല്‍.ഡി.എഫില്‍ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള എല്‍.ഡി.എഫില്‍ വീണ്ടും ചേര്‍ന്ന കക്ഷി. മറ്റുള്ളവരെയെല്ലാം ജാതി വോട്ടുകള്‍ സ്വരൂപിക്കാന്‍ മാത്രം തെരഞ്ഞെടുപ്പാവശ്യാര്‍ത്ഥം ചേര്‍ത്തവരാണ്. ഇക്കാര്യത്തില്‍ കെ.ആര്‍ ഗൗരിയമ്മ നടത്തിയ വിമര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്.

മതിലുറപ്പിക്കാന്‍ ബലി കൊടുക്കണമെന്ന അന്ധവിശ്വാസം ലോകത്ത് നിലനിന്നിരുന്നു. ഭരണാധികാരിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ഭാര്യയെ ബലി കൊടുത്ത് മതിലുറപ്പിച്ച ഒരു കല്‍പണിക്കാരന്റെ കഥ ഒ.എന്‍.വിയുടെ കരളലിയിക്കുന്ന കവിതയാണ്. സര്‍ക്കാര്‍ നേതൃത്വത്തില്‍ കേരളത്തില്‍ പണിയുന്ന വനിതാമതിലിന് എന്തെല്ലാം മേന്മകള്‍ പറയാമെങ്കിലും അത് ഉറപ്പിക്കുന്നത് സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ തങ്ങളുടെ വര്‍ഗ രാഷ്ട്രീയം ബലി കൊടുത്താണ്.

ഇത് തുടര്‍ന്നുള്ള കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് വരുത്തുന്ന കനത്ത രാഷ്ട്രീയ നഷ്ടം വനിതാ മതിലിന്റെ നിര്‍മ്മിതിയുടെ വിസ്മയത്തില്‍ അവര്‍ ഇപ്പോള്‍ തിരിച്ചറിയില്ല. ബംഗാളിനും ത്രിപുരക്കും പിറകെ കേരളവും തിരിച്ചുപോക്കിന്റെ വഴി സ്വയം തെളിയിക്കുകയാണെന്ന്.

(മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ബ്ലോഗില്‍ - vallikkunnuonline.wordpress.com - എഴുതിയത്. https://goo.gl/4hLCnb)

Next Story

Related Stories