TopTop

വഴങ്ങാത്ത നടിമാര്‍ 'ഒരു പ്രയോജനവുമില്ലാത്ത' വേസ്റ്റ് ആയി മാറും: നിഷ സാരംഗ് വിഷയത്തില്‍ മാലാ പാര്‍വതി

വഴങ്ങാത്ത നടിമാര്‍
ചാനല്‍ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ഉപ്പും മുളകും എന്ന സീരിയലിലെ നടി നിഷ സാരംഗിന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി.

ജോലി നിഷേധിച്ചുകൊണ്ടാണ് ഇവരൊക്കെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നത്. ഒരുപാട് കാലത്തെ സ്ട്രഗിള്‍ ആണ് നിഷ സഹിച്ചത്. പ്രമുഖരായ സുഹൃത്തുക്കള്‍ ഒന്നും നിഷയ്ക്കില്ല. രണ്ട് ദിവസം കഴിഞ്ഞാല്‍ ഇത് എല്ലാവരും മറന്നുപോകും. ആത്മാഭിമാനമുള്ള ഒരു കലാകാരിയാണ് നിഷ. ഞാനും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. നിഷ ഇത്രയും ജനപ്രീതിയുള്ള ഒരു കലാകാരിയായിട്ടും നേരിടേണ്ടി വന്നത് ഇങ്ങനെ ഒരു അനുഭവമാണ്.

ഫ്‌ളവേഴ്‌സ് ചാനലിന്റെ തലവന്‍ ശ്രീകണ്ഠന്‍ നായര്‍ പരാതിപ്പെട്ട നിഷയോട് 'നമ്മള്‍ തമ്മില്‍ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്തറിഞ്ഞാല്‍ ആരും വിളിക്കില്ല' എന്നാണ് പറഞ്ഞത്. മാധ്യമ രംഗത്തുള്ള സ്ത്രീകളുടെ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഈ കാലത്താണ് ഒരു സ്ത്രീയുടെ വിഷയം വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കേണ്ട ഒരു ചാനല്‍ മൂടി വയ്ക്കുന്നത്.

'ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍, ഒരു ഭാരമായി സംവിധായകര്‍ക്ക് മാറാറുണ്ട്.ഒരു ' പ്രയോജനവും ' ഇല്ലാത്ത വേയ്സ്റ്റ്'. പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കല്‍ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- ' ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന്. ചാനല്‍ മേധാവി അങ്ങനെ പറഞ്ഞ് പോലും.'നമ്മള്‍ തമ്മില്‍' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും ' . പാവം നിഷ ! കൈരളിയില്‍ നിന്ന് ശമ്പളം കിട്ടാതെ ഞാന്‍ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയില്‍ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനല്‍ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാല്‍.. ശമ്പളമല്ല കിട്ടാന്‍ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാന്‍ കേട്ടത്.അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാന്‍ പറ്റും. നിഷയോടൊപ്പം നില്‍ക്കണം' ഇതാണ് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍.

പക്ഷെ അതോടൊപ്പം പാര്‍വതി ഓര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്. പ്രമുഖരാരും നിഷയുടെ കൂടെയല്ല എന്നുള്ളതാണ് അത്. ജോലി നിഷേധിച്ചാണ് 90 ശതമാനം പേരെയും വരുതിയിലാക്കാന്‍ പറ്റുന്നത്. ഫ്രീലാന്‍സ് ചെയ്യുന്നവര്‍ എന്നും ജീവിതത്തില്‍ സഹിക്കുക മാത്രമാണ് ചെയ്യുന്നത്. ചിലര്‍ പ്രതികരിക്കും. നിഷയെയും പാര്‍വതിയെയും വുമണ്‍ കളക്ടീവിനെയും പോലുള്ളവര്‍.

Next Story

Related Stories