TopTop
Begin typing your search above and press return to search.

പലരും പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ശ്രീജിത്തിനൊപ്പം ഞാന്‍ നിന്നു; മാല പാര്‍വതി

പലരും പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ശ്രീജിത്തിനൊപ്പം ഞാന്‍ നിന്നു; മാല പാര്‍വതി

സഹോദരന് നീതി തേടി നെയ്യാറ്റിന്‍കര പൂഴിക്കുന്നില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് നടത്തുന്ന ഒറ്റയാള്‍ സമരം 760 ദിവസം പിന്നിട്ടതോടെ കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പലഘട്ടങ്ങളിലായി പലരും പിന്തുണയുമായി ശ്രീജിത്തിന് സമീപത്തെത്തിയെങ്കിലും ഒരു ആള്‍ക്കൂട്ടത്തിന്റെ പ്രക്ഷോഭമായി ഇത് മാറിയപ്പോഴാണ് ഭരണകൂടത്തിന് അതിലേക്ക് ശ്രദ്ധിക്കാനായത്. ആരും ശ്രദ്ധിക്കാതിരുന്ന കാലത്ത് ശ്രീജിത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദുമുയര്‍ത്തിയ വ്യക്തികളില്‍ ഒരാളാണ്‌ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം ഇന്ന് കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്ത സന്തോഷത്തിലാണ് പാര്‍വതി. അവര്‍ ഇതേക്കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചപ്പോള്‍.

'അഴിമുഖം' മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ടി വിജയനാണ് ശ്രീജിത്തിന്റെ സമരം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ശ്രീജിത്തിന്റെ സമരത്തില്‍ സത്യമുണ്ടെന്ന് തോന്നിയതിനാല്‍ അന്ന് അവിടെ പോയി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. സാധാരണഗതിയില്‍ നഷ്ടപരിഹാര തുക വാങ്ങിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന് പറയുന്നതാണ് നമ്മുടെ സമൂഹം. എന്നാല്‍ പണത്തിനുമപ്പുറം തന്റെ അനിയന് നീതി വേണമെന്ന് ഒരു യുവാവ് പറയുമ്പോള്‍ ആരാണെങ്കിലും അത് ശ്രദ്ധിക്കും. ശ്രീജിത്ത് തന്റെ സഹോദരന്റെ മരണം നേരില്‍ കണ്ടയാളാണ്. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി ഇടിച്ചു പഴുപ്പിച്ച് അയാള്‍ ചത്തുവെന്ന് വിചാരിച്ച് വായിലേക്ക് വിഷം ഒഴിച്ചുകൊടുക്കുകയാണ് പോലീസ് ചെയ്തത്.

ഇതിനെതിരെയാണ് ഇത്രയും ദിവസം സ്വന്തം ആരോഗ്യം പോലും കളഞ്ഞ് ഒരു ചെറുപ്പക്കാരന്‍ മരിക്കാന്‍ തയ്യാറായി കിടക്കുന്നത്. സമൂഹത്തിന് സ്‌നേഹമില്ലെന്നും ആര്‍ക്കും ആരുമായും തമ്മില്‍ ബന്ധമില്ലെന്നുമൊക്കെ പറഞ്ഞാണ് സിനിമയും കഥകളുമെല്ലാം ഇവിടെ ആഘോഷിക്കപ്പെടുന്നത്. അപ്പോഴാണ് നമ്മുടെ കണ്‍മുന്നില്‍ സ്വന്തം സഹോദരന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ചെറുപ്പക്കാരന്‍ ഇത്രയേറെ ദിവസം പോരാട്ടം നടത്തുന്നത്. 760 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ ചെറുപ്പക്കാരന്റെ പോരാട്ടം നമ്മുടെ ആരുടെയും കണ്ണില്‍പ്പെട്ടില്ല. പക്ഷെ ഞാന്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകളില്‍ കണ്ടത് ഒരു നിശ്ചദാര്‍ഢ്യമായിരുന്നു. മരിച്ചാലും പിന്മാറില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നിസ്സഹായവസ്ഥ വിളിച്ചു പറയുന്നതെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ആ കണ്ണുകള്‍. ഒരു മുനിയെ പോലെ നിസംഗമായ തീരുമാനം വ്യക്തമാക്കുന്നതായിരുന്നു ആ കണ്ണുകള്‍. അതില്‍ എനിക്ക് വളരെ അത്ഭുതമാണ് തോന്നിയത്.

അന്ന് മാധ്യമപ്രവര്‍ത്തകരടക്കം പലരും എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 'ഇതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്, അത് നിങ്ങള്‍ക്കറിയില്ല. ഇതിന്റെ പേരില്‍ പല തരത്തിലുള്ള പിരിവുകളും നടക്കുന്നുണ്ട്,' തുടങ്ങിയ തരത്തിലുള്ള പ്രചാരണങ്ങളാണ്‌ ഞാന്‍ കേട്ടത്. എന്നാല്‍ അവന്റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം നില്‍ക്കാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ പോലീസുകാര്‍ ഹൈക്കോടതിയില്‍ നിന്നും നേടിയ സ്‌റ്റേ നീക്കം ചെയ്യാനുള്ള നടപടികളെക്കുറിച്ചാണ് ഞാന്‍ അന്ന് ചിന്തിച്ചത്. അതിനായി സൗജന്യമായി വക്കീലിനെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. എന്നാല്‍ അതിന് കോടതിയെ സമീപിക്കാന്‍ അവര്‍ മുന്‍കൈ എടുത്തില്ല. അതിനാലാണ് ഞാന്‍ പിന്നീട് ഈ കേസില്‍ ഇടപെടാതിരുന്നത്.

ഒരു അമ്മയുടെ ഏറ്റവും ഇളയ മകനെ പോലീസ് കൊലപ്പെടുത്തി, രണ്ടാമത്തെ മകന്‍ നീതിയ്ക്കായി തെരുവില്‍ കിടക്കുന്നു, മൂത്തമകനെ ഒരു വാഹനം ഇടിച്ചു തെറിപ്പിച്ച് കാലിന് സുഖമില്ലാതാക്കി. ആ വാഹനാപകടത്തില്‍ ശ്രീജീവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കുള്ള ബന്ധവും പരിശോധിക്കണം. കാരണം ജസ്റ്റിസ് നാരായണക്കുറുപ്പ് ഈ കേസില്‍ മൊഴിയെടുത്തിരുന്ന കാലത്താണ് ആ അപകടമുണ്ടായത്. ശ്രീജിത്തിനെയും അവന്റെ അമ്മയെയും മൊഴിനല്‍കാന്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണോ ഈ അപകടമുണ്ടായതെന്ന് സംശയിക്കണം. സത്യത്തില്‍ ഈ ആക്‌സിഡന്റും ഇവിടെ ചര്‍ച്ചയില്‍ വരേണ്ടതുണ്ട്. അതേക്കുറിച്ച് ഇവിടെ ഒരു ചര്‍ച്ചയും നടക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫലത്തില്‍ ആ അമ്മയ്ക്ക് മൂന്ന് മക്കളും ഇല്ലാതായ അവസ്ഥയാണ് ഉള്ളത്. അവര്‍ ഇപ്പോഴും കൂലിവേല ചെയ്താണ് കുടുംബം മുന്നോട്ട് പോകുന്നത്. ഈ നഗരത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ നമ്മുടെ കണ്‍മുന്നിലാണ് ഈ ചെറുപ്പക്കാരന്‍ കിടക്കുന്നത്. ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ഒരുപാട് ആഘോഷങ്ങളിലും ചടങ്ങുകളിലുമൊന്നും നിന്നിട്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. അന്ന് ഒരു സാധാരണ സ്ത്രീയോടൊപ്പം നില്‍ക്കണമെന്നാണ് എനിക്ക് തോന്നിയത്. അതിനാലാണ് ശ്രീജിത്തിനും അമ്മ രമണിയ്ക്കുമൊപ്പം ആ ദിവസം ചെലവിടാന്‍ തീരുമാനിച്ചത്. ജിഷ്ണു പ്രണോയിയുടെ അമ്മയോടൊപ്പം നില്‍ക്കുന്നതുപോലെ തന്നെയാണ് ഈ അമ്മയോടുമൊപ്പം നില്‍ക്കുന്നത്.

ഇപ്പോഴും പലരും ഈ സമരത്തിനെതിരെ ഇതിന്റെ യഥാര്‍ത്ഥ വിഷയം അറിയില്ലെന്ന് പറഞ്ഞ് വരുന്നുണ്ട്. പല ഗ്രൂപ്പുകളിലും ഈ വിഷയം സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ പലരും തടയുന്നുണ്ട്. അതിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ പോലുമുണ്ട്. എന്നാല്‍ ഞാന്‍ മനസിലാക്കിയിടത്തോളം ശ്രീജിത്തിന്റെ സമരം ഒരു സര്‍ക്കാരിനുമെതിരെയല്ല. അത് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒന്നുമല്ല, പകരം നീതിയ്ക്ക് വേണ്ടിയുള്ളതാണ്. ശ്രീജിത്തിനോട് ആരെങ്കിലും സംസാരിക്കുന്നത് കണ്ടാല്‍ അവരെ പിന്തുടര്‍ന്ന് 'വീട്ടിലെത്തിക്കുന്നതായിരുന്നു' ഒരു സമയത്ത് പോലീസിന്റെ പരിപാടി. ഇത്തരത്തിലൊരു സാധു പയ്യന്റെയടുത്ത് പോലീസുകാര്‍ എന്തിനാണ് ഇത്രയേറെ നിരീക്ഷണം നടത്തുന്നത്.

സമൂഹത്തിന് ഇത്തരം വിഷയങ്ങളില്‍ ഒന്നും ചെയ്യാനില്ലേ, മരണം കഴിഞ്ഞാല്‍ മാത്രമേ ആളുകൂടുകയുള്ളോയെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ശ്രീജിത്തിന്റെ സമരത്തിന് ഇപ്പോള്‍ ലഭിക്കുന്ന ജനപിന്തുണ. ബിജെപി സമരത്തെ പിന്തുണച്ചേക്കും അതുകൊണ്ട് ഈ സമരത്തില്‍ ഇടപെടരുതെന്ന് പറയുന്നവരെയും ഞാന്‍ കണ്ടിരുന്നു. ബിജെപിയും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നുമല്ല ഇവിടുത്തെ വിഷയം. പകരം ആ ഒരു അവസ്ഥയാണ് ഇവിടുത്തെ വിഷയം. ശ്രീജീവിനോടും ശ്രീജിത്തിനോടും ആ കുടുംബത്തിനോടും ചെയ്ത ഒരു അനീതിയുണ്ട്. ഇത്തരം അനീതികള്‍ സിനിമകളില്‍ കാണുമ്പോള്‍ മാത്രം നമ്മള്‍ വികാരാധീനരായാല്‍ പോര. നമ്മുടെ കണ്‍മുന്നില്‍ കാണുന്നതിനോടും നമുക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിനിമ കൊണ്ടോ മറ്റേതെങ്കിലും കലാരൂപം കൊണ്ടോ പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല.

അറേബ്യന്‍ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവം ഒരുപാട് സന്തോഷത്തോടെ നോക്കിക്കണ്ട ഒരാളാണ് ഞാന്‍. നമ്മുടെ നാട്ടിലും ഒരു മുല്ലപ്പൂ വിപ്ലവത്തിന് സാധ്യതയുണ്ടെന്നാണ് ശ്രീജിത്തിന് ഇപ്പോള്‍ ലഭിക്കുന്ന ജനകീയ പിന്തുണ തെളിയിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരെ കാണുമ്പോള്‍ ഓച്ഛാനിച്ച് നിന്ന്, തിരുവായ്‌ക്കെതിര്‍വായില്ലാതെ, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ കഴിയാതെ നിന്ന ഒരു സമൂഹമാകില്ല ഇനിയും കേരളം. അവര്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കുമെന്ന് തെളിയുകയാണ് ഇവിടെ. അത് വളരെയധികം പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് ഞാന്‍ അതിലേക്ക് ശ്രദ്ധിച്ചത്. എനിക്ക് ഉള്ള ഒരു ചെറിയ പൊതുജന പിന്തുണയെ അന്ന് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. അത് അന്ന് അത്രയ്ക്ക് വിജയിച്ചില്ലെങ്കിലും ശ്രീജിത്തിന്റെ സമരത്തിന് ഒരു സത്യമുള്ളതിനാലാണ് അത് ഇപ്പോള്‍ വിജയത്തിലേക്ക് അടുക്കുന്നത്. അവന്റെ മനസിന്റെ ശക്തിയാണ് ഈ കാണുന്ന ആള്‍ക്കാരെയെല്ലാം അവനിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. അവന് എന്തെങ്കിലും ദുരുദ്ദേശമുണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ ആരും ആകര്‍ഷിക്കപ്പെടുകയില്ലായിരുന്നു. ആ സത്യമാണ് ഈ സമരത്തിന്റെ വിജയവും'.


Next Story

Related Stories