TopTop
Begin typing your search above and press return to search.

എംഎ ബേബിയ്ക്ക് വേണ്ടി അസുഖത്തിനിടയിലും പാര്‍ലമെന്റിലെത്തിയ എകെജി

എംഎ ബേബിയ്ക്ക് വേണ്ടി അസുഖത്തിനിടയിലും പാര്‍ലമെന്റിലെത്തിയ എകെജി
എകെജിയുടെ ചരമദിനത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്‍റെയും ഡല്‍ഹിയില്‍ അദ്ദേഹത്തിന്‍റെ കൂടെ താമസിച്ചതിന്‍റെയും അനുഭവവും ഓര്‍മ്മകളും പങ്കുവക്കുകയാണ് അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഫേസ്ബുക്ക് പോസ്റ്റിലാണ് ബേബി എകെജിയെ അനുസ്മരിക്കുന്നത്. അടിയന്തരാവസ്ഥ പൂര്‍ണമായും പിന്‍വലിക്കുകയും ഇന്ദിരാഗാന്ധി ഗാന്ധി അടക്കമുള്ളവര്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുകയും എകെജി അന്തരിക്കുകയും ചെയ്ത മാര്‍ച്ച് 22ന്‍റെ ഓര്‍മ്മകളും തന്‍റെ തമാശയും കുട്ടിക്കളിയും പോലും കാര്യമായെടുത്ത് അസുഖബാധിതന്‍ ആയിരുന്നിട്ട് പോലും തനിക്ക് കാണാന്‍ വേണ്ടി പാര്‍ലമെന്റില്‍ എത്തിയ എകെജിയുടെ ഓര്‍മ്മയും എംഎ ബേബി പങ്കുവക്കുന്നു.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

1977 മാർച്ച് 22. തിരുവനന്തപുരം പാളയത്തുള്ള പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് ഫലം കേൾക്കുകയായിരുന്നു. ആകാശവാണിയിൽ. സഖാവ് പുത്തലത്ത് നാരായണനും മറ്റും ഉണ്ട്. അടിയന്തരാവസ്ഥക്ക് അയവു വരുത്തിക്കൊണ്ട് നടത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുന്നു. പക്ഷേ, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിൻറെ നേതൃത്വത്തിലുള്ള മുന്നണി പരാജയപ്പെടുന്നു. ആഹ്ലാദവും ദുഖവും ഒരുമിച്ചു തന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.

പെട്ടെന്നാണ് എ കെ ജിക്ക് അസുഖം മൂർച്ഛിച്ചിരിക്കുന്നു എന്ന അറിയിപ്പുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആളു വന്നത്. ഞങ്ങളെല്ലാം പെട്ടെന്ന് അങ്ങോട്ടു പോയി. അസുഖം വല്ലാതെ കൂടിയ എ കെ ജിയെ ആണ് ആശുപത്രിയിൽ കണ്ടത്. സഖാവ് കെ മോഹനൻ ഒരു റേഡിയോയിൽ വാർത്തകൾ കേട്ട് എ കെ ജിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് സുശീലയും ഡോ പി കെ ആർ വാര്യരും കൂടെ മുറിയിലുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ എ കെ ജിക്ക് ശ്വാസം എടുക്കാൻ തന്നെ ബുദ്ധിമുട്ടായി. വയറ് വല്ലാതെ ഉയരാനും താഴാനും തുടങ്ങി. സഖാവ് സുശീല വല്ലാതെ കരയുകയായിരുന്നു. അല്പനേരം കൊണ്ട് എ കെ ജിയുടെ ശരീരം നിശ്ചലമായി. കേരള ചരിത്രത്തിലെ ഒരു യുഗം അവസാനിക്കുന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഞങ്ങൾ. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ പയ്യാമ്പലം കടപ്പുറത്തേക്ക് എ കെ ജിയുടെ മൃതദേഹവുമായി പോയ വാഹനത്തിൻറെ ഇരുവശവുമായി കൂടിയ ദുഖാർത്തരായ ജനങ്ങളുടെ സ്നേഹത്തിൽ എ കെ ജി അവർക്കല്ലാം ആരായിരുന്നു എന്നു എനിക്ക് നേരിട്ട് കാണാനായി.

അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന എനിക്ക് എ കെ ജിയോട് ഇടപഴകാനും ആ സ്നേഹം നേരിട്ട് അനുഭവിക്കാനുമുള്ള ഭാഗ്യം ഉണ്ടായി. അന്നാണ് ഞാൻ ഡെൽഹിയിലേക്ക് ആദ്യം പോകുന്നത്. വിദ്യാർത്ഥി രംഗത്ത് പ്രവർത്തിക്കുന്ന പാർട്ടി കേഡർമാരുടെ ഒരു യോഗം ജനറൽ സെക്രട്ടറി സഖാവ് സുന്ദരയ്യ വിളിച്ചിരിക്കുകയാണ്. എസ് എഫ് ഐ ജനറൽ സെക്രട്ടറി ബിമൻ ബസു, പ്രസിഡണ്ട് സഖാവ് പ്രകാശ് കാരാട്ട്, ബംഗാളിൽ നിന്ന് സഖാക്കൾ സുഭാഷ് ചക്രവർത്തി, ശ്യാമൾ ചക്രവർത്തി, ത്രിപുരയിൽ നിന്ന് സഖാവ് മണിക് സർക്കാർ, അസമിൽ നിന്ന് സഖാവ് ഉദ്ധബ് ബർമൻ, ആന്ധ്രയിൽ നിന്ന് സഖാവ് പി മധു, പഞ്ചാബിൽ നിന്ന് സഖാവ് ലഹംബർ സിങ്, ഒഡീസയിൽ നിന്ന് സഖാവ് ജനാർദൻ പതി എന്നിവരും കേരളത്തിൽനിന്ന് ഞാനും ആണ് ആ യോഗത്തിൽ പങ്കെടുത്തത്. ഡെൽഹിയിൽ എത്തിയപ്പോഴാണറിയുന്നത് സഖാവ് സുന്ദരയ്യക്ക് പത്തു ദിവസം കൂടെ കഴിഞ്ഞേ എത്താനാവൂ, യോഗം മാറ്റിവച്ചു. എനിക്ക് പത്തു ദിവസം ഡെൽഹിയിൽ തന്നെ താമസിക്കേണ്ടി വന്നു. 4 അശോക റോഡിലെ വീട്ടിൽ എ കെ ജിയോടും സഖാവ് സുശീലയോടും ഒപ്പമാണ് ആ പത്തു ദിവസം ചെലവഴിച്ചത്. എ കെ ജിയുടെ സ്നേഹവും കരുതലും നേരിട്ടനുഭവിച്ച പത്തു ദിവസങ്ങൾ. പാർലമെൻറ് നടക്കുന്ന സമയമായിരുന്നു. സുഖമില്ലാത്തതിനാൽ എ കെ ജി പാർലമെൻറിൽ പോകുന്നില്ല. പക്ഷേ, എനിക്ക് പാർലമെൻറ് നടപടികൾ കാണാനുള്ള അവസരം ഒരുക്കുന്നത് കണ്ടപ്പോൾ, കളിയായി ഞാൻ പറഞ്ഞു,

"എ കെ ജി ഇല്ലാത്ത പാർലമെൻറിൽ ഞാൻ എന്തിന് പോകണം?"

പെട്ടെന്ന് എ കെ ജി പ്ലാൻ മാറ്റി. പിറ്റേന്ന് പാർലമെൻറിൽ പോകാൻ തീരുമാനിച്ചു.

"സുശീല സഖാവ് എന്നെ വഴക്കു പറഞ്ഞു, ബേബിക്കറിയില്ലേ, എ കെ ജിക്ക് കുട്ടികളുടെ സ്വഭാവമാണ് ഇങ്ങനെയൊന്നും പറയരുത് എന്ന്? പുറത്തെങ്ങും പോകരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്".

"ഞാൻ വെറുതെ പറഞ്ഞതാണ്, ഞാൻ ഒറ്റയ്ക്ക് പോയ്ക്കോളാം" എന്ന് പറഞ്ഞുനോക്കി.

ഞാൻ പാർലമെൻറിലിരിക്കുന്നത് കാണണമെന്ന് ബേബി ആഗ്രഹം പറഞ്ഞതല്ലേ, അത് സാധിച്ചുകൊടുക്കണം എന്ന വാശിയിലായി എ കെ ജി. പിറ്റേന്ന് ഞാൻ ലോക്സഭയുടെ സന്ദർശക ഗാലറിയിലിരുന്ന് താഴോട്ട് നോക്കുമ്പോൾ അതാ എ കെ ജി നടന്നു വന്ന് തൻറെ സീറ്റിൽ ഇരിക്കുന്നു. എന്നിട്ട് തിരിഞ്ഞ് സന്ദർശക ഗാലറിയിലേക്ക് നോക്കി എന്നെ കണ്ടു പിടിച്ച് കൈ വീശി കാണിച്ചു. പത്തു മിനിട്ടോളം സഭയിലിരുന്ന ശേഷം തിരിച്ചു പോവുകയും ചെയ്തു.

അടിയന്തരാവസ്ഥയെ നേരിടുന്നതിന് എ കെ ജി നല്കിയ ആവേശം ചില്ലറയായിരുന്നില്ല. ഈ അപ്രതീക്ഷിത ഏകാധിപത്യ നടപടിയിൽ രാഷ്ട്രീയരംഗമാകെ സ്തംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ഒന്നാകെ അറസ്റ്റ് ചെയ്യുന്നു. ഇ എം എസും എ കെ ജിയും ഒഴികെയുള്ള എല്ലാ സിപിഐഎം നേതാക്കളെയും പൊലീസ് പിടിക്കാൻ തയ്യാറെടുക്കുന്നു. വിദ്യാർത്ഥി രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ രണ്ട് രഹസ്യ ക്യാമ്പ് നടത്തി. തിരുവനന്തപുരത്തും കോഴിക്കോടും. സഖാവ് ഇ എം എസ് ആണ് അടിയന്തരാവസ്ഥയിൽ എന്തു ചെയ്യണം എന്ന് അവിടെ വിശദീകരിച്ചത്. തുടർന്ന് എന്ത് ചെയ്യണം എന്ന് ആലോചിച്ചു . എ കെ ജി പാർലമെൻറംഗം ആണല്ലോ അതിനാൽ അറസ്റ്റ് ചെയ്യില്ല എന്ന വിശ്വാസത്തിൽ കണ്ണൂരിൽ ഒരു വിദ്യാർത്ഥി കൺവെൻഷൻ വച്ചു. കണ്ണൂർ ടൌൺ ഹാളിൽ നടന്ന ആ ആവേശകരമായ സമ്മേളനത്തിൽ പരസ്യ, രഹസ്യ പൊലീസുകാരുടെ സാന്നിധ്യത്തിൽ തന്നെ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് അത്യാവേശകരമായ ഒരു പ്രസംഗം ആണ് എ കെ ജി നടത്തിയത്. എൻറെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു പ്രസംഗം ആണത്. അടിയന്തരാവസ്ഥയ്ക്കെതിരെ വാക്കുകളൊന്നും മയപ്പെടുത്താതെ തന്നെ, ഭയലേശമില്ലാതെയാണ് എ കെ ജി അവിടെ സംസാരിച്ചത്.

ഇതിനെത്തുടർന്നാണ് മറ്റു ജില്ലകളിലും എ കെ ജി പങ്കെടുക്കുന്ന വിദ്യാർത്ഥി കൺവെൻഷനുകൾ നടത്താൻ നിശ്ചയിച്ചത്. കൊല്ലത്തെ സമ്മേളനം വൈ എം സി എ ഹാളിൽ നടന്നു. തിരുവനന്തപുരത്തെ സമ്മേളനത്തിന് എകെജിയെ കൂട്ടാൻ ഞാൻ ശാന്തി നഗറിലെ സഖാവ് കെ മോഹനൻറെ വീട്ടിൽ എത്തിയതാണ്. എ കെ ജിക്ക് തീരെ വയ്യ. അടിയന്തരാവസ്ഥയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയക്കേണ്ട കമ്പി സന്ദേശങ്ങൾ മോഹനേട്ടന് ഡിക്ടേറ്റ് ചെയ്തു കൊടുക്കുകയാണ്. സുഖമില്ലാതിരിക്കുയാണ് ഇത്തരം മാനസിക സംഘർഷമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ചെയ്യരുത് എന്ന് സഖാവ് സുശീല പറയുന്നത് എ കെ ജി ശ്രദ്ധിക്കുന്നില്ല. ഒടുവിൽ എന്തായാലും കൺവെൻഷന് എ കെ ജിക്ക് പോകാനാവില്ല എന്നു തീരുമാനിച്ചു. പകരം സഖാവ് സുശീലയെ അയച്ചു. ഇത്രയും വിഷമാവസ്ഥയിലും അടിയന്തരാവസ്ഥയെക്കുറിച്ച് വളരെ ശക്തമായ ഒരു വിമർശനമാണ് സഖാവ് സുശീല അവിടെ സധൈര്യം നടത്തിയത്.

തൻറെ ജീവിതത്തിൽ പരിചയപ്പെടുന്ന ഏതു മനുഷ്യരുടെയും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്ന എ കെ ജിയുടെ സഹജസ്വഭാവമാണ് അദ്ദേഹത്തെ ഇത്രയും പ്രിയങ്കരനാക്കിയത്.പാവപ്പെട്ടവരുടെ ഈ മഹാനേതാവിൻറെ ഓർമയ്ക്ക് മുന്നിൽ അഭിവാദ്യങ്ങളുടെ രക്ത പുഷ്പങ്ങൾ.
http://www.azhimukham.com/offbeat-akg-deathanniversary-video/
http://www.azhimukham.com/trending-vs-react-to-vt-blarams-controversial-statement-against-akg/
http://www.azhimukham.com/trending-kerala-karivellurmurali-akg-vtbalram/

Next Story

Related Stories