Top

മോദി അനുകൂല എഴുത്തുകാരി മധു കിഷ്വാര്‍ ജെഎന്‍യു അക്കാദമിക് കൌണ്‍സിലില്‍; വ്യാപക എതിര്‍പ്പ്

മോദി അനുകൂല എഴുത്തുകാരി മധു കിഷ്വാര്‍ ജെഎന്‍യു അക്കാദമിക് കൌണ്‍സിലില്‍; വ്യാപക എതിര്‍പ്പ്
മോദി അനുകൂല എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മധു കിഷ്വാറിനെ ജെഎന്‍യു അക്കാദമിക കൗണ്‍സിലില്‍ തിരുകി കയറ്റാനുള്ള ചാന്‍സിലര്‍ എം ജഗദീഷ് കുമാറിന്റെ നീക്കം വിവാദമാകുന്നു. സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് എസ്തറ്റിക്‌സില്‍ (എസ്എഎ) പുറത്തു നിന്നുള്ള വിദഗ്ധയായി രണ്ടുവര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. അക്കാദമിക് കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ജെഎന്‍യുവിന്റെ അക്കാദമിക് നയങ്ങളില്‍ ഇടപെടാന്‍ മധു കിഷ്വാറിന് സാധിക്കും. ഇന്ന് ചേരുന്ന അക്കാദമിക് കൗണ്‍സിലിന്റെ 149-ാം യോഗത്തിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

മേയ് മൂന്നിന് തന്നെ ഇവര്‍ക്ക് ഇതുസംബന്ധിച്ച ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്ന് ചില സര്‍വകലാശാല വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സര്‍വകലാശാലയുടെ പ്രവേശന നയങ്ങളില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗമാണിത്.

എന്നാല്‍ ഇവരുടെ നിയമനത്തെ എസ്എഎ ഡീന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുകയാണ്. വിസിയ്ക്ക് സ്‌കൂള്‍ നല്‍കിയ വിദഗ്ധരുടെ പട്ടികയില്‍ മധു കിഷ്വാറിന്റെ പേരുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണഗതിയില്‍ സ്‌കൂള്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ് നിയമനം ഉണ്ടാവുന്നത്. ഓരോ വിഷയത്തിലുമുള്ള പ്രാവീണ്യമാണ് നിയമനത്തിന്റെ ആധാരം. വിദഗ്ധരുടെ പട്ടിക നല്‍കാന്‍ തങ്ങളോട് ആവശ്യപ്പെരുന്നതായും അതനുസരിച്ച് ആറുപേരുടെ പട്ടിക തങ്ങള്‍ നല്‍കിയതായും അതില്‍ മധുവിന്റെ പേരുണ്ടായിരുന്നില്ലെന്നും എസ്എഎ ഡീന്‍ ബിഷ്ണുപ്രിയ ദത്ത പറയുന്നു. തങ്ങളുടെ വിഷയവുമായി മധു കിഷ്വാറിന് യാതൊരു ബന്ധവുമില്ലെന്നും ഡീന്‍ ആരോപിക്കുന്നു.

മാനുഷിയുടെ സ്ഥാപക എഡിറ്ററായ മധു കിഷ്വാര്‍ ലിംഗനീതിയിലും രാഷ്ട്രീയത്തിലുമാണ് ഗവേഷണങ്ങള്‍ നടത്തുകയും ലേഖനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ളത്. 2014-ല്‍ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയെ അനുകൂലിച്ച് മോദി, മുസ്ലീം ആന്റ് മീഡിയ: വോയിസെസ് ഫ്രം നരേന്ദ്ര മോദീസ് ഗുജറാത്ത് എന്ന പുസ്തകം രചിച്ചിരുന്നു. ഇടതുപക്ഷ അനുഭാവിയായിരുന്ന ഇവര്‍ ഇപ്പോള്‍ ബിജെപി സഹയാത്രികയായാണ് അറിയപ്പെടുന്നത്.

സ്‌കൂളിന്റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ തങ്ങളുടെ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാളെ നിയമിക്കുന്നത് ഇതാദ്യമാണെന്ന് എസ്എഎയിലെ അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. സാധാരണഗതിയില്‍ സ്‌കൂള്‍ നല്‍കുന്ന പട്ടികയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയെ നിയമിക്കുകയാണ് പതിവ്. ഈ നിയമനത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് രജിസ്ട്രാറോട് ആരാഞ്ഞിട്ടുണ്ടെന്നും എസ്എഎ ഡീന്‍ അറിയിച്ചു.

എന്നാല്‍ താന്‍ ഈ പദവിക്ക് വേണ്ടി അപേക്ഷിച്ചിരുന്നില്ലെന്നാണ് മധു കിഷ്വാര്‍ പറയുന്നത്. എസ്എഎയുടെ വിഷയങ്ങളായ സിനിമ പഠനങ്ങള്‍, നാടകവും മറ്റ് അവതരണ കലകളും, ദൃശ്യകലാ പഠനങ്ങള്‍ എന്നിവയില്‍ തനിക്ക് സംഭാവനകള്‍ ഇല്ലെന്ന വാദം അവര്‍ തള്ളിക്കളഞ്ഞു. താന്‍ 13-ല്‍പ്പരം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ടെന്നും ബോളിവുഡിനെ കുറിച്ച് ഒരു പുസ്തകം രചിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ പരമ്പരാഗത കലാകാരന്മാരെ കുറിച്ച് ഒരു ചിത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

ജെഎന്‍യു അധ്യാപക സംഘടനയും ഇവരുടെ നിയമനത്തെ എതിര്‍ത്തിട്ടുണ്ട്. 2005ലെ നിഗൂഢമായ ചില നിയമങ്ങളാണ് നിയമനത്തെ ന്യായീകരിക്കാന്‍ വിസി ഉയര്‍ത്തിക്കാണിക്കുന്നതെന്ന് സംഘടന അദ്ധ്യക്ഷ അയേഷ കിദ്വായി പറഞ്ഞു. സ്‌കൂള്‍ നിര്‍ദ്ദേശിക്കുന്ന പട്ടികയില്‍ നിന്നും പുറത്തുള്ളവരെ നിയമിച്ചുകൊണ്ട് അധികാര ദുര്‍വിനിയോഗമാണ് വിസി നടത്തുന്നതെന്നും കിദ്വായ് ആരോപിച്ചു.

എന്നാല്‍ വിവിധ കമ്മിറ്റികളില്‍ അംഗങ്ങളെ നിയമിക്കാനുള്ള വിശാലമായ അധികാരങ്ങള്‍ വിസിക്കുണ്ടെന്നാണ് സര്‍വകലാശാല റെക്ടര്‍ ചിന്താമണി മഹാപാത്ര പറയുന്നത്. സ്വയം തീരുമാനമെടുക്കുകയോ അല്ലെങ്കില്‍ ഡീനിന്റെയോ സ്‌കൂളിന്റെ ഉപദേശം തേടുകയോ ചെയ്യാനുള്ള വിവേചനാധികാരം വിസിക്കുണ്ട്. നിയമനം നൂറ് ശതമാനം നിയമവിധേയമാണ് എന്നും മഹാപാത്ര വിശദീകരിക്കുന്നു.

നേരത്തെ കലാവിമര്‍ശകന്‍ ബി എന്‍ ഗോസ്വാമി, കലാചരിത്രകാരന്‍ തപ്തി ഗുഹ തകുര്‍ത്ത, സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ സിനിമ പഠന വിഭാഗത്തില്‍ നിന്നുള്ള രവി വാസുദേവന്‍ തുടങ്ങിയവര്‍ അക്കാദമിക് കൗണ്‍സിലില്‍ എസ്എഎയെ പ്രതിനിധീകരിച്ചിട്ടുണ്ട്.


Next Story

Related Stories