Top

ലൗ ജിഹാദികളെയും കശാപ്പുകാരെയും വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം: സാധ്വി സരസ്വതിയുടെ പേജില്‍ മലയാളികളുടെ ബീഫ് ഫെസ്റ്റിവല്‍

ലൗ ജിഹാദികളെയും കശാപ്പുകാരെയും വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം: സാധ്വി സരസ്വതിയുടെ പേജില്‍ മലയാളികളുടെ ബീഫ് ഫെസ്റ്റിവല്‍
ലൗ ജിഹാദുമായി വരുന്നവരെയും കന്നുകാലി കശാപ്പുകാരെയും വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ പേജില്‍ മലയാളികളുടെ ബീഫ് ഫെസ്റ്റിവല്‍. ബീഫിന്റെയും ബീഫ് ബിരിയാണിയുടെയും ചിത്രങ്ങളും അവ പാകം ചെയ്യുന്ന വിധവും അവരുടെ പേജുകളില്‍ നിറഞ്ഞു.

മലയാളത്തിലും ഹിന്ദിയിലുമായാണ് കമന്റുകള്‍. വിദ്വേഷ പ്രസംഗം നടത്തിയതിന് സാധ്വി സരസ്വതിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സാധ്വിയുടെ പേജില്‍ പൊങ്കാല തുടങ്ങിയത്. ബദിയടുക്കയില്‍ നടന്ന വിരാട് ഹിന്ദു സമാജ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് സാധ്വി വിദ്വേഷ പ്രസംഗം നടത്തിയത്. ഹിന്ദു സഹോദരിമാരുടെ സുരക്ഷ ഉറപ്പ് നല്‍കി രക്ഷാ ബന്ധന്‍ ദിവസങ്ങളില്‍ അവര്‍ക്ക് രാഖി കെട്ടിക്കൊടുക്കുന്ന നമ്മള്‍ അവര്‍ക്ക് ഓരോ വാള്‍ കൂടി വാങ്ങിനല്‍കണമെന്നാണ് ഇവര്‍ പറഞ്ഞത്. ലൗ ജിഹാദ് നടത്താന്‍ വരുന്നവരെ വെട്ടികൊലപ്പെടുത്താന്‍ ഈ വാള്‍ അവര്‍ക്ക് ഉപകരിക്കുമെന്നാണ് സാധ്വി പറയുന്നത്. കൂടാതെ പശു നമുക്ക് അമ്മയാണെന്നും അമ്മയെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും അതിനാല്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നവരെയും വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു. മതവികാരം വൃണപ്പെടുത്തിയെന്ന നൗഫല്‍ ഉളിയത്തടുക്ക എന്നയാളുടെ പരാതിയിലാണ് ബദിയടുക്ക പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 295എ, 153, 506 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബദിയടുക്ക സിപിഎം ലോക്കല്‍ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രദേശത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു.

'ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും വയ്ക്കണം. ലൗ ജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്ത് വെട്ടണം. പശുക്കളെ അറുക്കുന്നവര്‍ക്ക് നേരെയും ഈ വാള്‍ ഉപയോഗിക്കണം' എന്നും സാധ്വി പറയുന്നു.


ഈ പ്രസ്താവനയ്‌ക്കെതിരെയാണ് മലയാളുകളുടെ ബീഫ് ഫെസ്റ്റിവല്‍. 28ന് അവര്‍ പോസ്റ്റ് ചെയ്ത സമ്മേളനത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റുകള്‍ ഏറെയും. 29ന് പോസ്റ്റ് ചെയ്ത പുതിയ പ്രൊഫൈല്‍ ചിത്രത്തിന് താഴെയും ബീഫുമായി ബന്ധപ്പെടുത്തിയുള്ള കമന്റുകളുണ്ട്. 'ഇതുപോലുള്ള വര്‍ത്തമാനങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ പറഞ്ഞോ കേരളത്തില്‍ വന്ന് പറഞ്ഞാല്‍ പിള്ളേര് അക്കയുടെ തലയില്‍ കയറി ബീഫ് ഫെസ്റ്റിവല്‍ നടത്തും' എന്ന് ഒരാള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പിന്നാലെ അക്ഷരാര്‍ത്ഥത്തില്‍ സാധ്വി സരസ്വതിയുടെ വാളില്‍ ബീഫ് ഫെസ്റ്റിവലാണ് നടന്നത്.ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ വന്നതാ അപ്പോഴേക്കും എല്ലാവരും ഇവിടെ ഹോട്ടല്‍ തുടങ്ങി എന്നാണ് മറ്റൊരു വിരുതന്റെ കമന്റ് ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ ബീഫ് കഴിക്കുന്നതിന്റെ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 'ബീഫ് തിന്നാല്‍ കൊന്നു കളയുമെന്ന് പറയുമ്പോള്‍ രണ്ട് പ്ലേറ്റ് കൂടുതല്‍ വാങ്ങിക്കഴിച്ചാണ് ഞങ്ങള്‍ക്ക് ശീലം' എന്നാണ് ഒരു കമന്റ്.

'വേറെ എന്തിനെക്കുറിച്ച് വേണമെങ്കിലും ചേച്ചി കുറ്റം പറഞ്ഞോ.. ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷെ ബീഫിന്റെ കാര്യത്തില്‍ ഞങ്ങളെ ചൊറിയാന്‍ വന്നാല്‍ ഞങ്ങള്‍ മലയാളികള്‍ കേറി അങ്ങ് മാന്തും' എന്ന കമന്റിനെ ശരിവയ്ക്കുന്നതായിരുന്നു സാധ്വി സരസ്വതിക്ക് ലഭിച്ച കമന്റുകളില്‍ ഏറെയും.

Next Story

Related Stories