TopTop
Begin typing your search above and press return to search.

'മാതൃഭൂമി സംഘപരിവാറിന് വഴങ്ങുന്നു'; കമല്‍റാം സജീവിന് പിന്നാലെ മനില സി. മോഹനും രാജിവച്ചു

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് രാജിവച്ച കമല്‍റാം സജീവിന് പിന്നാലെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയില്‍ നിന്ന് മനില സി മോഹനും രാജി വച്ചു. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മനില തീരുമാനം അറിയിച്ചത്.

സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനെയാണ് പകരം എഡിറ്ററാക്കിയത്. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച, എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും എഴുത്തുകാരനെതിരെ ഭീഷണികള്‍ വരുകയും ചെയ്തതിനെ തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. കമല്‍റാം സജീവിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് സംഘപരിവാര്‍ സമ്മര്‍ദ്ദം കൊണ്ടാണെന്ന് എസ് ഹരീഷും ആരോപിച്ചിരുന്നു

കമല്‍റാം സജീവിനെ നീക്കം ചെയ്തത് സംഘപരിവാര്‍ സമ്മര്‍ദ്ദം കൊണ്ടാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നാണ് മനില തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മനിലയുടെ ഫേസ്ബുക്ക് കുറിപ്പ്

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്.

ഹിന്ദുത്വരാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന നിർണായകമായ ചരിത്ര സന്ദർഭമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്മെൻറ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയൽ തീരുമാനങ്ങളിലും എഡിറ്റോറിയൽ അംഗം എന്ന നിലയിൽ എനിക്ക് പങ്കുണ്ട്. അതിനാൽത്തന്നെ എഡിറ്ററെ ചുമതലയിൽ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. ആ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കില്ല.

ഇതാദ്യമായല്ല സംഘപരിവാർ കേന്ദ്രങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ എത്രയോ തവണ ആഴ്ചപ്പതിപ്പിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘപരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്ക്കെതിരെ സ്റ്റോറികൾ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീഷണികൾ, അശ്ലീലം പറച്ചിലുകൾ, കായികാക്രമണത്തിനുള്ള ശ്രമങ്ങൾ എല്ലാം നടന്നിട്ടുണ്ട്. പൊലീസ് പ്രൊട്ടക്ഷനിൽ ഓഫീസ് പ്രവർത്തിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയാക്കാലത്തുപോലും അവയൊന്നും വാർത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്മെന്റ് അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കിൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി ബുക്സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.

മീശയുടെ പേരിൽ, ഹൈന്ദവതയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തിൽ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാസമൂഹമായിരുന്നില്ല. ശബരിമലയിൽ ഭക്തർക്കിടയിൽ കടന്നുകൂടി, ഭക്തരുടെ പേരിൽ അക്രമം നടത്തുന്ന അതേ കൂട്ടർ തന്നെയാണ് വായക്കാരെന്ന പേരിൽ മീശയ്ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിർത്താൻ അവർക്ക് കഴിയുന്നു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.

https://www.azhimukham.com/newsupdate-kamalramsajeev-resigns-from-mathrubhumi-after-divested-from-editorship-mathrubhumi-weekly/

https://www.azhimukham.com/offbeat-gopikrishnans-cartoon-on-abhimanyus-murder-criticised-saju/

https://www.azhimukham.com/kerala-meesha-novel-shareesh-controversy-nss-campaign-boycott-mathrubhumi/

https://www.azhimukham.com/newswrap-mathrubhumi-published-editorial-on-meesha-and-freedom-of-expression-writes-saju/

https://www.azhimukham.com/newswrap-where-gone-mp-veerendrakumar-writes-saju/

https://www.azhimukham.com/trending-mathrubhumi-cartoon-against-me-too-campaign/

Next Story

Related Stories