UPDATES

ഒടുവില്‍ മനിതി സംഘവും മടങ്ങി: പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാത്തിരുന്നത് ആറ് മണിക്കൂര്‍

അതിരാവിലെ പമ്പയിലെത്തിയ യുവതികളെ സന്നിധാനത്തെത്തിക്കാതെ പോലീസ് കാത്തിരുന്നത് പ്രതിഷേധക്കാര്‍ക്ക് വേണ്ടിയോ?

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷം ഈ സംഘം പമ്പയിലെത്തുമ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. അതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. എണ്ണത്തില്‍ കുറവുള്ള പോലീസ് സംഘത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. ഇന്നെത്തുമെന്ന് മനിതി സംഘം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാല്‍ തന്നെ സംഘര്‍ഷമുണ്ടാകുമെന്നത് നേരത്തെ തന്നെ ഉറപ്പുമുണ്ടായിരുന്നു. എന്നിട്ടും പോലീസ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

അതിരാവിലെ എത്തിയപ്പോള്‍ തന്നെ പോലീസിന് വേണമെങ്കില്‍ ഇവരെ സന്നിധാനത്ത് എത്തിക്കാമായിരുന്നു. ആ സമയത്ത് പ്രതിഷേധക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ മറികടക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ അതിന് ശ്രമിക്കാതെ യുവതികളെ പമ്പയില്‍ കാത്തിരുത്തുകയായിരുന്നു. ആര്‍ക്കാണ് വേണ്ടിയാണ് പോലീസ് ഇവിടെ കാത്തിരുന്നത്? സമയം കടന്നു പോകുന്തോറും പ്രതിഷേധക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ യുവതികള്‍ക്ക് മുന്നോട്ട് പോകാനുള്ള സാഹചര്യമില്ലാതെ വരികയായിരുന്നു. സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നതായിരുന്നു പോലീസിന്റെ ലക്ഷ്യമെങ്കില്‍ പ്രതിഷേധം ശക്തമാകുന്നതിന് മുമ്പ് തന്നെ പോലീസ് ഇവരെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു വേണ്ടത്. നിലയ്ക്കലില്‍ പോലും യുവതികളെ തടയാന്‍ ആരുമുണ്ടായില്ലെന്ന് ഓര്‍ക്കണം. പമ്പയില്‍ ഗാര്‍ഡ് റൂമിന് ശേഷമാണ് ഇവരെ തടയാന്‍ ആളുണ്ടായിരുന്നത്. കൂടാതെ മുന്‍കൂട്ടി പ്രഖ്യാപിച്ച വരവായിരുന്നിട്ടും തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരു ഉദ്യോഗസ്ഥനും ഇവിടെയുണ്ടായിരുന്നില്ലെന്നതും സംശയകരമാണ്. സ്ഥിതിഗതികള്‍ രൂക്ഷമായപ്പോഴാണ് ശബരിമലയുടെ പ്രത്യേക ചുമതലയുള്ള എസ് പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ സ്ഥലത്തെത്തിയത്.

ഒരു മന്ത്രി ഇങ്ങനെ മണ്ടത്തരം പറയാമോ? കടകംപള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ കള്ളക്കളി

യുവതികളെത്തി മണിക്കൂറുകള്‍ക്ക് ശേഷം കൂടുതല്‍ പ്രതിഷേധക്കാരെത്തിയപ്പോഴാണ് പോലീസ് നിരോധനാജ്ഞയുടെ കാര്യം ഓര്‍ക്കുന്നത് പോലും. മൈക്രോഫോണിലൂടെ ഇക്കാര്യം വിളിച്ചു പറയാനും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടാനും പോലീസ് തയ്യാറായത് പതിനൊന്നരയോടെ മാത്രമാണ്. ഇതിനിടെയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇവരുടെ പ്രവേശനത്തിന്റെ ഉത്തരവാദിത്വം ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷണ സംഘത്തിന് മേല്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു. എന്നാല്‍ അത് തങ്ങളുടെ ചുമതലയില്‍ പെടുന്ന കാര്യമല്ലെന്നാണ് മൂന്നംഗം സംഘം നിലപാടെടുത്തത്. ഇതോടെ മാത്രമാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പിരിഞ്ഞ് പോകണമെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടത്. മൂന്ന് വട്ടം വിളിച്ചു പറഞ്ഞിട്ടും പ്രതിഷേധക്കാര്‍ അതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തുകയാണുണ്ടായത്. അറസ്റ്റിന് ശേഷം ശബരിമലയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷിയില്‍ യുവതികള്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. എന്നാല്‍ പ്രതിഷേധക്കാരുടെ അക്രമത്തെ ഭയന്ന് യുവതികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറുകയായിരുന്നു. ആ ഓട്ടത്തില്‍ നിന്നു തന്നെ സ്ഥലത്തെ സംഘര്‍ഷാവസ്ഥയുടെ ഭീകരത വ്യക്തമാണ്. രാവിലെ തന്നെ എടുക്കാവുന്ന ഒരു തീരുമാനം വൈകിപ്പിച്ച് പ്രതിഷേധക്കാരെ അക്രമാസക്തരാക്കിയത് പോലീസ് ആണ്.

‘അവര്‍ വിശ്വാസികളല്ല, സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തേങ്ങ കുത്തിത്തുരക്കുന്നത് കണ്ടതല്ലേ?’ കെ സുരേന്ദ്രന്‍

മുമ്പ് തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് പോലീസ് പറഞ്ഞത്. നിലയ്ക്കലിന് മുമ്പുള്ള സുരക്ഷ പോലീസിന് ഏറ്റെടുക്കാനാകില്ലെന്ന് പറയുകയും ചെയ്തു. അതിന്റെ ഫലമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ പോലുമാകാതെ തൃപ്തി ദേശായി മടങ്ങിപ്പോകുകയും ചെയ്തു. എന്നാല്‍ മനിതി സംഘം പമ്പ വരെയും പോലീസിന്റെ സുരക്ഷിതത്വത്തിലാണ് എത്തിയത്. മാത്രമല്ല, പമ്പയില്‍ പ്രതിഷേധക്കാര്‍ കൂടിയതോടെ ഇവരെ മടക്കി അയയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. യുവതികള്‍ സ്വമേധയാ മടങ്ങുകയാണെന്നാണ് കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍ അവകാശപ്പെടുന്നത്. പോലീസ് വാഹനത്തില്‍ ഇവര്‍ നിലയ്ക്കലിലേക്കാണ് തിരിച്ചു പോകുന്നത്. പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്നാണ് മനിതി സംഘത്തിന് നേതൃത്വം നല്‍കുന്ന ശെല്‍വി പറഞ്ഞത്. തിരിച്ചുവരുമെന്നും ഇവര്‍ പറയുന്നു. ഈസമയത്ത് വയനാട്ടില്‍ നിന്നുള്ള ദലിത് ആക്ടിവിസ്റ്റ് അമ്മിണി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു. മനിതി സംഘത്തിലെ അംഗമായ അമ്മിണിയെ എരുമേലിയില്‍ വച്ച് പോലീസ് മടക്കിയയ്ക്കാനാണ് ശ്രമിച്ചത്. പ്രതിഷേധക്കാര്‍ കൂടിയതോടെ ഇവരെ എരുമേലി സ്‌റ്റേഷനില്‍ സുരക്ഷിതയാക്കുകയായിരുന്നു. അതേസമയം സംഘത്തിലെ മറ്റുള്ളവര്‍ മടങ്ങുന്നുവെന്ന് അറിഞ്ഞതോടെ ഇവരും മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയും ചെയ്തു. മനിതി സംഘാംഗങ്ങള്‍ പലരും ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂടി നിലയ്ക്കലില്‍ എത്തിച്ചേര്‍ന്ന ശേഷം സംയുക്തമായി മടങ്ങുമെന്നുമാണ് അമ്മിണി അറിയിച്ചിരിക്കുന്നത്.

എന്തായാലും ഇവിടെ വീണ്ടും പോലീസിന്റെ കുതന്ത്രം വിജയം കാണുകയാണ് ചെയ്തിരിക്കുന്നത്. മനിതി സംഘത്തെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതുമില്ല പ്രതിഷേധം ആളിക്കത്തിക്കാനും സാധിക്കുകയും ചെയ്തുവെന്നതാണ് പോലീസിന്റെ വിജയം. യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുക്കുക കൂടി ചെയ്തതോടെ പോലീസ് സുരക്ഷിത സോണിലാണ്. മനിതി സംഘത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തന്നാണ് എസ് പി അറിയിച്ചത്. പത്ത് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇവരെ പോലീസ് തിരിച്ചയയ്ക്കുന്നത്. യുവതികള്‍ സ്വമേധയാ മടങ്ങുകയാണെന്ന് പോലീസ് അവകാശപ്പെടുമ്പോള്‍ പോലീസ് നിര്‍ബന്ധിച്ച് മടക്കിയയ്ക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. മുമ്പും ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മടങ്ങിപ്പോയപ്പോള്‍ അവര്‍ സ്വമേധയാ മടങ്ങിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ആ അവകാശവാദങ്ങളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറയുമ്പോഴും യുവതികള്‍ പ്രവേശിക്കാതിരിക്കാനാണ് ശബരിമലയില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നെതന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബിജെപിക്കാരനായ ഗോപാലകൃഷ്ണനും പന്തളം ‘കൊട്ടാര’ത്തിലെ ശശികുമാരനും തമ്മില്‍ എന്താണ് ബന്ധം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍