TopTop
Begin typing your search above and press return to search.

പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ വായിലേക്ക് മൈക്ക്, പ്രതികളെ സിപിഎം സഹായിച്ചെന്ന് പറയിപ്പിച്ചെടുക്കല്‍: ഇതാണ് മനോരമയുടെ ജേണലിസം

പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ വായിലേക്ക് മൈക്ക്, പ്രതികളെ സിപിഎം സഹായിച്ചെന്ന് പറയിപ്പിച്ചെടുക്കല്‍: ഇതാണ് മനോരമയുടെ ജേണലിസം

കേരളത്തെ നടത്തിയ ദുരഭിമാനക്കൊലപാതകം ആദ്യം വാര്‍ത്തയാക്കിയെന്ന് അവകാശപ്പെടുമ്പോഴും മനോരമയ്ക്ക് നാണക്കേടിന്റെ ദിവസം. സെന്‍സേഷണലായി വാര്‍ത്ത ചെയ്യാനുള്ള മനോരമ ചാനലിന്റെ വ്യഗ്രതയാണ് ഒടുവില്‍ അവര്‍ക്ക് തന്നെ വിനയായത്‌. എറണാകുളം റിപ്പോര്‍ട്ടറായ ആഷാ ജാവേദിനെ കോട്ടയത്തെത്തിച്ച് നടത്തിയ റിപ്പോര്‍ട്ടിംഗിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിന് കാരണമായി.

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെക്കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമിച്ചതും അച്ഛന്‍ ജോസഫിനെക്കൊണ്ട് സിപിഎമ്മിനെതിരെ സംസാരിക്കാന്‍ നോക്കിയതുമാണ് ആഷയ്ക്ക് വിനയായത്. ഹൃദയം പൊട്ടി കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന നീനുവിനു നേരെ മറ്റ് ചാനലുകളുടെയും മൈക്കുകളും നീളുന്നുണ്ടെങ്കിലും ആഷയാണ് ആ കുട്ടിയോട് സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്. എന്താണെങ്കിലും തുറന്നു സംസാരിക്കാനും ഇതിനിടയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുകേള്‍ക്കുന്നതും നീനു, ജോസഫിന്റെ തോളിലേക്ക് ചാഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്യുന്നത്. ഈ സമയത്ത് ധൈര്യമായി നില്‍ക്കണമെന്ന് പറഞ്ഞ് വീണ്ടും നിര്‍ബന്ധിക്കുമ്പോഴാണ് നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണെന്നും അങ്ങനെ തന്നെ ഇനി ജീവിക്കുമെന്നും ആ പെണ്‍കുട്ടി കരച്ചിലിനിടയിലൂടെ പറയുന്നത്. ഇതിനെതിരെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തുന്നത്. 'ഇത് എന്ത് ജേണലിസമാണ്. ഈ ജേണലിസം ഏത് ക്ലാസിലാണ് പഠിപ്പിക്കുന്നത്' എന്നാണ് പലരും ചോദിക്കുന്നത്. 'പ്രണയിച്ച പുരുഷന്റെ കൊലപാതക വാര്‍ത്തയുടെ നടുക്കത്തില്‍ നിന്ന് ഇനിയെന്ത് എന്നുപോലും അറിയാതെ ശൂന്യതയില്‍ നോക്കി നെഞ്ചുപൊട്ടുമാറുച്ചത്തില്‍ അലമുറയിടുന്ന പെണ്‍കുട്ടിയോട് വായില്‍ മൈക്ക് കുത്തി വാര്‍ത്താ വിശേഷം ചോദിക്കുന്ന ആ അളിഞ്ഞ മനസുണ്ടല്ലോ ജാതിക്കൊല നടത്തിയ നികൃഷ്ട ജീവികളേക്കാള്‍ ഭീകരമാണ്' എന്ന് അനില്‍ പള്ളൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'ആ മൊത്തം തകര്‍ന്നിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നേരെ മൈക്ക് നീട്ടി അവള്‍ സ്‌നേഹിച്ചവനെ അത്ര ബ്രൂട്ടലായിട്ടാണ് കൊന്നതെന്ന് ഓര്‍മ്മിപ്പിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന ക്രൂരത കണ്ടിരിക്കാന്‍ വയ്യ!' എന്നാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകയായ അന്‍ഷ മുനീര്‍ പറയുന്നത്. 'പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച ആശ ജാവേദിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുക. അവര്‍ക്ക് പത്രപ്രവര്‍ത്തന മേഖലയില്‍ വിലക്കേര്‍പ്പെടുത്തുക' എന്നീ ആവശ്യങ്ങളും ഉയരുന്നുണ്ട്.

ഇതിനിടെ കെവിന്റെ പിതാവ് ജോസഫിനെക്കൊണ്ട് സിപിഎമ്മിനെതിരെ പറയിക്കാന്‍ ആഷ ശ്രമം നടത്തി എന്ന മട്ടിലും ചര്‍ച്ച ഉയര്‍ന്നു. 'ഈ സംഭവത്തില്‍ പ്രതികള്‍ക്ക് സിപിഎം സഹായം ലഭിച്ചിട്ടുണ്ടോ'യെന്നായിരുന്നു മനോരമ റിപ്പോര്‍ട്ടറുടെ ചോദ്യം. 'ആരുടെയോ പിന്‍ബലത്തില്‍ ആണ് അവര്‍ ചെയ്തത്, സിപിഐഎം നേതാക്കള്‍ പറഞ്ഞിട്ടു പോലും പോലീസ് അന്വേഷിച്ചില്ല' എന്നാണ് ജോസഫ് ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ 'സിപിഐഎമ്മിന്റെ സഹായം പ്രതികള്‍ക്ക് ലഭിച്ചതായി കെവിന്റെ അച്ഛന്‍' എന്നാണ് ആഷാ ജാവേദ് ഇതേക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ രണ്ടിന്റെയും വീഡിയോകള്‍ ഉള്‍പ്പെടെയാണ് മരണ വീട്ടില്‍ പോലും മര്യാദയില്ലാത്ത ജേണലിസത്തെ മറ്റ് ചാനലുകളും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ തുറന്നു കാട്ടുന്നത്.

എന്നാല്‍ ഇന്നലെ ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ ഏഷ്യാനെറ്റിന് കിട്ടിയ മൈലേജ് വീണ്ടെടുക്കാനുള്ള മനോരമയുടെ ശ്രമമാണ് ഈ ചോദ്യമെന്നാണ് പല മാധ്യമപ്രവര്‍ത്തകരും വിലയിരുത്തുന്നത്.


Next Story

Related Stories