ട്രെന്‍ഡിങ്ങ്

നരേന്ദ്രമോദി എന്ന Creative Disruptor: പുസ്തകപ്രകാശനം അമിത് ഷാ; മുഖ്യാതിഥി മാതൃഭൂമി എഡിറ്റർ പിവി ചന്ദ്രൻ

നേരത്തേ, എസ്. ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘപരിവാര്‍ അനുകൂല നിലപാടെടുത്ത സ്ഥാപനമാണ് മാതൃഭൂമി.

ശ്രീഷ്മ

ശ്രീഷ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യാതിഥിയായി മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രനും. ആര്‍എസ്എസ് സഹയാത്രികനായ ഡോ. ആര്‍ ബാലശങ്കര്‍ രചിച്ച Narendra Modi: Creative Disruptor, The maker of a New India എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് പ്രഭാഷകരിലൊരാളായി പി.വി ചന്ദ്രന്‍ പങ്കെടുക്കുക. മോദിയുടെ ഭരണനേട്ടങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ചടങ്ങില്‍ ഗ്രന്ഥകര്‍ത്താവ് ഡോ. ആര്‍. ബാലശങ്കര്‍, പ്രസാധകന്‍ കെ.പി.ആര്‍ നായര്‍ എന്നിവര്‍ക്കൊപ്പം അതിഥി പ്രഭാഷകനായാണ് പി.വി ചന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലും അതിന്റെ ഭാവിയിലും മോദി സൃഷ്ടിച്ചിട്ടുള്ള സ്വാധീനം അവലോകനം ചെയ്യുന്നു എന്നവകാശപ്പെടുന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. ആര്‍ ബാലശങ്കര്‍ ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളും ആര്‍എസ്എസിന്റെ അംഗീകൃത പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററും കൂടിയാണ്. തീര്‍ത്തും സംഘപരിവാര്‍ അനുകൂല പശ്ചാത്തലമുള്ളവര്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മാതൃഭൂമിയുടെ സാരഥിമാരിലൊരാള്‍ മുഖ്യാതിഥിയാവുന്നത്.

കുറേക്കാലമായി സംഘപരിവാര്‍ അനുകൂല ചായ്‌വിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന മാതൃഭൂമിയെപ്പോലൊരു പത്രസ്ഥാപനത്തിന്റെ മാനേജിംഗ് എഡിറ്റര്‍ പദവിയിലിരിക്കുന്നയാള്‍ മോദിയെയും ബിജെപിയുടെ ഭരണമികവിനെയും പ്രശംസിക്കുന്ന കൃതിയുടെ പ്രകാശനച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതോടെ, നേരത്തേ ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളുടെ അടിത്തറ ബലപ്പെടുകയാണ് എന്നും വാദങ്ങളുയര്‍ന്നിട്ടുണ്ട്. ബിജെപിയുമായോ ആര്‍എസ്എസുമായോ വളരെയധികം അടുപ്പം പുലര്‍ത്തുന്നവരാണ് ചടങ്ങില്‍ സംബന്ധിക്കുന്നവരെല്ലാവരും.

നേരത്തേ, എസ്. ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘപരിവാര്‍ അനുകൂല നിലപാടെടുത്ത സ്ഥാപനമാണ് മാതൃഭൂമി. നോവലിലെ ചില ഭാഗങ്ങള്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ തിരിഞ്ഞതോടെ, ആഴ്ചപ്പതിപ്പിലെ പ്രസിദ്ധീകരണം നിര്‍ത്തലാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതും വാര്‍ത്തയായിരുന്നു. എഡിറ്റോറിയല്‍ ബോര്‍ഡ് കഥാകൃത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുന്നതായി ആവര്‍ത്തിച്ചപ്പോഴും, നോവലിലെ പരാമര്‍ശങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീകളെ അവഹേളിക്കുന്നതാണ് എന്നുതന്നെയായിരുന്നു പി.വി ചന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായം.

മീശ വിവാദത്തിനു ശേഷം, സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിനെ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തിരുന്നു മാനേജ്‌മെന്റ്. നോവലിനൊപ്പം നില്‍ക്കുന്ന നിലപാടുകളെടുക്കുകയും, അതിനു മുന്‍പും ശേഷവും തീവ്ര ഹൈന്ദവ സംഘടനകള്‍ക്കെതിരായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന തനിക്ക് ഒട്ടേറെ തവണ അത്തരം വിഷയങ്ങളുടെ പുറത്ത് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നതായി കമല്‍റാം വ്യക്തമാക്കിയിട്ടുമുണ്ട്.

മാതൃഭൂമിയില്‍ നിന്നും രാജിവച്ച ശേഷം, അധികൃതര്‍ നടത്തിയിരുന്ന സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും കമല്‍റാം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാതൃഭൂമി കേരളത്തില്‍ നടത്തുന്നത് ഹിന്ദുസമൂഹത്തിലെ വായനക്കാരെ ഏകീകരിക്കാന്‍ ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതികളാണെന്നും, ശബരിമല വിഷയത്തില്‍ ‘ചങ്ങാത്ത മാധ്യമപ്രവര്‍ത്തന’മാണ് മാതൃഭൂമി നടത്തിയിട്ടുള്ളതെന്നുമായിരുന്നു കമല്‍റാമിന്റെ മറ്റ് ആരോപണങ്ങള്‍.

സംഘപരിവാറിന് കേരളത്തില്‍ കുടപിടിക്കുന്ന മാധ്യമസ്ഥാപനമാണ് മാതൃഭൂമി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, ദേശീയ തലത്തില്‍ സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകരായ ഡോ. ആര്‍ ബാലശങ്കറും അമിത് ഷായുമടക്കമുള്ളവര്‍ക്കൊപ്പം പി.വി ചന്ദ്രന്‍ വേദി പങ്കിടുന്നതും മുഖ്യാതിഥികളില്‍ ഒരാളാവുന്നതും.

സ്വാതന്ത്ര്യ സമര സേനാനി കൂടിയായ കെ.പി കേശവമോനോന്‍ 1923-ല്‍ ആരംഭിച്ചതാണ് കേരളത്തിലെ ദിനപത്രങ്ങളുടെ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മാതൃഭൂമി.

“കരയോഗക്കാര്‍ ഇനി മാതൃഭൂമി വായിക്കണ്ട” വീടുകള്‍ കയറിയിറങ്ങി എന്‍എസ്എസ്

“മതനിരപേക്ഷ ഇന്ത്യ നീണാല്‍ വാഴട്ടെ”: കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്ന് രാജി വച്ചു

‘മാതൃഭൂമി സംഘപരിവാറിന് വഴങ്ങുന്നു’; കമല്‍റാം സജീവിന് പിന്നാലെ മനില സി. മോഹനും രാജിവച്ചു

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍