UPDATES

ട്രെന്‍ഡിങ്ങ്

ഗിരീഷ്‌ കര്‍ണാട്: മി ടു അര്‍ബന്‍ നക്‌സല്‍, കലാകാരന്‍ എന്ന നിലയില്‍ ഒരു സംഘ്പരിവാര്‍ വിരുദ്ധ ആക്ടിവിസ്റ്റിന്റെ ജീവിതം

ബംഗളൂരു വിമാനത്താവളത്തിന്റെ പേര്‌ ടിപ്പുസുല്‍ത്താന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളമെന്നാക്കണമെന്ന് കര്‍ണാട് ആവശ്യപ്പെട്ടതോടെയാണ് ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറിയത്

പ്രശസ്ത നാടകകൃത്തും നടനുമായ ഗിരിഷ് കര്‍ണാട് ഇന്ന് ബംഗളൂരുവിലെ വസതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിരിക്കുകയാണ്. 2017 സെപ്തംബര്‍ അഞ്ചിന് ഗൗരി ലങ്കേഷ് സനാതന്‍ സന്‍സ്തയെന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഗൗരി ലങ്കേഷിന് മുമ്പ് ഇവര്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത് ഗിരിഷ് കര്‍ണാടിനെയാണെന്ന് അന്ന് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലെ ആദ്യത്തെ പേര് ഗിരിഷ് കര്‍ണാടിന്റേതാണെന്നും രണ്ടാമതാണ് ഗൗരിയുടേതെന്നുമാണ് അന്ന് പിടിയിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എഴുത്തുകാരി ബി ടി ലളിത നായിക്, ആത്മീയാചാര്യനും നിടുമമിദി മഠാധിപതിയുമായ വീരഭദ്ര ചിന്നമല്ല സ്വാമി, സി എസ് ദ്വാരകാനാഥ് എന്നിവരുടെ പേരുകളാണ് ഇവര്‍ക്കൊപ്പം ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ കടുത്ത വിമര്‍ശകരാണ് ഇവരെല്ലാം.

ഗൗരി ലങ്കേഷിന്റെ ചരമ വാര്‍ഷികത്തില്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തപ്പോഴും തന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ അദ്ദേഹം വ്യക്തമായും പ്രകടിപ്പിച്ചിരുന്നു. “മീ ടൂ അര്‍ബന്‍ നക്‌സല്‍” എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ചായിരുന്നു കര്‍ണാട് അന്ന് സദസിലിരുന്നത്. ഇതിനെതിരെ എന്‍ പി അമൃതേഷ് എന്ന അഭിഭാഷകന്‍ വിധാന സൗധ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഭിമ-കൊറെഗാവന്‍ കലാപത്തില്‍ കര്‍ണാടിനുള്ള പങ്കും നക്‌സലുകളുമായി അദ്ദേഹത്തിനുള്ള ബന്ധവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കര്‍ണാടിന് പ്രതിഷേധിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ജ്ഞാനപീഠ, പത്മപുരസ്‌കാരങ്ങള്‍ തിരികെ നല്‍കണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെട്ടു.

നാടകകൃത്ത്, നടന്‍, ചലച്ചിത്ര സംവിധായകന്‍, കന്നഡ എഴുത്തുകാരന്‍ എന്നീ നിലകളില്‍ സജീവമായി നില്‍ക്കുമ്പോഴും ശക്തമായ സമൂഹികമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിരുന്നത്. ജ്ഞാനപീഠം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ അംഗീകരിച്ചു. മഹാരാഷ്ട്രയിലെ മാതേരനില്‍ ഒരു കൊങ്കിണി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ യക്ഷഗാനം, നാടകം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹം തന്റെ നാട്ടിന്‍പുറത്തു നിന്നും നേടിയിരുന്നു. ധാര്‍വാഡിലെ കര്‍ണാടക സര്‍വകലാശാലയില്‍ നിന്നും 1958ല്‍ ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിലെ ലിങ്കണ്‍ കോളേജില്‍ നിന്നും മഗ്ദലെന്‍ കോളേജില്‍ നിന്നും ഫിലോസഫിയിലും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. ചിക്കാഗോയിലെ ഫുള്‍ബ്രൈറ്റ് സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു അദ്ദേഹം.

കന്നഡയില്‍ നാടകങ്ങള്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കൃതികള്‍ വ്യാപകമായി ഇംഗ്ലീഷിലേക്കും പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ ആഗ്രഹിക്കാതിരുന്ന അദ്ദേഹം ഇംഗ്ലീഷിലോ തന്റെ മാതൃഭാഷയായ കൊങ്കിണിയിലോ അദ്ദേഹം ഒരിക്കലും നാടകം എഴുതിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കര്‍ണാട് എഴുതിത്തുടങ്ങുമ്പോള്‍ കന്നഡ സാഹിത്യം പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനത്തില്‍ മാറ്റത്തിന്റെ പാതയിലായിരുന്നു.

ഈയൊരു സാഹചര്യത്തില്‍ സമകാലിക വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ പുരാണ, ചരിത്ര വിഷയങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയൊരു രീതിയാണ് കര്‍ണാട് അവലംബിച്ചത്. അദ്ദേഹത്തിന്റെ ആദ്യ നാടകമായ യയാതി(1961) മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ഐറണികളെ പരിഹസിക്കുന്നതായിരുന്നു. നാടകം വിജയമായതോടെ മറ്റ് ചില ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. 1964ല്‍ പുറത്തിറങ്ങിയ തുഗ്ലക്കോടെ രാജ്യത്തെ ഏറ്റവും പ്രതീക്ഷയുള്ള നാടകകൃത്തായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ പല നാടകങ്ങളും തര്‍ജ്ജമ ചെയ്തത് ഡോ. ഭാര്‍ഗവി റാവു ആണ്.

വംശവൃക്ഷ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടി. അതിന് മുമ്പ് യുആര്‍ അനന്തമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത സംസ്‌കാര എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കന്നഡ സിനിമയില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് ഇത്. കന്നഡയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തബ്ബലിയു നീനഡെ മഗനെ, ഒന്‍ഡാനൊണ്ടു കാലഡല്ലി, ചെലുവി, കാട് എന്നിവയാണ് കന്നഡയിലെ പ്രശസ്ത ചിത്രങ്ങള്‍. ഉത്സവ്, ഗൊദ്ദുലി ആന്‍ഡ് റീസന്റ് പുകാര്‍ എന്നിവ ഹിന്ദി ചലച്ചിത്രങ്ങളും. കന്നഡ എഴുത്തുകാരന്‍ കൂവെമ്പിന്റെ നോവലിനെ അടിസ്ഥാനമാക്കി കാനൂരു ഹെഗ്ഗദിതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 1999ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. എപിജെ അബ്ദുള്‍ കലാമിന്റെ വിംഗ്‌സ് ഓഫ് ഫയര്‍ എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പില്‍ കലാമിന് ശബ്ദം കൊടുത്തിരിക്കുന്നത് കര്‍ണാട്.

വിവാദങ്ങളും എന്നും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ് ഹിന്ദു സംഘടനകള്‍ ഇദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നതും. 2012ല്‍ മുംബൈയില്‍ നടന്ന ടാറ്റാ സാഹിത്യോത്സവത്തില്‍ നാടകത്തിലെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയ കര്‍ണാട് വി എസ് നായ്പാള്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. നായ്പാളിന് ഈ സാഹിത്യോത്സവത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. നായ്പാളിനെ പോലൊരാളെ ആദരിക്കുന്നതിന് കര്‍ണാട് സംഘാടകരെ വിമര്‍ശിക്കുകയും ചെയ്തു. രബീന്ദ്രനാഥ ടാഗോര്‍ ഒരു രണ്ടാം നിര നാടകകൃത്താണെന്നും അദ്ദേഹത്തിന്റെ നാടകങ്ങള്‍ അസഹനീയമാണെന്നും കര്‍ണാട് പറഞ്ഞതും വിവാദമായി. 2015 നവംബറില്‍ ടിപ്പു സുല്‍ത്താന്‍ ജന്മവാര്‍ഷികത്തില്‍ ബംഗളൂരു വിമാനത്താവളത്തിന്റെ പേര്‌ ടിപ്പുസുല്‍ത്താന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളമെന്നാക്കണമെന്ന് കര്‍ണാട് ആവശ്യപ്പെട്ടതോടെയാണ് ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറിയത്.

read more:പ്രശസ്ത നാടകകൃത്ത് ഗിരീഷ് കര്‍ണാട് അന്തരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍