TopTop

മതതീവ്രവാദിയെ വേണ്ട: ക്വിറ്റ് മിസോറാമെന്ന് കുമ്മനത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍

മതതീവ്രവാദിയെ വേണ്ട: ക്വിറ്റ് മിസോറാമെന്ന് കുമ്മനത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍
മിസോറാം ഗവര്‍ണറായി ചുമതലയേറ്റ മുന്‍ കേരള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാനം വിട്ടുപോകണമെന്ന് മിസോറാമില്‍ ആവശ്യം ശക്തം. അഴിമതി വിരുദ്ധ നിരീക്ഷകരായി പ്രവര്‍ത്തനമാരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം(പ്രിസം)ന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തിയ മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

മിസോറാമിലെ പ്രധാനപ്പെട്ട 13 ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ എംകെഎച്ച്‌സിക്കും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുസമൂഹ സംഘടനകള്‍ക്കും പ്രിസം ഇതു സംബന്ധിച്ച് കത്തയച്ചു. കുമ്മനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് പറയുന്ന പ്രിസം ഒരു മതതീവ്രവാദിയെ സംസ്ഥാനത്തിന് ഗവര്‍ണറായി വേണ്ടെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ മതസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കുമ്മനത്തെ സംസ്ഥാനത്തു നിന്നും പുറത്താക്കണം. ഇയാള്‍ സംസ്ഥാനം വിട്ടുവെന്ന് എത്രയും വേഗം ഉറപ്പാക്കണമെന്നും പ്രിസം ആവശ്യപ്പെടുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കുമ്മനമെടുത്ത നിലപാടുകളാണ് ഇവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. ക്രിസ്തീയ വിശ്വാസത്തിനെതിരെ കുമ്മനം സംഘടിപ്പിച്ച നിലയ്ക്കല്‍ സമരവും ആറന്മുള മാരാമണ്‍ കണ്‍വെന്‍ഷന്‍ സമരവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ മതേതര വിരുദ്ധ നിലപാടുകളാണ് കുമ്മനത്തിന്റേത്.

ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദുഐക്യവേദി എന്നീ തീവ്ര ഹിന്ദു സംഘടനകളുടെ സജീവ പ്രവര്‍ത്തകനായ കുമ്മനം ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും ക്രിസ്തുമത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. 1983ലെ നിലയ്ക്കല്‍ ഹിന്ദു-ക്രിസ്ത്യന്‍ കലാപത്തിന്റെ കാരണക്കാരായിരുന്ന നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് മിസോറാമിന്റെ പുതിയ ഗവര്‍ണര്‍. 2003ല്‍ അമ്പത് ക്രിസ്ത്യന്‍ മിഷണറിമാരെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികത്തില്‍ സുവിശേഷ പ്രസംഗത്തെ കുറിച്ച് സംസാരിച്ച കേരള ചീഫ് സെക്രട്ടറി തോംസണിനെതിരെ ഗവര്‍ണറോട് നടപടി ആവശ്യപ്പെട്ട വ്യക്തിയാണ് കുമ്മനം. ഇതില്‍ നിന്നും പുതിയ ഗവര്‍ണറുടെ ക്രിസ്തുമത വിരുദ്ധ നിലപാടുകള്‍ വ്യക്തമാണ്. നേരത്തെ കുമ്മനത്തിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു.

ചൊവ്വാഴ്ചയാണ് കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേറ്റത്. മിസോറാമിലേക്ക് വരുന്നത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും ഇവിടുത്തെ ഗവര്‍ണറാകുന്നത് തന്നെ സംബന്ധിച്ച് സുവര്‍ണാവസരമാണെന്നുമാണ് നിയമനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുമ്മനം പ്രതികരിച്ചത്. മിസോറാം ജനതയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തന്നെക്കൊണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും കുമ്മനം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവും വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ, കാര്‍ഷിക രംഗങ്ങളിലെ പുരോഗതിയുമാണ് തന്റെ ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും ഇവിടുത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നുമാണ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കുമ്മനം പറഞ്ഞത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories