Top

ആള്‍ക്കൂട്ടഹിംസ ഒരു ക്രമസമാധാന പ്രശ്നമല്ല; അതൊരു രാഷ്ട്രീയ വെല്ലുവിളിയാണ്

ആള്‍ക്കൂട്ടഹിംസ ഒരു ക്രമസമാധാന പ്രശ്നമല്ല; അതൊരു രാഷ്ട്രീയ വെല്ലുവിളിയാണ്
ആള്‍ക്കൂട്ടത്തിന്റെ (mob) ഹിംസ എന്നു ഒഴുക്കനെ പറഞ്ഞ് തിരുവനന്തപുരത്ത് ഒരു മനുഷ്യനെതിരെ നടന്ന ആക്രമണത്തെ തള്ളിക്കളയരുത്. ആക്രമിക്കപ്പെട്ടത് ഒരു transgender ആണെന്നുള്ളത് സമൂഹത്തിന്‍റെ അലസനിശ്ശബ്ദതയുടെ മുകളില്‍ അരാഷ്ട്രീയ കമ്പിളി പുതയ്ക്കാന്‍, ഒന്നുകൂടി സൌകര്യമായല്ലോ എന്ന അധമത്വത്തില്‍ മുഴുകരുത്. അസാധാരണമായ വേഗത്തില്‍ സകല ജനാധിപത്യബോധങ്ങളില്‍ നിന്നും വഴിമാറി നടക്കാന്‍ പ്രാപ്തിയുള്ള ഒരു സമൂഹമായി മലയാളികള്‍ മാറുകയാണ്. ആ സമൂഹത്തിന്‍റെ ചെറിയ പതിപ്പുകളാണ് ഇത്തരം ആള്‍ക്കൂട്ടങ്ങള്‍. ഈ ആള്‍ക്കൂട്ടത്തെ വെറുപ്പിന്‍റെ രാഷ്ടീയത്തില്‍ ജ്ഞാനസ്നാനം നടത്തിയാണ് തവിട്ടുകുപ്പായക്കാരും കറുത്ത കുപ്പായക്കാരുമൊക്കെ അധികാരത്തിലേക്ക് നടന്നുകയറിയത്. ഈ ആള്‍ക്കൂട്ടമാണ് ബാബറി മസ്ജിദിലേക്ക് ഇരച്ചു കയറിയത്, മുംബൈയിലും ഗുജറാത്തിലും ഇപ്പോള്‍ യു പിയിലെ ചെറുനഗരങ്ങളിലും ആക്രമണത്തിന്‍റെ ആനന്ദനീതി നടപ്പാക്കിയത്.

എന്നാല്‍ ഇങ്ങനെയൊരു ആള്‍ക്കൂട്ടം വെറുതെയുണ്ടാകില്ല. അതിനു നിലനില്‍ക്കാനാവുന്ന ഒരു political-economy ഉണ്ടാകണം. അതിനെ ഉണ്ടാക്കുന്ന അധികാര വ്യവഹാരങ്ങള്‍ ഉണ്ടാകണം. അത് പ്രതിഫലിപ്പിക്കുന്ന ഹിംസ ഭരണകൂടത്തിന്‍റെ ഹിംസയാണ്. അധികാരത്തിന്‍റെ യുക്തിയാണ്. സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ചോദ്യം ചെയ്യപ്പെടാന്‍ ഇഷ്ടമില്ലാത്ത സ്വേച്ഛാധികാരത്തിന്‍റെ ഭാഷയാണ്.

ആള്‍ക്കൂട്ടം ചോദ്യം ചെയ്യുക വ്യവസ്ഥയെ ആണെന്ന് പുറമേക്ക് തോന്നാമെങ്കിലും, അവര്‍ അസഹിഷ്ണുക്കളാകുന്നത് വ്യവസ്ഥ വിരോധികള്‍ക്കെതിരെയാണ്. ക്രമം തെറ്റിക്കുന്നവരെയാണ് അവര്‍ ആക്രമിക്കുന്നത്. അതുകൊണ്ടാണവര്‍ സ്വവര്‍ഗാനുരാഗികളെ, transgender ആയവരെ, ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ, സദാചാരാചാരങ്ങളെ ലംഘിക്കുന്നവരെ, കുടുംബത്തിന് പുറത്തുള്ള ലൈംഗികതയെ, ഭിക്ഷക്കാരെ, വികൃതികള്‍ എന്നാക്ഷേപിക്കപ്പെടുന്ന കുട്ടികളെയെല്ലാം ആക്രമിക്കുന്നത്. അവരൊരിക്കലും ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുണ്ടാക്കില്ല, മതവ്യവസ്ഥകളെ ലംഘിക്കില്ല. ആള്‍ക്കൂട്ടത്തിന്‍റെ ഹിംസ ഉപരിവര്‍ഗ വിരുദ്ധമായ രാഷ്ട്രീയ സമരങ്ങളോ മുന്നേറ്റങ്ങളോ ആയി രൂപപ്പെടാത്തത് അതുകൊണ്ടാണ്. രാഷ്ട്രീയബോധത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘടിതമായ ജനവും അവരുടെ സംഘടിതമായ പ്രക്ഷോഭവും, ആള്‍ക്കൂട്ടവും തമ്മില്‍ വ്യത്യാസമുണ്ടാകുന്നത് ഇതുകൊണ്ടാണ്. വലിയ രാഷ്ട്രീയസമരങ്ങളുടെ കാലത്ത് ജനങ്ങള്‍ നടത്തുന്ന ഹിംസാത്മകമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ആള്‍ക്കൂട്ട ഹിംസയും തമ്മില്‍ സമാനതകളില്ലാതെ പോകുന്നത് അതുകൊണ്ടാണ്.

http://www.azhimukham.com/keralam-transgender-attacked-at-thiruvananthapuram/

ഭരണകൂടത്തിന്‍റെ ഹിംസയ്ക്ക് ആള്‍ക്കൂട്ട ഹിംസയോട് എതിര്‍പ്പില്ല. എന്നാല്‍ രാഷ്ട്രീയബോധമുള്ള സംഘടിത ജനക്കൂട്ടത്തോട് അതങ്ങനെയല്ല പ്രതികരിക്കുക. ഈ ആള്‍ക്കൂട്ടഹിംസയെ എപ്പോള്‍ വേണമെങ്കിലും വ്യവസ്ഥാവിരുദ്ധര്‍ക്കു നേരെ അഴിച്ചുവിടാവുന്ന ഒന്നാണെന്ന് ഭരണകൂടത്തിനറിയാം. ആള്‍ക്കൂട്ടത്തിന്‍റെ കണ്ണുകള്‍ ഭരണകൂടത്തിന്‍റെതാണ്, പുരുഷാധിപത്യ സമൂഹത്തിന്‍റെതാണ്. അതുകൊണ്ടാണ് അവര്‍ കുടുംബബാഹ്യ ലൈംഗികതയിലേക്ക് സദാചാര ഭീകരന്മാരായി എത്തുന്നത്, ഭാഷയോ വസ്ത്രധാരണമോ ശാരീരിക ചേഷ്ടകളോ എന്തും അവര്‍ക്കിടപ്പെടാവുന്ന വിഷയങ്ങളാകുന്നത്.

http://www.azhimukham.com/viral-afroamerican-answer-to-the-question-what-was-the-most-racist-encounter-you0-had-in-a-country-you-visited/

അനീതിക്കെതിരെ ആള്‍ക്കൂട്ടങ്ങള്‍ പ്രതികരിക്കാറില്ല. ആള്‍ക്കൂട്ടത്തിന്റെ നീതി ഹിംസയുടേതാണ്. ഹിംസാത്മകമായ ഭരണകൂടസംവിധാനത്തിന്‍റെ ഉന്മാദം നിറഞ്ഞ പതിപ്പുകളാണ് ആള്‍ക്കൂട്ടം. വരൂ നിങ്ങള്‍ക്ക് കുപ്പായവും കുറുവടികളും തരാം, കൊല്ലൂ, ബലാത്സംഗം ചെയ്യൂ എന്നു ഭരണകൂടം പറയുമ്പോള്‍ തൊട്ട് അവര്‍ അച്ചടക്കമുള്ള സേനയായി മാറും. ആള്‍ക്കൂട്ടത്തിന്‍റെ ഹിംസ കണ്ടു നിശബ്ദരായിരിക്കരുത്. നിങ്ങളുടെ അടിവസ്ത്രത്തിന്റെ നിറവും കൊല്ലപ്പെടേണ്ട സമയവും വരെ നിശ്ചയിക്കാന്‍ പോന്ന രൂപമാണത്.

http://www.azhimukham.com/offbeat-malayalis-fear-of-other-writes-yasir/

ജനാധിപത്യരാഷ്ട്രീയം ചോര്‍ന്നുപോകുന്ന ഒരു സമൂഹത്തില്‍, നേതാവിന്‍റെ കാര്‍ക്കശ്യത്തെക്കുറിച്ച് വാചാലരാകുന്ന സമൂഹത്തില്‍, സംഘടിതമായ ജനാധിപത്യ പ്രതിഷേധങ്ങളെ മനോവീര്യമുള്ള പൊലീസ് തല്ലിയൊതുക്കുന്ന ഒരു കേരളത്തില്‍, തിരുവനന്തപുരത്ത് വലിയതുറയില്‍ കണ്ട ആള്‍ക്കൂട്ടം, ഭിക്ഷക്കാരെ തല്ലാന്‍ വടിയുമായി കാവല്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടം, ഉമ്മവെക്കുന്നവരെ അടിച്ചോടിക്കുന്ന ആള്‍ക്കൂട്ടം, സ്ത്രീകളുടെ അച്ചടക്കത്തെക്കുറിച്ച് വാചലാരാകുന്ന ആള്‍ക്കൂട്ടം നമ്മില്‍ നിന്നും സംഘടിതമായ ജാഗ്രത ആവശ്യപ്പെടുന്നു.

ആള്‍ക്കൂട്ടഹിംസ ഒരു ക്രമസമാധാന പ്രശ്നമല്ല; അതൊരു രാഷ്ട്രീയ വെല്ലുവിളിയാണ്.

(ഫേസ്ബുക്ക് പോസ്റ്റ്)

http://www.azhimukham.com/news-wrap-salute-to-sanusha-boldly-revealing-attack-during-train-journey-writes-sajukomban/

http://www.azhimukham.com/kerala-police-atrocity-against-dhrm-activists-kuruvalla-dalit-colony-krdhanya/

Next Story

Related Stories