TopTop

'രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?' തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയിലും സദാചാര പോലീസിന്റെ ചോദ്യം

തിരുവനന്തപുരത്ത് കവടിയാറില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടം തലസ്ഥാന നഗരത്തെ ഞെട്ടിച്ചു. നഗരത്തില്‍ വാഹന റേസിംഗിന്റെ പേരില്‍ കുപ്രസിദ്ധമായ വെള്ളയമ്പലം-കവഡിയാര്‍ റോഡില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. രാജ്ഭവന് മുന്നില്‍ അമിതവേഗതയില്‍ വന്ന സ്‌കോഡ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ തലകീഴായി മറിയുകയും ചെയ്തു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയും ഓട്ടോ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാര്‍ റെയ്‌സിംഗും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഈ അപകടത്തെക്കുറിച്ച് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഇന്ന് രാവിലെ മുതല്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ അപകടത്തെക്കുറിച്ചും അപകടത്തിന് കാരണമായ റെയ്‌സിംഗിനെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നതിന് പകരം പെണ്‍കുട്ടികള്‍ രാത്രിയില്‍ എന്തിനാണ് യാത്ര ചെയ്തത് തുടങ്ങിയ സദാചാര പോലീസ് ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.

മാധ്യമപ്രവര്‍ത്തകനായ ടി സി രാജേഷ് ഈ അപകടത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെയാണ് എഴുത്തുകാരനായ ശ്രീകണ്ഠന്‍ കരിക്കകം ഇങ്ങനെ ചോദിക്കുന്നത്. 'സര്‍വ്വ പുച്ഛം, അഹന്ത, അഹങ്കാരം, 'ഞാന്‍' എന്ന അതിരു കടന്ന, ആത്മ വിശ്വാസം. സഹതപിക്കുകയല്ല, ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? എന്ന് വളരെ വിശദമായി പഠിക്കുകയാണ് വേണ്ടത്. രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്? അതും മല്‍സര ഓട്ടം നടത്തുന്ന കാറില്‍? ആകാം. സദാചാര പോലീസൊന്നും ചമയുകയല്ലേ, വെറുതെ .... ചോദിച്ചു പോകുന്നു' എന്നാണ് അദ്ദേഹത്തിന്റെ കമന്റ്. അതേസമയം അവര്‍ എന്തിന് യാത്ര ചെയ്തു എന്നതല്ലല്ലോ ഇവിടെ പ്രശ്‌നം എന്ന് ചോദിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം സദാചാരം തന്നെയാണെന്ന് വ്യക്തമാകുന്നുമുണ്ട്. 'ജനിപ്പിച്ച തന്തയും, തള്ളയും ചോദിക്കേണ്ടതാണ്. കുറഞ്ഞ പക്ഷം നാട്ടുകാരെങ്കിലും. അതുമല്ലെങ്കില്‍ ഈ രാജ്യത്തെ നിയമ വ്യവസ്ഥ. അത്രയും കഴിഞ്ഞാണ് എന്റെ എളിയ സംശയം' എന്നായിരുന്നു പിന്നീടുണ്ടായ മറുപടി.


'പെണ്‍കുട്ടികള്‍ എന്തിനാണ് 12 മണിക്ക് യാത്രചെയുന്നതെന്ന് ചോദിക്കാന്‍ തല്‍ക്കാലം നിയമം ഇല്ല' എന്നും 'ഇപ്പോ പെണ്‍കുട്ടികള്‍ യാത്ര ചെയ്തതായോ പ്രശ്‌നം? മറ്റവന്‍ ഓവര്‍ സ്പീഡ് കാണിച്ചതോ ബെല്‍റ്റിടാത്തതോ അല്ല' എന്നുമുള്ള ഓര്‍മ്മപ്പടുത്തലിനും ശ്രീകണ്ഠന്‍ കരിക്കകത്തിന്റെ മറുപടി സമാനമായ ഭാഷയില്‍ തന്നെയാണ്. 'ഞാന്‍ എന്റെ അമ്മയെ, സഹോദരിയെ, മകളെ ഇങ്ങനെ വിടില്ല. ആരുടെ സഹോദരിയേയും, അമ്മയേയും, മകളേയും മല്‍സര ഓട്ടം ഓടാന്‍ തയ്യാറായ കാറിലേക്ക് ക്ഷണിക്കുകയുമില്ല.താങ്കള്‍ക്കാകാം. സ്വാതന്ത്ര്യമുണ്ട്.ഒരു സംശയവുമില്ല. പക്ഷേ, അവരെ ഇങ്ങനെ കൊല്ലാന്‍ പാടില്ല. നിയമം ഇല്ല. പക്ഷേ, ഈ എഴുത്ത് ആരെ ധരിപ്പിക്കാനാണ്' എന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ ചോദ്യം.

അച്ഛനെ സഹോദരനെ മകനെ വിടുമോ? ക്ഷണിക്കുമോയെന്ന ചോദ്യമാണ് അതോടെ ഉയരുന്നത്. എന്നാല്‍ 'നമുക്ക് കൈ കൊടുത്ത് പിരിയാം. വിഷയം നിങ്ങള്‍ക്ക് ബോധ്യമായി. ഇനി തര്‍ക്കം വേണ്ട. വിധിയെ ആര്‍ക്കും തടയാനാകില്ല. നാളെ പുതിയ കാറുമായി ഇറങ്ങിക്കോ....' എന്ന് പറഞ്ഞ് തലയൂരാനാണ് പിന്നീട് ഇദ്ദേഹത്തിന്റെ ശ്രമം.'ചോര തന്നെ കൊതുകുന് കൗതുകം. ഇവിടെ ചര്‍ച്ച ചെയ്യുന്നത് സമയത്തെ കുറിച്ചോ പെണ്കുട്ടികള് രാത്രി പുറത്തു ഇറങ്ങുന്നതിനെക്കുറിച്ചോ അല്ല ഡ്രൈവിംഗിലെ അപാകത, അശ്രദ്ധ, നിയമലംഘനം എന്നിവയെ കുറിച്ചാണ്. Shame' എന്ന് ഒരാള്‍ വിമര്‍ശിക്കുന്നതോടെ 'മല്‍സര ഓട്ടം എങ്ങനെ ഡ്രൈവിംഗിലെ അപാകതയാവും?അഹങ്കാരം! ഹുങ്ക്! അടിച്ച് കരണക്കുറ്റി പൊട്ടിക്കണം. അതിന് കഴിവുള്ള പോലീസ് ഓഫീസേഴ്‌സ് ഉണ്ടാകണം. രാത്രിയും, പകലും ഒരു പോലെ എല്ലാര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാകണം. ഒരു തര്‍ക്കവുമില്ല. അതില്ല, എന്നത് സത്യമായി തുടരുമ്പോഴും' എന്ന് പറഞ്ഞ് സംവാദം അവസാനിപ്പിക്കുകയാണ് ശ്രീകണ്ഠന്‍ കരിക്കകം.

ഇത്തരം മത്സര ഓട്ടങ്ങള്‍ അവസാനിപ്പിക്കണമെന്നത് തദ്ദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. രാത്രികാലങ്ങളില്‍ ഇതുവഴി കടന്നുപോകുമ്പോള്‍ പലപ്പോഴും അപകടത്തില്‍ പെട്ട വാഹനങ്ങള്‍ കാണാനാകും. അതിനുള്ള ശാശ്വത പരിഹാരത്തിനായി ശ്രമിക്കേണ്ടപ്പോഴാണ് ഒരു എഴുത്തുകാരന്‍ തന്നെ പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നതിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.


Next Story

Related Stories