TopTop
Begin typing your search above and press return to search.

ലാവ്‌ലിന്‍: പിണറായി മറികടന്നത് വര്‍ഷങ്ങള്‍ നീണ്ട അഗ്നിപരീക്ഷ

ലാവ്‌ലിന്‍: പിണറായി മറികടന്നത് വര്‍ഷങ്ങള്‍ നീണ്ട അഗ്നിപരീക്ഷ

പിണറായി വിജയനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ നിരവധി താത്പര്യക്കാര്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ലാവ്‌ലിന്‍ കേസെന്നാണ് സിപിഎം നിരന്തരമായി പറയുന്നത്. രാഷ്ടീയപ്രതിയോഗികള്‍ സമയാസമയത്ത് അദ്ദേഹത്തിനെതിരായി ലാവ്‌ലിന്‍ കേസ് ഫലപ്രദമായി ഉപയോഗിച്ചു. സ്വന്തം പാളയത്തില്‍ പോലും ഗൂഡാലോചന നടന്നു. ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. സിബിഐ തന്നെ പിണറായിയെ വേട്ടയാടിയതായി ഇപ്പോള്‍ ഹൈകോടതി വിധി പറഞ്ഞത് തനിക്കെതിരായി നടന്ന ആക്രമണത്തിന്റെ തെളിവാണെന്ന് വിധിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി തന്നെ വ്യക്്തമാക്കി.

കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി കാരറില്‍ ഒപ്പുവെച്ചത്‌ 1996 ലെ എകെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന കാര്‍ത്തികേയനാണ്. തുടര്‍ന്നു1996 മെയില്‍ നായനാര്‍ മന്ത്രിസഭക്ക് ആ കരാര്‍ പിന്തുടരേണ്ടി വന്നു. മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് കരാര്‍ റദ്ദാക്കാനായില്ല. കരാര്‍ റദാക്കാതിരിക്കാനുളള എല്ലാ കുരുക്കുകളും മുന്‍ സര്‍ക്കാര്‍ തന്നെ ചെയ്തിരുന്നുവെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കരാര്‍ നിലനിര്‍ത്തുന്നതിനായി കമ്പനി നല്‍കിയ കമ്മീഷന്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ചിലവഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2001 ല്‍ തിരികയെത്തിയഎ.കെ ആന്റണിയുടെ നേതൃത്വത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭരണപരാജയം മറച്ചുവെക്കുന്നതിനാണ് ലാവ്ലിന്‍ കേസ് രാഷ്ടീയമായി ഉപയോഗിച്ചതെന്നാണ് ഇടതുവക്താക്കള്‍ വാദിക്കുന്നത്.

ലാവലിന്‍ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്നിട് പിണറായിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. മാധ്യമങ്ങളും അദ്ദേഹത്തെ വെറുതെ വിട്ടില്ല. പിണറായിയുടെ അന്നത്തെ രാഷ്ട്രീയപ്രതിയോഗികള്‍ കേസിനെ ശക്തമാക്കാന്‍ ദില്ലിയില്‍ ഗൂഡാലോചന നടത്തിയതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. പ്രമുഖ അഭിഭാഷകന്‍ ശാന്തി ഭൂഷനെ നന്ദകുമാറിനുവേണ്ടി ഹാജാരാക്കാന്‍ പ്രമുഖ രാഷ്ടീയനേതാവ് ശ്രമിച്ചു. സാധാരണയായി സത്യന്ധമായ വക്കാലത്തുമാത്രം വാദിക്കാറുളള അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ലാവ്ലിന്‍ കേസില്‍ അഭിഭാഷകാനാക്കാന്‍ പ്രേരിപ്പിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വിശ്വസിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും പിണറായി വിജയന്റെ പിറകില്‍ ചാട്ടുളി എറിയുന്നതില്‍ ചിലര്‍ രംഗത്തുവന്നു. അതോടെ പിണറായിയുടെ രാഷ്ടീയഭാവിതന്നെ പലഘട്ടത്തിലും പ്രതിസന്ധിയാലാക്കി. ഉത്തരേന്ത്യന്‍ പത്രങ്ങളില്‍ പോലും അദ്ദേഹത്തിനെതിരായ വാര്‍ത്തകള്‍ വന്നു.

ഇന്ത്യ-യുഎസ് ആണവ കരാരുമായി ബന്ധപെട്ട് യുപിഎ സര്‍ക്കാറിനുളള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ചപ്പോള്‍ പോലും ലാവ്ലിന്‍ കാണിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചതായും അക്കാലത്ത് കഥകള്‍ പരന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്തെത്തുന്നതിന് ലാവ്ലിന്‍ കേസ് തടസമാവുമെന്നാലോചിച്ച്‌ നെഞ്ചില്‍ കിതപ്പുകൂടിയ നിമിഷങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് അടുപ്പക്കാര്‍ പറയുന്നു.

പാര്‍ട്ടിയിലെ വിഭാഗീയത ശക്തമായിരുന്ന സമയത്ത് എതിര്‍ വിഭാഗത്തിന്റെ കയ്യിലെ തുറുപ്പ് ചീട്ടായി ലാവ്‌ലിന്‍ എന്നുമുണ്ടായിരുന്നു. കാല്‍പ്പന്തുകളിയില്‍ എതിര്‍ ടീമിന്റെ ഫോര്‍വേര്‍ഡ് കളിക്കാരനെ കൈകാലുകള്‍ കൊണ്ട് പൂട്ടി വരുതിയിലാക്കുന്നതുപോലെ തന്നയായിരുന്നു ഒരു ദശാബ്ദകാലത്തിനപ്പുറം പിണറായി വിജയനെന്ന രാഷ്ടീയനേതാവിനെ ബഹുതല താത്പര്യക്കാര്‍ വേട്ടയാടിയത്. ഒടുവില്‍ കേന്ദ്രത്തിലധികാരത്തിലെത്തിയ ബിജെപിയും അദ്ദേഹത്തിനെതിരെ സിബിഐയെ ആയുധമാക്കിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കരുതുന്നുണ്ട്.


Next Story

Related Stories