UPDATES

സരിത അനൂപ്‌

കാഴ്ചപ്പാട്

Guest Column

സരിത അനൂപ്‌

സിനിമ

പോക്കറ്റില്‍ കയ്യിടുന്ന മള്‍ട്ടിപ്ലെക്സുകള്‍

പുറമെ നിന്നുള്ള ഭക്ഷണം അനുവദിച്ച്, ക്വാളിറ്റി സിനിമ അനുഭവം തരുകയാണെങ്കിൽ ടിക്കറ്റ് ചാർജ് ഒന്നും നോക്കാതെ തന്നെ ആളുകള്‍ മൾട്ടിപ്ളെക്സുകളിലേക്ക് ഒഴുകിയെത്തും.

ഇന്ത്യയിൽ ഇന്നും മൾട്ടിപ്ളെക്സുകൾ ഒരു ലക്ഷ്വറി സെഗ്മെന്റാണ്. സിനിമയെന്ന ഏറ്റവും ജനപ്രീതിയുള്ള മാധ്യമത്തെ അടിസ്ഥാനപ്പെടുത്തുമ്പോഴും ഇന്നും ഒരു മൾട്ടിപ്ളെക്സ് അനുഭവം സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങില്ല എന്നത് വാസ്തവമാണ്.

ഒട്ടും സ്ത്രീ സൗഹാര്‍ദമല്ലാത്ത, പാർക്കിങ് സൗകര്യങ്ങൾ കുറവുള്ള, വൃത്തിയുള്ള ശുചിമുറികളില്ലാത്ത, മുതിർന്നവർക്കും ശാരീരിക പ്രത്യേകതകൾ ഉള്ളവർക്കും ബുദ്ധിമുട്ടുകൾ നേരിടുന്ന സാദാ തീയേറ്ററുകൾ ഒരു വശത്ത്. മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഉള്ള എന്നാൽ പോക്കറ്റിലൊതുങ്ങാത്ത മൾട്ടിപ്ളെക്സുകൾ മറുവശത്ത്. അങ്ങനെ സിനിമ കാണാൻ നമ്മുടെ മുന്നിലുള്ളത് രണ്ടേ രണ്ടു ചോയിസുകളാണ്. ഒന്നുകിൽ അപരിഷ്കൃതമായ തീയേറ്റർ, അല്ലെങ്കിൽ അമിത വിലയുള്ള മൾട്ടിപ്ളെക്സുകൾ.

ഒരു ബിസിനസ് മോഡൽ എന്ന നിലയിൽ മൾട്ടിപ്ളെക്സുകൾ ഏതു വരുമാനക്കാരെ ഉന്നം വെയ്ക്കണം എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ അതിന്റെ പേരിൽ അനിയന്ത്രിത വിലയീടാക്കാൻ ഒരു വ്യവസായത്തിനും അധികാരമില്ല എന്നുകൂടി ഓർക്കണം. ഭക്ഷണത്തിന്റെ പേരിൽ മൾട്ടിപ്ളെക്സുകളിൽ നടക്കുന്നത് കൊള്ള സമാനമായ ഏർപ്പാട് തന്നെയാണ്. നാലംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന്, ബുക്ക് മൈ ഷോ യിൽ ബുക്ക് ചെയ്തുള്ള ഒരു മൾട്ടിപ്ളെക്സ് സിനിമാ കാഴ്ചയ്ക്ക് ഏതാണ്ട് ആയിരം രൂപയ്ക്ക് മുകളിലാവുന്നുണ്ട്. ഏതാണ്ട് രണ്ടു രണ്ടര മണിക്കൂർ ദൈർഘ്യത്തിനിടെ മനുഷ്യർക്ക് വെള്ളം കുടിക്കാനോ എന്തെങ്കിലും കഴിക്കാനോ തോന്നുന്നത് സ്വാഭാവികമാണ്. ഇവിടെയാണ് മൾട്ടിപ്ളെക്സുകളുടെ കൊള്ള നടക്കുന്നത്. പുറത്തു നാൽപതു രൂപയോളം വില വരുന്ന പോപ്പ് കോണിന് ഇവിടെ ഇവർ ഈടാക്കുന്ന വില ഇരുനൂറു രൂപയോളമൊക്കെയാണ്. എംആർപിയില്‍ കൂടുതല്‍ വിലയുള്ള കുപ്പിവെള്ളം ജനം സ്വീകരിക്കില്ല എന്ന ചിന്തയില്‍, ഉയര്‍ന്ന എംആർപിയില്‍ ഉള്ള കുപ്പിവെള്ളം ആണ് അവിടെ വില്‍ക്കുന്നത്. അതായത് മാസത്തിൽ രണ്ടു സിനിമ കണ്ടാൽ തന്നെ, നാലംഗങ്ങൾ ഉള്ളൊരു മധ്യവർത്തി കുടുംബത്തിന്റെ ബജറ്റ് തന്നെ താളം തെറ്റുമെന്നു ചുരുക്കം. എന്നാൽപ്പോലും കുഞ്ഞുങ്ങളുടെ ആവശ്യത്തിനുള്ളവ, കാശു കൊടുത്താൽ കൂടി ലഭ്യവുമല്ല. അങ്ങനെയുള്ള സാധനങ്ങള്‍ അകത്തേയ്ക്ക് കയറ്റി വിടാറുമില്ല.

ഈ അവസരത്തിലാണ് മഹാരാഷ്ട്രയിലും ആന്ധ്രയിലും ജമ്മു കാശ്മീരിലും മൾട്ടിപ്ളെക്സിൽ ഉള്ള തീവെട്ടികൊള്ളക്കെതിരെ ഒരോരോ പൊതുതാത്പര്യ ഹര്‍ജികള്‍ (PIL) സമർപ്പിക്കപ്പെട്ടത്. പുറത്തു നിന്നുള്ള ഭക്ഷണം അനുവദിക്കുകയാണ് ഈ സംസ്ഥാനങ്ങളും ചെയ്തത്. വിജയവാഡ ഡിസ്ട്രിക്ട് കോർട്ടിൽ വന്ന വിധിക്കെതിരെ മൾട്ടിപ്ളെക്സ് ഉടമകൾ ഹൈക്കോടതിയിൽ അപ്പീൽ പോവാനിരിക്കിക്കുകയാണ്. ജമ്മുവില്‍ ഭക്ഷണസാധനങ്ങള്‍ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ മൾട്ടിപ്ളെക്സ് ഉടമകള്‍ സ്റ്റേ നേടിയെടുത്തു, കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. മഹാരാഷ്ട്രയിൽ അതിന്റെ വാദം ഇപ്പോഴും തുടരുകയാണ്. ആദ്യപടി എന്ന നിലയിൽ പാക്കേജ്ഡ് ഫുഡുകൾ എംആർപിയിൽ കൂടുതൽ വിൽക്കുന്നത് തടയാൻ കർശനനടപടി എടുത്തു വരികയാണ് സർക്കാരുകൾ. ഹൈദരാബാദിലും സമാനമായ ചെക്കിങ് ഈ മാസം മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് കുടിവെള്ള ശീതളപാനീയ കമ്പനികളെയാണ് ഡ്യുവൽ എംആർപി നടപ്പിലാക്കി  (മൾട്ടിപ്ളെക്സിലും പുറമെയും) എന്ന കുറ്റത്തിന് ആന്ധ്ര ലീഗല്‍ മെട്രോളജി അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം വാങ്ങിയത്. ലൂസ് ആയിട്ടുള്ള സാധനങ്ങൾ കൂടുതൽ വിറ്റ് പോകുന്ന സ്ഥലങ്ങൾ ആണ് മൾട്ടിപ്ളെക്സുകൾ. അവിടെ ഇത്തരം ഒരു നിയന്ത്രണം മാത്രം വന്നത് കൊണ്ട് വലിയ മാറ്റം ഉണ്ടാവില്ല.

സുരക്ഷാ ഭീഷണി എന്ന വാദം ഉയർത്തിക്കാട്ടിയ മൾട്ടിപ്ളെക്സ് ഉടമകളോട് വിമാനത്തിൽ ഇല്ലാത്ത എന്ത് ഭീഷണിയാണ് അവിടെ ഉള്ളതെന്ന മറുചോദ്യമാണ് മഹാരാഷ്ട്രയില്‍ വാദം കേട്ട ജസ്റ്റിസ് രഞ്ജിത്ത് മോറെയും ജസ്റ്റിസ്‌ അനുജ പ്രഭുദേശായിയും ചോദിച്ചത്, അതും അവർ വിൽക്കുന്നത് അങ്ങേയറ്റം ജങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഭക്ഷണവും. എന്നാല്‍ ഇതിനൊക്കെ പുറമെയാണ് മനുഷ്യന്റെ സ്വകാര്യതയില്‍ കടന്നു കയറിയുള്ള ബാഗ്‌ പരിശോധന. എയര്‍പ്പോര്‍ട്ടില്‍ ഒക്കെയുള്ള പോലെ സ്കാന്നര്‍ വെച്ച് പരിശോധിക്കുന്നതിന് പകരം, ഒരേ കയ്യുറകള്‍ ധരിച്ചാണ് ഓരോ ബാഗിലും ഇവര്‍ കൈ ഇടുന്നത്. എസ് പി ഐ ഏറ്റെടുത്ത തിരുവനന്തപുരത്തെ കൃപാ സിനമാസിലെ ഇത്തരത്തിലെ പരിശോധന ഈയിടെ വന്‍ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. കൊച്ചിയിലെ മൾട്ടിപ്ളെക്സുകളിലും ച്യുയിംഗം ഉണ്ടോ എന്ന് ബാഗിന്റെ ഓരോരോ അറകളിലും തപ്പി നോക്കിയ സംഭവങ്ങള്‍ വിരളമല്ല. കൊച്ചി പിവിആറിൽ ആകട്ടെ ശുചിമുറിയുടെ തൊട്ടുമുന്നിലാണ് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്.

മൾട്ടിപ്ളെക്സ് ഇൻഡസ്ട്രിയുടെ ലാഭം നിലനിൽക്കുന്നത് ഭക്ഷണ പാനീയങ്ങളുടെ ഔട്ലെറ്റുകളിൽ നിന്നും പരസ്യവരുമാനങ്ങളിൽ നിന്നും ആണെന്ന് CRISIL റേറ്റിംഗ്‌സിന്റെ ഒരു റിപ്പോർട്ട്‌ പറയുന്നു. സിനിമ കാണാൻ പോകുന്നവർ ഭക്ഷണം കൊണ്ട് പോവുകയാണെങ്കിൽ ഇന്ത്യൻ മൾട്ടിപ്ളെക്സ് ഇൻഡസ്ടറി 100 കോടിയോളം നഷ്ടത്തിൽ ആവുമെന്നും ഇത് നികത്താൻ ടിക്കറ്റ് ചാർജ് 70 രൂപയോളമെങ്കിലും കൂട്ടിയേ ഒക്കൂ എന്നും പറയുന്നു. ടിക്കറ്റ്‌ അല്ലാത്ത സെഗ്മെന്റില്‍ F & B (ഫുഡ് ആൻഡ് ബീവറേജസ്) യുടെ ഗ്രോസ് പ്രോഫിറ്റ് മാര്‍ജിന്‍ 75 ശതമാനവും പരസ്യങ്ങളുടെത് 80 ശതമാനവുമാണ്. നമ്മുടെ രാജ്യത്തെ വലിയ പല മൾട്ടിപ്ളെക്സുടെയും ഓപ്പറേറ്റിംഗ് പ്രോഫിറ്റ് 58 ലക്ഷമാണ് ഓരോ സ്ക്രീനിനും, ഇതില്‍ F & B ഗ്രോസ് പ്രോഫിറ്റ് 61 ലക്ഷം രൂപയും, പരസ്യങ്ങളുടെത് 33 ലക്ഷം രൂപയും വീതമാണ് . ഇത് കൊണ്ട് തന്നെ മൾട്ടിപ്ളെക്സ് ഉടമകള്‍ F & B വരുമാനം കൂട്ടാനുള്ള മാര്‍ഗമാണ് ഏതുവിധേനയും സ്വീകരിച്ചു വരുന്നത്. CRISIL റേറ്റിംഗ്സിന്റെ ഡയറക്ടർ നിലേഷ് ജെയ്‌നിന്റെ അഭിപ്രായം ടിക്കറ്റ് ചാർജ് വർധന സിനിമപ്രേമികൾക്ക് ഒരടിയായിരിക്കുമെന്നും ബോക്സ്‌ ഓഫീസ് കളക്ഷനെ തന്നെ അത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മാളുകളിലെ ഫുട്‍ഫാൾസിനെ ബാധിക്കുമെന്നുമാണ്.

നല്ല പ്രൊജക്ഷനും നല്ല സൗണ്ടും ഒക്കെ ഓഫർ ചെയ്താൽ ടിക്കറ്റ് ചാർജ് എത്രയായാലും സിനിമ പ്രേമികൾ സിനിമ കാണാൻ പോകും. എന്നാല്‍, കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലെ മൾട്ടിപ്ളെക്സുകളിൽ ഏറ്റവും മോശം പ്രൊജക്ഷനും സൗണ്ടുമാണ്. കുറച്ചു ഭേദമായിരുന്ന സിനിപോളിസ് ആണെങ്കിൽ സുരക്ഷയുടെ പേരിൽ അടയ്ക്കുകയും ചെയ്തു. പിവിആറിലും സിനിമാക്സിലുമൊക്കെ ഇപ്പൊ തന്നെ മോശം സർവിസിന് അന്യായ റേറ്റ് കൊടുത്തു കാണാനിരിക്കുമ്പോഴാണ് നമ്മുടെ കാഴ്ചയെ മറച്ചു കൊണ്ട് സിനിമ തുടങ്ങി കഴിഞ്ഞ് പോപ്‌കോണിന്റെ ഓർഡർ എടുക്കാനായി വരുന്നത്. പിന്നെ അതുകൊണ്ട് വന്നു കൊടുത്ത് ചേഞ്ച് കൊടുത്ത്, അത്രയും നേരം നമ്മുടെ സിനിമ പോയി. റെസ്റ്റോറന്റുകളില്‍ പുറമേ നിന്നുള്ള ഭക്ഷണം അനുവദിക്കുന്നില്ലല്ലോ, മൾട്ടിപ്ളെക്സിലെന്തിനാ അനുവദിക്കുന്നത് എന്നാണ് കോടതിയില്‍ അവര്‍ വാദിച്ചത്, ഇതില്‍ നിന്ന് തന്നെ അവര്‍ തങ്ങളെ റെസ്റ്റോറന്റുമായാണ് താരതമ്യപ്പെടുത്തുന്നത് എന്ന് വ്യക്തം. അവരുടെ കോർ സർവീസ് അനുഭവത്തിൽ തുരങ്കം വെച്ച് എന്ത് തരം കസ്റ്റമർ സർവീസാണ് അവർ ജനങ്ങൾക്ക് നൽകുന്നത് എന്ന് അവർ അവരോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.

പുറമെ നിന്നുള്ള ഭക്ഷണം അനുവദിച്ച്, ക്വാളിറ്റി സിനിമ അനുഭവം തരുകയാണെങ്കിൽ ടിക്കറ്റ് ചാർജ് ഒന്നും നോക്കാതെ തന്നെ ആളുകള്‍ മൾട്ടിപ്ളെക്സുകളിലേക്ക് ഒഴുകിയെത്തും. ദക്ഷിണേന്ത്യയില്‍ ക്വാളിറ്റി സിനിമ അനുഭവം നല്കി പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്ന എസ് പി ഐ സിനിമാസ് പിവിആറിന്റെ കീഴിലായി എന്ന പ്രഖ്യാപനം വന്നതും സിനിമപ്രേമികളെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്.

നിയമ നിർമ്മാണവും വില നിയന്ത്രണവും തന്നെയാണ് ഇവിടെ ഒരേ ഒരു പോം വഴി. മൂന്ന് സംസ്ഥാന സർക്കാരുകൾ കക്ഷി ചേര്‍ന്ന കേസുകള്‍ അതതു സംസ്ഥാനങ്ങളില്‍ ഇപ്പൊള്‍ വാദം തുടരുമ്പോള്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിന്റെ വിധിക്കായി കാത്തിരിക്കാം. മൾട്ടിപ്ളെക്സ്‌ കൊള്ളയ്ക്ക് തടയിടാന്‍ ഒരു വിധി വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തിരുവനന്തപുരത്തെ എസ്പിഐ കൃപാ സിനിമാസില്‍ ബാഗില്‍ കൈകടത്തി പരിശോധന; പ്രതിഷേധം ഉയരുന്നു

സരിത അനൂപ്‌

സരിത അനൂപ്‌

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍