TopTop
Begin typing your search above and press return to search.

ഇ ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് എസിഡിപിഐയുടെ പൊന്നാനിയിലെ വോട്ട്; കൊണ്ടോട്ടി ചർച്ചയിലെ ഉള്ളു കളികൾ

ഇ ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് എസിഡിപിഐയുടെ പൊന്നാനിയിലെ വോട്ട്;  കൊണ്ടോട്ടി ചർച്ചയിലെ ഉള്ളു കളികൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് മുസ്ലിംലീഗ‌് നേതൃത്വം എസിഡിപിഐയുമായി രഹസ്യ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിറകെ രാഷ്ട്രീയ വിവാദവും കനക്കുന്നു. മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി ഇ ടി മുഹമ്മദ‌് ബഷീർ എന്നിവർ എസ്ഡിപിഐ നേതാക്കളുമായി നടത്തിയ ചർച്ച പരാജയ ഭീതി മുലമാണെന്നാണ് ഇടതുപക്ഷം ഉൾപ്പെടെയുള്ളവരുടെ ആരോപണം. പോപ്പുലർ ഫ്രണ്ട‌് സംസ്ഥാന പ്രസിഡന്റ‌് നസറുദ്ദീൻ എളമരം, മുഹമ്മദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചർച്ച. കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ‌് രാത്രി ഒരുമണിക്കൂറോളം ചർച്ച നടത്തിയത‌്. ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നീക്കുപോക്കുകളെ കുറിച്ചാണ് ചർച്ചകൾ നടത്തിയതെന്നാണ് ആരോപണങ്ങൾ.

അതേസമയം, പോപുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടുന്നുവന്നതിന് ശേഷം നടന്ന 2014 ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ എസ്ഡിപി ഐ നേടിയ ക്രമാനുഗതമായ വോട്ട് വളർച്ച കണക്കാക്കുമ്പോൾ മുസ്ലീം ലീഗ് നേതൃത്വം ചർച്ചൾക്ക് മുതിർന്നാലും അത്ഭുതപ്പെടേണ്ടതില്ല. മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലും ഇതിന് കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെയും ഫലങ്ങൾ മാത്രം മതിയാവും മുസ്ലീം ലീഗിന്റെ ഈ നിക്കത്തിന് ബലം പകരാൻ.

ഇടി മുഹമമ്മദ് ബഷീർ ആദ്യം ലോക്സഭയിലേക്ക് മൽസരിച്ച 2009 പിഡിപി സിപിഎം സംഖ്യത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ഡോ. ഹുസൈന്‍ രണ്ടത്താണിയെ 84,000ത്തിൽ പരം വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു മുസ്ലീം ലീഗ് പുനർനിർണയത്തിന് ശേഷം പൊന്നാനി നില നിർത്തിയത്.  എന്നാൽ 2014ൽ വീണ്ടും ലോക്സഭാ തിര‍ഞ്ഞെടുപ്പ് നടന്നപ്പോള്‍ സിറ്റിങ്ങ് എംപിയായിരുന്ന ഇടി മുഹമ്മദ് ബഷീറിന് ലഭിച്ചത് 3,78,503 വോട്ടുകളായിരുന്നു. ഇടത് സ്വതന്ത്രൻ എന്ന നയം തുടർന്ന് മൽസര രംഗത്തുണ്ടായ മുൻ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വി അബ്ദുൾ റഹ്മാൻ നേടിയത് 3,53,093 വോട്ടുകളായിരുന്നു. അതായത് ഭുരിപക്ഷം 25410 ലേക്ക് ചുരുങ്ങി.

ഇതേ 2014ൽ മൽസരരംഗത്തിറങ്ങിയ എസ്ഡിപിഐ സ്ഥാനാർത്ഥി ഇക്രാംഉൾ ഹഖ് നേടിയത് 26,640 വോട്ടുകളായിരുന്നു. അതായത് ഇടി മുഹമ്മദ് ബഷീർ നേടിയ ഭുരിപക്ഷത്തേക്കാൾ വോട്ടുകൾ. മൽസരത്തിൽ ബിജെപിക്ക് പിറകെ നാലാമതായെത്താനും എസ്ഡിപിഐക്കായി.

പൊന്നാനിയിലെ കണക്കുൾക്ക് സമാനമാണ് മലപ്പുറത്തെയും കണക്കുകൾ. അന്തരിച്ച നേതാവ് 1,90,000ലധികം വോട്ടുകൾ നേടി വിജയം കുറിച്ച 2014ൽ 47,853 വോട്ടുകളാണ് എസ്ഡിപിഐ സ്ഥാനാർഥിയായി മൽസരിച്ച ഇപ്പോഴത്തെ പോപ്പുലർ ഫ്രണ്ട‌് സംസ്ഥാന പ്രസിഡന്റ‌് നസറുദ്ദീൻ എളമരം നേടിയത്. ഇ അഹമ്മദിന്റെ അകാല വിയോഗത്തിന് ശേഷം 2017ൽ നടത്ത ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മൽസരിച്ച് ജയിച്ചു. എന്നാൽ‌ ഈ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. എന്നാൽ ഇത്തവണ കുഞ്ഞലിക്കുട്ടിയുടെ ജയം അഹമ്മദിന്റെ ജയത്തിന്റെ തിളക്കമുണ്ടായിരുന്നില്ല. ഭുരിപക്ഷം 1,74,000ത്തിലേക്ക് ചുരുങ്ങി.

ഇതിന് പിറകെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധാനം ചെയ്ത വേങ്ങര നിയമസഭാ മണ്ഢലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്. 65,227 വോട്ടുകൾ നേടി ലീഗ് സ്ഥാനാര്‍ഥി കെ എൻഎ ഖാദർ മണ്ഡലം നിലനിർത്തി. പക്ഷേ ഇത്തവണ എസ്ഡിപിഐ നേടിയത് 8648 വോട്ടുകളായിരുന്നു. അഡ്വ. കെസി നസീറായിരുന്നു സ്ഥാനാർഥി. ബിജെപിക്കും മുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു എസ്ഡിപി ഐ. 2014ൽ ഇതേ മണ്ഡലത്തിലെ കണക്കുകളിലും 9058 വോട്ടുകളാണ് നേടിയത്. എന്നാൽ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹവുമായി എസ‌്ഡിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ‌് ഉപതിരഞ്ഞെടുപ്പിൽ‌ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതിരുന്നത‌െന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ മുസ്ലീം സമുദായത്തിന് നിർണായകമായ പാര്‍ലമെന്റിലെ ചില ചർച്ചകളിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ലെന്ന ആരോപണങ്ങൾ ഉൾപ്പെടെ നില നില്‍ക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഉണ്ടായേക്കാവുന്ന തിരിച്ചടികൾ മറികടക്കാനുള്ള ശ്രമം കൂടിയാണ് ചർച്ചകളിൽ ലക്ഷ്യമാക്കുന്നതെന്നാണ് വിലയിരുത്തൽ.

അതിനിടെ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട‌്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ എസ‌്ഡിപിഐ ഇതിനോടകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിച്ച കെ സി നസീറിനെയാണ് പൊന്നാനിയിലെ സ്ഥാനാർഥിയായി പ്രഖ്യപിക്കുകയും ചെയ്തു. നാലു മണ്ഡലങ്ങളിൽക്കൂടി 16ന‌് പ്രഖ്യാപിക്കുമെന്നാണ‌് എസ‌്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത‌്. ഇതിന് പിന്നാലെയാണ് ചർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ മുഖ്യമന്തിയടക്കം രംഗത്തെത്തിയിരുന്നു. മുൻകാലങ്ങളിൽ രഹസ്യമാക്കി നടത്തിയിരുന്ന എസ്‌ഡിപിഐ ‐ ലീഗ്‌ ധാരണ ഇപ്പോൾ തെളിവോടെ പുറത്തുവന്നിരിക്കയാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. എസ്‌ഡിപിയുടെ പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിൽ മുസ്ലീം ലീഗ് അവരെ സഹായിക്കുന്ന നിലപാട്‌ സ്വീകരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത് തുടർന്നിരുന്നു. അദ്ദേഹം പറഞ്ഞു. അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാൻ യുഡിഎഫ‌് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. വിഷയത്തെകുറിച്ച്  അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ഇന്നത്തെ നിലപാട്. ഇതോടെ എസ്ഡിപിഐ ബാന്ധവം സംബന്ധിച്ച് മറുപടി പറയേണ്ട ഉത്തരവാദിത്വം ലീഗിന്  മാത്രമായിരിക്കുകയാണ്.

എന്നാൽ പൊന്നാനിയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നാണ് നിലവിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുള്ള എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീറിന്റെ പ്രതികരണം. എസ് ഡി പി ഐ ഒരു കേഡർ പാർട്ടിയാണ്. സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകണോ മരവിപ്പിക്കണോ പിൻവലിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമെന്നും കെ സി നസീർ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


Next Story

Related Stories