ട്രെന്‍ഡിങ്ങ്

അവര്‍ നടത്തിയത് വ്യക്തിഹത്യയും പ്രചരിപ്പിച്ചത് വര്‍ഗീയതയും; തന്റെ വാദങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന് നികേഷ് കുമാര്‍

നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും നികേഷ്‌

തൃപ്തികരമായ തീരുമാനമാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് എം വി നികേഷ് കുമാര്‍. കെ എം ഷാജിയുടെ നിയമസഭ അംഗത്വം റദ്ദ് ചെയ്ത വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നികേഷ്. തെരഞ്ഞെടുപ്പ് അസാധുവാക്കുക എന്നതോടു കൂടി താന്‍ ഉന്നയിച്ച വാദങ്ങള്‍ വിജയിച്ചിരിക്കുകയാണെന്നും നികേഷ് പറഞ്ഞു. അഴിക്കോട് മണ്ഡലത്തില്‍ കെ എം ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി പുറപ്പെടുവിച്ചത്. രണ്ടരവര്‍ഷത്തോളം നീണ്ട നിയമ പോരാട്ടം നടത്തേണ്ടി വന്നെങ്കിലും വിജയം നേടാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും നികേഷ് കുമാര്‍ കണ്ണൂരില്‍ പറഞ്ഞു. പിതാവ് എം വി രാഘവന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നികേഷ്.

തുടക്കം മുതല്‍ തനിക്കെതിരേ വ്യക്തിഹത്യ നടത്തിക്കൊണ്ടുള്ള പ്രചാരണമാണ് യുഡിഎഫ് മണ്ഡലത്തില്‍ നടത്തിക്കൊണ്ടിരുന്നതെന്നാണ് നികേഷ് ആരോപിക്കുന്നത്. ഇത്തരം വ്യക്തിഹത്യകളെയും വര്‍ഗീയ പ്രചരണങ്ങളെയുമാണ് കേരള ഹൈക്കോടതയില്‍ ചോദ്യം ചെയ്തത്. രണ്ടര വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം നടത്തേണ്ടി വന്നെങ്കിലും താന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു; നികേഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ കോടതി വിധി വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും ഒരു മതാധിഷ്ഠിത പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഒരു ലെവല്‍ പ്ലേയിംഗ് ഗ്രൗണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടോ എന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും നികേഷ് ചൂണ്ടിക്കാട്ടി. നമ്മള്‍ കരുതുന്നതിനും അപ്പുറം വേറെ തലങ്ങളിലേക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജിയുടെ വിജയം റദ്ദ് ചെയ്യുന്നതിനൊപ്പം അഴിക്കോട് മണ്ഡലത്തില്‍ ഇടതുപക്ഷ ജാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്നെ വിജയായി പ്രഖ്യാപിക്കണമെന്നതായിരുന്നു കോടതിയുടെ മുന്നില്‍ അവതരിപ്പിച്ച പ്രധാന ആവശ്യമെന്നും എന്നാല്‍ കോടതി അത് അംഗീകരിച്ചില്ലെന്നാണ് മനസിലാക്കുന്നതെന്നും നികേഷ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് തന്റെ അഭിഭാഷകരില്‍ നിന്നും കൂടുതല്‍ നിയമോപദേശങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരേ നിയമപോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ കെ എം ഷാജിക്കും മുസ്ലിം ലീഗിനും എല്ലാ അവകാശങ്ങളും അര്‍ഹതയും ഉണ്ടെന്നും നികേഷ് പറഞ്ഞു. അതുപോലെ താനും തന്റെ നിയമപോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും എം വി നികേഷ് കുമാര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍