TopTop
Begin typing your search above and press return to search.

'കളിയെഴുത്ത്' വിവാദം: എന്‍. പ്രഭാകരന്‍ പ്രതികരിക്കുന്നു; ഭയപ്പെടുകയുമില്ല, പിന്മാറുകയുമില്ല

കളിയെഴുത്ത് വിവാദം: എന്‍. പ്രഭാകരന്‍ പ്രതികരിക്കുന്നു; ഭയപ്പെടുകയുമില്ല, പിന്മാറുകയുമില്ല

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍ പ്രഭാകരന്റെ 'കളിയെഴുത്ത്' കഥ സമുഹമാധ്യമങ്ങളിലും അധ്യാപകരുടെ വാട്‌സ് ആപ്പ് ഗ്രുപ്പുകളിലും ചുഴലിക്കാറ്റായി വീശിയിരിക്കുകയാണ്. മാത്രമല്ല, കഥാകൃത്തിന് നേരെ വധഭീഷണി ഉയര്‍ന്നതായും വാര്‍ത്തയുണ്ട്. ഈ പശ്ചാത്തലത്തില്‍ കഥയിലെ വസ്തുതയെന്തെന്നും എന്തുകൊണ്ടാണ് വിമര്‍ശകര്‍ പ്രകോപിതരാകുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ചൊവ്വാഴ്ച്ചയാണ് ആഴ്ച്ചപതിപ്പ് പുറത്തിറങ്ങിയത്. രാവിലെ മുതല്‍ കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വിളിച്ചു. കൂട്ടത്തില്‍ ഒരുപാട് അധ്യാപകരുമുണ്ടായിരുന്നു; കഥയുടെ പ്രമേയത്തെകുറിച്ചും അതിനു കാലിക സാഹര്യവുമായി ബന്ധമുണ്ടെന്നുമുളള അഭിപ്രായക്കാരായിരുന്നു പലരും പങ്കുവെച്ചത്. വളരെ പോസീറ്റീവായിട്ടാണ് അവര്‍ പ്രതികരിച്ചത്. പിന്നെ സന്ധ്യയായതോടെ കാര്യങ്ങള്‍ മാറി തുടങ്ങി. പിന്നീട് വിളിക്കുന്നവരുടെ ധ്വനി ഭീഷണിയുടേതായിരുന്നു. അതും രൂക്ഷമായ ഭാഷയില്‍. ഭീഷണി കോളുകള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ ഇത് സംഘടിതമായിട്ടാണോയെന്ന സംശയം തോന്നി.

കുറച്ച് കഴിഞ്ഞപ്പോള്‍ ഒരധ്യാപകന്‍ വിളിച്ച് പറഞ്ഞു, ഒരു വാട്‌സ് ആപ്പ് ഗ്രുപ്പില്‍ മാഷിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ട് പ്രതിഷേധം അറിയിക്കാന്‍ ഗ്രൂപ്പിലെ അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന്. അങ്ങനെ ഒന്നോ രണ്ടോ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു. അതിനു ശേഷം വീണ്ടും തുടരെ തുടരെ വിളി വരാന്‍ തുടങ്ങി. കുറച്ച് കോളുകളില്‍ ഭീഷണി മാത്രം വന്നപ്പോള്‍ പിന്നെ ഞാന്‍ എടുത്തില്ല. മാത്രമല്ല പ്രതിഷേധം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ പിന്നെ കോളുകള്‍ എടുക്കേണ്ടെന്ന് കരുതി. ആ മാഷ് വിവരം തന്നപ്പോള്‍ തന്നെ അപരിചിതമായ നമ്പറുകള്‍ എടുക്കേണ്ടെന്ന് കരുതിയിരുന്നു. പിന്നീട് ഫേസ് ബുക്കിലും മറ്റും ആക്രമണം വ്യാപകമായി.

അതും അതിരൂക്ഷമായ ഭാഷയിലായിലുളള കടുത്ത വിമര്‍ശനങ്ങളായിരുന്നു. പിന്നീട് ഒരു ദിവസം കഴിഞ്ഞതോടെ കാര്യങ്ങള്‍ നേരെ തിരിച്ചായി. അധ്യാപകര്‍ക്കിടയില്‍ നിന്നും എനിക്ക് അനുകൂലമായി പല അധ്യാപകരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. അതും രൂക്ഷമായ പ്രതികരണങ്ങളാണ്. തിരിച്ചും ഒരു വിഭാഗം അധ്യാപകര്‍ പ്രതികരണം തുടങ്ങിയതോടെ വിമര്‍ശകര്‍ ഒന്നും പിന്‍വലിഞ്ഞു തുടങ്ങി. ഇപ്പോള്‍ അവര്‍ ഒന്ന് പതുങ്ങിയിട്ടാണുളളത്.

http://www.azhimukham.com/offbeat-why-teachers-are-offended-on-n-prabhakaran-s-story-by-shiju/

കോഴിക്കോട് മുതല്‍ കാസര്‍ക്കോട് വരെയുളള പല അധ്യാപകരും എന്റെ വീട്ടില്‍ വരാറുണ്ട്. അതില്‍ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുളള പല ലെവലില്‍ ഉളളവരും വരാറുണ്ട്. അവര്‍ മൂന്ന് -നാലു കൊല്ലമായി എന്നോട് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളാണ് ഈ കഥയുടെ പ്രമേയം. ക്ലസ്റ്റര്‍ മീറ്റീങ്ങുകളിലും അധ്യാപക പരിശീലനത്തിലെല്ലാം വളരെ പരിഹാസ്യമായി കുറെ സംഭവങ്ങള്‍ നടക്കുന്നുണ്ട്. അത് വളരെ മോശമാണ്.

അനാവശ്യമായ പല അഭ്യാസങ്ങളും കളികളുമാണ് പരിശീലനത്തിനിടെ നടക്കുന്നതെന്ന് അവര്‍ പറയാറുണ്ട്. വിദ്യാഭ്യാസത്തിന്റെ ഉളളടക്കത്തെ തന്നെ പരിഹസിക്കുന്ന രീതിയിലുളള കുറെ സംഭവങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞ പല കളികളും കുറച്ച് കാലങ്ങളായി എന്റെ മനസില്‍ കിടക്കുകയായിരുന്നു. ഇപ്പോള്‍ അക്കാര്യം എഴുതാന്‍ തോന്നി. അങ്ങനെ അത് എഴുതുകയായിരുന്നു.

ഈ അടുത്ത് നടത്തിയ അത്തരം ഒരു പരിശീലത്തില്‍ നടന്ന അഭ്യസങ്ങളുടെ വീഡിയോ തന്നെ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. അത് കണ്ടാല്‍ തന്നെ മനസിലാകും വിദ്യാഭ്യാസത്തിന്റെ ഗൗരവും നശിപ്പിക്കുകയാണെന്ന്. വിദ്യാഭ്യാസത്തെ കേവലം കളിയാക്കി മാറ്റുക. അധ്യാപകരെ വളരെ മോശമായി ട്രീറ്റ് ചെയ്യുക. അവരുടെ ഡിഗ്നിറ്റിയെ തന്നെ അപഹസിക്കുന്ന രീതിയില്‍ അവരെ കൊണ്ട് പല കളികളും കളിപ്പിക്കുക.

ഈ കളികളില്‍ 25 വയസുകാര്‍ മുതല്‍ റിട്ടയര്‍ ആകാനിരിക്കുന്നവര്‍ വരെയുണ്ട്. അവരെ പല വേഷം കെട്ടിച്ച് കോമാളികളാക്കുന്ന തരത്തിലേക്ക് അത് മാറിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അധ്യാപകര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. പിന്നെ, എഴുതുമ്പോള്‍ ഒരു 'കഥ' എന്ന നിലക്ക് അതിന്റെ ഭാഗമായി ചില അതിഭാവുകത്വം ഉണ്ടാവുക സ്വാഭാവികമാണ്. അതില്‍ സ്വാഭാവികമായും ഭാവന കൊണ്ടുളള ചില പരിപോഷണം നടന്നിട്ടുണ്ടാകും.

അതൊരു ക്രിയേറ്റീവ് വര്‍ക്കിന്റെ ഭാഗമെന്ന നിലക്ക് ഒഴിച്ചുകുടാത്തതാണ്. ആ ഭാവനപരമായ കാര്യങ്ങള്‍ ഒഴിച്ചാല്‍ കഥാതന്തു സത്യമാണ്. മേല്‍പ്പറഞ്ഞ വസ്തുതകളാണ് ആ കഥയുടെ ആധാരം. നൂറ് ശതമാനവും സത്യമായിട്ടുളള കാര്യങ്ങളാണ് എഴുതിയിട്ടുളളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട് അധ്യാപകപരിശലീനത്തില്‍ നടക്കുന്നത് ഇങ്ങനെയാക്കെയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതെല്ലാം നടക്കണമെന്നില്ല. പക്ഷെ, പലയിടങ്ങളിലും ഇങ്ങനെ നടന്നിട്ടുണ്ട്.

http://www.azhimukham.com/school-education-system-in-kerala-new-challenges-n-prabhakaran/

അതിനു കുറെ അധ്യാപകര്‍ സാക്ഷികളാണ്. അതിനു തെളിവാണ് കഴിഞ്ഞ ദിവസം എന്നെ വിളിച്ച ഒരധ്യാപകന്‍ കഥയിലെ പ്രമേയം സത്യമാണെന്നും താന്‍ അത്തരം സംഭവത്തിനു സാക്ഷിയാണെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. കഥയിലെ മാന്‍കണി,അണ്ണാന്‍കുഞ്ഞ്‌ എന്നാണെന്നും ആ അധ്യാപകന്‍ എന്നോട് പറഞ്ഞു. കഥ പ്രകോപിപിച്ചത് ഇത്തരം അഭ്യാസങ്ങളുടെ നടത്തിപ്പുകാരെയാണ്.

പിന്നെ ഈ പരിപാടികള്‍ രൂപകല്‍പ്പന ചെയ്ത ആളുകളുമാണ് പ്രകോപിതരായവരും ഭീഷണിപ്പെടുത്തിയതും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദേശരാജ്യങ്ങളിലെ പല വിദ്യാഭ്യാസ ചിന്തകളും അതിന്റെ സന്ദര്‍ഭങ്ങള്‍ മനസിലാക്കാതെ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണവര്‍. പല വിദ്യാഭ്യാസ ചിന്തകളുടേയും പശ്ചാത്തലങ്ങള്‍ അറിയാതെ ഇവിടെ അവ പ്രയോഗിക്കുമ്പോള്‍ ആകെ ഒരു കളിയായി മാറുകയാണ്.

അദ്ധ്യാപക സമൂഹത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതെഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്കിതില്‍ യാതൊരു കുറ്റബോധവുമില്ല. ഞാന്‍ എന്റെ മാധ്യമമായ കഥയിലൂടെ വളരെ സത്യസന്ധമായി അതെഴുതുകയാണ് ചെയ്തത്. ഇതില്‍ ഞാന്‍ ആരേയും ഭയപ്പെടുന്നില്ല. പിന്മാറുകയുമില്ല. എനിക്ക് ബോധ്യമുളള കാര്യങ്ങള്‍ ഞാന്‍ എന്റെ മാധ്യമത്തിലൂടെ ഇനിയും തുടരും. ആര് ഭിഷണി പെടുത്തിയാലും അത് നിര്‍ത്താനാകില്ല.


Next Story

Related Stories