UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് ഒന്നും കിട്ടാന്‍ പോകുന്നില്ല, ഞങ്ങള്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെ: റാഫേലില്‍ ദ ഹിന്ദു ചെയര്‍മാന്‍ എന്‍ റാം

“ആര്‍ക്കും ഞങ്ങളില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ല. പക്ഷെ ഈ രേഖകളും അവയെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടുകളും സ്വയം സംസാരിക്കുന്നുണ്ട്”.

റാഫേല്‍ കേസില്‍ സുപ്രീം കോടതിയിലെ വാദങ്ങളെ ഇന്ന് ശ്രദ്ധേയമാക്കിയത് പ്രതിരോധ മന്ത്രാലയത്തിലെ രേഖകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹര്‍ജിക്കാരനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ മോഷ്ടിച്ചു എന്ന അറ്റോണി ജനറല്‍ കെകെ വേണുഗോപാലിന്റെ ആരോപണമാണ്. പ്രശാന്ത് ഭൂഷണ്‍ അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ മോഷ്ടിച്ച് ദ ഹിന്ദുവിന് നല്‍കുകയായിരുന്നുവെന്നും ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ദേശീയ സുരക്ഷയെ അപകടത്തിലാക്കിയ സംഭവത്തില്‍ പ്രശാന്ത് ഭൂഷണും ഹിന്ദുവിനുമെതിരെ നടപടി വേണമെന്നും അറ്റോണി ജനറല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വാര്‍ത്തയുടെ സ്രോതസ് തങ്ങള്‍ പുറത്തുവിടില്ലെന്നും നിങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ലെന്നും ദ ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിഷിംഗ് ചെയര്‍മാന്‍ എന്‍ റാം പറഞ്ഞു.

ആര്‍ക്കും ഞങ്ങളില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ല. പക്ഷെ ഈ രേഖകളും അവയെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടുകളും സ്വയം സംസാരിക്കുന്നുണ്ട്. പൊതുജന താല്‍പര്യാര്‍ത്ഥമാണ് ഞങ്ങള്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ മറച്ചുവയ്്ക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ ഞങ്ങള്‍ എന്താണോ പ്രസിദ്ധീകരിച്ചത് അത് പ്രസിദ്ധീകരിച്ചത് തന്നെയാണ്. അതില്‍ മാറ്റമില്ല. അത് ആധികാരിക രേഖകളാണ്. ഇത്തരത്തില്‍ വലിയ പ്രധാന്യമുള്ള, പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ മൂടിവയ്ക്കപ്പെടുമ്പോള്‍ അത് അന്വേഷിച്ച് പുറത്തുകൊണ്ടുവരുക എന്നത് മാധ്യമങ്ങളുടെ കടമയാണ് – എന്‍ റാം പറഞ്ഞു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത് എന്‍ റാം ആണ്. ഫെബ്രുവരി എട്ടിന് ഹിന്ദു പ്രസിദ്ധീകരിച്ച് എന്‍ റാമിന്റെ റിപ്പോര്‍ട്ട് പറഞ്ഞത് പ്രധാനമന്ത്രിയുടെ ഓഫീസ് കരാര്‍ വിലപേശലില്‍ അനധികൃതമായി ഇടപെടുന്നതിനെതിരെ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെക്കുറിച്ചാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍