Top

അവർ വന്നാൽ അടിക്കാൻ ചെരിപ്പെടുത്ത് വെച്ചിട്ടുണ്ട്-നമ്പി നാരായണന്‍

അവർ വന്നാൽ അടിക്കാൻ ചെരിപ്പെടുത്ത് വെച്ചിട്ടുണ്ട്-നമ്പി നാരായണന്‍
"എന്റെ ഭാര്യ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ നമ്പി നാരായണന്റെ ഭാര്യയാണെന്ന കാരണത്താൽ മഴയത്ത് ഇറക്കി വിട്ടു. എന്റെ മകനെയും, മകളെയും അധിക്ഷേപിച്ചു. അവർ സഹിച്ചാണ് കൂടുതൽ. എങ്കിലും നീതി കിട്ടുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളത് പോലെ എനിക്ക് നല്ല ഒരു ഭർത്താവായിട്ടോ നല്ല അച്ഛനായിട്ടോ ജീവിക്കാൻ കഴിഞ്ഞില്ല." നമ്പി നാരായണൻ പറയുന്നു.

നമ്പി നാരായണന് നൽകണം 50 ലക്ഷം രൂപ നഷ്ടപരിഹാരം എന്ന് സുപ്രീം കോടതി വിധി പുറത്തു വന്നെങ്കിലും അദ്ദേഹവും, കുടുംബവും നേരിട്ട അനുഭവങ്ങളുടെ നൊമ്പരവും, വേദനയും അളവില്ലാത്തതാണ്. കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന നമ്പി നാരായണന്റെ ആത്മകഥ വർത്തമാനകാലത്തും പ്രസക്തമാകുന്നത് വൈകി ലഭിക്കുന്ന നീതി എങ്ങനെ അനീതിയായി മാറുന്നു എന്ന് അടിവരയിടുന്നത് കൊണ്ടാണ്.

നമ്പി നാരായണൻ കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ;

ഞാൻ ചാരനല്ലായിരുന്നു, എന്റെ ലക്‌ഷ്യം നിരപരാധിത്വം തെളിയിക്കുക എന്നത് മാത്രമായിരുന്നു. അത് സാധിച്ചു. അതൊരു വാശിയായിരുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധിയിൽ സന്തോഷിക്കുന്നില്ല. അൻപത് ലക്ഷമല്ല അഞ്ചു കോടി തന്നാലും സംഭവിച്ചതിനു പരിഹാരമാകില്ല. കാരണം അന്ന് ഞാനും എന്റെ കുടുംബവും അനുഭവിച്ച മാനസിക സംഘർഷങ്ങളെ കണക്കാക്കാൻ ബുദ്ധിമുട്ടുണ്ട്. കേസിൽ നഷ്ടപരിഹാരമല്ല പ്രശ്നം ഞാനൊരു ചാരനല്ലെന്ന് തെളിയിക്കാനാണ് അതിലേറെ ആഗ്രഹിച്ചത്.

ചെയ്യുന്ന ഓരോ കുറ്റത്തിനും രാജ്യത്തെ നിയമസംവിധാനവും ഓരോ ശിക്ഷ പറയുന്നുണ്ട്. ആ ശിക്ഷ നൽകണം. മോഷണക്കേസ് പ്രതിയെ തൂക്കി കൊല്ലേണ്ടതില്ല. ആ കുറ്റത്തിന് അതിന്റെ ശിക്ഷയുണ്ട്. ചാരക്കേസിൽ പ്രധാനമായും കേസ് കെട്ടിച്ചമയ്ക്കൽ, അനാവശ്യമായി അറസ്റ് ചെയ്യൽ, ടോർച്ചറിങ്, തുടങ്ങീ ഓരോ കുറ്റങ്ങളാണുള്ളത്‌. അതിനുള്ള ശിക്ഷയാണ് ലഭിക്കുക. എന്നാൽ ആദ്യം കണ്ടു പിടിക്കേണ്ടത് ഇത് ചെയ്തത് ആരാണെന്നാണ്! അതിനു ശേഷമാണ് അവർക്കുള്ള ശിക്ഷ തീരുമാനിക്കേണ്ടത്.

ഒരു കള്ളക്കേസ് ഉണ്ടാക്കി. ആര് പറഞ്ഞിട്ട് ഉണ്ടാക്കി! അത് കണ്ടു പിടിക്കേണ്ടത് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ വലിയ ചുമതലയാണെന്ന് ഞാൻ വിശ്വസിക്കുന്നു. 'അത് എന്തിനായിരുന്നുവെന്നും ആർക്ക്' വേണ്ടിയാണ് ചെയ്തതെന്നുമാണ് ഇനി കണ്ടു പിടിക്കേണ്ടത്. ആരൊക്കെയാണ് തെറ്റ് ചെയ്തതെന്ന് കണ്ടു പിടിക്കണം.

ഐ എസ് ആർ ഓ ചാരക്കേസ് ഉണ്ടാക്കിയവരെ അത്ര ബുദ്ധിമാന്മാരാണെന്ന് തോന്നുന്നില്ല. കാരണം ഇല്ലാത്ത സാങ്കേതിക വിദ്യ വിൽക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. അല്പം ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ ഇത്തരം വിഡ്ഢിത്തം പറയേണ്ടി വരുമായിരുന്നില്ല. മുഖ്യമന്ത്രിയായ കെ കരുണാകരനെ താഴെയിറക്കണമെന്നു ലക്ഷ്യമുള്ളവരോ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കരുതെന്ന് ആഗ്രഹമുള്ളവരോ ആയിരിക്കാം ചാരക്കേസിന് പിന്നിൽ.

സി ബി ഐ ഈ കേസ് അട്ടിമറിച്ചുവെന്നു കരുതുന്നില്ല. മാത്രമല്ല അന്ന് എന്നെ പീഡിപ്പിച്ച ഐ ബിയിലെ പതിനൊന്നു പേരുടെയും പേരുകൾ അറിയാം. എന്നാൽ ചിത്രങ്ങളൊന്നുമില്ല. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു പിടയുമ്പോൾ ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞതാണ്. അന്ന് അവർ പറഞ്ഞത് തെറ്റൊന്നും ചെയ്തിട്ടില്ലെന്നറിഞ്ഞാൽ അന്ന് ഞങ്ങൾ വീട്ടിൽ വരാം ചെരുപ്പെടുത്ത് മുഖത്തടിച്ചോളൂ എന്നാണ്. ഇന്ന് ഞാൻ കുറ്റവിമുക്തനായി.

ഒരു ഐ ബിക്കാരനും എത്തിയില്ല അവർ വന്നാൽ അടിക്കാൻ ചെരിപ്പെടുത്ത് വെച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അവരെ എല്ലായിടത്തും തിരയുകയാണ്. പക്ഷെ ആരെയും കാണാനില്ല. പഴയ ചെരിപ്പ് അവർക്ക് വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

24 വര്‍ഷം നേരിട്ട അനീതികളോടുള്ള രോഷം പല സന്ദർഭങ്ങളിലും നമ്പി നാരായണന്റെ വാക്കുകളിൽ പ്രകടമാണ്. സുപ്രീം കോടതിയുടെ നിർണായക ഇടപെടലിലൂടെ ചാരക്കേസിന്റെ രണ്ടാം ഘട്ടം ഇവിടെ തുടങ്ങുകയാണ്. കാൽനൂറ്റാണ്ടിനു ശേഷം ഗൂഢാലോചന പുറത്തു വരുമ്പോൾ ആരൊക്കെ കുടുങ്ങും. ആരുടെയൊക്കെ ഉറക്കമില്ലാതാക്കുമെന്ന കാത്തിരിപ്പാണ് ഇനി. എങ്കിലും നമ്പി നാരായണന് പോരാട്ടത്തിന്റെ ശുഭകരമായ പരിസമാപ്തിയാണിത്.

https://www.azhimukham.com/offbeat-nambi-narayanan-talks-on-isro-spy-case-and-supreme-court-verdict-by-arathi/

https://www.azhimukham.com/keralam-nambi-narayanan-reveals-sibymathews-role-in-isro-spy-case/

https://www.azhimukham.com/trending-nambi-narayanan-reveals-about-the-media-trial-he-faced/

https://www.azhimukham.com/offbeat-isro-spy-case-scientist-nambi-narayanan-and-other-victims-sensationalism-in-malayalam-journalism/

Next Story

Related Stories