TopTop

മോദി എത്തുന്നത് പത്തനംതിട്ടയില്‍, ബിജെപിയുടെ ശബരിമല സമരം ആളിക്കത്തിക്കല്‍ ലക്ഷ്യം; അമിത് ഷായും കേരളത്തിലേക്ക്

മോദി എത്തുന്നത് പത്തനംതിട്ടയില്‍, ബിജെപിയുടെ ശബരിമല സമരം ആളിക്കത്തിക്കല്‍ ലക്ഷ്യം; അമിത് ഷായും കേരളത്തിലേക്ക്
ശബരിമല സമരം ആളിക്കത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും കേരളത്തിലെത്തിക്കാനാണ് നീക്കം. ശബരിമല സമരത്തിന്റെ പേരില്‍ സംസ്ഥാന സമിതിയംഗം വെള്ളനാട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്നലെ പാര്‍ട്ടിയില്‍ നിന്നും തെറ്റി സിപിഎമ്മിലേക്ക് ചേക്കേറിയത് ക്ഷീണമായെങ്കിലും ശബരിമല സമരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ബിജെപി ഇപ്പോഴും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായാണ് ഇരുവരും കേരളത്തില്‍ വരുന്നതെന്നാണ് വാര്‍ത്ത. എന്നാല്‍ ബിജെപിയുടെ ശബരിമല സമരം ശക്തിപ്രാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഇരു നേതാക്കളുടെയും വരവ് ശബരിമല വിഷയം ചൂടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെ കൂടിയാണ്.

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്താണ് ആദ്യ ദിവസങ്ങളില്‍ ബിജെപിയും ആര്‍എസ്എസും പ്രതികരിച്ചത്. എന്നാല്‍ എന്‍എസ്എസ് ഇതിനെതിരെ രംഗത്തിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്നില്‍ അണിനിരന്ന പതിനായിരക്കണക്കിന് ആളുകളെ കണ്ട് കണ്ണുതള്ളിയാണ് അവര്‍ ഈ സമരത്തിലേക്ക് ചാടിയിറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സമരം വോട്ടാക്കാമെന്നും ശബരിമലയെ കേരളത്തിലെ അയോധ്യ ആക്കാമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്‍എസ്എസ് നടത്തുന്ന നാമജപ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തുവെങ്കിലും ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിലേക്ക് ഒരു ദിവസം നൂറ് പേര് പോലും വരുന്നില്ലെന്നാണ് വെള്ളനാട് കൃഷ്ണകുമാര്‍ ഇന്നലെ അഴിമുഖത്തോട് പറഞ്ഞത്. മാത്രമല്ല, ഈ സമരം ബിജെപിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം സംസ്ഥാന നേതാക്കള്‍ക്ക് പോലുമുണ്ട്. പിണറായി സര്‍ക്കാരാണെങ്കില്‍ ബിജെപിയുടെ സമരത്തിന് പുല്ലുവില പോലും കൊടുക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. സമരം ആരംഭിച്ച് 19 ദിവസം തികഞ്ഞിട്ടും ഇതുവരെയും ഒരു ചര്‍ച്ച പോലും വിളിച്ചിട്ടില്ല. ഫലമോ, സമരം ആരംഭിച്ച എഎന്‍ രാധാകൃഷ്ണന്‍ ഏഴാം ദിവസവും പിന്നീട് ഏറ്റെടുത്ത സി കെ പത്മനാഭന്‍ ഒമ്പതാം ദിവസവും അവശനിലയില്‍ സമരം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ശോഭാ സുരേന്ദ്രനാണ് സമരത്തിന്റെ ചുക്കാന്‍. സി കെ പത്മനാഭന്‍ നിരാഹാരം കിടക്കുന്നതിനിടയില്‍ വേണുഗോപാലന്‍ നായര്‍ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്തതും ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലുമെല്ലാം ഗുണകരമാക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരിച്ചടികളാണ് ബിജെപിക്ക് സമ്മാനിച്ചത്.

https://www.azhimukham.com/trending-vellanasu-s-krishnakumar-speaks-about-the-situation-to-quit-bjp-by-arun/

ഈ സാഹചര്യത്തില്‍ അമിത് ഷായുടെയും മോദിയുടെയും വരവ് സമരത്തിലേക്ക് ജനകീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അമിത് ഷായാണ് ആദ്യം വരുന്നത്. ഈമാസം 31ന് ഷാ കേരളത്തിലെത്തും. നേരത്തെ മണ്ഡലക്കാലം ആരംഭിച്ച സമയത്ത് കണ്ണൂരില്‍ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നെല്ലാം വെല്ലുവിളിച്ചിട്ടാണ് പോയത്. ഇനി തെലുങ്കാന പിടിച്ചെടുക്കണമെന്ന് ഉച്ചത്തില്‍ ആത്മഗതം നടത്തിയ ഷായ്ക്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഷ്ട്രീയ ചാണക്യന്‍ എന്ന വിശേഷണം ഒരു ഭാരമായി തീരുകയും ചെയ്തു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയെന്നതാണ് ഇപ്പോഴത്തെ വലിയ ലക്ഷ്യം. അതിന് ശബരിമല സഹായിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് നടക്കുന്ന പരിപാടിയില്‍ മാത്രമാണ് ഷാ പങ്കെടുക്കുന്നതെന്നാണ് അറിയുന്നതെങ്കിലും ശബരിമല സമരമായിരിക്കും ചര്‍ച്ച ചെയ്യുകയെന്നാണ് കരുതപ്പെടുന്നത്.

നരേന്ദ്ര മോദിയുടെ വരവാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ശബരിമല വിഷയം ഉയര്‍ന്നതിന് ശേഷം മോദി ഇതുവരെയും കേരളത്തിലെത്തിയിട്ടില്ല. ലോക് സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കുന്നുന്ടെങ്കിലും നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച മോദിയ്ക്കും ഭരണതുടര്‍ച്ചയാണ് ലക്ഷ്യം. ശബരിമല അതിന് സഹായിക്കുമെന്ന് അദ്ദേഹവും കരുതുന്നു. ജനുവരി ആറിനാണ് മോദി ആദ്യം കേരളത്തിലെത്തുക. പിന്നീട് 27ന് വീണ്ടുമെത്തും. മോദിയുടെ ആദ്യ വരവ് തന്നെ ഗംഭീരമാക്കാനാണ് പാര്‍ട്ടി നീക്കം. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലാണ് മോദി ജനുവരി ആറിന് എത്തുന്നത് എന്നതില്‍ നിന്നും ലക്ഷ്യം വ്യക്തമാണ്. 27-ന് തൃശൂരിലാണ് സന്ദര്‍ശനം നടത്തുന്നത്. ശബരിമല വിഷയത്തിന്റെ ബലത്തില്‍ പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളിലെയും വോട്ടര്‍മാരെ ആകര്‍ഷിക്കാമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രവര്‍ത്തകരുമായി മോദി ഈയിടെ നമോ ആപ്പ് വഴി ബന്ധപ്പെട്ട് അഭിസംബോധന ചെയ്തിരുന്നു.

https://www.azhimukham.com/newsupdates-pathanamthitta-yuvamorcha-president-sam-thottathil-joined-cpm/

മണ്ഡലകാലം അവസാനിക്കാത്തതിനാല്‍ തന്നെ മോദി നേരിട്ട് ശബരിമലയിലെത്താനുള്ള സാധ്യതയും ഏറെയാണ്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കിയ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ മോദിയുടെ ശബരിമല സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്തായാലും രണ്ടിലൊന്ന് എന്ന തീരുമാനത്തില്‍ തന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് ഈ രണ്ട് നേതാക്കളെയും കേരളത്തിലെത്തിച്ച് ബിജെപി.

https://www.azhimukham.com/trending-bjp-leaders-in-shobha-surendrans-strike-stage-quit-party-and-joined-with-cpim/

Next Story

Related Stories