TopTop
Begin typing your search above and press return to search.

സ്ത്രീകളെയും മുസ്ലിങ്ങളെയും അപമാനിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് നരേന്ദ്ര മോദിയുടെ പ്രശംസ

സ്ത്രീകളെയും മുസ്ലിങ്ങളെയും അപമാനിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് നരേന്ദ്ര മോദിയുടെ പ്രശംസ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാര്‍ട്ടൂണിസ്റ്റിനെ പ്രകീര്‍ത്തിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബോളീവുഡിലെ നടിമാരെയും മുസ്ലിം മതത്തെയും അടച്ച് ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ക്ഷിതിജ് ബാജ്‌പേയിയുടെ കാര്‍ട്ടൂണുകളെയാണ് മോദി പ്രകീര്‍ത്തിച്ചിരിക്കുന്നത്.

മെയ് അഞ്ചിന് മംഗളൂരുവില്‍ മോദി നടത്തിയ റാലിയെക്കുറിച്ചും ബാജ്‌പേയ് കാര്‍ട്ടൂണ്‍ വരച്ചിരുന്നു. അതേസമയം നിരവധി ഫോളോവര്‍മാരുള്ള ഇദ്ദേഹം താന്‍ ആരാണെന്നോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. കത്വ ബലാത്സംഗത്തില്‍ ബോളീവുഡ് നടിമാര്‍ നടത്തിയ പ്രതിഷേധത്തെയാണ് ബാജ്‌പേയിയുടെ ഒരു കാര്‍ട്ടൂണ്‍ പരിഹസിക്കുന്നത്. നഗ്നരായി അഭിനയിക്കുന്നവര്‍ കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ് പരിഹാസം. സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ഹുമ ഖുറേഷി, കരീന കപൂര്‍, റിച്ച ഛദ്ദ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പരിഹാസം.

ഇസ്ലാം മതം ഒരു ബോംബ് ആണെന്നും ഹിന്ദുമതം സമാധാനത്തിന്റെ വെള്ളരി പ്രാവാണെന്നുമാണ് മറ്റൊരു കാര്‍ട്ടൂണില്‍ പറയുന്നത്. കാര്‍ട്ടൂണുകളില്‍ പലതും ക്രൂരമായ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുള്ളവയാണ്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ തകര്‍ക്കുന്നത് മുസ്ലിങ്ങളാണെന്ന വിധത്തിലും ഒരു കാര്‍ട്ടൂണില്‍ ചിത്രീകരണമുണ്ട്. താജ്മഹലിന്റെ മിനാരങ്ങള്‍ പുരുഷ ലിംഗങ്ങളാക്കി ചിത്രീകരിക്കുന്ന മറ്റൊരു കാര്‍ട്ടൂണുമുണ്ട്.

പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളെ അടച്ചാക്ഷേപിക്കുന്ന കാര്‍ട്ടൂണുകളാണ് പലതും. അതേസമയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പോലും പരിഹസിക്കുന്ന കാര്‍ട്ടൂണുകളും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'താങ്കളൊരു മഹാനായ കലാകാരനാണ്' എന്നാണ് മോദി ഈ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയമായി ഏറെ വിമര്‍ശനങ്ങളാണ് ഈ കാര്‍ട്ടൂണുകള്‍ക്കും മോദിയുടെ പ്രശംസയ്ക്കും നേരിടുന്നത്. കാര്‍ട്ടൂണുകള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഏറ്റവും നല്ല മാധ്യമമാണെന്ന് പറയപ്പെടുമ്പോഴും ഇരുതല മൂര്‍ച്ചയുള്ള വാളാണ് അതെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ടെന്ന് ഓള്‍ട്ട് ന്യൂസില്‍ ഇതേക്കുറിച്ച് വന്ന വിമര്‍ശനത്തില്‍ പറയുന്നു.

Next Story

Related Stories