Top

ജയലളിതയെയും അടക്കിഭരിച്ച ധനമോഹി; നടരാജനും മന്നാര്‍ഗുഡി മാഫിയയും അവസാനിക്കുന്നില്ല

ജയലളിതയെയും അടക്കിഭരിച്ച ധനമോഹി; നടരാജനും മന്നാര്‍ഗുഡി മാഫിയയും അവസാനിക്കുന്നില്ല
മരിച്ചവരെക്കുറിച്ച് ദുഷിപ്പ് പറയരുതെന്നാണ് പറയുന്നത്. അതുപോലെ ആരുടെയാണെങ്കിലും മരണങ്ങളില്‍ സന്തോഷിക്കരുതെന്നും. എന്നാല്‍ ഇന്ന് രാവിലെ നടരാജന്‍ എന്ന മന്നാര്‍ഗുഡി മാഫിയ തലവന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ അതില്‍ സന്തോഷിച്ച ചിലരെങ്കിലും തമിഴ്‌നാട്ടിലുണ്ടാകും. അതില്‍ പ്രമുഖരും അല്ലാത്തവരുമെല്ലാമുണ്ടാകും. കാരണം നടരാജന്റെ കീഴില്‍ മന്നാര്‍ഗുഡി മാഫിയ തമിഴ്‌നാട്ടില്‍ ചെയ്തു കൂട്ടിയ കൊള്ളരാതായ്മകള്‍ അത്രമാത്രമാണ്. .

ജയലളിതയുടെ അധികാരത്തിന്റെ മറവില്‍ മന്നാര്‍ഗുഡി മാഫിയ സാധാരണക്കാരെ പിഴിഞ്ഞ് തഴച്ചുവളര്‍ന്നതോടെയും തന്റെ അധികാരത്തെ പോലും ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെയുമാണ് സാക്ഷാല്‍ ജയലളിത തന്നെ ശശികലയെയും കുടുംബാംഗങ്ങളെയും പോയസ് ഗാര്‍ഡനില്‍ നിന്നും ചവിട്ടി പുറത്താക്കിയത്. പിന്നീട് ശശികലയെ മാത്രം തിരിച്ചെടുക്കുകയും ചെയ്തു. ഇതിന് പിന്നിലും മന്നാര്‍ഗുഡി മാഫിയയുടെ ഭീഷണിയുണ്ടെന്നാണ് കരുതപ്പെടുന്നത്. ജയലളിതയെ പോലും ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുക്കാന്‍ നടരാജനും സംഘവും വളര്‍ന്നു കഴിഞ്ഞിരുന്നു. ജയലളിതയുടെ തോഴിയായി ശശികല എത്തുന്നതോടെയാണ് മന്നാര്‍ഗുഡി മാഫിയയുടെയും നടരാജന്റെയും വളര്‍ച്ച ആരംഭിക്കുന്നത്. ഒരു സാധാരണ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്നും ജയലളിതയെ തന്നെ നിയന്ത്രിക്കാനുള്ള കരുത്ത് നടരാജന്‍ നേടിയെടുത്തത് ശശികലയിലൂടെയാണ്. എഐഎഡിഎംകെയിലെ സ്വാധീനം ഉപയോഗിച്ച് വീഡിയോ ഷോപ്പ് ഉടമയായ ഭാര്യയെ ജയലളിതയുടെ വീഡിയോഗ്രാഫറാക്കി മാറ്റുകയാണ് നടരാജന്‍ ആദ്യം ചെയ്തത്. പിന്നീട് ശശികല ജയലളിതയ്ക്ക് ആരായി തീര്‍ന്നുവെന്നത് ചരിത്രം.

രാഷ്ട്രീയത്തില്‍ മുമ്പേ തന്നെ പയറ്റിത്തെളിഞ്ഞ നടരാജന്‍ എംജിആറിന്റെ മരണശേഷം ജയയുടെ രാഷ്ട്രീയ പുനഃപ്രവേശത്തിനും നിലനില്‍പ്പിനും സര്‍വ ഒത്താശകളും ചെയ്തിരുന്നു. ജയയെ മുഖ്യമന്ത്രിയാക്കിയത് താനാണെന്ന് നടരാജന്‍ പലയിടങ്ങളിലും പറഞ്ഞു നടന്നിരുന്നത് ഇക്കാരണത്താലാണ്. അക്കാലത്ത് പൊയസ് ഗാര്‍ഡനില്‍ മുഴുവന്‍ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. 1989 ല്‍ മന്നാര്‍ഗുഡിയില്‍ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാര്‍ഡനില്‍ കൊണ്ടുവന്നത്. വീട്ടുവേലക്കാര്‍, അടുക്കളക്കാര്‍, സെക്യൂരിറ്റി, ഡ്രൈവര്‍മാര്‍, സന്ദേശവാഹകര്‍ തുടങ്ങിയവരൊക്കെ മന്നാര്‍ഗുഡി ഇറക്കുമതിയില്‍ പെടുന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂര്‍വം പറഞ്ഞുവിട്ടു. 1991ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ മന്നാര്‍ഗുഡി മാഫിയയാണ് പോയസ് ഗാര്‍ഡന്‍ നിയന്ത്രിച്ചിരുന്നത്.

അവരുടെ അനുവാദമില്ലാതെ ആര്‍ക്കും ജയലളിതയെ കാണാനാകില്ല എന്ന അവസ്ഥയായിരുന്നു. അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയെന്ന നിലയിലായിരുന്നു ശശികലയുടെ ഇടപെടലുകള്‍. അവരുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ ആജ്ഞകളായി എല്ലാവരും സ്വീകരിച്ചിരുന്നു. പാര്‍ട്ടിയിലെ ഘടനയില്‍പ്പോലും അവര്‍ കൈകടത്തി. പല പ്രദേശങ്ങളിലും അവരുടെ ബന്ധുക്കളായി പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍. ഒട്ടുമിക്ക എംഎല്‍എമാരും അവരുടെ കൂട്ടത്തില്‍ പെടുന്നവരായിരുന്നു. അങ്ങനെ ഭരണത്തിന്റെ ചുക്കാന്‍ ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ കൈകളില്‍ ഭദ്രമായി അമര്‍ന്നു. സംസ്ഥാനത്ത് ഭരണം എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് ശശികലയും സംഘവുമായി. എന്നാല്‍ പണത്തോടുള്ള ശശികലയുടേയും നടരാജന്റേയും ബന്ധുക്കളുടേയും ആര്‍ത്തി അതിഭയങ്കരമായിരുന്നു. മനസ്സിനിണങ്ങിയ ബംഗ്ലാവുകളും ഫാം ഹൗസുകളും പലരില്‍ നിന്നും ഭീഷണിപ്പെടുത്തി വാങ്ങിക്കൂട്ടി. കിട്ടിയതില്‍ ചെറിയൊരു പങ്ക് ജയലളിതക്കും നിവേദിച്ചു. ചുരുക്കത്തില്‍ ശശികലയുടെ തടവിലായി മുഖ്യമന്ത്രി ജയലളിത. സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ ഉള്‍പ്പെടെ പലരും ഇക്കാര്യം പുറത്തു പറയാന്‍ പോലും തയ്യാറായത് ജയലളിതയുടെ മരണ ശേഷമാണ്. ഇസിആറിലെ പയനൂറില്‍ സിനിമയില്‍ നിന്നും സമ്പാദിച്ച പണം കൊണ്ടാണ് ഇദ്ദേഹം 22 ഏക്കര്‍ സ്ഥലം വാങ്ങി ഒരു ഫാം സ്ഥാപിച്ചത്. എന്നാല്‍ മന്നാര്‍ഗുഡി മാഫിയയുടെ കണ്ണില്‍ ഈ ഫാം പെട്ടതോടെ അദ്ദേഹത്തിന് എല്ലാം നഷ്ടമായി. മുഖ്യമന്ത്രിയ്ക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ഈ ഫാം അവര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അമരന്‍ ആ സ്ഥലം വില്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തി സ്ഥലം കുറഞ്ഞ വിലയ്ക്ക് ശശികലയുടെ പേരില്‍ എഴുതി വാങ്ങുകയായിരുന്നു.

http://www.azhimukham.com/sasikala-family-gangai-amarans-farm/

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും മറ്റും വമ്പിച്ച തുക മാഫിയ ചോദിച്ചു വാങ്ങി. ജയലളിതയുടെ ഭരണകാലം മന്നാര്‍ഗുഡി മാഫിയ അഴിമതി നിറഞ്ഞതാക്കി തീര്‍ത്തു. വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങള്‍ നടത്തി. 2002 ല്‍ കോയമ്പത്തൂരില്‍ ശശികല മിഡാസ് ഗോള്‍ഡണ്‍ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു ഡിസ്റ്റിലറികളും വന്‍ മുതല്‍ മുടക്കില്‍ സംഘടിപ്പിച്ചു. നഗരങ്ങളില്‍ നിരവധി തിയേറ്റര്‍ കോംപ്ലക്സുകളും മാളുകളും പിടിച്ചടക്കി. നടരാജന്റെ ബന്ധുവായ രാവണനാണ് ശശികലയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചത്. 5000 കോടി രൂപയുടെ ആസ്തിയാണ് ശശികല സ്വരൂപിച്ചത് എന്ന് മാധ്യമങ്ങള്‍ അക്കാലത്ത് എഴുതി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ടിക്കറ്റിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും 300 കോടി രൂപയാണ് ശശികല ശേഖരിച്ചത്. അന്ന് പണച്ചാക്കുകളുമായി നടരാജനെ കാണാന്‍ നേതാക്കള്‍ തിങ്ങിനിറഞ്ഞിരുന്നു.

http://www.azhimukham.com/sasikala-emerging-chief-minister-of-tamilnadu-pk-sreenivasan/

20 വര്‍ഷം നീണ്ട ഈ അധികാരം 2011ല്‍ ജയലളിത തന്നെയാണ് ഇവരില്‍ നിന്നും എടുത്തുമാറ്റിയത്. ചില തിരിമറികള്‍ കണ്ടെത്തിയതോടെ 13 പേരടങ്ങുന്ന മന്നാര്‍ഗുഡി മാഫിയ സംഘത്തെ 2011 ഡിസംബര്‍ 19ന് ജയലളിത പുറത്താക്കുകയായിരുന്നു. ജയലളിതയ്‌ക്കെതിരെ ഇവര്‍ ഗൂഢാലോചന നടത്തുന്ന വിവരം ഇന്റലിജന്‍സ് ആണ് അറിയിച്ചത്. ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വികെ സുധാകരന്‍, ടിടിവി ദിനകരന്‍, എം രാമചന്ദ്രന്‍, മിഡാസ് മോഹന്‍ തുടങ്ങിയ 13 പേരാണ് പുറത്തായത്.

പിന്നീടുള്ള ദിവസങ്ങള്‍ നടരാജന്റെ കഷ്ടകാലമായിരുന്നു. തന്നെ തകര്‍ക്കാന്‍ ആസൂത്രണം ചെയ്തവരെ പല വിധത്തിലും വേട്ടയാടുന്ന അമ്മയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ നടരാജന്‍ തകര്‍ന്നു. ഭൂമി തട്ടിപ്പ് കേസില്‍ തഞ്ചാവൂര്‍ പോലീസ് ജയിലിലാക്കി. കൂടാതെ അവസരം കിട്ടുമ്പോഴെല്ലാം നടരാജനെതിരെ ഇന്റലിജന്‍സ് വിഭാഗം കേസുകള്‍ ഫയല്‍ ചെയ്തു. എന്നാല്‍ 2012 മാര്‍ച്ച് 31ന് ജയലളിത ശശികലയെ മാത്രം തിരികെ വിളിച്ചു. നടരാജനും സംഘത്തിനും അതു തന്നെ ധാരാളമായിരുന്നു.

http://www.azhimukham.com/natarajan-sasikalas-husnband-return-of-mannargudi-mafia-after-jayalalithas-death-pk-sreenivasan/

പിന്നീട് ഏറെക്കാലം നടരാജന്‍ അജ്ഞത വാസത്തിലായിരുന്നു. അയാളെ ആരും പുറത്തെങ്ങും കണ്ടിരുന്നില്ല. ജയലളിത ആശുപത്രിയില്‍ കിടക്കുമ്പോഴും ആ ഭാഗത്തൊന്നും നടരാജന്‍ എത്തിയിരുന്നില്ല. എന്നാല്‍ അമ്മയുടെ മൃതദേഹം കിടത്തിയിരുന്ന രാജാജി ഹാളില്‍ നടരാജന്‍ എത്തിയപ്പോള്‍ എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അമ്പരന്നു. സംസ്‌കാരം നടന്ന മറീന ബീച്ചിലും നടരാജനായിരുന്നു ശ്രദ്ധാകേന്ദ്രം. ജയയുടെ മരണ ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തെ നടരാജനും ശശികലയും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ശശികല വീണ്ടും ജയിലിലാകുന്നത്. പിന്നാലെ എഐഎഡിഎംകെയില്‍ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. പിന്നീട് ആദ്യം ഇടഞ്ഞു നിന്ന ഇ പളനിസാമിയും ഒ പനീര്‍സെല്‍വവും വീണ്ടും കൈകോര്‍ത്തതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടരാജനും മന്നാര്‍ഗുഡി മാഫിയയും അപ്രസക്തരായി തീര്‍ന്നു. നടരാജന്‍ വീണ്ടും അജ്ഞാതവാസത്തിലേക്ക് പോയി. ഇതിനിടെയില്‍ ആകെ കേട്ടത് ഗുരുതരാവസ്ഥയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന നടരാജനെ ശുശ്രൂഷിക്കാന്‍ ശശികലയ്ക്ക് പരോള്‍ അനുവദിക്കുന്നുവെന്ന് മാത്രമാണ്.

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ശശികലയുടെ തിരിച്ചു വരവ് ഇനി അസാധ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മന്നാര്‍ഗുഡി മാഫിയയ്ക്ക് അത് അങ്ങനെയല്ല. നിലവില്‍ ടിടിവി ദിനകരനിലൂടെ ശക്തമായ ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു കഴിഞ്ഞു. പണക്കൊഴുപ്പിന്റെ രാഷ്ട്രീയം എല്ലായ്‌പ്പോഴും വിജയിക്കുന്ന തമിഴ്‌നാട്ടില്‍ നടരാജന്റെ നേതൃത്വത്തില്‍ ഈ മാഫിയ സംഘം വെട്ടിപ്പിടിച്ച സ്വത്ത് മാത്രം മതി ഇനിയും തമിഴ്‌നാട് രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാന്‍.

http://www.azhimukham.com/jayalalitha-sasikala-crime-graft-case-supreme-court-verdict-tamil-politics-pk-sreenivasan/

Next Story

Related Stories