TopTop

സിദ്ധീക്കിയുടെ പെണ്‍വേട്ട വീരസ്യങ്ങള്‍; അസാദ്ധ്യ നുണകളെന്ന് കഥയിലെ നായികമാര്‍

സിദ്ധീക്കിയുടെ പെണ്‍വേട്ട വീരസ്യങ്ങള്‍; അസാദ്ധ്യ നുണകളെന്ന് കഥയിലെ നായികമാര്‍
തന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ സ്ത്രീകളെ അങ്ങേയറ്റം അവഹേളനപരമായ രീതിയിലാണ് നവാസുദ്ദീന്‍ സിദ്ദീക്കി വീക്ഷിക്കുന്നതെന്നുവേണം അദ്ദേഹത്തിന്റെ ആത്മകഥയായ 'ആന്‍ ഓര്‍ഡിനറി ലൈഫ്' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ മനസിലാക്കാന്‍. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ തന്നോടൊപ്പം പഠിച്ചിരുന്നെങ്കിലും അവിടെ വച്ച് ഒരിക്കലും കണ്ടുമുട്ടാതിരിക്കുകയും പിന്നീട് മുംബെയില്‍ നാടകത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്റെ ആദ്യ കാമുകി ആവുകയും ചെയ്തുവെന്ന് സീദ്ദിക്കി അവകാശപ്പെടുന്ന സുനിത എന്ന നടിയെ കുറിച്ചുള്ളതാണ് ഇതിലൊരു ഭാഗം. ആദ്യ പ്രേമത്തെ ദീര്‍ഘകാലം നീണ്ടുനിന്ന വേനലിന് ശേഷം പെയ്ത മനോഹരമായ മഴയോടാണ് സിദ്ദീക്കി പുസ്തകത്തില്‍ താരതമ്യം ചെയ്യുന്നതെങ്കിലും ആ ബഹുമാനമൊന്നും പിന്നീട് അവര്‍ക്ക് നല്‍കുന്നില്ല.

മീര റോഡിലുള്ള തന്റെ വീട്ടില്‍ സുനിത വരികയും ഭിത്തിയില്‍ തങ്ങളുടെ പേരുകള്‍ കോറിയിടുകയും ചെയ്യുന്നത് സിദ്ദീക്കി ഓര്‍ക്കുന്നു. മനോഹരമായ ബന്ധം തുടരുന്നതിനിടയില്‍ വീട്ടിലേക്ക് പോകേണ്ടി വന്ന അവര്‍ പിന്നീട് തന്നെ ബന്ധപ്പെടാന്‍ കൂട്ടാക്കിയില്ലെന്ന് സിദ്ദീക്കി പറയുന്നു. ആഴത്തിലുള്ള വൈകാരിക ബന്ധത്തിന് ശേഷം പെട്ടെന്ന് ഒരു ദിവസം അവര്‍ തന്നെ വിട്ടുപോവകുയായിരുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്. അതിന് കാരണമായി വിശദീകരിക്കുന്നതാവട്ടെ തന്റെ ദാരിദ്ര്യവും തൊഴിലില്ലായ്മയും. കുറച്ചുകൂടി സമ്പന്നമായ ജീവിതം അവര്‍ ആഗ്രഹിച്ചിരിക്കാം എന്ന ന്യായമാണ് സിദ്ദീക്കി നിരത്തുന്നത്. എല്ലാ ബന്ധങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളും മറ്റുള്ളവരാണെന്ന് വരുത്തി സ്വയം ന്യായീകരിക്കുക എന്ന തന്ത്രമാണ് സിദ്ദീക്കി പുസ്തകത്തിലൂടെ നിര്‍വഹിക്കുന്നത്. തന്റെ ന്യൂയോര്‍ക്ക് ജീവിതത്തിനിടെ പരിചയപ്പെട്ട സുസൈന്‍ എന്ന ജൂത പെണ്‍കുട്ടിയുമായുള്ള ബന്ധം തകര്‍ന്നതിന്റെ കാരണം നടി നിഹാരിക സിംഗാണെന്ന് സിദ്ദീക്കി സ്ഥാപിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്നും സിദ്ധിക്കി മടങ്ങിയപ്പോള്‍ സുസൈനും അദ്ദേഹത്തോടൊപ്പം മുംബെയില്‍ എത്തുകയും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നാണ് കഥ. എന്നാല്‍ മിസ് ലൗലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ വിസ പ്രശ്‌നം കാരണം അവര്‍ക്ക് അമേരിക്കയിലേക്ക് മടങ്ങേണ്ടി വന്നു.

ഇതിനിടയിലാണ് ചിത്രത്തിലെ സഹതാരമായിരുന്ന നിഹാരിക, അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം നിഹാരിക വളരെ നിശബ്ദയായി ഇരിക്കുന്നത് സിദ്ദിക്കി കണ്ടു. അതിന് മുമ്പ് അവര്‍ വളരെ സൗഹാര്‍ദപരമായി തന്നോട് ഇടപെട്ടിരുന്നതായി സിദ്ദീക്കി പറയുന്നു. അവരുടെ മൗനത്തിനുള്ള കാരണം തുടര്‍ച്ചയായി അന്വേഷിച്ചിട്ടും സിദ്ദീക്കിയ്ക്ക് ഉത്തരം ലഭിച്ചില്ല. ഇതെ തുടര്‍ന്ന് സിദ്ദീക്കി ഭക്ഷണത്തിനായി അവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ പ്രിയപ്പെട്ട മട്ടന്‍ കറി ഉള്‍പ്പെടെയുള്ള ഭക്ഷണം സ്വയം പാചകം ചെയ്ത് സിദ്ദിക്കി അവരെ സല്‍ക്കരിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ട നിഹാരിക തുടര്‍ന്ന് സിദ്ദീക്കിയെ ഭക്ഷണത്തിനായി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. നിഹാരിക താമസിക്കുന്ന സ്ഥലത്തേക്ക് താന്‍ ആദ്യമായി പോകുന്നത് അപ്പോഴാണെന്ന് സിദ്ദീക്കി പറയുന്നു. നിഹാരിക വാതില്‍ തുറന്നപ്പോള്‍ സിദ്ദീക്കി ആകെ ഞെട്ടിപ്പോയി. നൂറുകണക്കിന് മെഴുകുതിരിക കത്തുന്ന പ്രഭയിലേക്കാണ് സിദ്ദീക്കി കടന്നു ചെന്നത്. മൃദുരോമങ്ങളുള്ള കുപ്പായം ധരിച്ചിരുന്ന നിഹാരിക ഭ്രമാത്മകമായ രീതിയില്‍ സുന്ദരിയായി കാണപ്പെട്ടു. മെഴുകുതിരിയുടെ പ്രഭയില്‍ നിഹാരിക സൗന്ദര്യത്തില്‍ ഉരുകുകയായിരുന്നുവെന്നാണ് സിദ്ദീക്കി വിവരിക്കുന്നത്.

നാട്ടുമ്പുറത്തുകാരനായ തനിക്ക് ആ പ്രലോഭനം അതിജീവിക്കാനായില്ലെന്നും അവരുടെ കൈപിടിച്ച് നേരെ കിടക്കമുറിയിലേക്ക് നയിക്കുകയായിരുന്നവെന്നും സിദ്ദീക്കി പറയുന്നു. അങ്ങനെയാണ് ഒന്നര വര്‍ഷം നീണ്ടുനിന്ന ആ ബന്ധം ആരംഭിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ സുസൈന്റെ മെയിലുകള്‍ സിദ്ദീക്കിയെ തേടിയെത്തുന്നുണ്ടായിരുന്നു. അതിന് മറുപടി അയയ്ക്കാന്‍ സിദ്ദീക്കി തയ്യാറായില്ല. തന്റെ മൗനം ഒരു വിശദീകരണമായി അവര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചുവത്രെ. എന്നാല്‍ സുസൈന്റെ മെയില്‍ ഒരു ദിവസം നിഹാരിക കണ്ടു. അവര്‍ വല്ലാതെ ചൊടിച്ചുവെന്നാണ് സിദ്ദീക്കി പറയുന്നത്. തുടര്‍ന്ന് സിദ്ദീക്കിയുടെ മെയിലില്‍ നിന്നും നിഹാരിക താന്‍ അറിയാതെ സുസൈന് മെയില്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും സിദ്ദിക്കി ആരോപിക്കുന്നു. സുസൈനുമായുള്ള ബന്ധം തുടരാന്‍ തനിക്ക് താല്‍പര്യമില്ല എന്ന മട്ടിലുള്ള മെയിലുകളാണ് തന്റെ ഐഡിയില്‍ നിന്നും നിഹാരിക അയച്ചിരുന്നതെന്നും സിദ്ദീക്കി പറയുന്നു. എന്നാല്‍ മെയില്‍ അയയ്ക്കുന്നത് സിദ്ദീക്കി അല്ലെന്ന് സുസൈന്‍ തിരിച്ചറിഞ്ഞു. 'ആരാണിത്? ആരാണീ കൂത്തിച്ചി?' എന്ന് സുസൈന്‍ ചോദിച്ചതായും ആ മെയില്‍ കണ്ടതോടെ നിഹാരിക കുപിതയാവുകയും സുസൈനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അവര്‍ തന്നെ നിര്‍ബന്ധിക്കുകയും താന്‍ അതിന് വഴങ്ങുകയും ചെയ്തതായി സിദ്ദീക്കി പറയുന്നു.

എന്നാല്‍ നിഹാരികയുമായുള്ള ബന്ധം മുറിയുന്നതില്‍ തന്റെ പക്കലും കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായി സിദ്ദീക്കി സമ്മതിക്കുന്നുണ്ട്. അവര്‍ ബുദ്ധിമതിയും നല്ല നടിയുമാണെന്ന് സിദ്ദിക്കി വിശേഷിപ്പിക്കുന്നു. എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ നിഹാരികയും കൊതിച്ചിരുന്നു. എന്നാല്‍ താന്‍ തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും അവരുടെ വീട്ടില്‍ പോവുകയും ശാരീരിക ബന്ധം പുലര്‍ത്തുകയും പിരിയുകയും മാത്രമാണ് ചെയ്തിരുന്നതെന്ന് സിദ്ദീക്കി സമ്മതിക്കുന്നു. ഇത് തുടര്‍ന്നതോടെ സ്വന്തം കാര്യം നോക്കുന്ന ഒരു ചതിയാന്‍ മാത്രമാണ് സിദ്ദീക്കിയെന്ന് നിഹാരികയ്ക്ക് മനസിലായി. അതോടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ നിഹാരിക തീരുമാനിക്കുകയായിരുന്നുവെന്നും താന്‍ കേണപേക്ഷിച്ചിട്ടും തീരുമാനം പുനഃപരിശോധിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും സിദ്ദീക്കി വെളിപ്പെടുത്തുന്നു. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ മറ്റൊരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നുവെന്ന് സമ്മതിക്കുമ്പോള്‍ സ്ത്രീകളോടുള്ള ഈ നടന്റെ സമീപനം വ്യക്തമാകുന്നു. ഏതായാലും ആത്മകഥയില്‍ പറഞ്ഞ പെണ്‍കുട്ടികളെല്ലാം സിദ്ദീക്കിക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. നിഹാരിക പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വനിത കമ്മീഷനെ സമീപിച്ചതിന് പുറമെ സിദ്ദീക്കിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് നടി സുനിത രാജ്വാര്‍ രംഗത്തെത്തിയത്. ആസാധ്യ നുണകളാണ് പുസ്തകത്തില്‍ ഉള്ളതെന്ന് കാണിച്ച് അവര്‍ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

എന്‍എസ്ഡിയില്‍ സിദ്ദീക്കി തനിക്ക് ഒരു വര്‍ഷം മാത്രം സീനിയര്‍ ആയിരുന്നുവെന്നും അതിനാല്‍ സ്വാഭാവികമായും അവിടെ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും സുനിത തന്റെ പോസ്റ്റില്‍ പറയുന്നു. തന്നെ കുറിച്ച് സഹാനുഭൂതി സൃഷ്ടിക്കാന്‍ എന്നും ഒരോന്നു പറയുന്ന ആളാണ് സിദ്ദീക്കി എന്ന് സുനിത ആരോപിക്കുന്നു. അതിന് വേണ്ടി തന്റെ കഷ്ടത നിറഞ്ഞ ബാല്യകാലത്തെ കുറിച്ച് വിവരിക്കുക എന്നതാണ് സിദ്ദീക്കിയുടെ ഏറ്റവും വലിയ തന്ത്രം. താന്‍ വാടക വീട്ടില്‍ സുഹൃത്തുകളോടൊപ്പം കഴിഞ്ഞിരുന്നപ്പോള്‍ സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ആളാണ് സിദ്ദീക്കിയെന്നും അവര്‍ പറയുന്നു. തങ്ങള്‍ ഒന്നിച്ച് അഭിനയിച്ച നാടകത്തിന്റെ മൂന്ന് പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ ആ ബന്ധവും അവസാനിച്ചു എന്നാണ് സുനിതയുടെ വിശദീകരണം. തങ്ങളുടെ ബന്ധത്തിലെ വിശദാംശങ്ങള്‍ പൊതുസുഹൃത്തുക്കളുമായി സിദ്ദീക്കി പങ്കുവെക്കാന്‍ തുടങ്ങിയതോടെ തനിക്ക് അയാളോട് അറപ്പാണ് തോന്നിയതെന്നും അതിനാല്‍ തന്നെ ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്നും സുനിത വ്യക്തമാക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ സിദ്ദീക്കിയ്ക്ക് അറിയില്ല എന്ന് സുനിത ആരോപിക്കുന്നു. സിദ്ദീക്കിയുടെ സാമ്പത്തിക ദാരിദ്ര്യം മൂലമല്ല, ചിന്താദാരിദ്ര്യം മൂലമാണ് താന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുനിത തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഏതായാലും തനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മിനക്കെടാതെ പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും എല്ലവരോടും മാപ്പ് പറയുകയുമാണ് സിദ്ദീക്കി ചെയ്തിരിക്കുന്നത്.


Next Story

Related Stories