Top

അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണം: അമിക്കസ് ക്യൂറിയുടെ ഇടക്കാല റിപ്പോര്‍ട്ട്

അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണം: അമിക്കസ് ക്യൂറിയുടെ ഇടക്കാല റിപ്പോര്‍ട്ട്
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആദിവാസി ക്ഷേമ ഫണ്ടുകള്‍ വിനിയോഗിക്കുന്നതിലുണ്ടായ അപാകതയാണ് മധുവിന് മാനസികമായ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്ന് അമിക്കസ് ക്യൂറി വിലയിരുത്തി.

അമിക്കസ് ക്യൂറി അഡ്വ. പി ദീപക് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദിവാസി വിഭാഗങ്ങളുടെ വികസനം ഉറപ്പാക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കാനും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ജഡ്ജി കെ സുരേന്ദ്ര മോഹന്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബഞ്ച് മധുവിന്റെ മരണം അന്വേഷിക്കാന്‍ സ്വമേധയാ കേസെടുത്തത്. അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് നൂറ് ശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്ത് ഒരു ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത് ആശങ്കാജനകമാണെന്ന് സുരേന്ദ്ര മോഹന്റെ കത്തില്‍ പറയുന്നു.

മധു അരി മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് കഴിക്കാന്‍ ഒന്നുമില്ലാഞ്ഞിട്ടാണ്. ഇത് തെളിയിക്കുന്നത് ആദിവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ നേട്ടങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നാണെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു. ഫെബ്രുവരി 22നാണ് 27കാരനായ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് അട്ടപ്പാടിയിലെ കടുകുമന്നയില്‍ വച്ച് കൊല്ലപ്പെട്ടത്.

ആദിവാസി മേഖലകളില്‍ മനുഷ്യ വികസന സൂചിക ഇടിയുന്നതിന് രണ്ട് കാരണങ്ങളാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വികസന ഫണ്ട് ഉപയോഗിച്ച് ആദിവാസി ജനവിഭാഗങ്ങളിലേക്ക് സാധനങ്ങളും സേവനങ്ങളും എത്തുക്കാന്‍ നിയോഗിക്കപ്പെട്ട സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ആദിവാസി ക്ഷേമത്തിനായി നിരവധി പ്രോജക്ടുകളും ഫണ്ടുകളും ഉണ്ടെങ്കിലും രാഷ്ട്രീയക്കാരും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ ഈ പദ്ധതികളും ഫണ്ടുകളും അര്‍ഹരായവരില്‍ എത്തുന്നതിന് തടസ്സം നില്‍ക്കുന്നു. കൂടാതെ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും അനധികൃതമായി ചോര്‍ന്ന് പോകുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അട്ടപ്പാടിയിലെ ദയനീയാവസ്ഥയുടെ കാരണങ്ങളും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

അട്ടപ്പാടിയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലപ്രദമാകുന്നില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. കുടിവെള്ളത്തിനായി കോടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പൈപ്പുകളെല്ലാം ഇപ്പോഴും വരണ്ട അവസ്ഥയില്‍ തന്നെയാണ്. പോഷകാഹാര പ്രശ്‌നം പരിഹരിക്കാന്‍ ദശലക്ഷക്കണക്കിന് രൂപയാണ് ചെലവിടുന്നതെങ്കിലും ശിശു മരണവും വളര്‍ച്ചയില്ലാത്ത കുട്ടികളും ഇപ്പോഴും അട്ടപ്പാടിയുടെ ദയനീയ മുഖമാണ്. സോളാര്‍ വൈദ്യുതിയും കമ്മ്യൂണിറ്റി വൈദ്യുതിയും ലഭ്യമാക്കാനുള്ള നിരവധി പദ്ധതികളുണ്ടെങ്കിലും അവയൊന്നും ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല.

കൂടാതെ അട്ടപ്പാടി മേഖലയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്ട്(ഐടിഡിപി) ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഇതിന്റെ ചുമതലയും വഹിക്കുന്നത്. അതിനാല്‍ ഐഎഎസ് റാങ്കില്‍ കുറയാത്ത ഒരു ഐടിഡിപി നോഡല്‍ ഓഫീസറെ മുഴുവന്‍ സമയത്തേക്കും ഇവിടെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ഷ ചെയ്യുന്നു. ഇദ്ദേഹം അട്ടപ്പാടിയില്‍ തന്നെ താമസിക്കുകയും വേണം. മറ്റ് ഉദ്യോഗസ്ഥരുടെയെല്ലാം നിയന്ത്രണം ഇദ്ദേഹത്തിനായിരിക്കണം.

അനാഥാലയങ്ങളിലെ കുട്ടികള്‍ നേരിടുന്ന ചൂഷണത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി ജനങ്ങളില്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യമാണെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പദ്ധതികളുടെ ഉപയോക്താക്കള്‍ തന്നെയാണ് ഈ സോഷ്യല്‍ ഓഡിറ്റ് നടത്തേണ്ടത്. ഇത് അര്‍ഹതപ്പെട്ടവരില്‍ എത്രമാത്രം ഫലപ്രദമായാണ് ക്ഷേമ പദ്ധതികള്‍ എത്തിച്ചേരുന്നതെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ഇതിനായി അട്ടപ്പാടിയിലെ 48 വാര്‍ഡുകളില്‍ നിന്നായി രണ്ട് വീതം വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ പരിശീലിപ്പിച്ചെടുക്കണം.

ട്രൈബല്‍ വില്ലേജ് ഓഡിറ്റേഴ്‌സ്(ടിവിഎ) എന്ന തസ്തികയിലാണ് ഇവര്‍ നിയമിക്കപ്പെടേണ്ടത്. ജനങ്ങള്‍ക്കിടയിലിറങ്ങിയാണ് ഇവര്‍ ഓഡിറ്റ് നടത്തേണ്ടത്. വിവരശേഖരണത്തിന്റെ രീതികള്‍ അവരെ പഠിപ്പിച്ചിരിക്കണം. വിവരശേഖരണത്തിന് ശേഷം എല്ലാ വാര്‍ഡുകളിലും പൊതുയോഗം ചേര്‍ന്ന് ഇതിന്റെ ഓഡിറ്റിംഗ് നടത്തണം. ഈ യോഗത്തില്‍ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ഈ തീരുമാനങ്ങള്‍ വിശദമായ റിപ്പോര്‍ട്ടായി പഞ്ചായത്ത് അധികൃതര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ജില്ലാ ഭരണകൂടത്തിനും നല്‍കണം.

നിശ്ചിത സമയത്തിനുള്ള ബന്ധപ്പെട്ട വകുപ്പില്‍ നിന്നും എന്ത് നടപടിയെടുത്തുവെന്നതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് ലഭ്യമാക്കണം. അദ്ദേഹമാണ് സോഷ്യല്‍ ഓഡിറ്റിംഗും അതിന്മേല്‍ സ്വീകരിച്ച നടപടിയും വിശകലനം ചെയ്യേണ്ടത്.

Next Story

Related Stories