TopTop
Begin typing your search above and press return to search.

വിമാനം പറത്താന്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ആര്‍ക്കും അനുമതി: മെഡിക്കല്‍ ബില്ലിനെ കളിയാക്കി ഡോക്ടര്‍

വിമാനം പറത്താന്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ആര്‍ക്കും അനുമതി: മെഡിക്കല്‍ ബില്ലിനെ കളിയാക്കി ഡോക്ടര്‍
കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ബില്ലിനെ പരിഹസിക്കുന്ന ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ ഡോക്ടര്‍മാര്‍ക്ക് ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ അവസരം നല്‍കുന്ന മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെ ട്രോളിയാണ് ഡോ. നെല്‍സണ്‍ ജോസഫിന്റെ പോസ്റ്റ്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ മെഡിക്കല്‍ ബില്‍ അനുസരിച്ച് എംബിബിഎസ് ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താനാണ് പദ്ധതി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഐഎംഎയും ഡോക്ടര്‍മാരും ഇതുമൂലമുണ്ടാകാനിടയുള്ള അപകടങ്ങളെ വിശദീകരിക്കുന്നുണ്ട്. ആക്ഷേപഹാസ്യ ശൈലിയില്‍ നെല്‍സണും ഇത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ആര്‍ക്കും ഇനി വിമാനം പറത്താന്‍ കേന്ദ്രസര്‍ക്കാര്‍ അുവാദം നല്‍കുന്നു എന്നാണ് പോസ്റ്റില്‍ പരിഹസിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഇന്‍ഫോക്ലിനിക് എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാരില്‍ ഒരാളാണ് നെല്‍സണ്‍. നെല്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പൈലറ്റ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സുള്ള ആര്‍ക്കും ഇനി വിമാനം പറത്താന്‍ അനുവദിക്കുന്ന രീതിയില്‍ നടപ്പിലാക്കുവാന്‍ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചു.ഇതിനായി ഏവിയേഷന്‍ ' ഫ്രിഡ്ജ് ' കോഴ്‌സുകള്‍ നടത്താനുള്ള ബില്‍ പാസാക്കി. കൂടാതെ പൈലറ്റുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അംഗീകൃത ഏവിയേഷന്‍ അക്കാദമികളില്‍ നിന്ന് പഠിച്ചിറങ്ങുന്ന പൈലറ്റുകള്‍ക്ക് എക്‌സിറ്റ് എക്‌സാമുകള്‍ നടത്തുവാനും തീരുമാനമായിട്ടുണ്ട്.


സൈക്കിള്‍, ഓട്ടോ, ടാക്‌സി, ബസ് , ട്രക്ക് തുടങ്ങിയ വാഹനങ്ങളെപ്പോലെ വിമാനവും ആളുകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനം മാത്രമാണെന്നും അതുകൊണ്ട് വിമാനത്തിനു മാത്രം പ്രത്യേക ലൈസന്‍സ് എന്നത് അനീതിയാണെന്നും ശ്രീമാന്‍ കെ.ടി ഗദ്ദ വ്യക്തമാക്കി. സൈക്കിള്‍ ബാലന്‍സ് മാത്രമുള്ളവര്‍ക്ക് ഒരു വര്‍ഷവും മറ്റുള്ളവര്‍ക്ക് അതാത് ലൈസന്‍സുകള്‍ക്കനുസരിച്ചുള്ള കാലയളവുമാകും വിമാനം പറത്താനുള്ള കോഴ്‌സ്.


കൂടാതെ ഈ നിയമം ട്രാഫിക് ബ്ലോക്കും ഗട്ടറും ഓവര്‍ടേക്കിങ്ങും ഇല്ലാത്ത ആകാശത്ത് അപകടങ്ങള്‍ കൂട്ടുമെന്ന അവകാശവാദം പ്രതിപക്ഷത്തിന്റെ മറ്റൊരു കുതന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വളരെ മുന്‍പ് തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ വിമാനം ഓടിച്ചിരുന്നു എന്നതിനു തെളിവാണ് വിമാനത്തിലെ 'ഓട്ടോ ' പൈലറ്റെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അല്പ കാലത്തേക്ക് താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്ക് ഉണ്ടാകുമെങ്കിലും ഭാവിയില്‍ ഇത് ഗുണം ചെയ്യുമെന്നും രാജ്യനന്മയ്ക്കായി ഇത് തല്‍ക്കാലം സഹിക്കണം. ടൊറന്റ് പ്രിന്റുകളും വ്യാജ സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നവര്‍ വ്യാജ പൈലറ്റുമാരെ എതിര്‍ക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കേണ്ടതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ 1000 പൗരന്മാര്‍ക്ക് ഒരു പൈലറ്റെന്ന ലക്ഷ്യം നേടാനാണ് ഓട്ടോ ഡ്രൈവര്‍മാരെ താല്‍ക്കാലിക ലൈസന്‍സ് നല്‍കി പൈലറ്റാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലൈസന്‍സുള്ളവര്‍ക്ക് പൈലറ്റ് ട്രെയിനിങ്ങിനായി ആറു മാസത്തെ ക്രാഷ് കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. പരിശീലനം പ്രശസ്ത വ്യാജ പൈലറ്റ് ക്യാപ്റ്റന്‍ ജേക്കബ് കിഴക്കും ചാടിയുടെ നേതൃത്വത്തിലായിരിക്കും. ആറു മാസം വിവിധ വിമാനങ്ങളുറ്റെ കോക് പിറ്റുകളില്‍ പരിശീലനം നല്‍കിയശേഷം വിവിധ വിമാന കമ്പനികളില്‍ നിയമിക്കുന്നതായിരിക്കും.

വിവിധ ഡ്രൈവേഴ്‌സ് യൂണിയനുകള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ലൈസന്‍സില്ലാതെ വാഹനം ഓടിച്ചിരുന്ന വ്യാജ ഡ്രൈവര്‍മാര്‍ നിലവിലുള്ളവരെക്കാള്‍ കൂടുതല്‍ പ്രവൃത്തിപരിചയം തങ്ങള്‍ക്കാണെന്നും തങ്ങളെയും ഈ കോഴ്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.


എം.ബി.ബി.എസ് എക്‌സിറ്റ് എക്‌സാമുകളുമായോ കേന്ദ്രഗവണ്മെന്റ് കൊണ്ടുവരുന്ന ആയുഷ് , മൂന്നുവര്‍ഷ കോഴ്‌സുകാര്‍ തുടങ്ങിയവര്‍ക്ക് മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദം കൊടുതതുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്ന് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്..
Next Story

Related Stories