വായന/സംസ്കാരം

വി സി ഹാരിസ് അന്തരിച്ചു

Print Friendly, PDF & Email

അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

A A A

Print Friendly, PDF & Email

പ്രശസ്ത നിരൂപകനും അദ്ധ്യാപകനുമായ ഡോ. വിസി ഹാരിസ് (59) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മഹാത്മ ഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1958 ജൂലൈ 29നു മയ്യഴിയില്‍ ജനനം. മയ്യഴി ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂള്‍, കണ്ണൂര്‍ എസ് എന്‍ കോളേജ്, കോഴിക്കോട് സര്‍വ്വകലാശാലയുടെ തലശ്ശേരി സെന്‍റര്‍, കേരള സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1985ല്‍ പ്രശസ്ത കവി അയ്യപ്പപണിക്കരുടെ കീഴില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ വീശി ഹാരിസ് ഫാറൂഖ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

സ്ത്രീ, സ്ത്രീ നീതി (പരിഭാഷ), സമകാലീന മലയാള ചെറുകഥ (എഡിറ്റര്‍), എഴുത്തും വായനയും, ആത്മകഥ-ജീവിതം, സമൂഹം, നിരൂപണം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. മാധവിക്കുട്ടി, മേതില്‍ രാധാകൃഷ്ണന്‍. നരേന്ദ്രപ്രസാദ്, പി ബാലചന്ദ്രന്‍ എന്നിവരുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള ഭാഷ ഉപദേശക സമിതിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു. ജര്‍മ്മനിയിലെ ട്രിയര്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തില്‍ ഉത്തരാധുനികതയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യ പങ്കാളിയായ വി സി ഹാരിസ് അക്കാദമിഷ്യന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സജീവ സാന്നിധ്യവും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ജനറല്‍ കൌണ്‍സില്‍ അംഗവും ആയിരുന്നു.

സുമ ജോസന്‍ സംവിധാനം ചെയ്ത സാരി, ടികെ രാജീവ് കുമാര്‍ എന്നീ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് മണ്‍സൂണ്‍ മംഗോസ്, സഖാവ് എന്നീ സിനിമകളിലും പ്രത്യക്ഷപ്പെട്ടു. മതിലുകളിലെ നായിക നാരായണിയുടെ കഥയെ ഉപജീവിച്ചു സജിന്‍ പിജെ സംവിധാനം ചെയ്ത ‘നാരായണിയെ തേടി’ എന്ന ഡോക്യുമെന്‍ററിയുടെ സഹ എഴുത്തുകാരനും നരേറ്ററും ആയിരുന്നു.

നാടക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിസി ഹരിസിന് കഴിഞ്ഞിട്ടുണ്ട്. കാള്‍ മാര്‍ക്സിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ‘മാര്‍ക്‌സ്‌ സോഹോയില്‍’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മാര്‍ക്സിന്റെ വേഷം ചെയ്തത് വിസി ഹാരിസായിരുന്നു. പ്രശസ്‌ത അമേരിക്കന്‍ ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹൊവാര്‍ഡ്‌ സിന്‍ എഴുതിയ ഏകാങ്ക നാടകം. മാര്‍ക്‌സാണ്‌ നാടകത്തിലെ കഥാപാത്രം. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷം, മാര്‍ക്‌സിന്റെ ആശയങ്ങളുടെ സമകാലിക പ്രസക്തിയും അവയ്‌ക്കു സംഭവിച്ച വിപര്യയങ്ങളുമാണ്‌ നാടകത്തിന്റെ ഇതിവൃത്തം.

ഈ അടുത്തകാലത്ത് വിസി ഹാരിസിനെ പുറത്താക്കാനുള്ള എം ജി സിന്‍ഡിക്കേറ്റിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍