Top

ശബരിമലയില്‍ ഗുസ്തി പിടിക്കാനുള്ളതോ ഈ നിയമസഭ സമ്മേളനം?

ശബരിമലയില്‍ ഗുസ്തി പിടിക്കാനുള്ളതോ ഈ നിയമസഭ സമ്മേളനം?
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത‌് സമ്മേളനം ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷുബ്ധമാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. യുവതീപ്രവേശനവിധി ഭക്തരെ മറികടന്ന് തിരക്കിട്ട് നടപ്പാക്കാന്‍ ശ്രമിച്ചു. അടിസ്ഥാന സൗകര്യം ഒരുക്കിയില്ല, നിരോധനങ്ങളും നിയന്ത്രണങ്ങളും കൊണ്ട് ഭക്തരെ അകറ്റി- തുടങ്ങിയവയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങൾ. അതേസമയം നിരോധനാജ്ഞ തുടരാമെന്നും പ്രതിഷേധം പാടില്ലെന്നുമുള്ള ഹൈക്കോടതി നിലപാട് അവസാന സമയം സര്‍ക്കാറിന് വീണുകിട്ടിയ മികച്ച പ്രതിരോധമായി മാറി.

13 വരെ ചേരുന്ന സമ്മേളന കാലയളവിൽ നിയമ നിർമാണത്തിനാണ‌് മുഖ്യ പരിഗണനയെന്ന് നിയമസഭ സ്പീക്കറുടെ ഓഫീസ് വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു.

സഭ സമ്മേളനം ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് പ്രവേശിച്ചതും സമീപകാലത്തൊന്നും ദർശിക്കാത്ത വിധം സഭ പ്രക്ഷുബ്ധമായി. ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ പ്രതിപക്ഷ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും ശ്രമിച്ചു. ഇരുവരെയും ഹൈബി ഈഡനും എ. വിന്‍സെന്റും ചേര്‍ന്ന് തള്ളിമാറ്റുകയായിരുന്നു. ഇതേ തുടർന്ന് സ്പീക്കര്‍ ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.

തുടര്‍ന്ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. പ്രതിപക്ഷത്തുനിന്നും വി.എസ് ശിവകുമാറായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പൊലീസ് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയത്. നിരോധനാജ്ഞ പിന്‍വലിക്കണം, അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവെച്ചു. സി പി എമ്മും ബി ജെ പിയും ശബരിമലയിൽ ഒത്തു കളിക്കുകയാണെന്നും ആരോപണങ്ങൾ ഉയർന്നു.

മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പക്ഷെ പ്രതിപക്ഷത്തിന്റെ മുഴുവൻ ആരോപണങ്ങളെയും തള്ളി. ആർഎസ്എസ് നേതാവ് ക്രമസമാധാന ചുമതല ഏറ്റെടുക്കുകയും മെഗാഫോൺ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന ചോദ്യത്തിന് വരെ മുഖ്യമന്ത്രി ന്യായീകരണം കണ്ടെത്തി.

ശബരിമല സന്നിധാനത്ത് വൽസൻ തില്ലങ്കേരി പൊലീസിന്റെ മെഗാഫോണുമായി തന്റെ അനുയായികളോട് സംസാരിച്ചത് പൊലീസിന്റെ നിർദ്ദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിഷേധക്കാർക്ക് നിർദ്ദേശം നൽകുകയായിരുന്നു തില്ലങ്കേരി, സ്ഥിതി ശാന്തമാക്കാനാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

സർക്കാരും ബി ജെ പിയും തമ്മിലുള്ള ഒത്തു കളി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ബാബരി മസ്ജിദ് കാലത്തെ നരസിംഹ റാവുവിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി തിരിച്ചടിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയിൽ ആർഎസ്എസ് നേതാക്കൾക്ക് പ്രത്യേക പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ശബരിമലയിൽ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലപ്രയോഗം നടത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. പ്രതിഷേധക്കാർ മൂലം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇത്. പിണറായി വിജയൻ സഭയെ അറിയിച്ചു.

അതിനിടെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകാതെ ഒഴിഞ്ഞു മാറി. പ്രതിപക്ഷ അംഗങ്ങള്‍ നക്ഷത്രചിഹ്നമില്ലാത്ത നാലു ചോദ്യങ്ങള്‍ക്കും സഭയില്‍ മൗനം പാലിക്കുകയാണ് പിണറായി ചെയ്തത്. കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം സംബന്ധിച്ച് വിടി ബല്‍റാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവരായിരുന്നു സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

ഉന്നതതല നിയമനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ചട്ടം നിലവിലുണ്ടോ എന്നും അദീപിന്റെ നിയമനത്തില്‍ അത് പാലിച്ചിട്ടുണ്ടോ എന്നുമായിരുന്നു വിടി ബല്‍റാം ചോദിച്ചത്. ഡെപ്യൂട്ടേഷന്‍ നിയമനം സംബന്ധിച്ചായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം. നിയമനങ്ങളിലെ വ്യവസ്ഥകളെ കുറിച്ചും യോഗ്യതയെ കുറിച്ചുമായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങള്‍.എന്നാല്‍ ഈ ചോദ്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞില്ല.

ശബരിമല വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ ചെവിക്കൊള്ളാൻ പക്ഷെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറായിരുന്നില്ല. സര്‍ക്കാറാണ് ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചോദിച്ചുവാങ്ങിയ വിധിയെന്നാണ് സുപ്രീം കോടതി വിധിയെ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും വിശേഷിപ്പിച്ചത്.

ശബരിമലയിലെ ക്രിമിനലുകളെ പൊലീസിന് അറസ്റ്റു ചെയ്യാം. എന്നാല്‍ നാമജപം നടത്തുന്ന എല്ലാവരും ക്രിമിനലുകളല്ല. കുറിയിടുന്നവരെല്ലാം ആര്‍.എസ്.എസുകാരല്ല. കാവിയിടുന്നവരെല്ലാം ആര്‍.എസ്.എസുകാരല്ലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോർഡിന്റെ പരിഗണനയിലെന്ന് അറിയിച്ചു കൊണ്ട് വീണ്ടും സംസാരിച്ചു തുടങ്ങിയ മുഖ്യമന്ത്രി ഭക്തരെന്ന നാട്യത്തില്‍ ഒരു വിഭാഗമാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് വീണ്ടും സഭയെ അറിയിച്ചു. ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. ഇത്തരത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. എന്നാൽ സുപ്രിംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന തരത്തിൽ നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കാന്‍ അവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസാധ്യത ഉള്ളിടത്തോളം നിയന്ത്രണങ്ങളും തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വീണ്ടും പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. അതോടെ സഭ നടത്തിക്കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നു. സബ് മിഷനുകളും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു നേരിട്ടുവിട്ടുകൊണ്ട് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

പിൻ കുറിപ്പ് : കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കുറിച്ച്, പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതിയെ കുറിച്ച്, ശ്രദ്ധേയമായ ഒരു ചോദ്യവും സഭയിൽ ഉയർന്നില്ല. അതേസമയം ശബരിമല വിഷയത്തിലെ സർ‍ക്കാർ നിലപാടിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി കറുപ്പണിഞ്ഞെത്തി പി സി ജോർജൂം ഓ രാജഗോപാലും ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമം നടത്തുകയും ചെയ്തു.

https://www.azhimukham.com/newsupdate-pinarayi-vijayan-reply-to-opposition-on-sabarimala-issues/

https://www.azhimukham.com/news-update-cm-pinarayi-vijayan-replay-on-emergency-motion-notice-in-niyamasabha-sabarimala-issue/

https://www.azhimukham.com/news-update-sabarimala-issue-udf-protest-in-niyamasabha-pc-george-mla-in-pilgrim-dress/

Next Story

Related Stories