Top

കുത്തേറ്റ് അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നിട്ടും അവസാനിക്കാത്ത സൈമണ്‍ ബ്രിട്ടോയുടെ പോരാട്ട വീര്യം

കുത്തേറ്റ് അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നിട്ടും അവസാനിക്കാത്ത സൈമണ്‍ ബ്രിട്ടോയുടെ പോരാട്ട വീര്യം
1983ല്‍ കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നിട്ടും അവസാനിക്കുന്നതായിരുന്നില്ല സൈമണ്‍ ബ്രിട്ടോയുടെ പോരാട്ട വീര്യം. ഇന്നും മഹാരാജസിലും കേരളത്തിലുമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആവേശമാണ് അദ്ദേഹം. ബ്രിട്ടോയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച കാലത്തെ ഓര്‍ക്കുകയാണ് മുന്‍ എസ്എഫ്‌ഐ നേതാവും സൈമണ്‍ ബ്രിട്ടോയുടെ സഹപ്രവര്‍ത്തകനുമായിരുന്ന എറണാകുളം ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് എന്‍ കെ വാസുദേവന്‍.

വളരെ ആത്മാര്‍ത്ഥമായി വളരെയധികം കഠിനാധ്വാനം ചെയ്തിരുന്ന ഒരു സഖാവാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്‌ഐ രൂപീകരിക്കപ്പെടുന്നതില്‍ വളരെയധികം പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. സഖാവ് തോമസ് ഐസകിനും മറ്റും അക്കാര്യത്തില്‍ സുപ്രധാന പങ്കുണ്ടായിരുന്നു. എറണാകുളത്ത് നിന്നും ആരംഭിച്ച് കേരളം മുഴുവന്‍ എസ്എഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചത് ഇവരിലൂടെയെല്ലാമാണ്. വളരെയധികം ത്യാഗങ്ങള്‍ സഹിച്ചാണ് അദ്ദേഹം സംഘടനാ പ്രവര്‍ത്തനം നടത്തിയത്. സംസ്ഥാന എസ്എഫ്‌ഐയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹത്തിന് കെ എസ് യുക്കാരുടെ കുത്തേറ്റത്.

എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ദുര്‍ഘടം പിടിച്ച കാലമായിരുന്നു അത്. അടിയന്തരാവസ്ഥ കൂടി ഉടലെടുത്തതോടെ ആ ദുരിതം വര്‍ധിച്ചു. 1983ല്‍ കെ എസ് യുക്കാരുടെ കുത്തേറ്റെങ്കിലും അതിന് ശേഷവും സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ജീവിതം തന്നെ പ്രതിസന്ധിയിലായപ്പോഴും യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ എസ്എഫ്‌ഐയുടെ മുന്‍പന്തിയില്‍ തന്നെ നിന്നു. അന്നത്തെ കാലഘട്ടത്തെ അനുസ്മരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലുണ്ടായ ഈ മരണം വല്ലാത്തൊരു ഷോക്കാണ്. പഴയകാല എസ്എഫ്‌ഐ പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ പുതിയ തലമുറയ്ക്ക് പകരുകയെന്നതായിരുന്നു ബ്രിട്ടോയുടെ ലക്ഷ്യം.

1971ലാണ് എസ്എഫ്‌ഐക്കാരനായതിന്റെ പേരില്‍ മുത്തുക്കോയയെ മഹാരാജസില്‍ വച്ച് കുത്തിക്കൊന്നത്. അന്ന് കെ എസ് യു വളരെ ശക്തമാണ്. അതോടൊപ്പം അടിയന്തരാവസ്ഥയും. ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടിട്ടുള്ള കാലമാണ് അത്. അതിനിടയിലും വളരെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച നേതാക്കളിലാണ് ബ്രിട്ടോയുടെ സ്ഥാനം. സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കെ എസ് യുക്കാര്‍ അദ്ദേഹത്തെ കുത്തിയത്. ഹൃദയാഘാതമുണ്ടായെന്നാണ് അറിഞ്ഞത്. അത് അന്ന് കിട്ടിയ കുത്തിന്റെ ഫലമാണ്. ഹൃദയത്തിലും ശ്വാസകോശത്തിലും നട്ടെല്ലിലുമാണ് കെ എസ് യുക്കാരുടെ കത്തി ചെന്ന് കയറിയത്.

എറണാകുളം ജില്ലയില്‍ അന്ന് സജീവ പ്രവര്‍ത്തകരായുള്ളത് തോമസ് ഐസക്, പി ആര്‍ രഘു, ജസ്റ്റിസ്. ബി കെ മോഹനന്‍, ഞാന്‍ എന്നിവരാണുണ്ടായിരുന്നത്. എസ് രമേശനൊക്കെ ഞങ്ങളുടെ തുടര്‍ച്ചയായിരുന്നു. അധികം വൈകാതെ എറണാകുളം ജില്ല പൂര്‍ണമായും അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴേക്കും അന്ന് കേരളത്തിലുള്ള രണ്ട് യൂണിവേഴ്‌സിറ്റികളും എസ്എഫ്‌ഐയുടെ ആധിപത്യത്തിലായി. എറണാകുളം ജില്ലയാണ് അതിന് നേതൃത്വം കൊടുത്തത്. എഴുപതുകളില്‍ മഹാരാജസ് കോളേജ് പിടിച്ചതാണ് പിന്നീടുള്ള എസ്എഫ്‌ഐയുടെ പടയോട്ടത്തിന് അടിത്തറയായത്. അന്നത് വലിയ സംഭവമാണ്. ഞാനൊക്കെ ഏകദേശം 78 ആയപ്പോഴേക്കും വിദ്യാര്‍ത്ഥി രംഗത്തുനിന്നും മാറി. പിന്നീട് ഇവരാണ് തുടര്‍ന്നത്. അന്ന് എസ്എഫ്‌ഐ ജയിച്ച യൂണിവേഴ്‌സിറ്റികളിലേക്ക് പിന്നീട് ഇന്നുവരെ കെ എസ് യുവിന് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല.

അന്നുണ്ടാക്കിയ ശക്തമായ അടിത്തറയാണ് അതിന് കാരണം. അന്നത്തെ നേതൃത്വം തന്നെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. കലാരംഗത്താണെങ്കിലും സാഹിത്യരംഗത്താണെങ്കിലും സംഘാടനത്തിലാണെങ്കിലും അക്കാദമിക തലത്തിലാണെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ടവരായിരുന്നു എസ്എഫ്‌ഐ നേതാക്കള്‍. ഡോ. കെ എന്‍ ഗണേഷ്, ഡോ. സി പി ജീവന്‍, ഡോ. തോമസ് ഐസക്, സി പി ജോണ്‍ എന്നിവരൊക്കെയാണ് ബ്രിട്ടോയ്‌ക്കൊപ്പമുണ്ടായിരുന്നത്. ചൂസ് ദ ബെസ്റ്റ് എന്നാണ് ഞങ്ങള്‍ അന്ന് പറഞ്ഞിരുന്ന പ്രചരണ വാചകം. അത്ര മിടുക്കന്മാരായിരുന്നു എല്ലാവരും. അതിന്റെ ഫലമായാണ് മഹാരാജസില്‍ അന്ന് എസ്എഫ്‌ഐ ജയിക്കുന്നത്. എറണാകുളത്ത് അന്നുള്ള തേവര കോളേജും ആല്‍ബര്‍ട്ട്‌സ് കോളേജുമെല്ലാം ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കോളേജുകളാണ്. അവിടെയൊക്കെ ജയിക്കുകയെന്നാല്‍ ദുഷ്‌കരമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ ക്യാമ്പസ് പോലെയായിരുന്നു ആല്‍ബര്‍ട്ട്‌സ് അന്ന്. തേവര കോളേജിലാണെങ്കില്‍ കെ എസ് യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വേണുഗോപാല്‍ പഠിച്ചിരുന്നത്. പക്ഷെ അതിനെല്ലാം അതിജീവിച്ചാണ് എസ് എഫ് ഐ വളര്‍ന്നത്.

വിദ്യാര്‍ത്ഥികളെ കണ്ടും അറിഞ്ഞുമാണ് അവരെ എസ്എഫ്‌ഐയിലേക്ക് ആകര്‍ഷിച്ചത്. അക്കാലത്ത് അവര്‍ക്കെല്ലാം വലിയ ആവേശമായിരുന്നു എസ്എഫ്‌ഐയില്‍ ചേരുകയെന്നത്. അത്രമാത്രം ധാര്‍മ്മികമായിരുന്നു എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം. വളരെ ജനകീയമായി സാധാരണക്കാകരുടെയിടയിലാണ് അന്ന് പ്രവര്‍ത്തനം. എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായി ജീവിക്കുന്ന എല്ലാ നേതാക്കന്മാരുടെയും ജീവിതവും വളരെ ലളിതമായിരുന്നു. എംഎ ബേബി, കൊടിയേരി ബാലകൃഷ്ണന്‍, എകെ ബാലന്‍ എന്നിവരെയൊക്കെയാണ് സംസ്ഥാന തലത്തിലെ നേതാക്കള്‍. കൊടിയേരിയാണ് സംസ്ഥാന സെക്രട്ടറി, ബേബി പ്രസിഡന്റും. ഞാനന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ഐസക് സംസ്ഥാന വൈസ്പ്രസിഡന്റുമാണ്. വിജയകുമാര്‍ ആണ് മറ്റൊരു സംസ്ഥാന വൈസ്പ്രസിഡന്റ്. അടിയന്തരാവസ്ഥയുടെ 16 മാസവും കൊടിയേരി ജയിലിലായിരുന്നു. ഞാനൊക്കെ അന്ന് ആദ്യമേ ജയിലിലായെങ്കിലും പിന്നീട് പുറത്തിറങ്ങിയിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഗ്രൗണ്ട് ലെവലില്‍ പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടോയൊക്കെയാണ്.

എസ്എഫ്‌ഐയ്ക്ക് വിലമതിക്കാന്‍ കഴിയാത്ത സംഭാവനകള്‍ നല്‍കിയ ആളാണ് അപ്രത്യക്ഷനായിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ വെറുതെ എസ്എഫ്‌ഐ ആക്കുകയല്ല ഞങ്ങളൊക്കെ ചെയ്തത്. അവരെ ത്യാഗങ്ങളെക്കുറിച്ചും എസ്എഫ്‌ഐയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പഠിപ്പിച്ചാണ് എസ്എഫ്‌ഐയിലേക്ക് എത്തിച്ചിരുന്നത്. പഠിപ്പിക്കാന്‍ സാധിക്കുന്ന വലിയ ആളുകളൊക്കെയാണ് അന്ന് ക്ലാസുകളെടുക്കാന്‍ വന്നിരുന്നത്. വിദ്യാര്‍ത്ഥികളെ ആശയപരമായി ആയുധവല്‍ക്കരിക്കുകയാണ് ചെയ്തത്. ആ കഠിനാധ്വാനമാണ് ഇന്നും എസ്എഫ്‌ഐയ്ക്ക് കേരളത്തിലുള്ള അടിത്തറ. അതിനാല്‍ തന്നെ ബ്രിട്ടോയുടെ വിയോഗം വലിയൊരു നഷ്ടമാണ്.

Next Story

Related Stories