TopTop
Begin typing your search above and press return to search.

'എഡിറ്റോറിയൽ ബോർഡ്‌ കൈ തൊടാതെ ഒരു വാർത്ത‍ ഓൺ എയർ പോയി എന്നോ!'

എഡിറ്റോറിയൽ ബോർഡ്‌ കൈ തൊടാതെ ഒരു വാർത്ത‍ ഓൺ എയർ പോയി എന്നോ!

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം വാര്‍ത്തയുമായി ബന്ധപ്പെട്ട് ചാനല്‍ മേധാവി ഇന്നലെ നടത്തിയ ഖേദപ്രകടനം കൊണ്ട് മംഗളം ആ മാധ്യമപ്രവര്‍ത്തകയെ കയ്യൊഴിയുകയായിരുന്നുവെന്ന് ജയ്ഹിന്ദ് ചാനലില്‍ ജേര്‍ണലിസ്റ്റായ അന്ന എബ്രഹാം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിക്കുന്നത്. മംഗളം മുന്നോട്ടു വെച്ച വാർത്ത‍ എന്ന് അവർ അവകാശപ്പെടുന്ന ആ ഫോൺ സംഭാഷണം, ഈ സമ്മർദ്ദങ്ങൾക്കിടയിൽ നിലനിൽക്കാനുള്ള വാശി തന്നെയാണ് തരുന്നത്. അത് വാർത്ത‍ അല്ലെന്നുള്ള തിരിച്ചറിവിൽ ചൂഷണം ചെയ്യപ്പെടുന്ന പലതിനും എതിരെ നിൽക്കാനുള്ള, ഞങ്ങൾ ഇങ്ങനെയല്ല എന്ന് പറയാൻ ഉള്ള ചെറുത്തുനില്‍പ്പ് തന്നെയാണതെന്നും അവര്‍ പറയുന്നു.

അന്നയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഖേദപ്രകടനം കൊണ്ടു മംഗളം ആ മാധ്യമ പ്രവർത്തകയെ കയ്യൊഴിഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയൽ ബോർഡ്‌ കൈ തൊടാതെ ഒരു വാർത്ത‍ ഓൺ എയർ പോയി എന്നോ!? അതും സ്ഥാപനത്തിന്റെ ഉദ്ഘാടനവാർത്താ ബുള്ളറ്റിനിൽ. അത് തൊണ്ട തൊടാതെ വിഴുങ്ങാവുന്ന വെറും വിശദീകരണമോ ന്യായീകരണമോ അല്ല.

ജോലി ചെയ്യാനുള്ള നല്ല അന്തരീക്ഷം ഇല്ലെങ്കിൽ ജോലി രാജി വെക്കൂ... കളഞ്ഞിട്ടു പോരണം. നിലപാടിൽ ഉറച്ചു നിക്കണം.... ഇത്തരം കമന്റ്സ് നിരന്തരം കേട്ടു കൊണ്ടാണ് ഒരു പെണ്ണ് ജേണലിസ്റ് ആയി തുടരുന്നത്. ആഗ്രഹിച്ച ജോലി ചെയ്യണമെന്നു വെച്ചു വീട്ടിൽ നിന്നും ചുറ്റുവട്ടത്തു നിന്നും ഏൽക്കുന്ന സമ്മർദ്ദത്തിൽനിന്നു കൊണ്ടാണ് ഞാൻ ഉൾപെടെ ഉള്ള പലരും ഇറങ്ങുന്നത്.

മംഗളം മുന്നോട്ടു വെച്ച വാർത്ത‍ എന്ന് അവർ അവകാശപ്പെടുന്ന ആ ഫോൺ സംഭാഷണം, ഈ സമർദ്ദങ്ങൾക്കിടയിൽ നിലനിൽക്കാനുള്ള വാശി തന്നെയാണ് തരുന്നത്. അത് വാർത്ത‍ അല്ലെന്നുള്ള തിരിച്ചറിവിൽ ചൂഷണം ചെയ്യപ്പെടുന്ന പലതിനും എതിരെ നിൽക്കാനുള്ള, ഞങ്ങൾ ഇങ്ങനെയല്ല എന്ന് പറയാൻ ഉള്ള ചെറുത്തുനില്‍പ്പ് തന്നെയാണത്.

ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ...

1. പരാതിക്കാരി ഇല്ലാത്തതും ചൂഷണം നടന്നെന്നതിനു സാധൂകരണം നൽകാത്തതുമായ സാഹചര്യത്തിൽ മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് പോസ്റ്റ്‌ ഇട്ടതിനു ഇൻബോക്സിൽ വികാരഭരിതനായ ഒരു സുഹൃത്ത്. ഞാൻ ജോലി ചെയുന്ന സ്ഥാപനത്തെ മുൻ നിർത്തി ആയിരുന്നു ആക്ഷേപം. സ്ഥാപനത്തിന്റെ നിലപാടുകൾക്ക് അപ്പുറത്ത് വ്യക്തിക്ക് നിലപാട് ഇല്ലെന്ന തരത്തിലുള്ള വിമർശനം ആയിരുന്നു അത്. അക്കാദമി കാലത്ത് ജേണലിസം ജീവിതം ആയി കണ്ട നല്ല ധാരണ ഉള്ള സുഹൃത്ത്. അത്ഭുതം തോന്നി. ഒപ്പം വിഷമവും. അതിൽ എന്താണ് വാർത്ത‍.. എന്ന് അമർഷവും തോന്നി. താരതമ്യേന എക്സ്പീരിയൻസ് തീരെ കുറഞ്ഞ ഞങ്ങൾ എങ്ങനെയൊക്കെ വാർത്തയെ കണ്ടേക്കാം എന്ന അത്ഭുതവും.

2.പ്രിയ സുഹൃത്ത് ആര്യ...

സ്ഥാപനം ചെയ്തത് ശരിയല്ലെന്ന തിരിച്ചറിവിലും നിലപാട് പ്രഖ്യാപിച്ചവൾ. സേഫ് ആയ വേതനവും സേഫ് സോണിലും നിന്ന് ഇങ്ങനെ അങ്ങനെ എന്നു അഭിപ്രായം പറയാൻ നമുക്കെല്ലാം പറ്റുന്നു. ഏത് സ്ഥാപനം ആയാലും വിട്ടാൽ എങ്ങനെ? എന്ത്? ഭാവി? ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഈ ചോദ്യങ്ങൾക്ക്‌ എത്ര മാനേജ്മെന്റുകൾ ഉത്തരം നൽകും? സംശയമാണ്. നമ്മളിൽ എത്ര പേർക്കു ഉറപ്പോടെ പറയാനാകും അതൊരു പ്രശ്നം അല്ലെന്നു? തുടക്കക്കാരുടെ ആകുലതകൾ, എത്തിപ്പെടാനുള്ള ചെറുത്ത് നില്പുകൾ പ്രത്യേകിച്ച് ഒരു പെണ്ണ് ആണെങ്കിൽ. അത് വെറുതെ അങ്ങ് വിമർശിച്ചു തള്ളാൻ ആകില്ല.

ഒടുവിൽ, ആ മാധ്യമ പ്രവർത്തക ആരാണെന്ന് അറിയാനുള്ള ആകാംക്ഷകളും അവൾക്കെതിരെ ഇപ്പോ പടച്ചു വിടുന്ന കഥകളും ഓൺലൈൻ വാർത്തകളും തമ്മിൽ എന്താണ് വ്യത്യാസം? ആ മാധ്യമ പ്രവർത്തകയുടെ ഫോർവേഡ് ചെയ്യുന്ന ഫോട്ടോയും അവളെ മംഗളം പരിചയപ്പെടുത്തുന്ന വീഡിയോയും അവളുടെ സ്വഭാവശുദ്ധി അളക്കുന്ന കമന്റുകളും മംഗളം പുറത്തു വിട്ട 'ബിഗ്‌ ബ്രേക്കിംഗി'ന്റെ നിലവാരത്തിനോളം പോന്നതാണ്.

Next Story

Related Stories