TopTop
Begin typing your search above and press return to search.

ഓഖി ദുരന്തം: മുഖ്യവികാരി യൂജിന്‍ അച്ചന് തുറന്ന കത്ത്‌

ഓഖി ദുരന്തം: മുഖ്യവികാരി യൂജിന്‍ അച്ചന് തുറന്ന കത്ത്‌
എത്രയും പ്രിയപ്പെട്ട വികാര്‍ ജനറല്‍ യൂജിന്‍ അച്ചന്

തിരുവനന്തപുരത്തിന്റെ തീരത്തെയാകെ നടുക്കിയ ഒരു ദുരന്തത്തിന്റെ മുന്നിലാണ് നാം നില്‍്ക്കുന്നത്. നവംബര്‍ മുപ്പതിന് ആഞ്ഞു വീശിയ ഓഖി ചുഴലിക്കാറ്റ് കടപ്പുറത്തിന്റെ ജീവിതത്തെയാകെ കശക്കിയെറിഞ്ഞിരിക്കുന്നു. മുപ്പത്തെട്ടു പേര്‍ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചു. ഇനിയും തിരിച്ചു വരാനുള്ളവരുണ്ട്. അവരില്‍ പലരും ഒരിക്കലും തിരിച്ചു വരാതിരിക്കുമോ എന്ന ഉത്കണ്ഠയുമുണ്ട്. മരണപ്പെട്ടവരുടെയും ചുഴലിക്കാറ്റില്‍ പെട്ട് പരുക്കുകളേറ്റവരുടെയും വേണ്ടപ്പെട്ടവര്‍ വല്ലാത്ത ആകുലതയിലും ജീവിതം ഇനി എങ്ങനെ മുമ്പോട്ടു കൊണ്ടു പോകും എന്നതിലുള്ള വിഷമത്തിലുമാണ്. മാത്രവുമല്ല ഇനിയുമാവര്‍ത്തിക്കാവുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ജീവിതത്തെ എപ്പോള്‍ വേണമെങ്കിലും താറുമാറാക്കാം എന്ന അരക്ഷിതാവസ്ഥയുമുണ്ട്.

തെക്കന്‍ കേരളത്തിലെ തീരപ്രദേശത്തെ ഏറ്റവും ശക്തമായ ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയില്‍ ലത്തീന്‍ കത്തോലിക്ക സഭ ഉന്നതമായ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരവസരമാണിതെന്ന് പറയാനാണ് ഈ തുറന്ന കത്തെഴുതുന്നത്. ഇത് രാഷ്ട്രീയ ബലാബലത്തില്‍ മേല്‍കൈ നേടാനുള്ള അവസരമായി ഉപയോഗിക്കരുത്. ഇന്ത്യയാകെ ഹിന്ദുത്വ വര്‍ഗീയതയുടെ ഭീഷണി നേരിടുന്ന കാലമാണ്. ഒരു ഫാസിസ്റ്റ് സംഘടനയുടെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ പാര്‍ടിയാണ് അധികാരത്തില്‍. മതന്യൂനപക്ഷങ്ങളും മതേതരവാദികളും പുരോഗമനവാദികളും, അതില്‍ പ്രത്യേകിച്ചും കമ്യൂണിസ്റ്റുകാര്‍, നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരു കാലമാണിന്ന്. മുസ്ലിം ആയതിനാല്‍ മാത്രം കൊല്ലപ്പെടാം എന്ന അവസ്ഥ രാജ്യത്തുണ്ട്. യുക്തിവാദി ആയതിനാല്‍ മാത്രം കൊല്ലപ്പെടുന്ന പണ്ഡിതരുടെ നാടാണിന്നിത്. സ്വതന്ത്ര ചിന്ത ഉള്ള പത്രപ്രവര്‍ത്തകരും കൊലയുടെ ഭീഷണിയിലാണ്. അതിന് പ്രതിവിധിയെന്നോണം ന്യൂനപക്ഷ വര്‍ഗീയതയും വളര്‍ത്താന്‍ വലിയ ശ്രമമുണ്ട്. ദളിതരും മറ്റു പിന്നോക്കക്കാരും അവരവരുടെ ജാതികളായി സംഘടിച്ച് നില്ക്കണം എന്ന വാദത്തിന് പൊതു സ്വീകാര്യത ഉണ്ടാവുന്ന കാലമാണ്. ഇതൊക്കെ കൂടെ ഇന്ത്യയുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. ജാതി മത വ്യത്യാസങ്ങള്‍ക്കുപരിയായി ജനാധിപത്യവാദികളായ എല്ലാവരും ഒറ്റക്കെട്ടായി നിന്നാലേ ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ ആണിക്കല്ലായ മതേതരത്വത്തെയും സംരക്ഷിക്കാനാവൂ എന്നതില്‍ യൂജിന്‍ അച്ചന്‍ യോജിക്കും എന്നാണെന്റെ വിശ്വാസം. ഇന്ത്യയിലെ ജനാധിപത്യവാദികളോടൊപ്പം മതന്യൂനപക്ഷങ്ങളുടെയും താല്പര്യവും അതാണെന്നാണ് ഞാന്‍ കരുതുന്നത്.

എന്റെ മതം, എന്റെ ജാതി എന്ന മട്ടില്‍ ഉള്ളിലേക്കുള്ളിലേക്കുള്‍വലിഞ്ഞു പോകുന്ന ഒരു സമുദായത്തിന് മുന്നോട്ടല്ല ഗതി എന്നതും നാം മനസ്സിലാക്കണം. വാതിലുകള്‍ തുറന്ന് എല്ലാ മനുഷ്യരോടും സമഭാവനയോടും സ്‌നേഹത്തോടും ജീവിക്കുമ്പോഴാണ് ഒരു സമുദായം പുരോഗിക്കുന്നത്. അടഞ്ഞ വാതിലുകള്‍ ഇരുട്ടാണ് പ്രദാനം ചെയ്യുന്നത്. അതിനുള്ളിലെ മനുഷ്യരെ അത് വീണ്ടും കുറിയ മനുഷ്യരാക്കുന്നു. വെളിച്ചത്തിലേക്ക് നയിക്കുക എന്നതാവണം ഒരു സമുദായ നേതൃത്വത്തിന്റെ ഉന്നം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ലത്തീന്‍ സഭയെ ഒരു ആര്‍എസ്എസ്- എസ് ഡി പി ഐ മാതൃകയില്‍ വര്‍ഗീയ ശക്തി ഉള്ളതാക്കാന്‍ ശ്രമം നടക്കുന്നതായി ഞാന്‍ കാണുന്നു. അത് സമുദായത്തിനോ രാജ്യത്തെ മറ്റു മനുഷ്യര്‍ക്കോ ഗുണം ചെയ്യുന്നതാവില്ല എന്ന അച്ചനോട് പറയാനാണ് ഈ കത്ത്. അങ്ങനെ വര്‍ഗീയ ശക്തി ആക്കി നടത്തുന്ന രാഷ്ട്രീയ വിലപേശലുകള്‍ താല്കാലിക ഫലങ്ങളേ തരൂ. വര്‍ഗീയതയിലേക്ക് കൂപ്പു കുത്തിയ സമുദായങ്ങളുടെ മാനസികമായും സാമൂഹ്യമായും ഉള്ള പിന്നോക്ക സ്ഥിതി കാണാന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളും മുസ്ലിം മൌലികവാദി സംഘടനകളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളും കണ്ടാല്‍ മതി. അത് ഗുജറാത്തായാലും കേരളത്തിന്റെ ചില ഭാഗങ്ങളായാലും ഒന്നു തന്നെ. ഈ വര്‍ഗീയ വീക്ഷണം അതാതു നാടുകളിലെ ഏറ്റവും പിന്നോക്ക ജീവിതം നയിക്കുന്നവരായാണ് ഇവരെ എത്തിച്ചിരിക്കുന്നത്. വിദ്യാഭ്യാസം ആരോഗ്യം സ്ത്രീ സമത്വം തുടങ്ങി എല്ലാ ജീവിതസൂചികകളിലും വര്‍ഗീയവാദ സമൂഹങ്ങള്‍ പിന്നിലാണ്. അതല്ല കേരളത്തിലെ തീരപ്രദേശത്തിന് വേണ്ട മാതൃക.

ഇതിലൊക്കെ ഉപരിയായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭ ആധുനികവല്ക്കരണത്തിന്റെയും സഹജീവനത്തിന്റെയും പുരോഗമനത്തിന്റെയും പുതിയൊരു പന്ഥാവിലേക്ക് വരുന്ന കാലമാണ്. സഭ പഴയ തെറ്റുകള്‍ തിരുത്തുന്നു. ഫ്രാന്‍സിസ് പാപ്പയുടെ സമീപനങ്ങളില്‍ നിന്ന് നമ്മള്‍ പാഠങ്ങള്‍ പഠിക്കണം. കൊടുങ്കാറ്റ് വീശുന്ന കടലിനെ വെള്ളം തളിച്ച് ശാന്തമാക്കാന്‍ ശ്രമിക്കുന്ന തരം വിഡ്ഡികളായ പുരോഹിതരല്ല വഴി കാട്ടേണ്ടത്.ആ കാലമൊക്കെ കഴിഞ്ഞു പോയെന്നും പുതിയ കാലത്തിന്റെ കത്തോലിക്ക സഭ പുരോഗമന ആശയങ്ങളോട് വാതില്‍ തുറന്നിട്ട ഫ്രാന്‍സിസ് പാപ്പയുടെ സഭയാണെന്ന് കാണിക്കണം.

പഴയ രീതികളിലെ കടുംപിടുത്തവും വിമോചന സമരകാലത്തിന്റെ ഇക്കിളിയുമല്ല പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ സമചിത്തതയോടെ ഏറ്റെടുക്കലും പുരോഗമന സമീപനം സ്വീകരിക്കുകയുമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭ ചെയ്യേണ്ടത്. യൂജിന്‍ അച്ചന്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്ന പ്രതീക്ഷയോടെ,

സസ്‌നേഹം,
റൂബിന്‍ ഡിക്രൂസ്.
Next Story

Related Stories