TopTop
Begin typing your search above and press return to search.

ആണധികാരികളേ, മനുഷ്യരാവാന്‍ നിങ്ങള്‍ ഇനിയും എത്ര ദൂരം നടക്കണം?

ആണധികാരികളേ, മനുഷ്യരാവാന്‍ നിങ്ങള്‍ ഇനിയും എത്ര ദൂരം നടക്കണം?
"അവര്‍ സ്‌നേഹിച്ച് കല്യാണം കഴിച്ചതാ"

ഈ വിചിത്ര പ്രയോഗം ഏത് ആള്‍ക്കൂട്ടത്തിനിടയില്‍ കേള്‍ക്കുമ്പോഴും ഞാന്‍ തിരിഞ്ഞു നോക്കും. 'സ്‌നേഹിച്ച് കല്യാണം' ഒരു വിശേഷവസ്തുത ആണെന്നും, 'സ്വാഭാവിക കല്യാണം' പരസ്പരം സ്‌നേഹിക്കാതെയോ അപരിചിതരായോ വെറുത്തോ പകയോടെയോ നിര്‍ബന്ധിതമായോ നടത്തിക്കൊണ്ടിരിക്കുന്നതാണെന്നും ചുരുക്കിപ്പറയുന്ന ഈ ഡയലോഗില്‍ നമ്മുടെ കുടുംബവീക്ഷണമൊന്നാകെ പ്രതിഫലിക്കുന്നുണ്ട്.

സ്‌നേഹിക്കാതെ വിവാഹം കഴിക്കുന്നതാണ് സ്വാഭാവികത എന്ന പൊതുബോധത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്താണ്? സ്‌നേഹമല്ല വിവാഹക്രിയ കൊണ്ട് സ്ഥാപിക്കപ്പെടുന്ന കുടുംബമെന്ന സ്ഥാപനത്തിന്റെ അടിസ്ഥാനം എന്നത് യാഥാര്‍ത്ഥ്യം തന്നെ. സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനുള്ള പരിപാടിയാണീ വിവാഹം. അതുകൊണ്ട് തന്നെ വിവാഹത്തിലേര്‍പ്പെടുന്നവരുടെ ആജീവനാന്തമുള്ള അദ്ധ്വാനത്തിന്‍റെ മൂല്യ നിക്ഷേപം നടത്താനുള്ള സ്ഥലമാണ് കുടുംബം. മുന്‍തലമുറകളുടെ നിക്ഷേവവും തങ്ങളുടെ അദ്ധ്വാനമൂല്യവും ചേര്‍ത്തു കൂട്ടിപ്പിടിച്ച്, മറ്റാര്‍ക്കും തൊടാന്‍ അവസരം നല്‍കാതെ അടുത്ത വിവാഹം നടത്തി കൈ മാറുന്നവരാണ് ' പുരാതന / പരമ്പരാഗത കുടുംബം ' ആവുന്നത്. ഈ പാരമ്പര്യത്തെയാണ് ക്ലാസിഫൈയ്ഡ് പരസ്യങ്ങളില്‍ 'നല്ല പാരമ്പര്യ' മുള്ള 'തറവാട്ടു 'കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

സിമ്പിള്‍ വാട്‌സണ്‍, 'ഇത്തറവാടിത്ത ഘോഷണത്തേക്കാള്‍ വൃത്തികെട്ടൊന്നുമില്ലൂഴിയില്‍ ' എന്ന് ഇടശ്ശേരി എഴുതിയതില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആ 'വൃത്തികേട് ' എന്താണെന്ന ഭൗതികയാഥാര്‍ത്ഥ്യമാണിത്. സ്വത്തിന്റെ പരമാവധി സ്വകാര്യത സംരക്ഷിക്കാനുള്ള മനുഷ്യവിരുദ്ധതയിലാണ് തറവാടിത്തഘോഷണത്തിന്റെ അടിവേര്. ഈ തറവാടിത്തഘോഷണത്തിന്റെ പ്രഖ്യാപനമാണ് ഇന്ത്യന്‍ വിവാഹം. 'ഇതാ, ധനത്തിലും ജാതിയിലും മറ്റെല്ലാ മൂലധന രൂപങ്ങളിലും ഞങ്ങള്‍ക്ക് സമാനരോ ഒത്തു പോകാനാവുന്നവരോ ആയ മറ്റൊരു കുടുംബവുമായി ഞങ്ങള്‍ കലരുന്നു. വരുവിന്‍, ഞങ്ങളുടെ ഈ ദുരഭിമാനകലര്‍പ്പുത്സവത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കുവിന്‍ ' എന്നാണ് എല്ലാ വിവാഹക്ഷണപത്രികയുടെയും അകത്ത് അച്ചടിച്ചിരിക്കുന്നത്. വേറെ വാചകങ്ങളില്‍ നിങ്ങളതു വായിക്കുന്നു എന്നേയുള്ളൂ.

ഇനി - ഒരു കൊല നടന്നിരിക്കുന്നു. തങ്ങള്‍ക്ക് കലരാനാകാത്ത അകലമുണ്ടെന്ന് ഉറപ്പു ള്ളൊരുത്തന്‍ തങ്ങളുടെ പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍ അവനെ കൊന്നുകളയാം എന്നു കരുതുന്നത്രയും തീവ്രമായ ജാതി ബോധമാണ് ഇന്ന് നമ്മുടെ കുടുംബഘടനയിലെന്ന് കെവിന്റെ കൊലപാതകം വിളിച്ചു പറയുന്നു. ഇതൊരു യാദൃശ്ചികതയെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. ഒരു യാദൃശ്ചികതയുമില്ല. ഈ കൊലപാതകത്തിനോളം നീളുന്ന വയലന്‍സിന്റെ വിത്തുകള്‍ നമ്മുടെ കുടുംബഘടനയുടെ രീതിശാസ്ത്രം അകമേ സംരക്ഷിക്കുന്നുണ്ട്. അത് സാഹചര്യം അനുസരിച്ച് വിശ്വരൂപമാര്‍ജ്ജിച്ചു എന്നു മാത്രം.

ചിലത് എണ്ണമിട്ടെഴുതാം:

1) കെവിന്റെ മരണപ്രശ്‌നത്തില്‍ ഇടതു യുവജനപ്രസ്ഥാനങ്ങളുടെ പങ്ക് എന്നൊക്കെ പലരും ഉപന്യസിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഇന്ത്യന്‍ കുടുംബത്തിന്‍ ഇടതും വലതുമൊന്നുമില്ല. എല്ലാം വലതാണ്. 'കളിച്ചു കളിച്ചു കുടുംബത്തില്‍ കേറി കളിക്കുന്നോടാ' എന്നാണ് നമ്മുടെ ശകാരം. കുടുംബത്തില്‍ ഒരു കളിസ്ഥലവുമില്ല. പൂര്‍ണമായ വലതു യുക്തി. പുറത്ത് അവര്‍ വിപ്ലവകാരികളോ തീവ്രവിപ്ലവകാരികളോ ആവാം.

2) വ്യവസ്ഥയുടെ കോയ്മയാണ് ആണ്‍കോയ്മയായി വരുന്നത്. ആണുങ്ങളുടെ ഇരപിടിയന്‍ കളിയില്‍ പരാതിപ്പെടുന്ന സ്ത്രീക്ക് പോലും കിട്ടുന്ന 'ആണ്‍ പോലീസ്' പ്രതികരണം ഇതിനു തെളിവാണ്. വ്യവസ്ഥ ഒന്നടക്കം ആണധികാരത്തിന് കീഴ്‌പ്പെട്ടിരിക്കുന്നിടത്തോളം മറ്റൊന്നും നടക്കാനില്ല.

3) രക്തശുദ്ധി നോക്കി പ്രണയിക്കുന്നവരുടെ പ്രണയലോകം കൂടി ഇന്ന് കേരളത്തിലുണ്ട്.' ലൗ വിത്ത് അറേഞ്ച് ' എന്നൊരു വിചിത്രസംയോഗം. ജാതിവാല്‍ മുറിച്ചതിന്റെ പ്രഘോഷണം വഴിയും കൂടുതല്‍ സവര്‍ണ്ണാഭിമാനം നേടാമെന്നതു പോലെ, ' തമ്മിലിഷ്ടപ്പെട്ടു മതാചാരപ്പെടുന്ന ' ആധുനിക പാരമ്പര്യ വിവാഹം. ആദ്യം വ്യവസ്ഥാ നിയമങ്ങള്‍ സൂക്ഷിച്ചു പരിശോധിച്ച് പ്രണയം തുടങ്ങുന്നവരെ വ്യവസ്ഥ തിരിച്ചും പ്രണയിച്ചോളും, കലര്‍പ്പഭിമാനം കളങ്കപ്പെടാത്തിടത്തോളം രണ്ടു കുടുംബക്കാരും മനംനിറഞ്ഞ് പ്രണയിച്ചോളും. ഇങ്ങനെ നടക്കുന്ന 'കുറുക്കന്‍ കല്യാണങ്ങള്‍' (സൂത്രശാലികള്‍ കുറുക്കന്‍മാരെന്നല്ലേ വെപ്പ്) എന്തോ വിപ്ലവമാണെന്ന് ധരിക്കുന്നവരുണ്ട്. നിഷ്‌കുകള്‍ക്ക് നല്ലനമസ്‌കാരം.

മുതലാളിത്ത ആധുനികത ഇവക്കെല്ലാം മുകളില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയായി തീര്‍ന്നതോടെ പൊതുവിടങ്ങളുടെ അനേകം തുറവികള്‍ പ്രത്യക്ഷപ്പെട്ടു. എത്ര അടച്ചുപിടിച്ചാലും ആധുനികതയുടെ പ്രവാഹം പുതിയ ഉറവകള്‍ തുറക്കും. വ്യവസ്ഥക്ക് കുറുകേ മനുഷ്യര്‍ ധീരമായി പ്രണയിക്കും. അവയോട് കൊലപാതകം കൊണ്ട് പ്രതികരിക്കുന്നവര്‍ നമുക്കിടയില്‍ ഇനിയും ബാക്കി നില്‍ക്കുന്നുവെങ്കില്‍ നാം ഒരു പ്രാകൃത സമൂഹമാണ് എന്നു മാത്രമാണ് അര്‍ത്ഥം. മനുഷ്യരാവാന്‍ ഇനിയും എത്രയോ കാതങ്ങള്‍ താണ്ടാന്‍ ബാക്കിയുള്ള പ്രാകൃതര്‍.
കെവിന്റെ കൊല ജനാധിപത്യത്തിന്റെ കൊലയാണ്. പൗരാവകാശത്തിന്റെ കൊലയാണ്. ഇനിയെങ്കിലും വീടിനു പുറത്ത് ജനാധിപത്യത്തിന്റെ ചെരിപ്പ് അഴിച്ചിടരുത്. അങ്ങനെ അഴിച്ചിടുന്നവരെ അകത്ത് കയറ്റരുത്.

Next Story

Related Stories