UPDATES

ട്രെന്‍ഡിങ്ങ്

കെ കരുണാകരന്റെ കണ്ണിലുണ്ണിയായ ഷാനവാസ്; ലീഡര്‍ക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയ തിരുത്തല്‍വാദി ഷാനവാസ്

ജി കാർത്തികേയന് പിന്നാലെ എം ഐ ഷാനവാസ് കൂടി വിടവാങ്ങുമ്പോൾ അന്നത്തെ ആ തിരുത്തൽ വാദി മൂവർ സംഘത്തിൽ ഇനി അവശേഷിക്കുന്നത് രമേശ് ചെന്നിത്തല മാത്രം.

കെ എ ആന്റണി

കെ എ ആന്റണി

ലീഡർ കെ കരുണാകരന്റെ കണ്ണിലുണ്ണി. ലീഡർ മുഖ്യമന്ത്രിയായിരുന്ന ഘട്ടങ്ങളിൽ ക്ലിഫ് ഹൗസ് അടക്കി വാണ യുവ നേതാവ്. ലീഡർക്ക് വേണ്ടി വക്കീൽ പണി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആയ ആൾ. ചാനൽ ചർച്ചകളിൽ കോൺഗ്രസ് നിലപാടുകൾ കൃത്യവും വ്യക്തമായി അവതരിപ്പിക്കുന്ന നേതാവ്. എന്നിങ്ങനെ വിശേഷണങ്ങൾ ഒട്ടേറെയുണ്ട് അന്തരിച്ച എം ഐ ഷാനവാസ് എം പിക്ക്. ഒരു കാലത്ത് ലീഡറുടെ മാനസ പുത്രനായി അറിയപ്പെട്ടിരുന്ന ഇതേ ഷാനവാസ് തന്നെ പിന്നീട് ആദ്ദേഹത്തിനെതിരെ നടന്ന കൊട്ടാര വിപ്ലവത്തിൽ നിർണായക പങ്ക് വഹിക്കുന്നതിനും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഘടക കക്ഷികളെ കൂട്ടുപിടിച്ചു കോൺഗ്രസിലെ ‘എ’ വിഭാഗം നടത്തിയ കരുനീക്കങ്ങളെക്കാൾ തന്നെ ഏറെ വേദനിപ്പിച്ചത് അത്രകാലവും തനിക്കൊപ്പം നിന്നിരുന്ന ജി കാർത്തികേയനും, എം ഐ ഷാനവാസും, രമേശ് ചെന്നിത്തലയും തനിക്കെതിരെ തിരിഞ്ഞതാണെന്ന് ലീഡർ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

ഐ എസ് ആർ ഒ ചാരക്കേസ് മറയാക്കി ഉമ്മൻ ചാണ്ടിയും സംഘവും നടത്തിയ കൊട്ടാര വിപ്ലവത്തിൽ അറിഞ്ഞോ അറിയാതെയോ ഭാഗവാക്കാവുകയിരുന്നു ‘റീഫോമിസ്റ് ട്രോയിക്ക’ എന്ന് പിന്നീട് അറിയപ്പെട്ട മൂവർ സംഘം. ജി കാർത്തികേയന് പിന്നാലെ എം ഐ ഷാനവാസ് കൂടി വിടവാങ്ങുമ്പോൾ അന്നത്തെ ആ തിരുത്തൽ വാദി മൂവർ സംഘത്തിൽ ഇനി അവശേഷിക്കുന്നത് രമേശ് ചെന്നിത്തല മാത്രം.

കോൺഗ്രസിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതൃ നിരയിൽ നിന്നും ആദ്യം കെ പി സി സി ജോയിന്റ് സെക്രട്ടറിയും പിന്നീട് വൈസ് പ്രെസിഡന്റുമൊക്കെയായി തീർന്ന ഷാനവാസ് നിലവിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളും വയനാട് എം പി യുമാണ്.

തുടർ തെരഞ്ഞെടുപ്പ് തോൽവികളെ തുടർന്ന് തോൽക്കാൻ വിധിക്കപെട്ടവൻ എന്ന് മുദ്രകുത്തപ്പെട്ട ഷാനവാസ് ആ ദുഷ്പ്പേര് മായ്ച്ചുകളഞ്ഞത് 2009 -ൽ വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നും മിന്നുന്ന ജയം കാഴ്ചവെച്ചുകൊണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഷാനവാസ് നേടിയ ഒന്നര ലക്ഷ്യത്തിലേറെ വരുന്ന ഭൂരിപക്ഷം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു. എന്നാൽ അടുത്ത തെരഞ്ഞെടു ആയപ്പോഴേക്കും ഷാനവാസിന് മണ്ഡലത്തിലുണ്ടായിരുന്ന പൊതു സമ്മതി കുത്തനെ താഴേക്ക് പോകുന്നതാണ് കണ്ടത്. 2014 – ൽ ഭൂരിപക്ഷം വെറും 20,000 ലേക്ക് കൂപ്പുകുത്തി. അനാരോഗ്യം മൂലം മണ്ഡലത്തിൽ സജീവ സാന്നിധ്യമാകാൻ കഴിയാതെ പോയത് തന്നെയായിരുന്നു ഇതിനു പ്രധാന കാരണം. അടുത്ത തെരഞ്ഞെടുപ്പിൽ ഷാനവാസ് മത്സരിക്കുമോ ഇല്ലയോ എന്നുള്ള ചർച്ച സജീവമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം.

വയനാട് പോലുള്ള ഒരു ഉറച്ച മണ്ഡലത്തിൽ ഷാനവാസിന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് കോൺഗ്രസിന് വളരെ എളുപ്പമാണെന്ന് തോന്നിയേക്കാം. പക്ഷെ വയനാട്ടിലേക്ക് നേരത്തെ തന്നെ നോട്ടം എറിഞ്ഞു തുടങ്ങിയവരുടെ എണ്ണം ചെറുതൊന്നുമല്ല. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി സിദ്ദിഖ് മുതൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൌക്കത്ത് വരെ നീളുന്ന ഒരു വലിയ നിര തന്നെ ഉണ്ട്. സ്വന്തം തട്ടകമായ നിലമ്പൂർ ഉൾപ്പെടുന്ന ഏറനാട് അസംബ്ലി മണ്ഡലം വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണെന്നതും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാക്കി ഒട്ടുമിക്ക മണ്ഡലങ്ങളും ഷാനവാസിനെ കൈവിട്ടപ്പോൾ ഏറനാടാണ് തുണച്ചതെന്ന വാദവും ഷൗക്കത്തും കൂട്ടരും ഉന്നയിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട.

കോൺഗ്രസിലെ സീറ്റു മോഹികളെപോലെ തന്നെ കുഴക്കുന്ന മറ്റൊരു ചോദ്യം മുസ്ലിം ലീഗ് മൂന്നാം ലോക് സഭ സീറ്റ് എന്ന ആ പഴയ വാദം പൊടി തട്ടിയെടുക്കുമോ എന്നതാണ്. മലപ്പുറം ജില്ലക്ക് വെളിയിൽ മറ്റൊരു ലോകസഭ സീറ്റുകൂടി വേണമെന്നത് മുസ്ലിം ലീഗിന്റെ എക്കാലത്തെയും ആവശ്യമായിരുന്നു. നിയമസഭയിലെ അംഗബലവും യു ഡി എഫിനുള്ളിലെ അസ്വാരസങ്ങളും മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം കോൺഗ്രെസ്സിനുമേൽ ഏതുവിധ സമ്മർദ്ദവും ചെലുത്താൻ പോന്ന അനുകൂല ഘടകമാണ്.

സിക്ക് കൂട്ടക്കൊല, ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍, ‘ഭാരത യക്ഷി’; ചരിത്രം വീണ്ടും വായിക്കേണ്ട കാലമായിരിക്കുന്നു

EDITORIAL: ഈ ജനാധിപത്യത്തിന് കൂടുതൽ മെച്ചപ്പെട്ട സൂക്ഷിപ്പുകാരെ വേണം

വാഴ്ത്തുപാട്ടുകള്‍ ആവാം, പക്ഷെ, ചരിത്രത്തെ നോക്കി പരിഹസിക്കരുത്; കെ.കരുണാകരന്‍ ഇങ്ങനെയും കൂടിയാണ്…

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍