Top

ശബരിമലയില്‍ അയ്യപ്പനുണ്ട്; നെടുമ്പാശേരിയിലോ?

ശബരിമലയില്‍ അയ്യപ്പനുണ്ട്; നെടുമ്പാശേരിയിലോ?
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പുരോഗമന സമൂഹം മുഴുവൻ ഒന്നടങ്കം സർക്കാരിന് പിന്നിൽ അണി നിരന്നത് നിലപാടുകളിലെ കൃത്യത കൊണ്ടാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രധാനമായും സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ഊന്നുന്ന രണ്ട് വസ്തുതകൾ ഒന്ന് ഭരണഘടന മറ്റൊന്ന്, ലിംഗ വിവേചനം. ഈ രണ്ട് കാര്യങ്ങളും ഊന്നി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, നാട് ഭരിക്കുന്ന ഇടതുപക്ഷവും പത്രസമ്മേളനങ്ങളിലും, രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും സജീവം ആയത്.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധി വന്ന ശേഷം നടന്ന സംഭവ വികാസങ്ങൾ ലോകം മുഴുവൻ വാർത്തയായത് ആണ്.മല കയറ്റം ഇനി അങ്ങോട്ട് കാഠിന്യമാകും എന്ന് തന്നെ പൊതുബോധം ഉറച്ചു നിന്നു. ഭക്തരായ സ്ത്രീകൾക്കാർക്കും വിധി വന്നിട്ടും പ്രതിഷേധം മൂലം സന്നിധാനത്ത് എത്തി ചേരാൻ സാധിച്ചില്ല. കനത്ത പോലീസ് കാവലിലും മല കയറാൻ വന്ന സ്ത്രീകൾ അസഭ്യവും, ഭീഷണിയും കേട്ട് വിറങ്ങലിച്ചു.

ശബരിമലയിൽ പ്രതിഷേധക്കാർ എല്ലാ പരിധികളും ലംഘിച്ച് അഴിഞ്ഞാടിയിട്ടും ഒരു ചെറിയ സംഘർഷം പോലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാഞ്ഞത് ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജിയുടെ ഭാഗമാണ്. അവിടെ ഉണ്ടാകുന്ന ഓരോ അനിഷ്ട സംഭവവും പ്രതിഷേധക്കാരെ അണി നിരത്തുന്ന സംഘപരിവാറിന് ഗുണം ചെയ്യുകയേ ഉള്ളു, മറ്റൊരു ബാബരി മസ്ജിദ് ശബരിമലയിൽ സ്വപ്നം കാണുന്നവർക്ക് തീർച്ചയായും അത്തരം അനിഷ്ട സംഭവങ്ങൾ ഗുണം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ജനലക്ഷങ്ങളുടെ വികാരമായ അയ്യപ്പൻറെ സന്നിധിയിൽ എന്തിന്റെ പേരിൽ ആരായാലും ഒരു സംഘർഷം ഉണ്ടാകുന്നത് ഭരിക്കുന്ന സർക്കാരിന് ഭൂഷണമാവില്ല.

തുലാം മാസവും, ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നിട്ടും യുവതികൾ പ്രവേശിച്ചില്ല എന്ന് മാത്രമല്ല അൻപത് വയസ്സിന് മുകളിൽ പ്രായം ഉള്ള സ്ത്രീകൾക്ക് പോലും മല കയറ്റം കഠിനമായി.

ഇന്ന് മണ്ഡലകാലം ആരംഭിക്കുകയാണ്, മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിനായി വൃശ്ചികം 1 ന് നടതുറക്കുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന പ്രഖ്യാപനത്തിന് പിറകെ തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ എത്തി. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ഭുമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയിയും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരെത്തിയതറിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് ബിജെപിയെുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ഇതോടെ വിമാനത്താവളത്തില്‍ നിന്നും തൃപ്തിക്കും സംഘത്തിനും പുറത്തിറങ്ങാനായില്ല. തൃപ്തി ദേശായിക്ക് പുറമെ അഞ്ച് പേരാണ് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിയത്.

കഴിഞ്ഞ ഏഴു മണിക്കൂറിലധികം സമയം തൃപ്തി ദേശായിയും സംഘവും എയർപോർട്ടിൽ കുടുങ്ങി കിടക്കുകയാണ്. പ്രതിഷേധം പുറത്തു അലയടിക്കുന്നുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഒരു അഭൂതപൂർവമായ തോതിൽ ജനക്കൂട്ടം വരുന്നു എന്ന്‌ തോന്നിയാൽ പോലീസ് സാധാരണ എന്താണ് ചെയ്യുന്നത്?

ശബരിമലയിലും പരിസരത്തും സൂക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും, പോലീസിന്റെയും സംയമനം മനസിലാക്കുന്നു. പക്ഷേ കൊച്ചിൻ എയർപോർട്ടിൽ അനാവശ്യമായ രീതിയിൽ ജനം തമ്പടിക്കുന്ന അവസ്ഥ ഉണ്ടാവുമ്പോൾ അതിനു കാഴ്ചക്കാരായി നിൽക്കാൻ മാത്രം പോലീസിനും ആഭ്യന്തര വകുപ്പിനും എന്താണ് ഭയപ്പെടാനുള്ളത്. സി ഐ എസ് എഫിന് എയർപോർട്ടിന്റെ ചുമതലമാത്രേയുള്ളു വെളിയിലെ കാര്യം നോക്കുന്നത് ഇപ്പോഴും പൊലീസാണ് എന്നാണു പ്രാഥമികമായ വിവരങ്ങൾ.

തൃപ്തി ദേശായി വരുന്നുണ്ട് എന്ന വാർത്ത ലഭിച്ചത് മുതൽ കേരളത്തിൽ അവർക്കെതിരെ സൈബർ ഇടങ്ങളിൽ അടക്കം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. അതീവ സുരക്ഷാ മേഖലയായ എയർപോർട്ടിൽ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കും എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടൊന്നും ഉണ്ടായില്ല എന്നതും അത്ഭുതകരമാണ്.

പ്രതിഷേധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും നടുവിലേക്ക് സ്വയം ഇറങ്ങിച്ചെന്ന് അവയെ അടിച്ചൊതുക്കുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ യതീഷ് ചന്ദ്ര എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വാർത്തകളിൽ നിറയുന്നത് ഇതേ നെടുമ്പാശേരി വിമാനത്താവളത്തിന്റെ കുറച്ചകലെയുള്ള വൈപ്പിൻ ഗെയ്ൽ പൈപ് ലൈൻ സമരകാലത്ത് ആണ്. പുതുവൈപ്പിനില്‍ നടന്ന പോലീസ് അതിക്രമം ഓര്മയുള്ളവർക്ക് നെടുമ്പാശ്ശേരിയിലെ പോലീസിന്റെ ക്ഷമ ഒന്നാന്തരം അയറണി ആണ്.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക് പോസ്റ്റിലെ വരികൾ ഇങ്ങനെ :

ഒരു രാജ്യാന്തര വിമാനത്താവളം മണിക്കൂറുകളോളം വളഞ്ഞുവെച്ച്, അവിടെയിറങ്ങിയ ഒരു സ്ത്രീയെ പുറത്തുകടക്കാൻ അനുവദിക്കാതെ, ആക്രമണഭീഷണി മുഴക്കി, അവരെ മറ്റൊരു വിമാനത്തിൽക്കയറ്റി തിരിച്ചയക്കാൻ ഒരു കൂട്ടം ആളുകൾ പൊലീസിനേയും വിമാനത്താവള അധികൃതരേയും ഭീഷണിപ്പെടുത്തി നിർബന്ധിക്കുന്ന സ്ഥലം മറ്റെന്തൊക്കെയായാലും നിയമവാഴ്ചയോ നീതിബോധമോ നിലനിൽക്കുന്ന ഒന്നല്ല. ഇപ്പോളാ സ്ഥലത്തിന്റെ പേര് കേരളമെന്നാണ്. ശബരിമലയിൽ പോകുമെന്ന് പ്രഖ്യാപിച്ചുവന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ വിമാനത്താവളം വളഞ്ഞിരിക്കുകയാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസി ഗുണ്ടകൾ. ആ സ്ത്രീയോട് മടങ്ങിപ്പോകാൻ സമ്മർദ്ദം ചെലുത്തുകയാണ് പൊലീസ്. എന്തൊരു ലജ്ജാകരമായ അവസ്ഥ ! അവർ വിമാനമിറങ്ങുന്നതും കാത്ത് നൂറുകണക്കിനാളുകൾക്ക് അതീവസുരക്ഷാമേഖലയായ വിമാനത്താവളത്തിൽ ശരണത്തെറികളുമായി കുത്തിയിരിക്കാനും ഭീഷണി മുഴക്കാനുമുള്ള സാവകാശമുണ്ടായെങ്കിൽ രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന സംവിധാനവുമൊക്കെ നോക്കിനടത്തുന്നത് എന്തുതരം വിണ്ണോദരന്മാരാണ് !


ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതു സർക്കാരിന്റെയും പിണറായി വിജയന്റെയും നവോത്ഥാന പ്രഘോഷണങ്ങളെയും, രാഷ്ട്രീയ തന്ത്രങ്ങളെയും മാനിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇപ്പോൾ നെടുമ്പാശേരിയിൽ നടക്കുന്നത് ജനാധിപത്യമല്ല. ആൾക്കൂട്ട നീതി നിർവഹണമാണ്. ഈ ആൾക്കൂട്ട നീതികൾ ഇന്ത്യ രാജ്യത്തിന് ഒരു പുതുമയല്ല പക്ഷെ കേരളത്തിന് ഒന്നാന്തരം അശ്ലീലം ആണ് അതിൽ കുറഞ്ഞതനുമല്ല.

തൃപ്തിദേശായിയെ കൊച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം / വീഡിയോ
തൃപ്തി ദേശായിയെ എന്നല്ല എല്ലാ സാമൂഹ്യ വെല്ലുവിളികളെയും, ഭീഷണികളെയും അതീജീവിച്ചു കൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകളെ അനുനയിപ്പിച്ചു തിരിച്ചയക്കുന്നത് ഒരു വിപ്ലവ പ്രവർത്തനമായി കരുതരുത്. ഭയം നിറച്ചു കേരളം ചോരക്കളമാക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ മുൻപിൽ ആലില തോറ്റു പോകുന്ന വേഗത്തിൽ ഉലഞ്ഞു പോകുന്ന ഒരു ജനതയായി മാറാതിരിക്കാൻ സർക്കാർ നിലപാടുകൾ പുനഃ പരിശോധിക്കേണ്ടതുണ്ട്.

ശബരിമലയിൽ അയ്യപ്പൻ ഉണ്ട് നെടുമ്പാശേരിയിൽ അങ്ങനെയാരുമില്ലെന്നാണ് ഇത് വരെയുള്ള വിശ്വാസം.

https://www.azhimukham.com/news-update-sabaribala-women-entry-trupti-desai-reached-kochi-protest-in-airport/

https://www.azhimukham.com/trending-who-is-trupti-desai/

https://www.azhimukham.com/trending-pc-george-against-sabaribala-women-entry-trupti-desai/


Next Story

Related Stories